Friday, October 17, 2014

ശാലിനി എന്റെ കൂട്ടുകാരി...........

1980ലിറങ്ങിയ ഒരു മോഹൻ-പദ്മരാജൻ ചിത്രമാണു, ശാലിനി എന്റെ കൂട്ടുകാരി.
കേരളത്തിലെ കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ അമ്മയില്ലാതെ വളരുന്ന ചേട്ടന്റെയും പെങ്ങളൂടേയും വൈകാരിക ഏകാന്തതയും അവർ അനുഭവിക്കുന്ന സംഘർഷങ്ങളുമാണു ചിത്രത്തിന്റെ പശ്ചാത്തലം. ക്രൂരനായ അച്ഛൻ. കാമുകനെ സ്വീകരിക്കാൻ കഴിയാതെ വരുന്ന നായിക. സഹോദരന്റെ ആത്മഹത്യ. തുടർന്നുള്ള നായികയുടെ ഒറ്റപ്പെടൽ. അതിനിടയിൽ കോളേജിൽ പുതുതായി എത്തിയ അദ്ധ്യാപകന്റെ നായികയുടെ ജീവിതത്തിലേക്കുള്ള കടന്നുവരവ്. അതവൾക്ക് ആത്മവിശ്വാസം നൽകിയെങ്കിലും ആ ബന്ധത്തോട് സമൂഹത്തിനുള്ള എതിർപ്പ്. അതിടയിൽ കടന്നുവരുന്ന ബ്രെയിൻ ട്യൂമർ എന്ന വില്ലൻ! അതിന്റെ മുന്നിൽ അടിയറവു പറയുന്ന പ്രണയം.
എൺപതുകളിലെ പുതുതലമുറയെ വിഷാദത്തിലേക്ക് തള്ളിവിട്ട ഒരു ചിത്രമാണു ശാലിനി എന്റെ കൂട്ടുകാരി. സ്നേഹം ജീവിതത്തെ നനച്ചുവളർത്താൻ ശ്രമിച്ചാലും രോഗം അതിനനുവദിക്കില്ല എന്നതായിരുന്നു അതിലെ സന്ദേശം. അതുവരെ യാഥാസ്ഥിതിക വില്ലന്മാരെ കണ്ടുമടുത്ത കാണികൾക്ക് രോഗമെന്ന വില്ലൻ പുതുമയായി. ശാലിനിയിൽ ശോഭയുടെയുടേയും, മദനോത്സവത്തിൽ സറീനാ വഹാബിന്റേയും (1978) അഭിനയത്തികവ് കാൻസർ എന്ന വില്ലനെ കാണികളുടെ മജ്ജയിലേക്ക് ഒരു തണുത്തസൂചിപോലെ കടത്തിവിട്ടു. സിനിമ കണ്ടവർ ഒരു നിമിഷമെങ്കിലും രോഗത്തിലൂടെ കടന്നുവരുന്ന ആ തണുത്ത മരണത്തെ മുഖാഭിമുഖം കണ്ടിരിക്കണം. ആ രണ്ടു സിനിമകളും കണ്ട ആർക്കെങ്കിലും ഇതു നിഷേധിക്കാമോ?
ശാലിനി എന്റെ കൂട്ടുകാരി പോലെ യുവാക്കൾ ഇത്ര താദാത്മ്യം പ്രാപിച്ച മറ്റൊരു സിനിമ അക്കാലത്തു ഇറങ്ങിയില്ല. അതിന്റെ പ്രത്യാത്ഘാതങ്ങൾ പിന്നീടുണ്ടായി. പ്രണയങ്ങൾ തകരുമ്പോൾ പലരും ബ്രെയിൻ ട്യൂമറിനെ സ്വാഗതം ചെയ്തു. വണ്ടുമൂളിപ്പറക്കുന്നതുപോലുള്ള തലവേദനകൾ പലരും വിഷാദത്തോടെ വിവരിച്ചു. അടുത്ത തലമുറയിൽ ഇഷ്ടം പോലെ ബ്രെയിൻ ട്യൂമർ രോഗികളുണ്ടായി. പ്രേമവിവാഹങ്ങളെ കുടുംബവും സമൂഹവും എതിർപ്പില്ലാതെ സ്വാഗതം ചെയ്തു തുടങ്ങി. ആശുപത്രികളിൽ കാൻസർ വാർഡുകൾ കൂണുപോലെ മുളച്ചുപൊന്താൻ തുടങ്ങി.
രോഗവും സെന്റിമെന്റ്സും ചേർത്തുവിളമ്പിയാൽ അതു മനുഷ്യമനസിനെ വല്ലാതെ സ്പർശിക്കും. ഇത്തരം സിനിമകളുടെ ബോക്സോഫീസ് വിജയം നോക്കിയാൽ അതു മനസിലാകും. ഇതുപോലെ തന്നെ ഹിറ്റായ മറ്റൊരു ചിത്രമായിരുന്നു മദനോത്സവം. ഹോളിവുഡിൽ ലവ് സ്റ്റോറിയും. എല്ലാത്തിലും വില്ലൻ രോഗമാണു. പിന്നീട് ഹൃദയസ്തംഭനംവും, വൃക്കമാറ്റി വെക്കലും, ഗർഭപാത്രം വാടകയ്ക്ക് കൊടുക്കലും വരെ സെന്റിമെന്റ്സിന്റെ ചേരുവയായി. ഇവയ്ക്കൊന്നിനു പോലും ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ടായിരുന്നില്ല എന്നതാണു വിചിത്രം. തിരക്കഥാകൃത്തുക്കളുടെ ഭാവനാ വിലാസത്തിലൂടെ രോഗവും ചികിത്സയും മരണവും വിരിഞ്ഞു. അതിന്റെ പശ്ചാത്തലത്തിൽ സെന്റിമെന്റ്സ് പൊടിപാറി. അതു കണ്ടവർക്ക് എന്തൊക്കെ ആന്തരിക മാറ്റങ്ങൾ ഉണ്ടാക്കിക്കാണും എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവ എത്രയെത്രരോഗങ്ങൾക്ക് ശരീരത്തെ സജ്ജമാക്കിക്കാണും? ഒരു മെഡിക്കൽ വിദഗ്ദനും അതിനു ഉത്തരം പറയുന്നില്ല. എല്ലാ ശാരീരികരോഗങ്ങൾക്കും ഒരു മാനസിക ഘടകം കൂടി ഉണ്ടെന്നു ആധുനികവൈദ്യശാസ്ത്രത്തിനറിയാം. അപ്പോൾ ഈ താദാത്മ്യം നൽകുന്ന കലാസൃഷ്ടികൾ എന്തൊക്കെ രോഗങ്ങൾ ഉണ്ടാക്കിയിരിക്കും?
ഒരു സിനിമയ്ക്ക് അത്രയ്ക്കൊക്കെ ചലനങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമോ? പിന്നീട് വർദ്ധിച്ച വന്ന കാൻസർ രോഗങ്ങളുടെ കണക്കുവച്ചു നോക്കുമ്പോൾ കഴിയുമെന്നു പറയണം. അല്ലാതെ അതിനു മറ്റൊരു കാരണവും കാണാൻ കഴിയുന്നില്ല. ട്യൂമറുകളേപ്പറ്റിയോ, കാൻസറുകളേപ്പറ്റിയോ അത്ര ബോധവാന്മാരായിരുന്നില്ല കേരളീയർ അതുവരെ. വളരെ ചുരുക്കം പേർക്കേ അന്നൊക്കെ അതുണ്ടായുള്ളു. അത്തരം രോഗങ്ങൾ അതീവ രഹസ്യമായി ചികിത്സിക്കുന്നതായിരുന്നു പതിവും. ഉത്തരവാദത്തമുള്ള ഡോക്ടറന്മാർ അങ്ങനെയാണു ചെയ്തതു. രോഗത്തെപ്പറ്റിയുള്ള പ്രചാരണം അന്നു തീരെക്കുറവായിരുന്നു. ചില പത്രാധിപ കുസൃതികളുടെ ഭാവനയായ ‘ഡോക്ടറോട് ചോദിക്കാം’ പംക്തികൾ ഒഴിവാക്കിയാൽ മെഡിക്കൽ ജേണലിസം അന്നില്ലായിരുന്നു.
സിനിമകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ ഈ കാലത്തു മെഡിക്കൽ ജേണലിസം ചെയ്യുന്ന അപകടം എന്തായിരിക്കും? രോഗങ്ങളെപ്പറ്റിയും അതിനുള്ള ചികിത്സകളേപ്പറ്റിയും നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുകയല്ലെ ആരോഗ്യമാസികകൾ ചെയ്യുന്നതു. നിങ്ങൾ വായിക്കുന്ന ഒരു ആരോഗ്യമാസികയുടേയും പത്രാധിപർ ഡോക്ടറല്ല. അതിലെ ഒരു ലേഖനവും ആരോഗ്യവിദഗ്ദർ പരിശോധിച്ചിട്ടല്ല അച്ചടിക്കുന്നതു. പക്ഷെ നിങ്ങൾ അവയൊക്കെ ആധികാരികമാണെന്നു വിശ്വസിച്ചുകൊണ്ട് വായിക്കുന്നു. വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് എന്തു മാറ്റമാണു ഉണ്ടായതെന്നു ചിന്തിക്കാറുണ്ടോ. അവ ആരോഗ്യമുണ്ടാക്കുകയാണോ രോഗങ്ങൾ പരത്തുകയാണോ ചെയ്യുന്നതു.
നിങ്ങൾ ഇപ്പോൾ ഇൻഫൊർമേഷൻ എക്സ്പ്ലോഷന്റെ ഇരയാണു. മെഡിക്കൽ വ്യവസായത്തിന്റെയും.

No comments: