ജീവൻ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം നീക്കിയതു ഇന്ത്യയെ തകർക്കും. - - ഡോ.ബി.ഇക്ബാൽ. ലേഖനം മാതൃഭൂമി വാരികയിൽ.
ആദ്യമേ തന്നെ പറയട്ടെ, ജീവൻരക്ഷാ മരുന്നുകൾ എന്നൊരു മരുന്നില്ല. എല്ലാ
മരുന്നുകളും ജീവൻ രക്ഷിക്കാനുള്ളതാണു. ഇങ്ങനെയൊരു വേർതിരിവു വന്നതു
കച്ചവടപരമായ ഒരു തന്ത്രത്തിന്റെ ഭാഗമാണു. കുറച്ചു മരുന്നുകൾ ആ
പേരിലുണ്ടാക്കുകയും, അതിന്റെ മറവിൽ മറ്റ് മരുന്നുകളിൽ നിന്നും വൻപിച്ച
ലാഭമുണ്ടാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണതു.
രണ്ടാമതു മരുന്നുവില
കൂടിയാൽ അതു ഇന്ത്യയെ തകർക്കുമെന്നു പറയുന്നു. അതെങ്ങനെ ഇന്ത്യയെ തകർക്കും?
ജനസംഖ്യയുടെ 15% ൽ താഴെ വരുന്നവർ മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു
ചികിത്സാരീതിയാണു ആധുനിക വൈദ്യം. വില വർദ്ധിച്ചാൽ അതു അവരേയല്ലെ ബാധിക്കു.
അതെങ്ങനെ മൊത്തത്തിൽ ഇന്ത്യയെ ബാധിക്കും? ഇന്ത്യയിലെ ഭൂരിപക്ഷവും
ഉപയോഗപ്പെടുത്തുന്നതു പ്രാദേശിക ചികിത്സാരീതികളാണു. ഒരു പക്ഷെ കേരളം
മാത്രമാകും ഇതിനൊരപവാദം. കേരളമല്ലല്ലോ ഇന്ത്യ. ഭാരതത്തിലെ ഭൂരിപക്ഷം
സാധാരണക്കാർക്കും മോഡേൺ മെഡിസിൻ അപ്രാപ്യമാണു. ആധുനിക ചികിത്സ വലിയ
പണച്ഛെലവുള്ളതാണു. അതിനുള്ള സാമ്പത്തിക സ്ഥിതി ഇന്ത്യൻ ഗ്രാമീണനില്ല.
ആധുനിക ഡോക്ടറന്മാർ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പോകാൻ വിമുഖരാണു. നഗരങ്ങളിലും
മഹാനഗരങ്ങളിലും വലിയ ആശുപത്രികളിലും മാത്രമേ അവർ ജോലി ചെയ്യു. അവിടെയെ
അവർക്ക് വേണ്ടത്ര പണം കിട്ടു. പണമില്ലാത്ത ഗ്രാമീണനെ മോഡേൺ മെഡിസിനു വേണ്ട.
പതിനായിരക്കണക്കിനു ഗ്രാമങ്ങളിൽ ഇന്നും പബ്ലിക്ക് ഹെൽത് സെന്ററുകൾ ഇല്ല.
ഉള്ളവയിൽത്തന്നെ പലതിലും ഡോക്ടറന്മാരുമില്ല. അപ്പോൾ ഗ്രാമീണന്റെ രോഗങ്ങൾ
ആരു ചികിത്സിക്കും? അവർക്ക് നാട്ടുചികിത്സകരെ സമീപിച്ചല്ലെ പറ്റൂ. അപ്പോൾ ഈ
മരുന്നുവിലയിലെ വർദ്ധന ആരേയാണു ബാധിക്കുന്നതു? ഇന്ത്യൻ ഇടത്തരക്കാരനെ
മാത്രം? ഇതു ഇടത്തരക്കാരന്റെ ആശങ്കയാണു. ഇന്ത്യയുടെ മൊത്തം ആശങ്കയല്ല.
എന്നിട്ടും അതു ഇന്ത്യയുടെ ആശങ്കയാണെന്നു പ്രചരിപ്പിക്കുന്നതു
ദുരുദ്ദേശപരമായിട്ടാണു. മരുന്നിന്റേയും ചികിത്സയുടേയും ചെലവുകൂടി
ഇടത്തരക്കാരനും തങ്ങളെ വിട്ടുപോയാലോ എന്ന മോഡേൺ ഡോക്ടറന്മാരുടെ ഭയം
മാത്രമാണിതിനു പിന്നിൽ.
ഇന്ത്യൻ സാമൂഹികാവസ്ഥയുമായി ഒരു
പൊരുത്തവുമില്ലാത്തതാണു ആധുനികവൈദ്യം. പടിഞ്ഞാറു നിന്നു വന്നതുകൊണ്ട്
ഇന്ത്യയിൽ അതൊരു എലീറ്റ് വൈദ്യമായി. ഇക്ബാൽ സാറുൾപ്പെടെയുള്ളവർ പഠിച്ചതു
പാശ്ചാത്യ മാതൃകയിലുള്ള ആ വൈദ്യമാണു. അതിന്റെ അടിസ്ഥാനം തന്നെ കച്ചവടമാണു.
ഇംഗ്ലണ്ടിലെ കെമിക്കൽ കമ്പനികൾക്ക് വിപണി ഉണ്ടാക്കുന്നതിന്റെ ഭാഗമായാണു
ഇന്ത്യയിൽ അതു പ്രചരിക്കുന്നതു. ജോർജ്ജു സാവേയുടെ പുസ്തകം വായിച്ചാൽ അതു
മനസിലാകും.
മനുഷ്യനെ യന്ത്രമായിക്കാണുകയും അതിനു അറ്റകുറ്റപ്പണികൾ
നടത്തുകയും ചെയ്യുന്ന ഒരു തത്ത്വശാസ്ത്രമാണു മോഡേൺ മെഡിസിന്റെ അടിസ്ഥാനം.
അതിനുള്ള വർക്കുഷോപ്പുകളാണു ആശുപത്രികൾ. കേടുകണ്ടുപിടിക്കാനുള്ള
സംവിധാനമാണു ടെസ്റ്റുകൾ. റിപ്പയറിനു നടത്താൻ മരുന്നും സർജറിയും. ഇതിലൊന്നും
മനുഷ്യന്റെ ആരോഗ്യം കടന്നുവരുന്നതേയില്ല. ഇവിടെയെല്ലാം ഉള്ളതു ബിസിനസ്സ്
മാത്രമാണു. കച്ചവടക്കാർ എപ്പോഴും മാർക്കറ്റിനെ ശ്രദ്ധിക്കും.
ലാഭമുണ്ടാക്കേണ്ടതു വ്യവസായിയുടെ ധർമ്മമാണു. അവിടെ മെക്കാനിക്കുകളായ
ഡോക്ടറന്മാർക്ക് ഒരു റോളുമില്ല.
മരുന്നു കമ്പനികളുടെ കച്ചവട
താല്പര്യങ്ങൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യയിലെ ഒരു ഡോക്ടർക്കും
അവകാശമില്ല. ആയുർവ്വേദത്തിലായാലും, യൂനാനിയിലായാലും, ഹോമിയോയിലായാലും
വൈദ്യനു സ്വയം മരുന്നു നിർമ്മിക്കാൻ കഴിയും. അങ്ങനെ ചെയ്യാറുമുണ്ട്. മോഡേൺ
മെഡിസിനിൽ പണ്ട് അതു ചെയ്യുമായിരുന്നു. ഇപ്പോഴതില്ല. കമ്പനി മരുന്നുകൾ
ഇല്ലെങ്കിൽ ചികിത്സയില്ല. മരുന്നിൽ ഡോക്ടർക്ക് ഒരു നിയന്ത്രണവുമില്ല.
ഇന്ത്യയിൽ പൊതുജനാരോഗ്യത്തിനു ഒരു വകുപ്പുണ്ട്. പക്ഷെ മരുന്നു നിർമ്മാണം ആ
വകുപ്പിന്റെ കീഴിലല്ല. പെട്രോളിയം - രാസവസ്തുവകുപ്പും വ്യവസായ വകുപ്പും
ചേർന്നാണു മരുന്നു കമ്പനികൾ നിയന്ത്രിക്കുന്നതു. ഇതിൽ നിന്നും വ്യക്തമല്ലെ
മരുന്നുകൾ വെറും വ്യാവസായിക ഉൽപ്പന്നങ്ങൾ മാത്രമാണെന്നു. അപ്പോൾ അവയുടെ
നയങ്ങളും വ്യാവസായിക വകുപ്പിന്റേതായിരിക്കും. വ്യവസായവകുപ്പിന്റെ ദൃഷ്ടിയിൽ
നിന്നു നോക്കുമ്പോൾ സർക്കാരിന്റെ തീരുമാനം 100% ശരിയാണു. അല്ലെങ്കിൽ
മരുന്നു നിർമ്മാണവും, പരിശോധനാ യന്ത്രങ്ങളും, ടെസ്റ്റ് കിറ്റുകളും
ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരട്ടെ. എന്നിട്ട് ഉന്നത ഡോക്ടറന്മാർ
അതിൽ നയപരമായ തീരുമാനമെടുക്കട്ടെ. സ്വാതന്ത്ര്യം കിട്ടി 65 കൊല്ലമായിട്ടും
നടക്കാത്ത ഒരു കാര്യമാണതു. എന്തു കൊണ്ടായിരിക്കും? ഡോക്ടറന്മാർക്ക് അതിൽ
താല്പര്യമില്ല. മരുന്നു നിർമ്മാണം ആരോഗ്യവകുപ്പിന്റെ കീഴിലായാൽ ഇതുപോലെ
ലാഭം ഉണ്ടാക്കാൻ കഴിയില്ല. ലാഭം ഉണ്ടായില്ലെങ്കിൽ മരുന്നു കമ്പനികൾ
ഡോക്ടറന്മാർക്ക് കൊടുക്കുന്ന പാരിതോഷികം ഔലോസുണ്ടയോ, ബാൾ പെന്നോ
ആയിപ്പോകും. ഇന്നത്തെപ്പോലെ കാറോ, ഫ്രിഡ്ജോ, സിംഗപ്പൂർ യാത്രയോ, മക്കൾക്ക്
മെഡിക്കൽ കോളേജിൽ സീറ്റോ കൊടുക്കുകയില്ല. അതൊക്കെ കിട്ടണമെങ്കിൽ മരുന്നു
നിർമ്മാണം വ്യവസായ വകുപ്പിന്റെ കീഴിലും നയത്തിലും തുടരണം.
അതു
കൊണ്ട് ഡോ.ഇക്ബാലിനേപ്പോലുള്ള മനുഷ്യസ്നേഹികളായ ഡോക്ടറന്മാർ ഇങ്ങനെ
പ്രതിഷേധിക്കുന്നതിനു പകരം അവശ്യമരുന്നുകളുമായി ഗ്രാമങ്ങളിൽ ചെന്നു ചെറിയ
ചെറിയ ക്ലിനിക്കുകൾ നടത്തി മരുന്നു കമ്പനികളുടെ പിടിയിൽ നിന്നും ജനതയെ
മോചിപ്പിക്കണം. പഴയ RMP, LMP ക്കാരെപ്പോലെ ജനത്തോട് ഇടകലർന്നു
ആരോഗ്യപ്രവർത്തനം നടത്താൻ പുതുതലമുറ ഡോക്ടറന്മാരെ പ്രേരിപ്പിക്കണം.
No comments:
Post a Comment