Tuesday, May 19, 2015

മാളുകൾ വരുമ്പോൾ ചെറുകിട കച്ചവടക്കാർ എന്തു ചെയ്യണം?

ലുലുപോലുള്ള വൻ‌കിട വ്യാപാരസംരഭങ്ങൾ വരുമ്പോൾ കേരളത്തിലെ ചെറുകിട കച്ചവടക്കാർ പൂട്ടിപ്പോവില്ലെ? പൂട്ടും. പക്ഷെ അതിൽ സഹതപിക്കേണ്ട കാര്യമുണ്ടോ? മുൻപൊരു കാലത്തുണ്ടായിരുന്ന വേറൊരു വ്യാപാരസമൂഹത്തെ ഇതുപോലെ പൂട്ടിച്ചിട്ടാണു ഇന്നത്തെ റിട്ടെയിലർ കടന്നുവന്നതു. അന്നൊന്നും അവർക്കൊരു വേദനയുമില്ലായിരുന്നു. പൊതുസമൂഹവും ദു:ഖിച്ചില്ല. ഇതൊക്കെ സ്വാഭാവികമായ മാറ്റങ്ങളാണു. അതിനോടൊക്കെ പരമാവധി അങ്ങ് യോജിച്ചു പോവുക. അത്ര തന്നെ.

നാടൻ കർഷകർക്ക് എങ്ങനെ കൃഷി അവസാനിപ്പിക്കേണ്ടി വന്നു എന്നു ഇന്നാരെങ്കിലും ഓർമ്മിക്കുന്നുണ്ടോ? ഗ്രാമങ്ങളിലൊക്കെ ഉണ്ടായിരുന്ന കൊല്ലനും തട്ടാനും എവിടെപ്പോയി എന്നു ആലോചിച്ചിട്ടുണ്ടോ? നാട്ടിടയിലൊക്കെയുണ്ടായിരുന്ന ചെറിയ തുണിപ്പീടികകൾ എവിടെയെന്നു എന്നെങ്കിലും ഓർത്തിട്ടുണ്ടോ? കയിലും കയറുമൊക്കെ ഉണ്ടാക്കി അന്തിക്ക് ചന്തയിൽ കൊണ്ടുവന്നു വിറ്റിരുന്ന കൈത്തൊഴിലുകാരെപ്പറ്റി?

അവരൊക്കെ സമൂഹത്തിൽ നിന്നും മാഞ്ഞുപോയി.  അപ്പോഴൊന്നും ഉണ്ടാകാത്ത ഒരു മനസലിവ് റീട്ടെയിലറന്മാർ അപ്രത്യക്ഷമായാൽ ഉണ്ടാകണോ? എന്താണു അതിന്റെ ആവശ്യം.

പഴയ ആ കച്ചവടക്കാരും തൊഴിലാളികളും പാവങ്ങളായിരുന്നു. ജീവിക്കാൻ വേണ്ടിയാണു അവർ പണിയെടുത്തതു. നിങ്ങളെ പറ്റിക്കണമെന്നു അവർ ആഗ്രഹിച്ചിരുന്നില്ല. ഇന്നത്തെ റീട്ടെയിലറേപ്പോലെ അമിതലാഭത്തിനോ, അധികവരുമാനത്തിനോ ആയിരുന്നില്ല അവർ അതൊക്കെ ചെയ്തതു. ജീ‍ീക്കാൻ ഒരു വഴി. അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരോട് കാണിക്കാത്ത സഹതാപം ഈ പുതിയ വ്യാപാരസമൂഹത്തോട് ആവശ്യമുണ്ടോ.

ലുലുവുമായി താരതമ്മ്യം ചെയ്യുമ്പോഴാണു ഇപ്പോഴത്തെ റീട്ടെയിലറന്മാർ ചെറുകിടക്കാരാകുന്നതു. പാവം കർഷകന്റെയും കയറുപിരിക്കാരന്റെയും മുന്നിൽ ഇന്നത്തെ റിട്ടെയിലർ യൂസഫലികൾ ആയിരുന്നു എന്നു മറക്കരുതു. സംശയമുണ്ടെങ്കിൽ അവരുടെ കച്ചവടത്തിൽ ഒന്നു ഫോക്കസ്സ് ചെയ്തു നോക്കു. MRP യിൽ കുറച്ചു തരുന്ന എത്ര കച്ചവടക്കാരുണ്ട്? ഇൻസെന്റീവുകൾ ഉപഭോക്താക്കളുമായി പങ്കുവക്കുന്നവർ എത്ര? ഉല്പന്നത്തിന്റെ മേന്മ ഉറപ്പുവരുത്തി കച്ചവടം ചെയ്യുന്നവർ എത്രപേർ?

ഇനി പറയൂ റീട്ടെയിലറോട് എന്തിനാണു ഔദാര്യം? വലിയൊരു കച്ചവടശൃംഗലയുടെ ഒരു ഭാഗം മാത്രമല്ലെ അവരും?

ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കറിക്കത്തി പണിതു തന്ന കൊല്ലനെ അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടാണു നിങ്ങൾ ബ്രാന്റഡ് കറിക്കത്തികൾ വാങ്ങാൻ പോയതു. വിശ്വംഭരന്റെ കത്തിക്ക് ടാറ്റായുടെ ജാഡ കിട്ടില്ലല്ലോ. നിങ്ങൾ അങ്ങനെ ചെയ്തപ്പോൾ ഒരു കുടുംബം പട്ടിണിയായതു പക്ഷെ കണ്ടില്ല. പിന്നെ എങ്ങനെ അവർ ജീവിച്ചു എന്നാരും ചോദിച്ചില്ല.

നല്ല ഒന്നാംതരം ചേനയും, ചേമ്പും, കാച്ചിലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തു വേണോ വേണോ എന്നു ചോദിച്ചു നിങ്ങളുടെ വീട്ടിലൊക്കെ വരികയും അതു കഴിഞ്ഞ് ബാക്കിയുള്ളതു ചന്തയിൽ കൊണ്ടുപോയി നിങ്ങൾ പേശിയുറപ്പിക്കുന്ന വിലയ്ക്കു കൊടുക്കുകയും ചെയ്ത കർഷകന്റെ ജീവിതം നശിപ്പിച്ചിട്ടല്ലെ വെജിറ്റബിൾ എക്സ്പ്രസ്സിൽ വരുന്ന മരുന്നടിച്ച പച്ചക്കറികൾ നിങ്ങൾ വാങ്ങാൻ തിരക്കു കൂട്ടിയതു. അതിപ്പോൾ വിഷമാണെന്നു അറിഞ്ഞപ്പോൾ പഴയ കർഷകനൊക്കെ നിങ്ങൾക്ക് വിഗ്രഹമായി.

പഴയ തുണിക്കടകൾ എങ്ങനെയായിരുന്നു എന്നു ഇപ്പോഴാരെങ്കിലും ഓർക്കുന്നുണ്ടോ. നിങ്ങളെ മോഹിപ്പിക്കുന്ന തുണിത്തരങ്ങൾ കൈവശമുണ്ടെങ്കിലും അവർ അതെല്ലാം എടുത്തു നിരത്താറില്ല. നിങ്ങളുടെ ആവശ്യവും കോശസ്ഥിതിയും പരിഗണിച്ചേ തുണിയെടുത്തിട്ടു. ആവശ്യത്തിൽ കൂടുതൽ ഒരു കഷണം തുണി നിങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കില്ല. ഇന്നോ ഏതെങ്കിലും പളപളാ മിന്നുന്ന പെണ്ണു വന്നു പരസ്യത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽക്കൂടി ചാടിച്ചെന്നു ആ ചരക്ക് മേടിച്ചിക്കും. നിങ്ങളുടെ ദൌർബ്ബല്യമാണു അവരുടെ കച്ചവടം.

തട്ടാൻ സ്വർണ്ണത്തിൽ ചെമ്പേ കലർത്തിയിരുന്നുള്ളു. ഇന്നു ജ്വല്ലറികൾ കലർത്തുന്നതു രോഗമാണു. അതറിഞ്ഞിട്ടും നിങ്ങൾക്ക് ജ്വല്ലറി സ്വർണ്ണം മതി. തട്ടാൻ സ്വർണ്ണം തട്ടുന്നു എന്നു പറഞ്ഞ് ക്ഷുഭിതരായ നിങ്ങൾക്ക് ഷോറൂമുകളിൽ വാങ്ങുന്ന പണിക്കൂലിയെപ്പറ്റി പരാതിയില്ല. സ്വർണ്ണത്തിന്റെ വിലയെത്രയാലും, ആഭരണത്തിൽ എത്രകണ്ട് സ്വർണ്ണം കുറവായാലും ടാഗ് പ്രൈസ് കൊടുക്കാൻ നിങ്ങൾക്കൊരു മടിയുമില്ല. ഇതാണു നിങ്ങളുടെ സ്വഭാവം.

റീട്ടെയിലറുടെ ഇന്നത്തെ അവസ്ഥ ക്രമികമായി വളർന്നു വന്നതാണു. ആദ്യം നിഷ്കളങ്കരായ കർഷകരേയും തൊഴിലാളികളേയും പിന്തള്ളിക്കൊണ്ട് അവർ കടന്നു വന്നു. അന്നു നിങ്ങൾ അവരെ പിന്തുണച്ചു. ഇന്നിപ്പോൾ അവരെ പിന്തള്ളിക്കൊണ്ട് മാളുകൾ വരുന്നു. അതിലെന്താ ഇത്ര വിഷമിക്കാൻ?

ചെറുകിട വ്യാപാരികളുടെ ജീവിതമാണോ നിങ്ങളുടെ പ്രശ്നം? അതോ മാളുകൾ വരുമ്പോ‍ൾ ഒരു സെക്കന്റ് ചോയിസ് നഷ്ടപ്പെടുന്നതിലുള്ള സങ്കടമാണോ? രണ്ടാമത്തേതാകാനാണു സാദ്ധ്യത. കാരണം മലയാളി അത്രയ്ക്ക് കൌശലക്കാരാണു. അവന്റെ സഹതാപമൊക്കെ വെറും നാട്യങ്ങളാണു. അവനു ആരോടും പ്രതിബദ്ധതയില്ല.

No comments: