ഇന്നലെ രാത്രി തീരെ ഉറക്കം വന്നില്ല. കേരളത്തിലെ ജന്മിമാരുടെ ക്രൂരതയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചോണ്ടു കിടന്നു. ഇന്നത്തെ മനുഷ്യരേ അപേക്ഷിച്ച് എത്ര നിയമനിഷേധികളും, ക്രൂരന്മാരുമായിരുന്നു പണ്ടത്തെ ജന്മിമാർ. അവരുടെ തെമ്മാടിത്തം ഓർത്തിട്ട് രാത്രിയിൽ പേടിച്ചു സ്വപ്നങ്ങളൊക്കെ കണ്ടു. അടിയാന്മാരേയും, കൃഷിപ്പണിക്കാരേയുമൊക്കെ എത്രയാണവർ ദ്രോഹിച്ചതു.
നാട്ടിലുള്ള പുഞ്ചപ്പാടം മുഴുവൻ ജന്മിമാരുടെ വകയായിരുന്നു. കോരനും, കാളിയുമൊക്കെ അതിൽ നെല്ലുവിളയിക്കും. ജന്മി ചെന്നു അതെല്ലാം കൊട്ടയിലാക്കി ചുമ്മിച്ചുകൊണ്ടുവരും. തമ്പുരാട്ടി അതെല്ലാം ഓരോന്നായി പൊളിച്ച് തമ്പുരാനു തിന്നാൻ കൊടുക്കും. ജന്മിത്തമ്പുരാൻ അരികൊറിച്ചരികൊറിച്ച് പിത്തം പിടിച്ചു. ഒരു മണി മറ്റാർക്കും കൊടുത്തില്ല. അങ്ങനെ നാടുമുഴുവൻ പട്ടിണിയായി. പറമ്പുകളും ജന്മികളുടേതായിരുന്നു. അതിലൊക്കെ തേങ്ങയും വാഴക്കുലയുമുണ്ടാകും. എല്ലാം ജന്മി എടുത്തു തിന്നും. എന്തോരം വാഴക്കുലകളാണെന്നോ അവർ തിന്നിട്ടുള്ളതു. ഒരുപടല പോലും അടിയാന്മാർക്കോ തൊഴിലാളിക്കോ അനന്തരവർക്കോ കൊടുത്തില്ല. പകരം ‘കോരനു കഞ്ഞി കുമ്പിളിൽ തന്നെ’ എന്നൊരു ചൊല്ലു കൊടുത്തു.
അതുമാത്രമല്ല പ്രശ്നം. ജർമ്മനിയിലെങ്ങാണ്ട് ഹിറ്റ്ലർ എന്നൊരാളുണ്ടായിരുന്നു. അയാളുടെ പ്രതിമവച്ചു പൂജിക്കുകയും സ്വയം മനുഷ്യാവകാശ ലംഘനങ്ങളുടെ വക്താവായി ജന്മിമാർ മാറുകയും ചെയ്തു. പഠിപ്പുള്ളവരും ഗവേഷകരും പറഞ്ഞതാണേ. അവകാശം ലംഘിക്കേണ്ട മനുഷ്യരെ തിരിച്ചറിയാൻ അവർ ജാതിയെന്നൊരു വഹയുണ്ടാക്കി. അതിനു നീളോം വീതിയുമൊക്കെ നിശ്ചയിച്ചു. അതു മറികടക്കുന്നവരെ കണ്ടാലുടൻ അടിക്കും. ചിലരേയൊക്കെ കൊല്ലും.
മനുഷ്യരെ ദ്രോഹിക്കുക എന്നതായിരുന്നു ജന്മിമാരുടെ ഇഷ്ടവിനോദം. അതു അടി, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ചാളയിൽ നിന്നും ഇറക്കിവിടലൊക്കെയായി പല ഐറ്റമുണ്ട്. അദ്ധ്വാനിക്കുന്നവരുടെ സ്വത്തെല്ലാം തട്ടിപ്പറിച്ച് സ്വർണ്ണക്കിണ്ടീം, മാലേം, വിളക്കുമൊക്കെയുണ്ടാക്കി ജീവനില്ലാത്ത കുറേ പ്രതിമകളുടെ മുന്നിൽ കൊണ്ടുപോയി വക്കും. എന്നിട്ട് നാട്ടുകാരെ വിളിച്ചു പറയും ഒരൊറ്റ തെണ്ടീം അവിടെങ്ങും കേറിപ്പോകരുതെന്നു. അതുപോലെ കുറേ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടു പറഞ്ഞു അവിടൊക്കെ പാമ്പുണ്ട്. അതിനകത്തു കേറിയാ കൊന്നുകളയും എന്നൊക്കെ.
ഈ ജന്മികളെക്കൊണ്ട് സഹികെട്ട് കേരളം അറബിക്കടിലിൽ മുങ്ങിച്ചാകാൻ പോയപ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. എങ്കിൽ പിന്നെ കുറച്ചുകഴിഞ്ഞു മുങ്ങാമെന്നു വിചാരിച്ച് പച്ചോലപന്തലൊക്കെ വിരിച്ചങ്ങനെ നിന്നു. ഈ ജന്മിമാരിൽ നിന്നും കേരളത്തെ രക്ഷിക്കണമെന്നു പ്രതിജ്ഞയെടുത്ത ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം ‘ജന്മിയുച്ചാടനയന്ത്രമെന്നൊരു‘മെന്നൊരു യന്ത്രമുണ്ടാക്കി. ഭൂപരിഷ്കരണം എന്നും അതിനു പേരുണ്ട്. ജന്മിത്തത്തിന്റെ ഉച്ചാടനമാണു അതിന്റെ ഫലം. ഋഷി മാർക്സ്. ഛന്ദസ് : ബലികുടീരങ്ങളേ... ദേവത സോഷ്യലിസം.
ജന്മിമാരെല്ലാം പേടിച്ചു. അവർക്കാകെ പേടിയുള്ളതു മന്ത്രം മാത്രമാണല്ലോ. പാവങ്ങൾ. വെറും അന്ധവിശ്വാസികളല്ലെ! യന്ത്രത്തിൽ മന്ത്രം കയറ്റി സ്ഥാപിക്കാൻ തുടങ്ങിയതോടെ ജന്മിമാർ വഴിയാധാരമായി. അതു നോക്കാൻ റവന്യൂബോർഡ് എന്നൊരു അമ്പലവും പണിതു. യന്ത്രത്തിന്റെ ശക്തി കേമമായിരുന്നു. അതു സ്ഥാപിച്ച ജന്മിമാരുടെ വീടെല്ലാം കുത്തുപാളയെടുത്തു. നായർ, നമ്പൂതിരി, നമ്പ്യാർ തുടങ്ങിയ ഗോത്രങ്ങളിൽ പെട്ടവർക്കായിരുന്നു അതിന്റെ ഫലം കൂടുതൽ ഏശിയതു. പിന്നെ ശിവൻ, വിഷ്ണു, ഭദ്ര എന്നൊക്കെ പേരുള്ള മൈനറന്മാർക്കും കിട്ടി. ജന്മിമാർക്ക് ഈ ഗതിവരുമെന്നു അറിയാമായിരുന്ന ചിലരെങ്കിലും ഗാന്ധി, സർവ്വോദയം എന്നൊക്കെ പറഞ്ഞ് ഉള്ളതിൽ കുറേയൊക്കെ നേരത്തെ തന്നെ ഒഴിവാക്കി. മിടുക്കന്മാർ യന്ത്രബാധയുണ്ടാകാതിരിക്കാൻ വസ്തുവകകൾ തോട്ടങ്ങളായി മാറ്റി. ഒരു അയ്യങ്കാർ അതിനു സഹായിച്ചു. മന്ത്രം ദർശിച്ച ബ്രാഹ്മണൻ എല്ലാം ഉപേക്ഷിച്ചു നിസ്വനായി.
ജന്മിമാരെ ഉച്ചാടനം ചെയ്താൽ എല്ലാം ശുഭമാകുമെന്നായിരുന്നു കഷ്ടപ്പാട് അനുഭവിച്ചവർ വിചാരിച്ചതു. എന്നാൽ മോഹിനി അസുരന്മാരെ പറ്റിച്ച് അമൃതകുംഭവുമായി കടന്നുപോയതുപോലെ പാട്ടക്കാർ, തോട്ടക്കാർ തുടങ്ങിയവർ ഭൂമിയെല്ലാം അടിച്ചോണ്ട് പോയി. അതിൽ നിന്നും പത്തുസെന്റുതുള്ളികൾ വീതം താഴെ വീണതു മാത്രമേ അസുരന്മാർക്ക് കിട്ടിയുള്ളു. അപ്പോഴും നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നു പാടിക്കൊണ്ട് കോരൻ കഞ്ഞി കുമ്പിളിൽ കോരിക്കുടിച്ചു.
അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും ചരിത്രകാരൻ ആനന്ദം കൊണ്ട് ചത്തുപോയി.
പിന്നെയുള്ള കാലം 2000മാണ്ടാണു.
പഴയ ജന്മിമാർ എത്രമാത്രം ക്രൂരന്മാരും, മനുഷ്യാവകാശ നിഷേധികളുമായിരുന്നതെന്നു തെളിയിക്കുന്നതായിരുന്നു പുതിയ കാലം. ഇപ്പോൾ നാട്ടിൽ ഒരൊറ്റ ജന്മിപോലുമില്ല. എല്ലാവരും സമന്മാർ. പക്ഷെ ചില സമന്മാർക്ക് ജന്മികളേക്കാൾ മേലെയാണു സ്ഥാനം. ആരേവേണമെങ്കിലും കാറുകേറ്റിക്കൊല്ലാം. നീർത്തടങ്ങളിലെല്ലാം നല്ല ഒന്നാം തരം കോൺക്രീറ്റ് കൃഷി ചെയ്യാം. വെറുതെ കിടക്കുന്ന നെല്പാടങ്ങളുണ്ടെങ്കിൽ ഉടൻ അവിടൊരു വിമാനത്താവളം പണിയാം. നമ്മൾ കാണാതെ ദേവാസുര യുദ്ധവും നടക്കുന്നുണ്ടെന്നു തോന്നുന്നു. ഇന്നു കാണുന്ന മല നാളെ കാണില്ല. കാടുകൾ നൊടിയിട കൊണ്ട് അപ്രത്യക്ഷമാകും. യുദ്ധത്തിൽ അസുരന്മാരാണല്ലോ മലകുത്തിയെടുത്തു എറിയുന്നതും. മരങ്ങൾ പിഴുത് അടിക്കുന്നതും. പഴയ ജന്മിമാരുടെ കാലത്തു അതൊന്നുമില്ലായിരുന്നു. ഉണ്ടായിരുന്നതു ദാരിദ്ര്യം മാത്രം. ഇന്നെല്ലാവർക്കും സുഭിക്ഷതയുണ്ട്. പക്ഷെ സുരക്ഷിതത്വമില്ല. അതൊരു കുറവാണോ. ജന്മിമാരെ ഉച്ചാടനം ചെയ്യാൻ പറ്റിയില്ലെ?
ഏറ്റവും അതിശയകരമായതു സോഷ്യലിസം വന്നതില്പിന്നെ സമന്മാർക്ക് നിയമത്തോടുള്ള ബഹുമാനമാണു. പഴയ ജന്മിമാർക്ക് അതില്ലായിരുന്നല്ലോ. അവർ നിയമത്തെ മാനിച്ചിരുന്നില്ല. അല്ലെങ്കിൽ സ്വന്തം നിയമമായിരുന്നു. ഇന്നങ്ങനെയല്ലാ. എല്ലാവരും നിയമത്തെ അനുസരിക്കും. അതിൽ തന്നെ കൂടിയ സമന്മാരാണെങ്കിൽ നിയമം പുറപ്പെട്ടുവരുന്നു എന്നു അറിയുമ്പോൾ തന്നെ അനുസരിക്കാൻ തയ്യാറെടുത്തിരിക്കും. കൊച്ചിയിൽ ഒരു ഫ്ലാറ്റുടമ അങ്ങനെ ചെയ്യുന്നതു കണ്ട് കണ്ണുനിറഞ്ഞുപോയി. അനധികൃതമായാണു ഫ്ലാറ്റ് പണിതിരിക്കുന്നതെന്നു ആരോ പറഞ്ഞു. അപ്പോഴെ ആ സ്ഥലവും ഫ്ലാറ്റും ഉപേക്ഷിച്ച് അയാൾ പോയി. പഴയ ജന്മിമാരുടെ കൂട്ട് അടിക്കാൻ കൂലിത്തല്ലുകാരെ ഒന്നും ഏർപ്പെടുത്തിയില്ല. കടലാസു കൊണ്ടക്കൊടുത്താലെ പഴയജന്മിമാർ ഭൂമി വിട്ടുകൊടുക്കു. ഇതിപ്പോൾ പത്രത്തിൽ കണ്ടാലും മതി ഒരെതിർപ്പുമില്ലാതെ ഭൂമി ഒഴിഞ്ഞു കൊടുക്കും. ഫ്ലാറ്റുടമ പരമാവധി ചോദിച്ചതു ബോംബേ ജയന്തി വരുന്നതു വരെ ഈ പരിസരത്തു കാത്തുനിൽക്കാൻ അനുവാദം കൊടുക്കുമോ എന്നു മാത്രമാണു. അതും സർക്കാരിനു ബോധിച്ചാൽ മാത്രം മതി. അല്ലെങ്കിൽ ഭാണ്ഡവുമായി ഉടൻ ഇറങ്ങിക്കോളാം എന്നു പറഞ്ഞു. എന്താല്ലെ?
പത്രത്തിന്റെ കാര്യം പറഞ്ഞപ്പോഴാണു പത്രവും ഭൂമിയും തമ്മിൽ വലിയ ഒരു ബന്ധമുണ്ട്. പത്രം എന്നുവച്ചാൽ ഇലയെന്നും അർത്ഥമുണ്ടല്ലോ. അതു കാപ്പിയിലയാകാം. റബ്ബർമരങ്ങളുടെ ഇലയാകാം. പത്രം നടത്തുന്നവർക്ക് കുരുവും കറയുമുണ്ടാകുന്ന മണ്ണിനോട് ഒരു വല്ലാത്ത കമ്പമാണു. അങ്ങനെ ചില ഭൂമിയൊക്കെ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. വേറൊന്നിനുമല്ല. വെറുതെ അന്യാധീനപ്പെട്ടുപോകണ്ടാ എന്നു വിചാരിച്ചാണു. സർക്കാരിനു ഒരുപാട് ഭൂമിയുണ്ടല്ലോ. എല്ലാം കൂടി എങ്ങനെ നോക്കി നടത്തും? അതുകൊണ്ട് കൊറച്ചു ഭൂമി കൊച്ചാപ്പൻ നോക്കിനടത്തും. അതിനു ആരേലും ആക്ഷേപം പറഞ്ഞാൽ അവർക്ക് സഹിക്കൂല. ഉടൻ ഇന്നാ നിങ്ങടെ ഭൂമി എന്നു പറഞ്ഞ് അതു സർക്കാരിനെ ഏൽപ്പിക്കും. അതു പേടിച്ച് ആരും അതൊന്നും അവർ കേൾക്കെ പറയാറില്ല. അതുകൊണ്ടെന്താ വയനാടൻ മലകളിലും, പാലക്കാടൻ ചരിവുകളിലും കുറേ ആയിരക്കണക്കിനു ഏക്കർ ഭൂമി നീണ്ടുനിവർന്നു കിടപ്പുണ്ട്. ആർക്കുമതു വേണ്ട.
ഇത്തരക്കാരെക്കൊണ്ട് സർക്കാർ തോറ്റു. ഭൂമി കയ്യേറ്റം എന്നൊരു വാക്കു ഉച്ചരിക്കാൻ സർക്കാരിനു പേടിയാണു. മൂന്നാറിൽ ചെന്നു നിന്നു അതൊന്നു പറഞ്ഞതേയുള്ളു. ദാ കിടക്കുന്നു ഭൂമി മൊത്തവും സർക്കാരിന്റെ തലയിൽ. ഇതൊക്കെ ആരു നോക്കി നടത്തും. ഇങ്ങനെ ഭൂമി മുഴുവൻ സർക്കാർ വകയായിത്തുടങ്ങിയാൽ സർക്കാർ എന്നാ ചെയ്യും. പണ്ടത്തെ പേഷ്കാർമാരൊക്കെ തെണ്ടിപ്പോയതു ആർക്കും വേണ്ടാത്ത ഭൂമി ഏറ്റെടുത്തിട്ടാണു. അതു കൊണ്ട് താസിൽദാരായാലും, വില്ലേജാഫീസറായാലും ആരുടെയെങ്കിലും കയ്യിൽ ഭൂമിയിരിക്കുന്നതു കണ്ടാൽ അങ്ങോട്ട് നോക്കാതെ ഒഴിഞ്ഞുപോകും. നോക്കിയിട്ട് അവരാരെങ്കിലും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായി വന്നാൽ പഴയ ജന്മിമാരെ ചീത്തപറയുന്നതെങ്ങനെയെന്നാണു സർക്കാർ ചോദിക്കുന്നതു. ഇന്നത്തെ ആളുകളൊന്നും പഴയ ജന്മിമാരേപ്പോലല്ല. തനി തങ്കപ്പെട്ട മനുസ്യരാ. വെറുതെ സർക്കാർ ഒന്നു മൂളിയാൽ മതി. കൈവശമിരിക്കുന്ന ഭൂമി സർക്കാരിനു വിട്ടുകൊടുത്തു കളയും. പഴയ ജന്മിമാർ ഇവരെ കണ്ടു പഠിക്കണം. ക്രൂരതയും നിയമനിഷേധം കൊണ്ടുമൊന്നും കാര്യമില്ല. ഇപ്പോഴത്തെ ആളുകളെപ്പോലെ നിയമമനുസരിച്ചു ജീവിക്കണം. ഇതാണു പറയുന്നതു എല്ലാത്തിനും ഒരു കാലമുണ്ട്.
ജനാധിപത്യത്തിൽ അതു പുഷ്കലകാലമായിരിക്കും. അഥവാ അങ്ങനെ നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ അതു വെറും യാദൃശ്ചികം മാത്രമായിരിക്കും. യേതു?
No comments:
Post a Comment