Wednesday, May 13, 2015

നിലയ്ക്കലിന്റെ വഴിയേ ആറന്മുളയും

ആറന്മുള വിമാനത്താവളത്തേക്കുറിച്ച് ഇനി ഒരക്ഷരം ഞാൻ പറയില്ല. പറയേണ്ടതെല്ലാം കേന്ദ്ര വ്യോമയാനസഹമന്ത്രി ഡോ. മഹേഷ് ശർമ്മ എഴുതി സഭയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്. ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാൻ സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്.

അപ്പോൾ ഈ നടക്കുന്ന നാടകങ്ങളോ? അതാണു ബിസിനസ്സ്. ഹൈന്ദവകക്ഷിയുടേയും വിമാനത്താ‍വള കമ്പനിക്കാരുടേയും. അഞ്ചുപൈസയുടെ ചെലവില്ലാതെയാണു ഒരു സ്വകാര്യസംരഭത്തിനു ഇത്ര പ്രചാരം കിട്ടുന്നതു. ഒനിഡയുടെ പരസ്യം ക്ലച്ചുപിടിച്ചതോടെ നെഗറ്റീവ് പരസ്യങ്ങൾക്കാണു ഡിമാന്റ്. ഇവിടെയും അതേയുള്ളു. വിവാദത്തിലൂടെ പരസ്യം.

വിമാനത്താവളം വരുന്നു എന്നു ജനം അറിയുന്നതു പരിസ്ഥിതിവാദികളുടെ ഇടപെടലോടെയാണു. നീർത്തടവിഷാദ രോഗം ബാധിച്ച അവർ കേരളമാകെ വറ്റിവരണ്ടുപോകുമെന്നു പേടിപ്പിച്ചു. വർഷങ്ങളായി പാടങ്ങൾ കൃഷി ചെയ്യാതിരിക്കുന്നതു കാണാത്തവരല്ല അവരൊന്നും. കൊച്ചിയിലെ ചതുപ്പുകളിൽ അംബരചുംബികളായ ഫ്ലാറ്റുകൾ വന്നതൊന്നും അവർ കണ്ടില്ല. ചെന്നൈ പാരിസ്ഥിതിക കോടതിയിൽ അന്യായം ഫയൽ ചെയ്യാൻ വിമാനം കേറുന്ന നെടുമ്പാശേരി വിമാനത്താവളം നിലംനികത്തി പണിതതാണെന്നു അവർ മറന്നു. വിവാദങ്ങൾ അവർക്കൊരു തൊഴിലാണു. വരുമാനവും.

ഇനി പരിസ്ഥിതിക്ക് എങ്ങാനും പഞ്ച് പോരാതെ വന്നാലോ എന്നു വിചാരിച്ചിട്ടാവും കമ്പനിക്കാർ ഹൈന്ദവരെയും ഗോദായിലിറക്കിയതു. ആറന്മുള പൈതൃകഗ്രാമമാണെന്നാണു ആർഷരുടെ ലൈൻ. മതം കളിക്കുമ്പോൾ സമരത്തിനു വീര്യം കൂടും. അതിനു റേറ്റും കൂടുതലാണു. ആറന്മുള അമ്പലത്തിന്റെ കൊടിമരം മുറിയ്ക്കുന്നതിലാണു അവരുടെ ഇഷ്യു. ചുമ്മാ പറയുന്നതല്ലെ. നർമ്മദ അണക്കെട്ടു പണിയാൻ നൂറുകണക്കിനു ശിവക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. പിന്നെയാണോ ഒരു കൊടിമരം. വെടിക്കെട്ടു നടത്തുന്നവനെ ഉടുക്കുകൊട്ടിക്കാണിക്കാൻ ചെന്നാൽ വിവരമറിയും. എത്രയോ ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിൽ ഭരണസമിതിക്കാർ കൃത്രിമം കാട്ടിയിരിക്കുന്നു. എന്നിട്ടും ഭഗവാന്മാർ ക്ഷമിച്ചതേയുള്ളു. ഹരിപ്പാട്ട് കമ്പവിളക്ക് മുക്കിയിട്ട് എന്തായി. ഈശ്വരനു ഇതിലൊന്നും ഒരു താല്പര്യവുമില്ലെന്നു വ്യക്തമല്ലെ?

പിന്നെ എന്തിനാണു അലമ്പുണ്ടാക്കുന്നതു. അതാണു റിയൽ എസ്റ്റേറ്റ് ബിസിനസ്സ്. ആറന്മുളയിൽ വിമാനത്താവളം വരുമെന്നറിഞ്ഞാൽ ആർത്തിക്കാരായ അനേകം പുതുപ്പണക്കാർ അവിടെ വന്നു ഭൂമിമേടിക്കും. വിമാനത്താവളക്കമ്പനിക്കും അവരുടെ ഉത്സാഹക്കമ്മിറ്റിക്കാർക്കും അതിൽ താല്പര്യമില്ല. ആറന്മുളയിൽ അവർക്ക് അവരുടെ കുത്തക നിലനിർത്തണം. അതിനു അവിടെ താല്പര്യം കാണിക്കുന്ന അണ്ടനെയും അടകോടനേയുമൊക്കെ ഓടിച്ചുവിടണം. ആറന്മുളയിലും ചുറ്റുമുള്ള ഭൂമിയുടെവില തൽ‌പ്പരകക്ഷികളുടെ താല്പര്യത്തിനനുസരിച്ച് പിടിച്ചു നിർത്തണം. അതിനാണു വിമാനത്താവളം വരും, വരില്ല. നീർത്തടം, പാരിസ്ഥിതിക അപകടം എന്നൊക്കെയുള്ള നമ്പരുകൾ. സമരങ്ങൾ. വിവാദങ്ങൾ. ഹൈന്ദവകക്ഷിക്ക് ഈ ബിസിനസ്സ് നന്നായി അറിയാം. അവർ അതു മുതലാക്കുകയും ചെയ്യും. അതിൽ ബലിയാടാകാൻ പോകുന്നതു പാവം കുമ്മനവും.

ഗ്രാമപൈതൃകവും, തിരുവാറന്മുളയപ്പനോടുള്ള ഭക്തിയുമാണു ഹൈന്ദവശക്തികളെ നയിക്കുന്നതെങ്കിൽ അതിനു വേണ്ടി അവർ എന്തു ചെയ്തു? ഈശ്വരനാണു എല്ലാറ്റിലും വലുതെങ്കിൽ അവരെന്തിനാ ഈ ചെന്നൈ കോടതിയിൽ കേസുകൊടുക്കാനും (അതിന്റെയൊക്കെ ചെലവ് ആരാണു വഹിക്കുന്നത്, ആവോ ആർക്കറിയാം!), ഓരോ പത്രവാർത്തയിറങ്ങുമ്പോഴും തിരുത്തിക്കാൻ ദില്ലിക്ക് വിമാനം പിടിക്കുന്നതും. ഭക്തർക്ക് തപസാ‍ണു വലിയ ആയുധം. ഒരൊറ്റ ഭക്തശിരോമണിയെങ്കിലും തിരുവാറന്മുളയപ്പന്റെ മുന്നിൽ ഭജനമിരുന്നു പ്രാർത്ഥിക്കുന്നുണ്ടോ, വിമാനത്താവളം വരാതിരിക്കാൻ. അവർ അതു ചെയ്തില്ല. ചെയ്യുകയുമില്ല. ഇനി അങ്ങനെയെങ്ങാനും ചെയ്തു ഭഗവാൻ അനുഗ്രഹിച്ച് വിമാനത്താവളം വേണ്ടാ എന്നു കമ്പനിക്കാർക്കെങ്ങാനും തോന്നിയാലോ എന്നതാണു അവരുടെ ഭയം. ഉള്ള വരുമാനം നിന്നുപോകുമല്ലോ. അതുകൊണ്ട് അവരെ ആ പണിക്ക് കിട്ടില്ല.

നിങ്ങൾക്ക് ഭക്തിയും വിശ്വാസവുമില്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് കാര്യങ്ങൾ പോട്ടെന്നു വച്ചുകൂടെ? തിരുവാറന്മുളയപ്പനു വേണ്ടാത്ത കൊടിമരം സമരക്കാർക്കെങ്ങനെ രക്ഷിക്കാൻ കഴിയും?

ഇതിൽ പുളിങ്കൊമ്പ് പിടിച്ചിരിക്കുന്നതു സി.പി.എമ്മാണു. ഒരു ചേതമില്ലാത്ത സമരമാണതു. തോറ്റാലും ജയിച്ചാലും ലാഭം. അവർ അതു വിടരുതെന്നെ എനിക്കൊരു അപേക്ഷയുള്ളു. സമരത്തിൽ ഉറച്ചു നിന്നാൽ ആറന്മുളയ്ക്ക് പുറത്തുള്ള ഹിന്ദുക്കളെങ്കിലും സി.പി.എമ്മിനു അനുകൂലമായി നിൽക്കും. ഹൈന്ദവസംഘടനകൾക്കില്ലാത്ത ഒരു ആർത്മാർത്ഥത സി.പി.എമ്മിൽ ദർശിക്കും. ഹൈന്ദവവൊട്ടുകളുടെ ഷോർട്ടേജാണല്ലോ സി.പി.എമ്മിനെ പലപ്പോഴും തോൽ‌പ്പിക്കുന്നതു. ഈ ഇഷ്യു കൊണ്ടതു പരിഹരിക്കാം. നിയമസഭാ തെരെഞ്ഞെടുപ്പല്ലെ വരാൻ പോകുന്നതു. അതിൽ ഈ ഹൈന്ദവ ചിന്ത ഗുണകരമായി ഭവിക്കും. പക്ഷെ, സി.പി.എമ്മിന്റെ കാര്യമായതുകൊണ്ട് ഒന്നും പറയാൻ പറ്റത്തില്ല. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാൻ അവരോളം മിടുക്കുള്ളവർ വേറാരുമില്ലല്ലോ.



No comments: