Saturday, May 16, 2015

വീരേന്ദ്രകുമാറും ചന്ദ്രചൂഡനും മുന്നണിയിൽ ആവശ്യമുണ്ടോ?

ഇരുമ്പു തിന്നാൽ ബലമുണ്ടാകുമെന്നു പറഞ്ഞുകേട്ട് കൊല്ലന്റെ ആലയിൽ ഇരുമ്പുണ്ട തേടിപ്പോയ ഒരു കാരണവരുണ്ട്. വീരനേയും, ചൂഡനേയും തേടിപ്പോകുന്ന കോടിയേരിയേക്കാണുമ്പോൾ ആ കാരണവരേയാണു ഓർമ്മ വരുന്നതു. 

ഇരുമ്പ് ശരീരത്തിനു നല്ലതാണു. ബലം തരും. പക്ഷെ വയറ്റിൽ ചെന്നാൽ ദഹിക്കുന്ന ഇരുമ്പേ കഴിക്കാവു. കൊല്ലന്റെ ആലയിൽ കിടക്കുന്ന ഇരുമ്പ് കൊല്ലൻ പണികഴിഞ്ഞ് തള്ളിയ വേസ്റ്റാണു. അതു കഴിച്ചാൽ ചത്തുപോകും. ബലം വർദ്ധിപ്പിക്കാനാണെങ്കിൽ വല്ല പാവയ്ക്കായും പിഴിഞ്ഞു കുടിക്കണം.

ഇതിനുമപ്പുറമാണു എന്റെ സംശയം. ഭരിക്കാൻ ഘടകകക്ഷികൾ വേണമോ? ഒരു അണ്ടർസ്റ്റാന്റിങ്ങിന്റെ പുറത്തു കോൺഗ്രസ്സും, സി.പി.എമ്മും രണ്ടരവർഷം വീതം ഭരണം പങ്കിട്ടാൽ എന്താ കുഴപ്പം? എന്തായാലും അയ്യഞ്ച് കൊല്ലം കഴിയുമ്പോൾ ജനം ഒന്നുമാറ്റി മറ്റേതിനെ പരീക്ഷിക്കുന്നുണ്ട്. എങ്കിൽ അതു ഒരു നിയമസഭയുടെ കാലയളവിൽ തന്നെ പപ്പാതിയാക്കിയാൽ എന്താണു തകരാറ്? ജനം കടിക്കുമോ?

ഇതൊന്നും പാർലമെന്ററി ജനാധിപത്യത്തിനു നിരക്കുന്നതല്ല എന്നൊക്കെ കുത്സിത ബുദ്ധികൾ പറഞ്ഞേക്കാം. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും എലിയും പൂച്ചയുമായിട്ടിരിക്കണം. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ കാലൊടിഞ്ഞുപോകും എന്നൊക്കെ അവർ പറയും. വെറുതെ. ജനസഭകളിലെ ചില ചർച്ചകളും ബഹളങ്ങളുമൊഴിച്ചാൽ ബാക്കി നടപടിക്രമമൊക്കെ ഇരുപക്ഷവും ഒത്തുചേർന്നാണു മുന്നോട്ട് കൊണ്ടുപോകുന്നതു. അതു മാന്യമായി നിർവ്വഹിച്ചതുകൊണ്ടാണല്ലോ സി.പി.എമ്മിന്റെ പി.രാജീവിനെ ബി.ജെ.പിയുടെ ജെയ്റ്റ്ലി അഭിനന്ദിച്ചതു പോലും.

ഭരണം പങ്കുവക്കുന്നതിൽ കോൺഗ്രസ്സും സി.പി.എമ്മും എന്തിനാണു ലജ്ജിക്കുന്നതു? അവർ നേതൃത്വം കൊടുക്കുന്ന മുന്നണികളെയാണു  ജനം തെരെഞ്ഞെടുത്തുകൊണ്ടിരിക്കുന്നതു. അല്ലാതെ അവയിലുള്ള ഘടകകക്ഷികളെ കണ്ടിട്ടു കോൺഗ്രസ്സിനേയോ മാർക്സിസ്റ്റിനേയോ ജയിപ്പിക്കുകയല്ല. ഘടകകക്ഷികളൊക്കെ ആറാട്ടുമുണ്ടന്മാരാണു. സഭയിൽ തലയെണ്ണി ഭൂരിപക്ഷം വേണമെന്ന ഒരു നിബന്ധനയുള്ളതുകൊണ്ടുമാത്രമാണു കോൺഗ്രസ്സിനും, മാർക്സിസ്റ്റിനും ഇത്തരം ചീളു കേസുകളെ പേറേണ്ടി വരുന്നതു. ജനം ഉറ്റുനോക്കുന്നതു നേതൃത്വം കൊടുക്കുന്ന രണ്ടു വലിയ കക്ഷികളേയാണു. ഘടകകക്ഷികൾ ചെയ്യുന്ന അപരാധത്തിനും അവർ തന്നെ ഏത്തമിടണം. ഘടകകക്ഷിൽ തഞ്ചത്തിൽ അങ്ങ് സ്കൂട്ടാകും!

കോൺഗ്രസ്സിനും സി.പി.എമ്മിനുമേ സംസ്ഥാന വ്യാപകമായി പ്രവർത്തകരും, പിന്തുണക്കാരുമുള്ളു. ദേശീയ വീക്ഷണവും മതേതരത്വവുമുള്ളതു അവർക്കാണു. ഘടകകക്ഷികൾ ഏതെങ്കിലും മതത്തിന്റെയോ, സമുദായത്തിന്റെയോ, ചില പോക്കറ്റുകളിൽ സ്വാധീനമുള്ളവ്യക്തികളുടേയോ പ്രസ്ഥാനങ്ങളുടേയോ, ചിലരുടെ കുടുംബങ്ങളുടേയും അവരുടെ അടിയാന്മാരുടേയോ മാത്രമാണു. അവയ്ക്കെന്തു രാഷ്ട്രീയം. എന്തു ദേശീയത. കേരളത്തോട് എന്തു കമിറ്റ്മെന്റ്? മുഖ്യകക്ഷിക്കൊപ്പം അധികാരത്തിൽ വരിക. സ്വന്തക്കാർക്കെന്തെങ്കിലും സഹായം ചെയ്യുക. കക്കുക നിക്കുക. പിന്നെയും കക്കുക. ഇതിൽ കവിഞ്ഞ് എന്തു ലക്ഷ്യമാണു ഈ ഘടകപാർട്ടികൾക്കുള്ളതു.

ഇവരുടെയൊക്കെ കഴിവ് എതിർമുന്നണിയുടെ സ്ഥാനാർത്ഥിയെ തോൽ‌പ്പിക്കാൻ കഴിയുന്ന കുറച്ചു സ്വകാര്യ സങ്കുചിതവോട്ടുകൾ കൈവശം ഉണ്ടെന്നതു മാത്രമാണു. ഒറ്റയ്ക്കു നിന്നാൽ ഇതിലേതെങ്കിലും കക്ഷി പച്ചതൊടുമോ? കോൺഗ്രസ്സോ സിപി.എമ്മോ സഹായിച്ചില്ലെങ്കിൽ മലപ്പുറത്തുപോലും മുസ്ലീം ലീഗിന്റെ അവസ്ഥയെന്താകും?

ഇതൊന്നുമറിയാത്തവരല്ല സുധീരനും കോടിയേരിയുമൊക്കെ. പക്ഷെ ഇവറ്റകളെ ഒഴിവാക്കാൻ പ്രയാസമാണു. അതിനുള്ള കാരണം വീക്ഷണം പച്ചയായിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. വേശ്യക്കു നാണമുണ്ടാവില്ല. ചെല്ലിനും ചെലവിനും കിട്ടാതാകുമ്പോൾ വേറെ ആളെ നോക്കും. 5 പതിറ്റാണ്ടായിട്ട് കേരളത്തിലെ ഘടകകക്ഷികൾ ആർത്തിക്കാരായ വേശ്യകളെപ്പോലെയാണു. ഒന്നുകിൽ സീറ്റ് കിട്ടിയില്ല. അല്ലെങ്കിൽ അഴിമതിക്ക് കൂട്ടുനിന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഒരു മുന്നണിയോട് ഉടക്കി മറ്റേതിൽ പോകും. ഭരണത്തിൽ കമ്പം കേറിനിൽക്കുന്ന മുന്നണി പാവിരിക്കും. ഇടതു മുന്നണിയിൽ നിന്നും ജോസഫ് ഗ്രൂപ്പ് എന്തു രാഷ്ട്രീയ കാരണം കൊണ്ടാണു പോയതെന്നു ആർക്കെങ്കിലും പറയാമോ? ആ മുന്നണിയിൽ ഏറ്റവും അപവാദം കേട്ടകക്ഷിയാണു ജോസഫ് ഗ്രൂ‍പ്പ്. പിന്നീട് അതിന്റെ അവസ്ഥയെന്തായി? മലയാളിക്ക് ലജ്ജതോന്നുന്നില്ലെ? അതു കൊണ്ട് ഈ ജനതയോട് അല്പമെങ്കിലും ദയവുണ്ടെങ്കിൽ  കോൺഗ്രസ്സും സി.പി.എമ്മും ഘടകകക്ഷികളുമായി ഭരണതലത്തിലുള്ള ബന്ധം ഉപേക്ഷിക്കണം. ചെലവിനു തന്നോളാം. ഒരിടത്തു അടങ്ങിയിരുന്നോണം എന്ന ലൈൻ എടുക്കണം. ഘടകകക്ഷിയായി ഇരുന്നോ. മന്ത്രിയാക്കില്ല. പണിയിഷ്ടപ്പെട്ടു. പക്ഷെ അച്ചിയാകാൻ നോക്കണ്ട എന്നു അവരെ ബോദ്ധ്യപ്പെടുത്തണം.

ഈ നിയമസഭയിൽ തന്നെ സി.പി.എമ്മിനു 45 ഉം കോൺഗ്രസ്സിനു 39 എം.എൽ.എമാരുണ്ട്. ഒരു പാർട്ടി സ്വന്തമായ നിലയിൽ - അതായാതു ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം കൊടുക്കാതെ- ഭരിക്കാമെന്നു സമ്മതിച്ചാൽ മറ്റേ പാർട്ടി പിന്തുണ കൊടുക്കണം. ഇതൊരു മുന്നണിയല്ല. മുന്നണി സംവിധാനം ആക്കുകയും ചെയ്യരുതു. ഒരു അണ്ടർസ്റ്റാൻഡിങ്ങ് മാത്രം. രണ്ടരക്കൊല്ലം കഴിഞ്ഞ് ഭരണം മറ്റേ കക്ഷിക്ക് കൈമാറണം. ഘടകകക്ഷികളൊക്കെ എം.എൽ.എമാരിയി ഇരുന്നോട്ടെ. എന്തായാലും മന്ത്രിസഭയിൽ വേണ്ട. സബ്കമ്മിറ്റികളിലും, ബോർഡ്-കോർപ്പറേഷനുകളിലും  വേണമെങ്കിൽ സ്ഥാനം കൊടുക്കാം. വേണമെങ്കിൽ മാത്രം. എം.എൽ.എ സ്ഥാനം തന്നെ അധികമാണു. പിള്ളാർക്കതു മതി.

ഇവിടെ ചില ദോഷൈകദൃ‌ക്കുകൾ പറയും, ഘടകകക്ഷികൾ എല്ലാം കൂടി ചേർന്നു അവിയൽ മുന്നണിയുണ്ടാക്കുമെന്നു. അങ്ങനെ ഒരു മുന്നണിയുണ്ടാക്കിയാൽ അവർക്ക് ഭരണത്തിൽ വരാൻ കഴിയുമോ? ഒറ്റയ്ക്ക് മത്സരിച്ചാൽ ജയിക്കാൻ കഴിയുന്നത് കോൺഗ്രസ്സിനോ മാർക്സിസ്റ്റിനോ മാത്രമാണു. ലീഗുപോലും പൊട്ടും. ലീഗിന്റെ തട്ടകത്തിൽ തന്നെ എത്ര മുസ്ലീം പാർട്ടികളാണുള്ളതു. അതുമാത്രം പോരെ അവരെ തോൽ‌പ്പിക്കാൻ. ഇങ്ങനെ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒറ്റയ്ക്കു നിൽക്കാൻ കഴിഞ്ഞാൽ മഹാ‍രാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും വേറിട്ടുനിന്നു മത്സരിച്ച ഫലമുണ്ടാകും. രണ്ടുകൂട്ടരുടേയും നിയമസഭാസാമാജികരുടെ എണ്ണം കൂടും.

വേറൊരു വാദമുള്ളതു ബി.ജെ.പി ഇതിനിടയിലൂടെ നൂണ്ട് കേറി വരുമെന്നാണു. അതു അവർ പോലും വിശ്വസിക്കുന്നില്ല. കെ.ജി.മാരാരേയും, രാജഗോപാലിനേയും പോലെ ആകെ രണ്ടുപേരെയല്ലാതെ വേറാരുണ്ട് അവർക്ക് സർവ്വസമ്മതരായി ചൂണ്ടിക്കാണിക്കാൻ. ഇരുവർക്കും സ്വന്തം പാർട്ടിയിൽ നിന്നും പണി കിട്ടുകയും ചെയ്തിട്ടുണ്ട്. ഇരുവരേയും വിജയത്തിന്റെ വക്കുവരെ എത്തിയവരാണു. കോൺഗ്രസ്സും, സി.പി.എമ്മും നയം വ്യക്തമാക്കിയാൽ ബി.ജെ.പി അനുഭാവികളിൽ പകുതിയും കോൺഗ്രസ്സിലേക്കോ സി.പി.എമ്മിലേക്കോ മടങ്ങും. ഇരുപാർട്ടികളുടെയും മത-സമുദായ-ന്യൂനപക്ഷ പ്രീണനങ്ങളാണു അവരെ ബി.ജെ.പിയോട് അടുപ്പിക്കുന്നതു. ഇനി ഒന്നോ രണ്ടോ സീറ്റു ബി.ജെ.പിക്ക് കിട്ടിയാൽ‌പ്പോലും ഭരിക്കാനുള്ള ഭൂരിപക്ഷമൊന്നും കേരളത്തിൽ നേടാൻ പോകുന്നില്ല. അവിയൽ ഘടകകക്ഷികളെ കൂട്ടുപിടിച്ചാൽ പോലും.

ഭരണം പങ്കിട്ടാൽ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒരു ഗുണമുണ്ട്. രണ്ടിലേയും അർഹരായ പ്രവർത്തകർക്ക് സ്ഥാനങ്ങൾ കൊടുക്കാൻ കഴിയും. അനൂപ് ജേക്കബ്ബും, ഷിബു ബേബിജോണും മന്ത്രിയായിരിക്കുകയും വി.ഡി.സതീശനും, കെ.മുരളീധരനും പുറത്തു കാവൽ നിൽക്കുകയും ചെയ്യുന്നതു അശ്ലീലമല്ലെ? ഇനി ശ്രേയംസ് കുമാറും, അസ്സിസുമൊക്കെ വന്നു മന്ത്രിയാകുമ്പോൾ സി.കെ.സദാശിവനും, കെ.രാധാകൃഷ്ണനുമൊക്കെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നാൽ അതിൽ‌പ്പരം കഷ്ടമെന്തുണ്ട്. അർഹതപ്പെട്ടവർക്ക് അംഗീകരമുണ്ടെന്നു വന്നാൽ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിക്കും. അതു അവരെ കൂട്ടുതൽ ഉത്സാഹഭരിതരാക്കും. അവർ ജനങ്ങളോട് കൂടുതൽ ഇടപഴകാൻ തുടങ്ങും. പൊതു സമൂഹത്തിനും അതിന്റെ ഗുണമുണ്ടാകും.

അതു കൊണ്ട് ആദ്യമൊക്കെ അല്പം പരിഹാസമൊക്കെ കേൾക്കേണ്ടി വന്നാലും ഇതു കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മെച്ചപ്പെടുത്തും. ഘടകകക്ഷികളാണു ഇവിടെ കൂടുതൽ അഴിമതികളും നടത്തുന്നതു. അവർ കൂടെ നിൽക്കാൻ വേണ്ടി മുഖ്യകക്ഷികൾക്ക് കണ്ണടയ്ക്കേണ്ടി വരുന്നു. അതുമൂലം  വികസന പല പദ്ധതികളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മതേതരത്വവും ദേശീയവീക്ഷണവും ബലികഴിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ഇപ്പോൾ കോൺഗ്രസ്സും മാർക്സിസ്റ്റുമൊക്കെ അനുഭവിക്കുന്ന നാണക്കേടിനേക്കാൾ കുറവായിരിക്കും ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റു ചെയ്താലുണ്ടാകുന്ന നാണക്കേട്.

കോടിയേരി മുൻ‌കൈ എടുത്താൽ ഇതു നടക്കും. വെറുതെ വീരപ്പന്റെയും ചീരപ്പന്റെയും പുറകേ നടന്നു നാണം കെടുന്നതിനേക്കാൾ എത്രയോ നല്ലതാണു സുധീരനുമായി ഒരു മേശയ്ക്കിരുപുറവും ഇരുന്നു ഇതൊന്നു ആലോചിക്കുന്നതു. യു.പി.എ സർക്കാരിനു പിന്തുണ പിൻ‌വലിച്ച നടപടി തെറ്റായിരുന്നു എന്നു ഖേദിക്കുന്ന യച്ചൂരിക്ക് ഇതിന്റെ സ്പിരിറ്റ് നന്നായി മനസിലാകുകയും ചെയ്യും.

ഇന്നു കേരളം ചെയ്യുന്നതു നാളെ കേന്ദ്രം അനുകരിക്കുമെന്നു കോടിയേരിയും സുധീരനും മറക്കണ്ട.

No comments: