പർവ്വതങ്ങളുടെ നിഗൂഢസ്ഥാനങ്ങളിൽ ഇരട്ടവാലുകളുള്ള ഭീകരപൂച്ചകൾ പാർക്കുന്നുണ്ടെന്നു പറയുന്നു.... പിശാചുകൾ രൂപാന്തരം പ്രാപിച്ചാണു അവയുണ്ടാകുന്നതെന്നാണു കേട്ടിട്ടുള്ളതു. ഏതോ കുസൃതികൾ പ്രചരിപ്പിച്ച ഒരു കഥയാണു. ഒരുപാടുപേർ അതു വിശ്വസിച്ചു. യോഗാൻ ആശ്രമത്തിലെ ഒരു ഭിക്ഷുവും അതു ശരിയാണെന്നു വിചാരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഒരിക്കലുണ്ടായിരുന്നു. അവ മനുഷ്യരെപ്പിടിച്ചു തിന്നുമെന്നു ഓർത്തു അദ്ദേഹം ഭയപ്പെട്ടു. അത്തരം പൂച്ചകളെപ്പേടിച്ചു രാത്രികാലങ്ങളിൾ അദ്ദേഹം യാത്രകൾ ചെയ്തില്ല. അങ്ങനെ ഒരുപാട് നിലാവും, സുഗന്ധപൂർണ്ണമായ കാറ്റും അദ്ദേഹത്തിനു നഷ്ടമായി. കെട്ടുകഥയിലുള്ള വിശ്വാസം കൊണ്ട് തത്ത്വജ്ഞാനമൊക്കെ മറന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം ഒരു യാത്രകഴിഞ്ഞ് രാത്രിയിൽ അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു. ഒരു നദി കടന്നുവേണം ആശ്രമത്തിലെത്താൻ. ഇരട്ടവാലൻ പൂച്ചയെക്കുറിച്ച് ആലോചിച്ചു കൊണ്ട് അദ്ദേഹം നദിക്കരയിലെത്തി. വീട്ടിൽ വളരുന്ന പൂച്ചകളും ചിലപ്പോൾ പ്രായംകൂടുമ്പോൾ ഇങ്ങനെ രണ്ടുവാലൻ സത്വമായി മാറുമെന്നു ആരോ കഥയിൽ കൂട്ടിച്ചേർത്തതു അദ്ദേഹമപ്പോൾ ഓർത്തു. ഭിക്ഷുവിനു ഭയമിരട്ടിയായി. അപ്പോഴാണു ദൂരത്തു ആ കാഴ്ച കണ്ടതു. ഒരു സത്വം നദി നീന്തിക്കടന്നു വരുന്നു. അതു ഇരട്ടവാലൻ പൂച്ചയാണെന്നു ഭിക്ഷു ഉറപ്പിച്ചു. കരയ്ക്കുകയറി അതു ഭിക്ഷുവിന്റെ നേർക്ക് ചാടി. നിലവിളിച്ചുകൊണ്ട് ഭിക്ഷു ബോധരഹിതനായി വീണു.
ഓടിയെത്തിയ നാട്ടുകാർ കണ്ടതു ബോധംകെട്ടുകിടക്കുന്ന ഭിക്ഷുവിന്റെ അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ വളർത്തു നായയേയാണു. അതു ആകെ നനഞ്ഞിരുന്നു. അക്കരെ നിന്നു യജമാനനെക്കണ്ട് സന്തോഷം കൊണ്ടതു നദിനീന്തി വന്നതായിരുന്നു. ഇരട്ടവാലുള്ള പൂച്ചയുടെ കഥ അതിനറിയില്ലാത്തതുകൊണ്ട് തന്നെക്കണ്ട് യജമാനൻ ഭയപ്പെടുമെന്നു അതു വിചാരിച്ചില്ല. ആളുകൾ വെള്ളം തളിച്ച് സന്യാസിയെ ഉണർത്തി അടുത്തിരുന്ന നായയെ കാണിച്ചുകൊടുത്തപ്പോഴാണു ഭിക്ഷുവിനു കാര്യം ബോദ്ധ്യമായതു. ഇതുവരെ താൻ തേടിയ ഇരട്ടവാലൻ പൂച്ച ആരോ പറഞ്ഞതുകേട്ട് തന്റെ മനസ് സങ്കല്പിച്ച ഇല്ലാത്ത ഒരു ജന്തുവാണെന്നു ഓർത്തപ്പോൾ അദ്ദേഹം ലജ്ജിച്ചു. ആരെങ്കിലും പറയുന്നതു കേട്ട് അനുഭവത്തെ മറന്നു വിശ്വസിച്ചാൽ നമുക്കു നഷ്ടപ്പെടുന്നതു യഥാർത്ഥ ജിവിതമാണു. ഈ ആയുസ്സിൽ അങ്ങനെ നഷ്ടപ്പെട്ടവ എത്രയുണ്ടാകുമെന്നു ആലോചിച്ചാൽ തന്നെ ഇനിയുള്ളതെങ്കിലും അനുഭവിക്കാം.
ചുറ്റും പരക്കുന്ന ഓരോരോ കഥകൾ കേൾക്കുമ്പോഴും മനസിനോട് ‘ഫൂളാക്കല്ലെ’ എന്നു പറഞ്ഞാൽ യോഗാനിലെ സന്യാസിയേപ്പോലെ ലജ്ജിതനാവേണ്ടി വരില്ല. പ്രകൃതിയുടെ നെറ്റിൽ നമ്മുടെ ജീവിതമുണ്ട്. അതു സെർച്ച് ചെയ്യുക.
No comments:
Post a Comment