Saturday, October 25, 2014

കാൻസറിനേക്കൊണ്ട് ജീവിക്കുന്നവർ

ഡോക്ടർ പറയുന്നതാണു കാര്യം. ഗൌരവമുള്ള രോഗത്തിനു ചികിത്സിക്കുമ്പോൾ മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ തന്നെ സ്വീകരിക്കണം. ഇല്ലെങ്കിൽ രോഗങ്ങളെക്കൊണ്ട് ജീവിക്കുന്ന വ്യാജന്മാരുടെ ചൂഷണം വർദ്ധിക്കും. അലോപ്പതിയാണു ആധുനിക വൈദ്യം. രോഗികളുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമതിനുണ്ട്.

മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ഉപദേശം അംഗീകരിക്കുമ്പോൾ തന്നെ രോഗനിർണ്ണയത്തിൽ അതെത്രമാത്രം പ്രായോഗികമാണു? നവീന ഉപകരണങ്ങളെ അവലംബിച്ചാണു ആധുനിക വൈദ്യം രോഗനിർണ്ണയം നടത്തുന്നതു. എന്നിട്ടും ഒരേ സാമ്പിൾതന്നെ രണ്ടു സ്ഥാപനങ്ങളിൽ പരിശോധിക്കുമ്പോൾ പലപ്പോഴും രണ്ടു റിസൾട്ടാകും കിട്ടുക. അതെന്താണങ്ങനെ? ഒരേ മുഴതന്നെ രണ്ടു സ്ഥലത്തു പരിശോധിക്കുമ്പോൾ രണ്ടു വലുപ്പം. ഒരേ രോഗത്തെക്കുറിച്ചു തന്നെ മോഡേൺ മെഡിസിനിലെ രണ്ടു ഡോക്ടറന്മാർക്കു രണ്ട് അഭിപ്രായവും വരാറുണ്ട്. ഇതൊക്കെ മനുഷ്യന്റെ അറിവിനേയും ബുദ്ധിയേയും പലപ്പോഴും ചോദ്യം ചെയ്യുന്നു.

ലാബ് റിസൾട്ടുകളാണു പലപ്പോഴും ഇത്തരം വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനം. അപ്പോൾ ഈ ലാബുകൾ ഒന്നും സ്റ്റാൻഡാർഡൈസഡ് അല്ലെ? കേരളത്തിൽ എത്ര അക്രഡിറ്റഡ് ലാബുകൾ ഉണ്ട്? അതു സംബന്ധിച്ച് ഒരു ലിസ്റ്റ് സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?
ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച ആർക്കും ഒരു ലാബുതുടങ്ങാം. അതിനു പഞ്ചായത്തിന്റെ സമ്മതിപത്രം മാത്രംമതി. പക്ഷെ അതു ശാസ്ത്രീയമായിട്ടാണോ നടത്തുന്നതെന്നു ഏതു ഏജൻസിയാണു നിരീക്ഷിക്കുന്നതു? അവർ ഉപയോഗിക്കുന്ന കിറ്റുകളും രാസവസ്തുക്കളും, യന്ത്രങ്ങളും ചാത്തനാണോ ചക്കയാണോ എന്നു രോഗി എങ്ങനെയറിയും? ബുദ്ധിപൂർവ്വവും ശാസ്ത്രീയവുമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ അങ്ങനെ പലപ്രശ്നങ്ങളുമുണ്ട്. അങ്ങനെ ചിന്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ചികിത്സ നടക്കില്ല. ഡോക്ടർ പറയുന്ന ലാബിൽ പോയി ടെസ്റ്റെടുക്കും. അത്ര തന്നെ. അതിൽക്കൂടുതൽ വിവേകമൊന്നും ഉപയോഗിക്കാൻ രോഗിക്ക് കഴിയാറില്ല.

ആധുനിക ഡോക്ടറന്മാരേപ്പോലെ സേവനകുതുകികൾ അല്ല എല്ലാ ചികിത്സകരും. പ്രത്യേകിച്ച് വ്യാജവൈദ്യന്മാർ. അവർ ചികിത്സ ചെയ്യുന്നതു ആർഭാടത്തോടെ ജീവിക്കാൻ വേണ്ടിയാണു. പഠിപ്പൊന്നുമില്ലാത്ത നാടനും, നായാടിയും, പച്ചമരുന്നുകാരനും, മന്ത്രവാദികളുമൊക്കെ ഏന്തസുഖവും ചികിത്സിക്കാമെന്നു പറഞ്ഞുകളയും. കാരണം അവർക്ക് പണം കിട്ടിയാൽ മതി. ബുദ്ധിപൂർവ്വം ചിന്തിക്കാൻ കഴിയാത്ത കുറേപാവങ്ങൾ അവരുടെ കെണിയിൽ ചെന്നു വീഴും. അവരിൽ കുറേപ്പേർ അവിടെ അടിയും. ചിലർ ബുദ്ധി തെളിയുമ്പോൾ തിരികെ വരും. അപ്പോൾ അലോപ്പാത്തുകൾ അവരെ കൈവിടരുതു. തങ്ങളേക്കാൾ ഒട്ടുവളരെത്താഴെയുള്ള വ്യാജ ചികിത്സകരെ പ്രതിയോഗികളുമായി കാണുകയുമരുതു. അങ്ങനെ ചെയ്താൽ തങ്ങൾ കൈവിട്ട രോഗികളിൽ കുറച്ചുപേരെയെങ്കിലും ഈ വ്യാജന്മാർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടെന്നു പാവം ജനം അറിയാതെ ചിന്തിച്ചു പോകും. അല്ലെങ്കിൽ കോപം വരണ്ട കാര്യമില്ലല്ലോ. .

പിന്നെ, രോഗികൾ പറയുന്നതു എല്ലാമൊന്നും വിശ്വസിക്കരുതു. ഡോക്ടറെ സന്തോഷിപ്പിക്കാൻ വേണ്ടി വ്യാജൻ തന്ന മരുന്നു കഴിച്ചെന്നൊക്കെ അവർ പറയും. അതു ശരിയാവണമെന്നില്ല. വ്യാജന്മാർ കൊടുക്കുന്ന പലമരുന്നും രോഗിക്ക് കഴിക്കാൻ കഴിയാറില്ല. കാശുകൊടുത്തുപോയതു കൊണ്ട് കുപ്പയിൽ തള്ളുന്നില്ലെന്നേയുള്ളു. അവർ പറയുന്ന പഥ്യങ്ങൾ അനുസരിക്കാൻ മനുഷ്യരെക്കൊണ്ട് കഴിയുമോ? സൂര്യനുദിക്കുന്നതിനു മുൻപ് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞുനിന്നു കാക്കയുടെ ശബ്ദം കേൾക്കാതെ 41 ദിവസം മരുന്നു കഴിക്കണമെന്നൊക്കെ പറഞ്ഞുകൊടുത്തു വിട്ടാൽ ആരേക്കൊണ്ട് സാധിക്കും? അതുവല്ലതും നടക്കുമോ? കേരളത്തിൽ കാക്കയില്ലാത്ത സ്ഥലമേതാണു. സൂര്യനുദിച്ചാൽ കക്ക കരയാതിരിക്കുമോ? അപ്പോൾ അതൊന്നും കഴിക്കണമെന്നു ഉദ്ദേശിച്ചു കൊടുക്കുന്നതല്ല. ഇനിയാരെങ്കിലും കഴിച്ചുപോയാൽ രോഗം പോയില്ലെങ്കിലും അപകടമുണ്ടാകരുതെന്നു വച്ച് ശർക്കരവെള്ളമായിരിക്കും കലക്കിക്കൊടുക്കുക. അത്തരം സന്ദർഭങ്ങളിൽ ഡോക്ടറന്മാർ ചെയ്യേണ്ടതു വ്യാജന്മാർ കൊടുക്കുന്ന മരുന്നുകൾ പരീക്ഷിച്ച് അതിന്റെ നിജസ്ഥിതി ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണു. അതിനുള്ള ശാസ്ത്രീയ രീതികൾ സർക്കാരുകളുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കണം. അങ്ങനെ വരുമ്പോൾ കാ‍ക്ക കരഞ്ഞതു കേട്ടതുകൊണ്ടാണു അസുഖം ഭേദമാകാത്തതെന്ന അവരുടെ വാദം പൊളിയും.ഉത്തരവാദിത്തമുള്ള ആധുനിക ഡോക്ടറന്മാർ അതല്ലെ ചെയ്യേണ്ടതു?

വേറൊന്നുള്ളതു ആധുനിക വൈദ്യത്തിലെ പല മരുന്നുകളും കാൻസറിന്റെ ഉത്ഭവത്തിനു കാരണമായേക്കാമെന്നു അതിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നടപടിയെടുക്കണം. കാൻസർ രോഗികൾ വരുമ്പോൾ അവർ അത്തരം മരുന്നു ഉപയോഗിച്ചിരുന്നോ എന്നു അന്വേഷിച്ചു ആ വിവരം പ്രാധാന്യത്തോടെ പുറത്തുവിടണം. അങ്ങനെ ചെയ്താൽ അവയുടെ ഉപയോഗം നിയന്ത്രിതമാകും. അതുപോലെ തന്നെ കാൻസർ സാദ്ധ്യതയുള്ള ഭക്ഷണസാധനങ്ങളും ബ്രാൻഡ് സഹിതം പുറത്തു വിടണം. അല്ലെങ്കിൽ ഈ ഭക്ഷണം നിങ്ങൾക്ക് കാൻസർ ഉണ്ടാക്കും എന്നു നിയമപരമായ മുന്നറിയിപ്പു നൽകാനുള്ള നടപടിക്കായി ശ്രമിക്കണം. പുകയിലയുടേയും മദ്യത്തിന്റേയും പുറത്തുള്ളപോലെ.അങ്ങനെ ചെയ്യുമ്പോൾ കാൻസർ രോഗികളുടെ എണ്ണം താനെ കുറയും. അപ്പോൾ ഈ വ്യാജചികിത്സകർ എന്തോ ചെയ്യുമെന്നു കാണാമല്ലോ. ഒരു ആധുനിക ഡോക്റ്ററും കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആഗ്രഹിക്കുകയില്ലെന്നു ഉറപ്പുണ്ട്. ഉവ്വോ?
ഡോക്ടറുടെ ലേഖനം വിശദമായി അന്യത്ര.

No comments: