Tuesday, May 12, 2015

ജൈവകൃഷിയുടെ അജണ്ടയെ അതിജീവിക്കുന്ന സാധാരണ കർഷകർ

അഴകുള്ളവനെ കണ്ടാൽ ഉടൻ കേറി അപ്പാ എന്നു വിളിക്കാനുള്ള മലയാളിയുടെ ജനിതക ത്വരയാണു ജൈവകൃഷിക്കു കിട്ടിയ വമ്പിച്ച പ്രചാരത്തിനു കാരണം. കെ.വി.ദയാലൊക്കെ വർഷങ്ങളായി കട്ടകടിച്ചു പണിതിട്ടും കിട്ടാത്ത മാന്യതയാണു ശ്രീനിവാസനും, മമ്മൂട്ടിയും ജൈവകൃഷി നാട്യം തുടങ്ങിയപ്പോൾ ലഭിച്ചതു. അതു കൃഷിയെ തിരികെ കൊണ്ടുവരാനൊന്നുമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെയൊക്കെ പിന്നിൽ കൃത്യമായ സിൻഡിക്കേറ്റുകൾ ഉണ്ടാവും. ജൈവോൽ‌പ്പന്നങ്ങളുടെ കൂടിയവിലകൾ ശ്രദ്ധിച്ചാൽ അതു മനസിലാകും. പ്രകൃതി ഉല്പാദിപ്പിക്കുന്ന കായകനികൾക്ക് കൃഷി ചെയ്യുന്നവന്റെ സ്റ്റാറ്റസനുസരിച്ച് വിലയിടുന്നതു എവിടുത്തെ ന്യായമാണു?

ജൈവകൃഷിയ്ക്കിറങ്ങിയ ടെക്കികളൊക്കെ പറയുന്നതു കേട്ടിട്ടില്ലെ, ലക്ഷങ്ങൾ കിട്ടുന്ന ജോലി ഉപേക്ഷിച്ചാണു തങ്ങൾ ഇതിനു ഇറങ്ങിയിരിക്കുന്നതെന്നു. ആരെങ്കിലും അവരെ വിളിച്ചോ? കോടീശ്വരന്മാരായ സിനിമാക്കാരും, ലക്ഷപ്രഭുക്കളായ ടെക്കികളുമൊക്കെ കൃഷിപ്പണിക്ക് ഇറങ്ങുന്നെങ്കിൽ അതിനു തക്ക ലാഭം കണ്ടിട്ടായിരിക്കുമെന്നു ഉറപ്പ്. അല്ലാതെ ചുമ്മാ ജനത്തെ ഒലത്താൻ ഇറങ്ങിത്തിരിച്ചതൊന്നുമല്ല. അത്രയ്ക്ക്ക്കെ പ്രതിബദ്ധത അവർക്കീ സമൂഹത്തോടു ഉണ്ടെന്നു വിശ്വസിക്കുന്നവൻ പൊട്ടനായിരിക്കും.

കർഷകപാരമ്പര്യമുണ്ടായിട്ടും ഇവരൊക്കെ അതുപേക്ഷിച്ച് ആധുനിക വിദ്യാഭ്യാസം നേടാൻ പോയവരാണു. ഇപ്പോഴാണു ഉണ്ടിരിക്കുന്ന നായർക്ക് കിട്ടിയ വിളി പോലെ കൃഷിക്ക് ചാടിപ്പുറപ്പെട്ടതു. അതിനു കാരണം സാങ്കേതികരംഗത്തെ വരുമാനക്കുറവു തന്നെയായിരിക്കണം. അല്ലെങ്കിൽ നികുതി വെട്ടിക്കാൻ. ജൈവകൃഷി ചെയ്താൽ അതിൽ നിന്നും കുത്തകലാഭം ഉണ്ടാക്കാമെന്നു അവർക്കാരോ ഉപദേശം കൊടുത്തിട്ടുണ്ട്. കാർഷികവിള നികുതി ഇളവിനും വിധേയവുമാണു. എന്നിട്ടും ഉല്പന്നങ്ങൾക്ക് എന്തിനാണു ഇത്ര വിലയിടുന്നതു? ആക്രാന്തലാഭത്തിനല്ലെങ്കിൽ? ഇവർ വീമ്പിളക്കുന്ന ‘മാനസിക സന്തോഷത്തിന്റെ’ വില പോലും ഉല്പന്നങ്ങളുടെ വിലയിൽ നിന്നും കുറയ്ക്കാൻ അവർ തയ്യാറല്ല. ഇതിൽ നിന്നും അവർ ചെയ്യുന്നതു തനി കച്ചവടമാണെന്നു വ്യക്തം. കൃഷിയല്ല. നാടൻ കൃഷി ഒട്ടുമല്ല.

ഇവരെയൊക്കെ ജൈവകൃഷിയുടെ ബ്രാൻഡ് അമ്പാസഡറന്മാരാക്കുന്നതു ഇന്ത്യൻ കാർഷികരംഗത്തെ രാസകൃഷിയിലൂടെ കുത്തിമറിച്ച ആ പന്ന പന്നികൾ തന്നെയായിരിക്കും. അവർ ലോകത്തിന്റെ ഏതോ കോണിലിരുന്നു ഇപ്പോൾ പൊട്ടിച്ചിരിക്കുന്നുണ്ടാവും. പുതിയൊരു കാർഷിക കച്ചവടത്തിന്റെ വഴിമരുന്നിടാൻ കഴിഞ്ഞതിൽ അർമ്മാദിച്ചുകൊണ്ട്.
പക്ഷെ വ്യവസായിക ജൈവകൃഷി പ്രചരിച്ചതുകൊണ്ട് മറ്റൊരു ഗുണമുണ്ടായിട്ടുണ്ട്. ഒരുപക്ഷെ ജൈവവ്യവസായികൾ പ്രതീക്ഷിക്കാത്തതാകും അതു. കൃഷിക്കു ഒരു സ്റ്റാറ്റസൊക്കെ കൈവന്നപ്പോൾ കാർഷികാഭിരുചിയുള്ള ഒരുപാട് സാധാരണക്കാർ അതിലേക്ക് തിരിഞ്ഞു. അവർ പാടങ്ങളൊന്നും പാട്ടത്തിനെടുത്തല്ല കൃഷി ചെയ്യുന്നതു. സ്വന്തമായുള്ള സ്ഥലത്തു തങ്ങൾക്കറിയാവുന്ന പോലെ കൃഷി ആരംഭിച്ചു. അതിപ്പോൾ വ്യാപകമാണു. അവർ തങ്ങൾക്ക് ആവശ്യമുള്ളതിന്റെ ഒരു പങ്ക് ഇപ്പോൾ ഉല്പാദിപ്പിക്കുന്നുണ്ട്. അതാണു കേരളത്തിലെ പച്ചക്കറി മാർക്കറ്റിനെ ഇടിച്ചതു. അല്ലാതെ എലൈറ്റ് ജൈവകൃഷിക്കാരല്ല. അവർ അവരേപ്പോലുള്ള പണക്കാരെ പറ്റിക്കുമ്പോൾ സാധാരണ നാടൻ കൃഷിക്കാർ ആരുടേയും ശ്രദ്ധയിൽ പെടാതെ വലിയൊരു വിപ്ലവം നടത്തുകയാണു. അതു താമസിയാതെ വ്യാവസായികാടിസ്ഥാനത്തിലുള്ള ജൈവകൃഷിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. അന്നു അതു തടയാൻ ജൈവപന്നികൾ എന്തെങ്കിലും നിയമവുമായി വരാതിരിക്കില്ല. സാധാരണക്കാർ ജാഗ്രതൈ....

https://www.facebook.com/photo.php?fbid=10153341230709767&set=a.422215704766.197456.682649766&type=1&theater

No comments: