Saturday, October 25, 2014

ഇതു നിന്റെ ജീവിതമാണോ?

മഹാതപസ്വിയും ജ്ഞാനിയുമായ ഒരാളുടെ മുന്നിൽ അയാൾ ഇരിക്കുകയായിരുന്നു. ശിശുസഹജമായ നിഷ്കളങ്കതയോടെ അദ്ദേഹം ചുറ്റും കൂടിയിരുന്നവരോട് സംസാരിച്ചു. അങ്ങനെ നോക്കി വന്നപ്പോഴാണു അയാളെ കണ്ടതു. മുഖത്തു എഴുതിപ്പറ്റിച്ച അഹങ്കാരം കണ്ടിട്ടാവാം അദ്ദേഹം അയാളോട് ചോദിച്ചു.
-നിന്നെ കണ്ടിട്ടു നല്ല പഠിപ്പുള്ളപോലെ തോന്നുന്നുണ്ടല്ലോ
-ഉവ്വ്. മാസ്റ്റർ ഡിഗ്രിവരെ പോയി. പിന്നെ കുറച്ചു നിയമവും പഠിച്ചു.
-മാസ്റ്റർ ഡിഗ്രിക്ക് എന്തായിരുന്നു വിഷയം?
-ഫിസിക്സ്.
-നല്ല വിഷയം തന്നെ. ഭൌതികകാര്യങ്ങളെ അളവുകൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും തിരിച്ചറിയാനുള്ള പഠനം?
-അതെ.
-ഇപ്പോൾ എന്തു കണ്ടാലും നിനക്ക് മനസിലാകുന്നുണ്ടാകുമല്ലോ?
അയാൾ ഒന്നു പരുങ്ങി.
-അങ്ങനെ പറയാൻ പറ്റില്ല. കുറച്ചൊക്കെ കാര്യങ്ങൾ മനസിലാകും.
-നല്ലതു. എന്താ നിന്റെ തൊഴിൽ?
-ഗുമസ്തനാണു.
-അതിനു സാമാന്യബുദ്ധിയും കണക്കുമറിഞ്ഞാൽ പോരെ? ഇത്രയൊക്കെ ഗഹനമായി പഠിക്കണമായിരുന്നോ? ജീവിതത്തിലെ 15 കൊല്ലം കളഞ്ഞൂ. നിനക്കും നിന്നെ പഠിപ്പിച്ചവർക്കും അതൊരു നഷ്ടമാണല്ലോ.

അയാൾ ആലോചിച്ചു. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. എങ്കിലും വാദിക്കാനുള്ള മോഹം കൊണ്ട് തുടർന്നു.
-ചുറ്റുമുള്ള കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും മറ്റും കഴിയുന്നുണ്ട്.
-നീ അങ്ങനെ വിശകലനം ചെയ്യുന്നതു കൊണ്ട് എന്താ ഗുണം? അവയുടെ അവസ്ഥയ്ക്ക് വല്ല മാറ്റവുമുണ്ടാകുന്നുണ്ടോ?
-ഇല്ല. എന്റെ കാഴ്ചപ്പാടിനൊരു തെളിച്ചമുണ്ട്.
-പുറത്തുള്ള കാഴ്ചകൾ നീ വിശകലനം ചെയ്താലുമില്ലെങ്കിലും അതിന്റെ വഴിക്കു പോകുന്നു അല്ലെ?
-അതേ. പക്ഷെ മെച്ചപ്പെട്ടവ തെരെഞ്ഞെടുക്കാനും ജീവിതം കുറച്ചുകൂടി നന്നാക്കാനും കഴിയുന്നുണ്ട്.
-പക്ഷെ അതു നീയല്ലല്ലോ ചെയ്യുന്നതു. നീ കയറിവന്ന വണ്ടി. അതുണ്ടാക്കിയതു വേറെ ആരോ അല്ലെ? കൊല്ലനും, ആശാരിയുമൊക്കെ അവനവന്റെ ബുദ്ധിക്കു ബോധിച്ചപോലെ പണിഞ്ഞു വച്ച വണ്ടി ആരൊക്കയോ എന്തൊക്കെയോ പറഞ്ഞതു കേട്ടു നീ ഉപയോഗിക്കുന്നു. അല്ലാതെ അതിന്റെ ശാസ്ത്രം വിശകലനം ചെയ്തിട്ടൊന്നുമല്ലല്ലോ.
-അല്ല.
- പണിക്കു വേണ്ട അറിവു സമ്പാദിക്കുന്നതു നല്ല കാര്യം. പക്ഷെ നീ വെറുതെ എന്തൊക്കയോ പഠിച്ചു. ഒരു പ്രയോജനവുമില്ല.
-ശരിയാണു.
-അതിരിക്കട്ടെ നിനക്ക് നിന്നേപ്പറ്റി എന്തറിയാം? എങ്ങനെയാണു നീ വളരുന്നതു. എന്തൊക്കെയാണു നിന്റെ ഉള്ളിൽ നടക്കുന്നതു? വേറൊരാളെപ്പോലെ എന്താ നീ ആകാത്തതു. ഇതൊക്കെയല്ലെ അറിയേണ്ടതു. എങ്കിലല്ലെ നിനക്ക് നിന്നെ മാറ്റാൻ കഴിയു?
-അതൊന്നുമറിയില്ല.
-അപ്പോൾ നീ എങ്ങനയാ ജീവിക്കുന്നതു?
-അതിലൊക്കെ ശാസ്ത്രപഠനം നടന്നിട്ടുണ്ട്.
-നിന്നെക്കാൾ നിന്റെ കാര്യം മറ്റുള്ളാവർക്കാണോ അറിയാവുന്നതു. മറ്റുള്ളവർ പറയുന്നതുകേട്ട് വിശ്വസിക്കുന്നതു അന്ധവിശ്വാസമല്ലെ? ഇത്രയും പഠിപ്പുള്ള നിനക്ക് അന്ധവിശ്വാസമുണ്ടായതു എങ്ങനെയാണു? നിന്നെപ്പറ്റി നീ നന്നായി അറിഞ്ഞാലല്ലെ നിനക്ക് എന്തു മാറ്റം വേണമെന്നു തീരുമാനിക്കാൻ പറ്റു? ഇതിപ്പോൾ മറ്റുള്ളവരുടെ ഭാവനയ്ക്കനുസരിച്ച് ജീവിക്കണം. അതു കഷ്ടമല്ലെ? അതു നിന്റെ ജീവിതമാണോ?

No comments: