കേരളത്തിലെ ആരോഗ്യരംഗത്തു ആയുർവ്വേദാചാര്യന്മാർ എന്തോ അട്ടിമറി നടത്തിയപോലുള്ള പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. ആരോഗ്യചിന്തയിൽ ഒരു പുത്തൻ അവബോധം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം.
1980നുശേഷമാണു ആയുർവ്വേദം ആ മാറ്റത്തിനു നേതൃത്വം കൊടുത്തതു. അത്തരം ഉണർവ്വുണ്ടാക്കാൻ ശ്രമിച്ച ഒട്ടനേകം വ്യക്തികൾ പൊതുജനങ്ങളുമായി അടുത്തിടപഴകിയപ്പോൾ അവരുടെ അറിവ് ജനതയിലേക്ക് വ്യാപിച്ചു. മോഡേൺ മെഡിസിനു അങ്ങനെയൊരു ഇന്റെറാക്ഷനില്ല. തങ്ങൾ പറഞ്ഞതു ചികിത്സയിലൂടെ തെളിയിച്ചു കൊടുക്കാനും ആയുർവ്വേദാചാര്യന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. അതു വ്യവസ്ഥപിത മെഡിക്കൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവർ ആയുർവ്വേദത്തിൽ ഒരു പുതുമയും കൊണ്ടുവന്നിട്ടില്ല. പഴയ ആൾക്കാരും, അമ്മമാരും, നാട്ടുവൈദ്യന്മാരും, ചെയ്തതൊക്കെ തന്നെയാണു ഇവരും ചെയ്യുന്നതു.
പുതിയ അവബോധം നീക്കിക്കളഞ്ഞതു ആധുനിക കച്ചവട വൈദ്യശാസ്ത്രത്തിലുള്ള അമിതപ്രതീക്ഷയായിരുന്നു. രോഗങ്ങളെ ജെം തിയറിയുടേയും, ശരീരത്തെ യന്ത്രമായും കാണുന്ന രീതിയിലുള്ളതാണു ആധുനിക ചികിത്സ. അതിൽ നിന്നും മനസും, ജീവനും ശരീരവുമുള്ള ഒരു ജീവിയായി കാണുന്ന സമഗ്രചികിത്സയിലേക്ക് മാറാൻ ഇവർ ഒരുപാട് പേർക്ക് പ്രേരണ നൽകി എന്നതു വാസ്തവമാണു.
ഈ അവബോധം ആയുർവ്വേദ ഡോക്ടറന്മാരെയാണു ഏറ്റവും അലോസരപ്പെടുത്തിയതു. മറന്നു കിടന്ന സ്വാഭാവിക അറിവ് ജനത്തിനു തിരിച്ചു കിട്ടിയപ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ആയുർവ്വേദ ഡോക്ടറന്മാർക്ക് മൊഡേൺ മെഡിസിന്റെ മാതൃകയിൽ പഠിച്ചതുകൊണ്ട് അതിനു പലതിനും മറുപടി പറയാൻ പറ്റാതെ വന്നു. മറുപടി പറയണമെങ്കിൽ ആഴത്തിൽ പഠിക്കണമെന്ന സ്ഥിതിവന്നതാണു ആയുർവ്വേദ ഡോക്ടറന്മാരെ ചൊടുപ്പിച്ചതു. അതുകൊണ്ട് ആയുർവ്വേദം പ്രചരിക്കുന്നതിനോട് അവർക്കും എതിർപ്പായിരുന്നു. എന്നാൽ പുതുതലമുറ ആയുർവ്വേദ ഡോക്ടറന്മാർ വ്യത്യസ്ഥരാണു. അവർ ശാസ്ത്രത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതു കൊണ്ട് ഇനി അവരുടെ കാലമായിരിക്കും.
ഒരു ആയുർവ്വേദാചാര്യനും ഒരു മെഡിക്കൽ ബ്രാഞ്ചിനെയും അവഹേളിക്കുന്നതായി ഇന്നുവരെ കേട്ടിട്ടില്ല. അലോപ്പതിയുടെ രീതിശാസ്ത്രവും, മരുന്നുകളും ആയുർവ്വേദത്തിന്റെ വ്യാധിവിപരീത വിഭാഗത്തിൽ ദർശിക്കാൻ കഴിയുന്ന അവർക്ക് അലോപ്പതിയെ എങ്ങനെ തള്ളിപ്പറയാൻ കഴിയും? ഈ സമാനതയുള്ളതുകൊണ്ടാകണം ഉപദേശ, നിർദ്ദേശങ്ങൾക്ക് കൂടുതലും മോഡേൺ മെഡിസിനിൽ നിന്നുള്ള ഡോക്ടറന്മാർ ആയുർവ്വേദാചാര്യന്മാാരെ സമീപിക്കുന്നതു. അവരോട് ആയുർവ്വേദത്തിന്റെ മേന്മ ആചാര്യന്മാർ ചൂണ്ടിക്കാട്ടാറുണ്ട്. പക്ഷെ തങ്ങൾക്ക് ആരോഗ്യാർത്ഥികളെ കിട്ടാൻ വേണ്ടിയുള്ള പ്രചരണത്തിനായി അവരാരും അതു ഉപയോഗിച്ചു കണ്ടിട്ടില്ല. അതൊക്കെ ചെയ്യുന്നതു ഉത്സാഹക്കമ്മിറ്റിക്കാരാണു. വിളക്കിന്റെ ചുവട്ടിലെ തവളകൾ. അവരെ കാര്യമാക്കണ്ട. അവർ പറയുന്നതല്ല ശാസ്ത്രം!
ആയുർവ്വേദം രസസത്തുക്കളും അതുപോലെയുള്ള പ്രകൃതിജന്യ ഔഷധങ്ങളും കൊടുത്തു രോഗം സുഖപ്പെടുത്തുന്നു. അലോപ്പതി കമ്പനിവക രാസ ഔഷധങ്ങളും. രണ്ടും അടിസ്ഥാനപരമായി രാസീയമാണു. പക്ഷെ ഒരു കഷായം കൊടുക്കുന്നതിലെ ശാസ്ത്രയുക്തിയല്ല ഒരു കമ്പനി മരുന്നു കൊടുക്കുമ്പോൾ. ആയുർവ്വേദാചാര്യന്മാർ അതു ചൂണ്ടിക്കാട്ടുന്നതാണു അവർ മെഡിസിനു എതിരാണെന്നു പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതു.
ആയുർവ്വേദത്തിന്റെ സൂക്ഷ്മമായ രസതന്ത്രത്തിന്റെ തലത്തിൽ ഇന്നുവരെ ആധുനിക ഫാർമക്കോളജിക്കു എത്താൻ കഴിഞ്ഞിട്ടില്ല. രസ-വീര്യ-വിപാകങ്ങൾ അടിസ്ഥാനമാക്കിയാണു ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു. മോഡേൺ മെഡിസിൻ ആക്റ്റീവ് പ്രിൻസിപ്പിൾ നോക്കിയും. അതുകൊണ്ടുതന്നെ Single chemical remedy യായി അലോപ്പതി കൊടുക്കുന്ന പല മരുന്നുകൾക്കും ആയുർവ്വേദത്തിലെ ഒറ്റമൂലിയിൽ കവിഞ്ഞ പ്രാധാന്യവുമില്ല. അതൊക്കെ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ഗ്രനേഡ്പൊട്ടിക്കുന്ന പോലുള്ള ഒരു താൽകാലിക മെഡിക്കൽ മാനേജുമെന്റാണു. അതു രോഗകാരണം പൂർണ്ണമായും മാറ്റില്ല.
ആയുർവ്വേദത്തിന്റെ ലക്ഷ്യം രോഗം മാറ്റലലല്ല, ആരോഗ്യം തിരിച്ചു കൊണ്ടുവരലാണു. അതിനു ആയുർവ്വേദം ഒരു മരുന്നുകൊടുക്കുമ്പോൾ രസത്തിലും, വീര്യത്തിലും, വിപാകത്തിലും എന്തു മാറ്റമുണ്ടാകുമെന്നു അറിഞ്ഞിട്ടാണു കൊടുക്കുന്നതു. അതായതു ഒരു മനുഷ്യജീവി ഒരു മരുന്നു കഴിച്ചാൽ അവന്റെ ഉള്ളിൽ ചെന്നു അതു എന്തൊക്കെ ചെയ്യും എന്നു ആലോചിച്ചിട്ട്. മനുഷ്യൻ ഒരു യന്ത്രമല്ലല്ലോ ഗ്രീസോ, ഓയിലോ മാറ്റി ഓടിക്കാൻ. ജീവനുള്ള ശരീരത്തിൽ (മരുന്നു) രാസവസ്തുക്കൾ മറ്റുകോശങ്ങളേയും, മനസിനേയുമൊക്കെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാതെ മരുന്നു കൊടുത്താൽ അപകടമാണു. ചിലപ്പോൾ തട്ടിപ്പോകും. അല്ലെങ്കിൽ വേറെ രോഗമായി പുറത്തുവരും. ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു ഈ വിധ ഘടകങ്ങൾ ഒക്കെ വിശദമായി പഠിച്ച് പരിശോധിച്ചിട്ടാണു. ആയുർവ്വേദത്തിനു പാർശ്വഫലങ്ങൾ കുറഞ്ഞിരിക്കുന്നതും അതുകൊണ്ടാണു. ഈ പഠനം അതിപ്രാചീനമായതു കൊണ്ട് അതു ഡിഫാൾട്ടാണു. ഗ്രന്ഥത്തിൽ ഉണ്ട്. ആയുർവ്വേദ മരുന്നുകൾ നിത്യത്വമുള്ളതാണെന്നു അങ്ങനെ പറയുന്നു. ഓരോ അയ്യഞ്ചു കൊല്ലും കൂടുമ്പോഴും ആയുർവ്വേദ മരുന്നു മാറണ്ടി വരില്ല. ഇന്നലെ ഉപയോഗിച്ചതു തന്നെ ഇന്നും ഉപയോഗിക്കാം. നാളെയും അതു മതി. ഫലത്തിൽ വ്യത്യാസമുണ്ടാവില്ല. അനുഭവം അതിനു തെളിവാണു. ഫലത്തിൽ കുറവില്ലാത്ത ഒരു മരുന്നിൽ എന്തു ആധുനിക പരീക്ഷണം നടത്താനാണു? ആയുർവ്വേദത്തിന്റെ നിത്യത്വം കൊണ്ടാണു വൈദ്യം പഠിച്ചിട്ടില്ലാത്തവർ നിർദ്ദേശിക്കുന്നതായാലും ആയുർവ്വേദ മരുന്നുകൾക്ക് റിസൾട്ട് കിട്ടുന്നതു.
എല്ലാ രോഗത്തേയും മനുഷ്യന്റെ പശ്ചാത്തലത്തിൽ കാണുന്നതാണു ആയുർവ്വേദത്തിന്റെ തത്ത്വം. ഏകകോശമായ ഭ്രൂണത്തിൽ നിന്നും അനന്തസാദ്ധ്യതകളോടെ വളരുന്ന മനുഷ്യനെ അതിനേക്കാൾ വലിയൊരു ഭൂമികയിൽ നിന്നും വീക്ഷിച്ചിട്ടാണു ആയുർവ്വേദം ചികിത്സിക്കുന്നതു. അവിടെ കാൻസറും, ചൊറിയും തമ്മിൽ സാങ്കേതികമായ ചില വ്യത്യാസങ്ങൾ അല്ലാതെ ഒന്നുമില്ല. ആയുർവ്വേദാചാര്യന്മാർ കാണുന്നതു രോഗത്തെയല്ല. സ്മാവസ്ഥയിൽ നിന്നും മാറിയ മനുഷ്യരെയാണു. ആ ഒരു തലത്തിലെത്തിയവർക്കേ നല്ലൊരു ഭിഷഗ്വരനാകാൻ കഴിയു.
ഒരാൾ ഏതെങ്കിലും ഒരു ആചാര്യന്റെയടുത്തു ചെന്നാൽ ചികിത്സയേക്കാൾ ലഭിക്കുന്നതു ജീവന്റെ ശാസ്ത്രമാണു. ഇതു മനസിലാക്കുന്ന ചിലർ മരുന്നുമേടിക്കാതെ അവിടെ നിന്നും മുങ്ങും. പിന്നെ വീട്ടിൽ ചെന്നു അതിനു അനുഗുണമായ എന്തെങ്കിലും വേരോ കായോ ഇലയോ ഒക്കെ പറിച്ചു തിന്നു സുഖപ്പെടാറുണ്ട്. അവർ അതൊക്കെ ആർക്കെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കും. അവരും സുഖപ്പെടും. അങ്ങനെയുള്ളവരുടെ എണ്ണം കൂടിവരുന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായത്തിന്റെ പ്രതിസന്ധി. അതിനെ നേരിടാൻ ആശുപത്രി വ്യവസായികൾ പലവിധ നിരോധനങ്ങളും നിബന്ധനകളൂമായി ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. വന്നു, വന്നു പച്ചമരുന്നു പറിക്കുന്നതുപോലും നിയമവിരുദ്ധമാക്കാനുള്ള നീക്കം പോലും ആരംഭിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. അങ്ങനെയാരും ചുളുവിൽ ആരോഗ്യത്തോടെ ഇരിക്കണ്ട എന്നാണു ആരോഗ്യവ്യവസായികളുടെ മനസിലിരിപ്പ്. അവരെ അതിജീവിക്കാനുള്ള കെല്പ് നിസ്സഹായരായ അലോപ്പാത്തുകൾക്കില്ല. അവർ കീഴടങ്ങി ചുരുണ്ടുകൂടിക്കഴിഞ്ഞു. ഒരുപാട് കാശുമുടക്കി പഠിച്ചതല്ലെ. അതു തിരിച്ചുപിടിക്കണം. പിന്നെ ജീവിക്കണം. കീഴടങ്ങുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ല. ഇവിടെയാണു എല്ലാവർക്കും ആരോഗ്യമുണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്ന ആചാര്യന്മാരുടെ പ്രസക്തി. അവരെ പിന്തുടരുന്ന സാധാരണക്കാരുടെ വിജയം.
ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വഴി തെരെഞ്ഞെടുക്കട്ടെ. ആരും ആരുടേയും ഗോഡ്ഫാദറാകാൻ നോക്കണ്ട.
No comments:
Post a Comment