കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു നല്കാനാകാത്തവർ അമ്മമാരാകണ്ടെന്നു
മമ്മൂട്ടി. സൌജന്യ കാൻസർ ചികിത്സയ്ക്കുള്ള ‘സുകൃതം’ പദ്ധതി ഉത്ഘാടനം
ചെയ്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജീവിത ശൈലികൊണ്ടുണ്ടാകുന്ന ഒരു
പ്രധാനരോഗമാണു കാൻസർ. ടിൻ / ഫാസ്റ്റ് ഫുഡുകൾ അതിനു ഇടയാക്കുന്നു.
അതൊഴിവാക്കാനാണു അഭ്യർത്ഥന.
സൂക്ഷ്മമായി ചിന്തിച്ചാൽ ഇതു
സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമായി കണ്ടുകൂടെ.
പുരുഷമേധിവിത്വപരമായ, പാരമ്പര്യ കുടുംബസംവിധാനത്തിലാണു കുട്ടിക്കു ഭക്ഷണം
കൊടുക്കണ്ട ചുമതല അമ്മയ്ക്കുള്ളതു. കാലം മാറി. സ്വന്തമായി തൊഴിലെടുത്തു
വ്യക്തിത്വത്തോടെ ജീവിക്കുന്നവരാണു ഇന്നു സ്ത്രീകൾ. കുട്ടികളുടെ ഭക്ഷണം
കൂട്ടുത്തരവാദിത്തോടെ ചെയ്യണം. അതിനു കഴിയാത്ത പുരുഷന്മാർ കല്യാണം
കഴിക്കരുതെന്നല്ലേ പറയേണ്ടിയിരുന്നതു? പകരം പാപ്പം കൊടുക്കാൻ വയ്യാത്ത
സ്ത്രീകൾ പ്രസവിക്കണ്ട എന്നു പറയുന്നതു ശരിയാണോ?
കടയിൽ നിന്നും
പാപ്പം വാങ്ങിക്കൊടുക്കുന്നതിലും അപകടകരമായ ഒരു കാര്യം പ്രസവസമയത്തു
നടക്കുന്നതു മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു.
പ്രസവം കഴിയുമ്പോൾ ഡോക്ടറന്മാർ നവജാത ശിശുക്കളുടെ ഭക്ഷണകാര്യത്തിൽ
നടത്തുന്ന ഒരു ശൈലീകരണമുണ്ട്. കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാമെന്നൊക്കെ
പറയും. പക്ഷെ സിസേറിയന്റെയോ അതുപോലുള്ള മാനേജുമെന്റിന്റേയോ ഭാഗമായി മിക്ക
അമ്മമാർക്കും പാൽ ചുരത്താൻ കഴിയാറില്ല. അപ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന
ടിൻഫുഡുണ്ട്. മിക്ക കുഞ്ഞുങ്ങളും നാവിലാദ്യം നുണയുന്നതു അതാണു. തുടർന്നും
അതു തന്നെ കൊടുക്കുന്നതാണു ആരോഗ്യപ്രദം എന്നും അവർ നിർദ്ദേശിക്കും. 0-3
വയസ്സുവരെ സ്റ്റാൻഡാർഡൈസു ചെയ്ത കമ്പനി ഭക്ഷണം മാർക്കറ്റിൽ ലഭ്യമാണു. അതു
കഴിഞ്ഞാൽ ഹെൽത്തുഫുഡുകൾ. ഈ കൃത്രിമഭക്ഷണങ്ങളിൽ എല്ലാ പോഷകമൂല്യങ്ങളും
അടങ്ങിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു അതു തന്നെ കൊടുക്കാൻ
പ്രേരിപ്പിക്കുന്നതു. ടിൻഫുഡ് കൊടുക്കുന്നതു സൌകര്യപ്രദമായതു കൊണ്ട്
അമ്മമാർ അതിൽ വീഴും. അവർക്ക് കുഞ്ഞല്ലാതെ വേറെ പണിയുണ്ടല്ലോ. അതിനിടയിൽ
നാടൻ ഭക്ഷണങ്ങൾ തയ്യാറാക്കാൻ പോകുന്നതു എന്തൊരു ബോറാണു. മിക്കവർക്കും
അതൊന്നും ഉണ്ടാക്കാനുമറിയില്ല. അതുകൊണ്ട് സൊല്ലയില്ലാത്ത പാക്കഡ്
ഫുഡിലേക്കു മാറും. അഡിക്റ്റീവായുള്ള എന്തെങ്കിലും അതിൽ
ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണോ എന്നറിയില്ല കുഞ്ഞുങ്ങൾക്കും അതാണു പ്രിയം.
തുടക്കത്തിൽ തന്നെ ശൈലീകരിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പിന്നീടും സമാന ഭക്ഷണം
ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ പറ്റുമോ? അതു വാങ്ങിക്കൊടുക്കുന്ന
അമ്മമാരെ കുറ്റം പറയാമോ? മമ്മൂട്ടി പറഞ്ഞെന്നു വച്ച് അവരങ്ങ് മാറിപ്പോകുമോ?
കുട്ടികളുടെ
അവകാശങ്ങൾക്ക് രണ്ട് നോബൽ സമ്മാനം ലഭിച്ച ഈ സമയത്തു മമ്മൂട്ടി ചെയ്യേണ്ടതു
നവജാതശിശുക്കളുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണു. അവർക്ക്
മുലപ്പാലും സ്വാഭാവിക ഭക്ഷണവും ഉറപ്പാക്കാൻ പ്രചരണം നടത്തണം. അതിനു അദ്ദേഹം
ചെയർമാനായിരിക്കുന്ന ചാനലിൽ ദിവസേന ഒരു സ്ലോട്ടിടാൻ തയ്യാറാകുമോ?
പൊതുജനഹിതാർത്ഥായം എന്നു പറഞ്ഞുകൊണ്ട്?
വേറൊന്നുള്ളതു മെഡിക്കൽ
വ്യവസായത്തിൽ നവജാത ശിശുക്കൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരേ ശക്തമായ ഒരു
ഡോക്ടർ കഥാപാത്രത്തെ സിനിമയിലൂടെ അവതരിപ്പിക്കണം. ആശുപത്രിവ്യവസായത്തെ
പൊളിച്ചു കാട്ടുന്ന, ഗൈനക്കുകളുടേയും, പീഡിയാട്രീഷന്മാരുടേയും ഒത്തുകളി
തുറന്നു പറയുന്ന ഒരു ശക്തനായ മമ്മൂട്ടി ഡോക്ടർ. തയ്യാറുണ്ടോ? കഥ വേണമെങ്കിൽ
പറഞ്ഞു തരാം. കഴിവുള്ളവരെക്കൊണ്ട് തിരക്കഥയെഴുതിച്ചു സംവിധാനം ചെയ്താൽ
മതി. മമ്മൂക്കാ തയ്യാറായാൽ നിർമ്മാതാക്കൾ, പന്തളത്തു നെല്ലുണ്ടെന്നറിഞ്ഞാൽ
പത്തനാപുരത്തു നിന്നും എലി വരുമെന്നു പറയുന്നപോലെ വരും.
ഈ ഡോക്ടർ ചലഞ്ച് ഏറ്റെടുക്കാൻ മമ്മൂക്കാ തയ്യാറുണ്ടോ?
No comments:
Post a Comment