Monday, March 11, 2013

സൈബർ മറവുകൾ

രണ്ടുമൂന്നു കൊല്ലം മുൻപ്, ഒരമ്മ മകനേയും കൊണ്ട് ഗുരുനാഥനെക്കാണാൻ വന്നു. മകനു ഒരു 12 വയസ്സ് കാണും. അവന്റെ മുഖം വാടിയിരുന്നു. അമ്മയ്ക്കാണെങ്കിൽ നല്ല ടെൻഷനുണ്ട്. ഉയർന്ന ഇടത്തരം കുടുംബത്തിൽനിന്നുള്ളവരാണു.

പ്രശ്നവിചാരം തുടങ്ങി : അമ്മയാണു ആരംഭിച്ചത്.

കുട്ടി വല്ലാതെ ഉപദ്രവിക്കുന്നു. അടിയും ഇടിയുമൊക്കെ ഉണ്ട്. പ്രശ്നമതല്ല. സ്ത്രീകളോടുള്ള പെരുമാറ്റം വളരെ മോശമാണു. അമ്മയുടെ സ്നേഹിതമാരൊക്കെ വന്നാൽ അവരുടെ പാടില്ലാത്ത ഭാഗത്തൊക്കെ കയറിപ്പിടിക്കും. മിക്കവരും അതു വാത്സല്യത്തോടെ മറികടക്കാൻ ശ്രമിക്കുമായിരുന്നു. അയ്യേ, അങ്ങനെയൊക്കെ ചെയ്യാമോ എന്നൊക്കെ പറഞ്ഞ്. അപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറയും. ആന്റി ഇതാണിപ്പോൾ ലൈഫ്!

അല്പം സാമർത്ഥ്യമുള്ള കുട്ടികളെ ടിവിയിലൊക്കെ കണ്ട അമ്മമാർക്കു ഇത് അവന്റെ ഒരു കുസൃതിയായേ തോന്നിയുള്ളു. കാര്യങ്ങൾ വഷളായത് നാലഞ്ച് മാസം മുൻപാണെന്നു അമ്മ പറഞ്ഞു. ചെക്കൻ അമ്മയുടെ കൈരണ്ടും ചൂരിദാറിന്റെ ഷാൾ കൊണ്ട് കട്ടിലിന്റെ ക്രാസിയിൽ കെട്ടി മുറുക്കി. ചിരിച്ചു കൊണ്ട് കിടന്ന അമ്മയുടെ നേർക്ക് അവൻ ആഭാസകരമായി മുന്നേറി. കയ്യിൽ ഒരു കത്തിയുണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ടോപ്പ് കീറിമുറിച്ചു. അപ്പോഴും അമ്മയ്ക്ക് ദേഷ്യം വന്നതല്ലാതെ കാര്യത്തിന്റെ പോക്ക് പിടികിട്ടിയില്ല. പുതിയ ചൂരിദാർ പോയതിന്റെ ദേഷ്യത്തിൽ അവർ മകനെ ശാസിച്ചു. അപ്പോൾ അവൻ അതുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ അട്ടഹസിച്ചു കൊണ്ട് അമ്മയുടെ ദേഹത്ത് കത്തികൊണ്ട് പോറാൻ തുടങ്ങി. പലതിൽ നിന്നും ചോര പൊടിഞ്ഞു. അവൻ അടുത്ത ചുവട് വച്ചപ്പോൾ സ്ത്രീസഹജമായ സുരക്ഷാബോധം അവരിലുണർന്നു. ചെക്കൻ ഉടുപ്പെല്ലാം ഊരിക്കളഞ്ഞ് നിൽക്കുന്നു. പിന്നെയൊന്നും അവർ ആലോചിച്ചില്ല, സ്വതന്ത്രമായ കാൽ കൊണ്ട് ആഞ്ഞൊരു വീശു വീശി. ചെക്കൻ തെറിച്ചുപോയി. ആഞ്ഞു വലിച്ച് അവർ കെട്ടുകൾ പൊട്ടിച്ചു. കയ്യിൽക്കിട്ടിയ ആദ്യത്തെ ആയുധമെടുത്ത് അമ്മ മകനെ പൊതിരെ തല്ലി. പിന്നെ കുറേനേരം ഇരുന്നു കരഞ്ഞു.

ഒരൊറ്റ വാക്കുപോലും മകൻ നിഷേധിച്ചില്ല. കാര്യം എന്തോ കുഴപ്പമുള്ളതാണെന്നു അവനും സമ്മതമായിരുന്നു. ഈ ആശയം എവിടുന്നു കിട്ടി എന്നു ചോദിച്ചിട്ട് അവൻ അതു കേട്ടതായി ഭാവിച്ചില്ല. കമ്പ്യൂട്ടറിനുമുന്നിൽ അവൻ ഒരുപാട് സമയം ചെലവഴിക്കുന്നതായി ഇതിനിടയിൽ മനസിലായി. ഗുരുനാഥനു കാര്യം പിടികിട്ടി. വിവരസാങ്കേതിക വിദ്യയുടെ നിലനില്പ് തന്നെ പോർണോ സൈറ്റുകളിലാണു. 35മില്യൺ ഡോളറിന്റെ കച്ചവടമാണു അതിൽ ദിനം പ്രതി നടക്കുന്നതത്രെ. കുട്ടി ഏതോ സൈറ്റിനു അടിമയായിരിക്കുന്നു.

അമ്മയ്ക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെയുള്ള സൈറ്റുകളിൽ പോകാതിരിക്കാനുള്ള സുരക്ഷ കമ്പ്യൂട്ടറിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നു അമ്മ വാദിച്ചു. സഹജമായ വീർപ്പിൽ അവൻ പറഞ്ഞു ‘അതൊക്കെ എന്നേ ഞാൻ പൊട്ടിച്ചു കളഞ്ഞു.‘ അമ്മ ഞെട്ടി. കിന്റ്ർഗാർട്ടൻ മുതൽ പേഴ്സണൽ കമ്പ്യൂട്ടറുമായി പരിചയിച്ച മകനോടാണു അമ്മയുടെ കളി. വളരെ മൃഗീയമായ ഒരു സൈറ്റിനായിരുന്നു അവൻ അടിമയായിരുന്നത്. അതിൽ കാണുന്നപോലെയൊക്കെ പ്രവർത്തിച്ചാൽ കൊള്ളാമെന്നു അവനുണ്ട്. പക്ഷെ അവൻ എത്ര ആലോചിച്ചിട്ടും പറ്റിയ ഒരു സന്ദർഭം കണ്ടെത്താ‍നായില്ല. അതിന്റെ നിരാശ്ശയായിരുന്നു അവനെ പൊതിഞ്ഞിരുന്നത്.

അല്പസമയത്തിനുള്ളിൽ അവൻ തുറന്നു സംസാരിക്കാൻ തുടങ്ങി. അവൻ സന്ദർശിച്ചു കൊണ്ടിരുന്ന സൈറ്റിനെക്കുറിച്ച് അവനു ലജ്ജയൊന്നുമുണ്ടായിരുന്നില്ല. ഏതോ പാശ്ചാത്യനാട്ടിൽ നിർമ്മിച്ച് കടത്തിവിടുന്ന സൈറ്റാണത്. അതുമായി പരിചയിക്കുന്നതല്ലെ നല്ലെതെന്നായിരുന്നു അവന്റെ ചോദ്യം. ഏറ്റവും പെട്ടെന്നു കാനഡയിലേക്കോ സ്റ്റേറ്റ്സിലേക്കോ മൈഗ്രേറ്റ് ചെയ്യണമെന്നായിരുന്നു അവന്റെ മോഹം. അതവൻ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ അതു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അതിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽ തന്നെ ചെന്നെത്തട്ടെ എന്നവർ വിചാരിച്ചു. ബന്ദും, സമരങ്ങളും, ഫ്രീസെക്സുമില്ലാത്ത ഈ ഇന്ത്യയിൽ കിടക്കുന്നതിനേക്കാൾ ഉത്തമം അമേരിക്കയിലേക്ക് കുടിയേറുന്നതാണെന്ന് അവർക്കും തോന്നി. അപ്പോൾ അവിടൊക്കെയുള്ള ഈ ലൈംഗികരീതി പിന്തുടരുന്നതിൽ എന്താണു തെറ്റെന്നായിരുന്നു അവന്റെ ചിന്ത.

ഗുരുനാഥൻ പൊട്ടിച്ചിരിച്ചത് കണ്ട് അവൻ പകച്ചു. ഇതൊക്കെ യാഥാർത്ഥ്യമാണെന്നാണോ വിചാരിച്ചിരിക്കുന്നത്? അദ്ദേഹം അവനോട് ചോദിച്ചു.
“അതെ”
“എങ്ങനെ മനസിലായി”
“സൈറ്റിൽ അങ്ങനെയാണു പറഞ്ഞിരിക്കുന്നത്. സ്വാഭാവികമായുള്ളത് രഹസ്യമായി വീഡിയോയിലാക്കിയതെന്നു........”
“നീ, ബുദ്ധിയുള്ള ഒരു കുട്ടിയാണു. സിനിമയൊക്കെ നിർമ്മിക്കുന്നത് എങ്ങനെയാണെന്നു നിനക്ക് ഊഹമുണ്ടാകും. കാമറ വേണം. നടീനടന്മാർ വേണം. ലൈറ്റൊക്കെ ഇട്ട് രംഗം തെളിച്ചമുള്ളതാ‍ക്കണം. തെളിഞ്ഞ ചിത്രങ്ങൾ അല്ലെ നീകാണുന്നത്?
“അതേ”
“അതിനൊക്കെ കുറെ ആളുകൾ ചുറ്റിനും വേണം. അല്ലെങ്കിൽ ഈ യന്ത്രങ്ങളൊന്നും വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനാവില്ല. അങ്ങനെ ഷൂട്ടു ചെയ്തത് ചെറിയ ചെറിയ കഷണങ്ങളായി എടുത്തു മുറിച്ചു ചേർത്താണു ഒരു മൂവിയാക്കുന്നത്....അല്ലെങ്കിൽ മോർഫ് ചെയ്തോ, കൃത്രിമമായി ഉണ്ടാക്കിയോ..........”
‘കൃത്രിമമല്ല. ഒറിജിനലാണു”
“സമ്മതിച്ചു. അപ്പോൾ ഇതുപോലെ വൈകാരികമായ ഒന്നു പകർത്താൻ................”
ഗുരുനാഥൻ പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല.
“ഇതൊക്കെ ഷൂട്ടിങ്ങായിരിക്കുമല്ലെ? പക്ഷെ അങ്ങനെ തോന്നില്ല.......”
അവൻ പുഞ്ചിരിച്ചു.

ഗുണപാഠം : സത്യത്തെവിട്ട് ഭ്രമത്തിലായാലും അതു മനസിലാക്കാതെ അതാണു യഥാർത്ഥജീവിതമെന്നു വിചാരിക്കുന്നു. മരിചീകയിലൂടെ യാത്ര ചെയ്യുന്ന പോലെ.

No comments: