Wednesday, October 22, 2014

ചാനൽ ചാർച്ചികർ

ചാനൽ ചർച്ചകൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നതു മുത്തശ്ശിയേയാണു. അമ്മയുടെ അമ്മ.

ഞങ്ങൾ ആദ്യമായി ടിവി വാങ്ങുമ്പോൾ മുത്തശ്ശിക്ക് 70 വയസിനു മുകളിൽ പ്രായം കാണും. സ്മൃതിനാശത്തിന്റെ തുടക്കത്തിലായിരുന്നതു കൊണ്ട് കുട്ടികളെപ്പോലെയാണു മിക്കപ്പോഴും പെരുമാറ്റം. അന്നു ദൂരദർശൻ മാത്രമേയുള്ളു. ഐസക് തോമസ് കൊട്ടുകാപ്പള്ളി നാട്ടിലെത്തിയെങ്കിലും ഏഷ്യനെറ്റിന്റെ പ്രാരംഭചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. ശശികുമാർ ദില്ലിയിൽ നിന്നു ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു.

അന്നു ദൂരദർശനിലെ പരിപാടികൾ മാത്രമേയുള്ളു. മലയാളവും ഹിന്ദിയും. വീടിന്റെ നടുക്കുള്ള വിശാലമായ മുറിയിലാണു ടിവി വച്ചിരിക്കുന്നതു. സെറ്റിയിൽ അമ്മയിരിക്കും. താഴെ നിലത്തും ചുറ്റുമായി അമ്മയുടെ സിൽബന്ദികളും കുട്ടികളും. ഹരി Harisankaran Asokan യും അരുൺ Arun Sasthamcotta യുമൊക്കെ അതിനിടയിലൂടെ ചാടിക്കളിച്ചു നടക്കുന്നുണ്ടാകും. മിക്കവാറും രാമയാണമായിരിക്കും അവരുടെ കലാപരിപാടി. നിക്കറിന്റെ പിന്നിലെ വാലിൽ നിന്നു കാണികൾ അതൂഹിക്കണം.

ഈ സദസിലേക്കാണു മുത്തശ്ശിയുടെ തിരനോട്ടം. പുതിയൊരു മാദ്ധ്യമമെന്ന നിലയിൽ മുത്തശ്ശി ടെലിവിഷനെ തിരിച്ചറിഞ്ഞിട്ടില്ല. എന്തിനു റേഡിയോ പോലും തെല്ല് അമ്പരപ്പോടെയാണു മുത്തശ്ശി കണ്ടിരുന്നതു. ആയമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതു കൊണ്ട് വർത്തമാനപ്പത്രങ്ങളുമായും പരിചയമുണ്ടായിരുന്നില്ല.

ശബ്ദവും ചിത്രവും തെളിയുന്നതു കൊണ്ട് മുത്തശ്ശി ഇടയ്ക്കിടെ ടിവി സ്ക്രീനിലേക്ക് ഉറ്റുനോക്കുമായിരുന്നു. അതിൽ കഥാപാത്രങ്ങൾ വരുന്നതും പോകുന്നതും സംസാരിക്കുന്നതും ഏതെങ്കിലും സ്റ്റുഡിയോയിൽ ചിത്രീകരിച്ച് ആകാശത്തിലൂടെ പറത്തി സ്ക്രീനിൽ പുനരവതരിപ്പിക്കുകയാണെന്നു മുത്തശ്ശിക്കു മനസിലായിട്ടില്ല. അതൊക്കെ ഏതോ ജനൽ കാഴ്ചയാണെന്നാണു വിചാരം. യഥാർത്ഥ മനുഷ്യർ ഒരു ചില്ലുവാതിലിനു പിന്നിൽ വന്നുനിന്നു സംസാരിക്കുന്നു എന്നു അവർ തീർത്തും വിശ്വസിച്ചു. ന്യൂസ് റീഡർ ബാലകൃഷ്ണനെ കാണുമ്പോൾ എന്റെ ചങ്ങാതി വന്നിരിക്കുന്നു എന്നു മുത്തശ്ശി വന്നു പറയാറുണ്ട്. അന്നു എനിക്കു താടിയുണ്ടായിരുന്നു. ബാലകൃഷ്ണനും.  താടിയുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളാണെന്നാണു മുത്തശ്ശിയുടെ വിചാരം. അതുകൊണ്ടാണു ബാലകൃഷ്ണൻ വായന തുടങ്ങുമ്പോൾ മുത്തശ്ശി പറയുന്നു : നിന്നെക്ക്കാണാൻ അയാൾ ഇന്നും വന്നിട്ടുണ്ട്. അതുപോലെ അളകനന്ദയുടെ ഭാവം അത്ര പിടുത്തമായിരുന്നില്ല. റിനി സൈമൺ തലബോബ് ചെയ്തതും മുത്തശ്ശിക്കു ഇഷ്ടപ്പെട്ടില്ല. നല്ല പെൺകുട്ടികൾ ഇങ്ങനെ തല മൊട്ടയടിക്കാമോ, എന്നാണു സംശയം. എന്നാൽ മായ വാർത്തവായിക്കുമ്പോൾ നോക്കി നിൽക്കും. ദില്ലിയിൽ നിന്നും സൽമാ സുൽത്താൻ വരുമ്പോൾ അവർ എന്തോ ദു:ഖമുള്ള കുട്ടിയാണെന്നു മുത്തശ്ശി പറയുമായിരുന്നു. അവരെയൊക്കെ നേരിൽ അറിയാവുന്നപോലെയാണു മുത്തശ്ശിയുടെ പ്രതികരണം.

മലയാളം ദൂരദർശനിൽ അക്കാലത്തു നെടുമുടിവേണുവാണു നിറഞ്ഞുനിന്ന ഒരു താരം. നെടിമുടിയുടെ നാടൻ വേഷങ്ങളെ തനിക്കു പരിചയമുള്ള അതേ വ്യക്തികളായിട്ടാണു മുത്തശ്ശി കണ്ടിരുന്നതു. ഏതോ സ്കിറ്റിൽ ഷാപ്പിൽ കയറുന്ന നെടുമുടിയെ കണ്ടിട്ട് ‘ഇവൻ കള്ളുകുടിയും തുടങ്ങിയോ? കുടുംബം മുടിയാൻ ഇനിയൊന്നും വേണ്ട’ എന്നു പറഞ്ഞ് പരിഭവിച്ചുകൊണ്ട് മുത്തശ്ശി നടന്നു. പിന്നെ എപ്പോഴൊക്കെ നെടുമുടിയോ കാണുന്നുവോ അപ്പോഴെല്ലാം ‘കുടിക്കല്ലെ, മക്കളെ’ എന്നു പറയുമായിരുന്നു.

കവിയരങ്ങോ ചൊൽക്കാഴ്ചയോ നടക്കുമ്പോഴാണു രസം. അപ്പോഴാണു മുത്തശ്ശിയുടെ ക്ലാസിക്കൽ കമന്റുകൾ കേട്ടിട്ടുള്ളതു. അന്നു അത്യന്താധുനിക വർഗ്ഗത്തിൽ പെട്ട കവികളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതു. ആധുനികമെന്നൊക്കെ പറയുമെങ്കിലും കാഴ്ചയിൽ മിക്കവരും പ്രാകൃതരാണു. മുടിയും വളർത്തി, താടിയും നീട്ടി തോൾ സഞ്ചിയുമായി വരുന്ന അവരേക്കാണുന്നതേ മുത്തശ്ശി ഒരു ഗ്ലാസു വെള്ളവുമായി വരും. ‘അലഞ്ഞുതിരിഞ്ഞു വന്നതല്ല്ലെ, ദാഹം കാണും’ എന്നു പറഞ്ഞ് ഗ്ലാസ്സ് സ്ക്രീനു മുന്നിൽ വക്കും. പിന്നെയും അവർ കവിത ചൊല്ലിക്കൊണ്ടിരിക്കുന്നതു കണ്ട് മുത്തശ്ശി പറയും ‘കാക്കാലനാണേലെന്താ (കാക്കാരിശ്ശി നാടകത്തിലെ) പാട്ടു കഴിഞ്ഞെ വെള്ളം കുടിക്കു. ഭാഗിയേ ഇവർക്ക് ഊണു കൊടുത്തേ വിടാവൂ’. അതു കേൾക്കുന്നതോടെ അമ്മയ്ക്ക് കലിയാകും. ‘അമ്മ തന്നങ്ങ് കൊടുത്താമതി’. അതു കേൾക്കാത്ത താമസം മുത്തശ്ശി നീട്ടിവിളിക്കും : ‘ചെല്ലമ്മെ, പായെടുത്തിട്ടേ. പാട്ടു കഴിയുമ്പോ ചോറു കൊടുക്കണം’. പിന്നത്തെ അരങ്ങ് പറയണ്ടല്ലോ.

വെള്ളം, നാണയങ്ങൾ, മുണ്ട്, പാക്ക് തുടങ്ങി വരുന്നവർക്ക് കൊടുക്കേണ്ടതൊക്കെ മുത്തശ്ശി ടെലിവിഷന്റെ മുന്നിൽ എടുത്തുവയ്ക്കും. അതുവഴി വരുന്ന പാവങ്ങൾക്ക് കൊടുക്കാൻ. കൊടുക്കാതെ അതവിടെ പിന്നെയും ഇരിക്കുന്നതു കണ്ടാൽ അമ്മയ്ക്കു നേരെ തിരിയും : ‘നിന്റെ ഭർത്താവ് ഡാക്കിട്ടരായതു കൊണ്ട് നിന്റെ കയ്യിൽ ഒരുപാട് കാശുകാണും. എന്നാലും ദാ‍ഹിച്ചു വരുന്നവർക്ക് പച്ചവെള്ളം കൊടുക്കരുതു. എനിക്കറിയാവടി. ഉള്ളതു പാവങ്ങൾക്കൂടി കൊടുക്കണം. അല്ലാതെ കെട്ടിലമ്മയെപ്പോലെ ചമഞ്ഞിരുന്നാൽ പോര. ഇവത്തുങ്ങൾക്ക് നാടു നീളെ അലഞ്ഞു നടന്നാലെ നാലു വറ്റ് കിട്ടു. ഉള്ളവരു അതറിഞ്ഞു കൊടുക്കണം. ഇല്ലെങ്കിൽ ചത്തു ചെല്ലുമ്പോ ദൈവം ചോദിക്കും’.

ചാനൽ ചർച്ചയ്ക്ക് വരുന്നവരെ കാണുമ്പോൾ മുത്തശ്ശി പറഞ്ഞതാണു എനിക്കു ഓർമ്മ വരുന്നതു. പാവങ്ങൾ. അരിമേടിക്കാൻ എന്തൊക്കെ കോപ്രായമാ കാട്ടിക്കൂട്ടുന്നതു. ആശയത്തിലോ അവതരണത്തിലോ ഒരു കഴമ്പുമില്ലാതെ അവരിങ്ങനെ കിടന്നു പാട്ടുപാടുമ്പോൾ ശരിക്കും സങ്കടം വരാറുണ്ട്. ഇവത്തുങ്ങൾക്ക് ഇതിന്റെ വല്ല ആവിശോം ഉണ്ടോ? മുത്തശ്ശിയേപ്പോലെ ദാന ശീലയാകാൻ കഴിഞ്ഞിരുന്നെങ്കിൽ കുറച്ച് അരിയും പലചരക്കും വാങ്ങിക്കൊണ്ടക്കൊടുക്കാമായിരുന്നു. ഇവരേക്കൊണ്ടിങ്ങനെ ചാനലിൽ പണിയെടുപ്പിക്കുന്നതു കണുമ്പോൾ കഷ്ടം തോന്നുന്നു.

No comments: