Friday, March 29, 2013

രോഗങ്ങൾ മാർക്കറ്റ് ചെയ്യപ്പെടുകയാണോ?

1957ൽ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ അംഗമായ യുവഡോക്ടർ ആയുർവ്വേദമടിസ്ഥാനമാക്കി താൻ രചിച്ച പ്രബന്ധം സയന്റിഫിക് കമ്മ്യൂണിറ്റി തമസ്കരിച്ചപ്പോൾ ഒരു തീരുമാനമെടുത്തു. ഈ രംഗത്തു തുടർന്നിട്ട് ഫലമില്ല. ഇന്ത്യയിലേക്ക് മടങ്ങി ഒരു നഗ്നപാദ ഡോക്ടറായി ബാക്കികാലം കഴിച്ചു കൂട്ടാൻ വിചാരിച്ച് അമ്മാവൻ ജോലി നോക്കിയിരുന്ന ഉത്തരഖണ്ഡിലേക്ക് പോയി. അനേകം സാധുക്കൾ ചുറ്റിക്കറങ്ങുന്ന ഇടം. വൈദ്യത്തേക്കാൾ താല്പര്യം അലഞ്ഞുതിരിയുന്നതിലായിരുന്നതിനാൽ അദ്ദേഹം ഹിമാലയൻ സാനുക്കളിൽ ചുറ്റിത്തിരിയാൻ ആരംഭിച്ചു. അവിടെ പരിചയപ്പെട്ട സാധുക്കൾ പല ചെടികളും മരുന്നുകളും പരിചയപ്പെടുത്തി. അവ ഒരു നോട്ടുപുസ്തകത്തിൽ കുറിച്ച് നാട്ടിലുള്ള മച്ചുനനു അയച്ചു കൊടുത്തുകൊണ്ടിരുന്നു. അവർക്കവിടെ വൈദ്യമുണ്ടായിരുന്നു. ഇംഗ്ലീഷ്വൈദ്യം പഠിച്ചിട്ടും അതു വേണ്ടെന്നു വച്ചു തെണ്ടിത്തിരിയുന്ന യുവാവിനെ നാട്ടിലെല്ലാർക്കും പുച്ഛമായിരുന്നു. അക്കാലത്താണു ഇന്ത്യാ ചൈനാ യുദ്ധം. അതിർത്തിയിൽ നിൽക്കാൻ പറ്റാത്തതു കൊണ്ട് അദ്ദേഹം പിന്നീട് എവിടേക്കോ പോയി. പിന്നെയാരും ആ യുവഡോക്ടറെ കണ്ടിട്ടില്ല.


ഡോ.റാം കാലിഫോർണിയയിൽ ആണു. ന്യൂ‍റോ മെഡിസിനിൽ ഉന്നതപഠനം കഴിഞ്ഞ് പ്രഫസറായും ഫിസിഷ്യനായും ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ പ്രശ്നം അച്ഛന്റെ വയറിനുള്ളിലെ മുഴയാണു. സാമാന്യപരിശോധനയൊക്കെ കഴിഞ്ഞു. ചില്ലറ ചികിത്സകളും തുടങ്ങി. പക്ഷെ ഈ മല്ലു ഡോക്ടേഴ്സിന്റെ  ഉറപ്പില്ലാത്ത ഒരുതരം ഡയഗണോസിസ് റാമിനെ ശുണ്ഠിപിടിപ്പിച്ചു. ഒരാൾ പറയുന്നതല്ല, വേറൊരാൾ പറയുന്നത്. രണ്ടു ടെസ്റ്റുകളും ഒരുപോലെ ഇരിക്കുന്നില്ല. വയറ്റിൽ മുഴയുണ്ടോ എന്നു തുറന്നു നോക്കിയാൽ പറയാം എന്നു പറയുന്നയാൾ തന്നെ തുറന്നാൽ എന്തും സംഭവിക്കാമെന്നും പറയുന്നു. ആകെയൊരു അനിശ്ചിതത്വം. അപ്പോഴാണു സ്റ്റോക്ക് റൂമിൽ പൊടിതട്ടിക്കിടന്ന ആ പ്രബന്ധം ശ്രദ്ധയിൽ പെട്ടത്. ദുവാച്ചെടിയെ ആസ്പദിച്ചുള്ള ഒരു പ്രബന്ധമയിരുന്നു അത്. അതിൽ നിന്നും വേർതിരിച്ചെടുക്കാവുന്ന Biological Active Elements വിവിധതരം രോഗങ്ങളെ ഭേദപ്പെടുത്തുന്നതായി അതിൽ സ്ഥാപിച്ചിട്ടുണ്ട്. അവയിലൊന്നു ശരീരത്തിൽ വരുന്ന മുഴകളാണു. ഡോ. റാം ഒട്ടും അമാന്തിക്കാതെ പ്രബന്ധകാരനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. നിർഭാഗ്യവശാൽ ആ പേരുകാരൻ ഇന്ത്യയിൽ ഒരിടത്തുമുണ്ടായിരുന്നില്ല. പക്ഷെ അയാളുടെ കുടുംബം എവിടെയാണെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞൂ. അവിടെ ഇപ്പോൾ വൈദ്യശാലയില്ലെങ്കിലും  വൈദ്യമറിയാവുന്നവർ ഉണ്ട്. അതു മതിയെന്നു റാം തീരുമാനിച്ചു. കാരണം എന്തെങ്കിലും അത്ഭുതമരുന്നു അവർക്കറിയാമായിരിക്കും എന്നൊരു വിശ്വാസം. അവരോട് സംസാരിക്കാം. മറുപടി കേട്ടാൽ തനിക്ക് മനസിലാകും. കാരണം താൻ വൈദ്യം പഠിച്ചിട്ടുണ്ട്. ഉഡായിപ്പിറക്കിയാൽ അപ്പോൾ മനസിലാകും.


നേരെ അവിടേക്ക് ലാൻഡ് ചെയ്തു. പഴയ ഒരു നാലു കെട്ട്. പക്ഷെ മിറ്റത്തു റബ്ബർ ഉണങ്ങാനിട്ടിട്ടുണ്ട്. സന്ദർശകർ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരാൾ ഇറങ്ങി വന്നു. കാഴ്ചയിൽ തന്നെ  ഉഗ്രൻ. കാര്യം പറഞ്ഞപ്പോൾ, താൻ ചികിത്സ നിർത്തിയെന്നും, അതിനുള്ള ലൈസൻസ് തനിക്കില്ലെന്നും പറഞ്ഞ് ഒഴിയാൻ നോക്കി. അദ്ദേഹം മറ്റൊരു വൈദ്യനെപരിചയപ്പെടുത്തി തരാമെന്നു പറഞ്ഞു.സംസാരിച്ചപ്പോൾ കാര്യം പിടികിട്ടി. ടിയാനു വൈദ്യം മാത്രം ചെയ്യാൻ താല്പര്യം ഇല്ല. പെണ്ണും പിടക്കോഴിയുമൊന്നുമില്ല. ഇഷ്ടം പോലെ റബറും, മറ്റാദായങ്ങളുമുണ്ട്. എന്നാലും ആരെങ്കിലും ചെന്നാൽ ഭക്ഷണവും കൊടുത്ത് സംസാരിച്ചിരിക്കാൻ ഇഷ്ടമാണു.  

എന്തായാലും റാം കാര്യം എല്ലാം വിശദീകരിച്ചു പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഒരു സുഖമില്ലാത്ത മറുപടി പുറത്തുവന്നു.
- ഓ, ഇത്രേയൊള്ളോ? എനിക്കു ചികിത്സിക്കാനുള്ളതേയുള്ളു. പക്ഷെ ഇപ്പോ ഇംഗ്ലീഷ് ചികിത്സ നടക്കുകല്ലെ, അതു കഴിയട്ടെ. പിന്നെ നിങ്ങൾക്കിതിൽ വല്ല വിശ്വാസവും ഉണ്ടോ? ഉണ്ടാകില്ല. കാരണം ആയുർവ്വേദം ഒരു തരം അന്ധവിശ്വാസമാണെന്നല്ലെ ശാസ്ത്രീയമായി പഠിച്ച നിങ്ങളൊക്കെ വിചാരിച്ചിരിക്കുന്നത്.
-അതു ശരിയാണു. അതിനൊരു കാരണമുണ്ട്. മരുന്നിനെ പറ്റി പറയുന്നുണ്ടെങ്കിലും അതിന്റെ രസതന്ത്രം വിശദീകരിക്കുന്നില്ല.
-എന്നാരു പറഞ്ഞു? നിങ്ങൾ ആയുർവ്വേദത്തിലെ പുസ്തകങ്ങൾ പഠിച്ചിട്ടുണ്ടോ?
-ഇല്ല. റിവ്യൂകൾ കണ്ടിട്ടുണ്ട്.
-അതു ശരിയാണോ എന്നു പരിശോധിച്ചോ
-ഇല്ല. അതിന്റെ ആവശ്യം തോന്നിയില്ല. കാരണം അത്രമാത്രം ക്രെഡിബിലിറ്റിയുള്ളവരാണു അതൊക്കെ എഴുതിയിരിക്കുന്നത്. പിന്നെ അവിശ്വസിക്കേണ്ടെന്നു തോന്നി.
-അതായത് നിങ്ങൾ അന്ധവിശ്വാസത്തിനു ഒരു യുക്തി കണ്ടുപിടിച്ചെന്നു ചുരുക്കം. എന്തായാലും അലോപ്പതി ചികിത്സ തുടർന്നു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ചെയ്യാനാവില്ല. തൽക്കാലം അതു തുടരട്ടെ. അവർ വേണ്ടെന്നു വച്ചാൽ നമുക്ക് നോക്കാം.
-അതു പറ്റില്ല. കാരണം അതിന്റയകത്തു ഒരു കെണിയുണ്ട്. എന്റെ അച്ഛൻ എനിക്ക് വളരെ പ്രിയപ്പെട്ടവനാണു. അദ്ദേഹത്തിന്റെ പരമാവധി ആയുസ്സും എന്റെ ഒപ്പം ഉണ്ടാകണമെന്നാണു. ഇപ്പോഴത്തെ ചികിത്സ തുടർന്നാൽ അതു സാധികുമെന്നു തോന്നുന്നില്ല.
-അതെന്താ.
-അതൊരു മെഡിക്കൽ വ്യവസായത്തിന്റെ രഹസ്യമാണു. അങ്ങയോടെന്നല്ല ഞങ്ങളുടെ ജൂണിയേഴ്സിനോടു പോലും ഡിസ്കസ്സ് ചെയ്യാത്ത ഒരു കാര്യമാണു. എങ്കിലും പറയാം. രണ്ടാം ലോകമഹായുദ്ധം ലക്ഷ്യമാക്കിയാണു മെഡിക്കൽ പ്രൊഫഷൻ ലോകത്ത് വളർന്നു വന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ നിബന്ധനകൾ നടപ്പാകാതെ വന്നു തുടങ്ങിയപ്പോഴെ രണ്ടാം യുദ്ധം ഉറപ്പായി. അതിൽ മെഡിക്കൽ പ്രഫഷനു വമ്പിച്ച കുതിച്ചുകയറ്റമുണ്ടാകുമെന്നു വ്യാവസായിക ലോകം നേരത്തെ തന്നെ കണക്കുകൂട്ടി. അങ്ങനെ കൂടുതൽ പ്രഫഷണലുകളും അനുബന്ധവ്യവസായങ്ങളും ഉണ്ടായി. മരുന്നു കമ്പനികൾ കൂണു പോലെ മുളയ്ക്കാൻ തുടങ്ങി. പക്ഷെ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇവയ്ക്കെല്ലാം കൂടി പിടിച്ചു നിൽക്കാൻ പാടായി. പന്നിയെലി പെരുകിയാൽ തമ്മിൽ കടിച്ചുകീറുമെന്നു പറഞ്ഞ അവസ്ഥ. 1960ഓടെ അതിനു ഒരു പരിഹാരം കണ്ടെത്തി. രോഗങ്ങൾ മാർക്കറ്റ് ചെയ്യുക. അടിസ്ഥാന ഗവേഷണങ്ങൾക്ക് പണം കൊടുക്കുന്ന പരിപാടി കമ്പനികൾ നിർത്തി. സ്പെഷലൈസേഷനുകളിലും അതിന്റെ മാനേജുമെന്റിലുമായി അവരുടെ ശ്രദ്ധ. അങ്ങനെയാണു അതുവരെ ഫിസിഷ്യനും സർജ്ജനും മാത്രം ചികിത്സിച്ചിരുന്ന മെഡിക്കൽ രംഗം പലതായി പിരിഞ്ഞു വളരാൻ തുടങ്ങിയത്. എഴുപതുകളിൽ മത്സരം രൂക്ഷമായി. ഓരോ ശാഖയ്ക്കും വേണ്ടത്ര ആളിനെ കിട്ടാൻ പിന്നെ കാൻ‌വാസിങ്ങായി. അങ്ങനെയാണു, സാധാരണമായ പലരോഗങ്ങളും ഹൃദ്രോഗത്തിലേക്കും, കാൻസറിലേക്കും റഫർ ചെയ്യപ്പെട്ടു തുടങ്ങിയത്. രോഗപരിശോധനയുടെ തുടക്കത്തിൽ ഫിസിഷ്യനും പിന്നീട് സ്പെഷലിസ്റ്റുകൾക്കും നിർലോപം പങ്കു കിട്ടുമെന്നൊരുഗുണം ഇതിനുണ്ട്. എന്റെ അച്ഛനെ അങ്ങനെ ചികിത്സിച്ചാൽ അദ്ദേഹം രക്ഷപ്പെടില്ല.ഡോ.റാം പറഞ്ഞു നിർത്തിയപ്പോൾ ഇതിനൊരു ഇന്ത്യൻ അനുബന്ധമുണ്ടെന്നു പറഞ്ഞ് ഉഗ്രൻ തുടങ്ങി.

-ഞാൻ ഒരു കാര്യം കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. 1930കളിൽ ബ്രിട്ടീഷ് സ്വാധീനമുള്ള പ്രദേശങ്ങളിൽ മാത്രം നിലനിന്ന ഒന്നാണു അലോപ്പതി. ഇന്ത്യ മൊത്തമായി എടുക്കുമ്പോൾ ഹോമിയോപ്പതിയും അലോപ്പതിയും കൂടി ഒരു 5% മേ ചികിത്സാരംഗത്തുണ്ടായിരുന്നുള്ളു. ബാക്കി 95%വും ആയുർവ്വേദത്തിന്റെ കൈവശമായിരുന്നു. അതിൽ കുറേഭാഗം മന്ത്രവാദം കയ്യടക്കി. ഈ ചികിത്സ കൊണ്ട്, പിന്നീട് അലോപ്പതി ആരോപിച്ച പോലുള്ള ആരോഗ്യപ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഔഷധികൾ കൊണ്ടും, നാടൻ രീതിയിൽ നിർമ്മിക്കുന്ന മരുന്നുകൾ കൊണ്ടും ഒട്ടുമിക്കരോഗങ്ങളേയും ഫലപ്രദമായി നേരിട്ടു. മിക്ക വീട്ടമ്മമാരും പകുതി വൈദ്യകളുമായിരുന്നു. കുടുംബാംഗങ്ങളിൽ ആരിലെങ്കിലും ആരോഗ്യവ്യതിയാനമുണ്ടാകുമ്പോൾ ആദ്യം അത് അമ്മമാരുടെ ശ്രദ്ധയിലാണു പെടുന്നത്. അവരത് ആഹാരത്തിൽ മാറ്റം വരുത്തി നേരിടും. ഒരു ഉദാഹരണം പറയാം. കണ്ണിനു താഴെ തടിപ്പ് കണ്ടാൽ അയാൾക്ക് ചേമ്പും കിഴങ്ങും കൊടുക്കില്ല. കൊളസ്ട്രോൾ വർദ്ധിച്ചു കാണുമെന്നു അവർക്ക് പറയാനറിയില്ലെങ്കിലും അവർ അതിനുള്ള മരുന്നു കൊടുക്കും. സംഭാരത്തിൽ കറിവേപ്പിലയും ജാതിപത്രിയും നന്നായിട്ട് അരച്ചു ചേർത്തു. പക്ഷെ ഇത്തരം ചികിത്സ മെഡിക്കൽ വ്യവസായത്തിനു അനുഗുണമല്ല എന്നു മനസിലാക്കി ഗവൺമ്മെന്റുകളെ പ്രേരിപ്പിച്ച് ആയുർവ്വേദത്തിനു എതിരെ തിരിച്ചു. അലോപ്പതി രംഗം വളർന്നു വളർന്നു ഇന്നു രോഗം ചികിത്സിച്ചാൽ ഭേദമാ‍കാതെയായി. ഇപ്പോൾ അതു കൊണ്ട് Biological Active Elements തേടിനടക്കുകയാണു ആധുനിക വൈദ്യം.
-സമ്മതിച്ചു. പക്ഷെ എനിക്കെന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എന്താ വഴി?

ഉഗ്രൻ മുണ്ട് മടക്കിക്കുത്തി പറമ്പിലേക്കിറങ്ങി. ഡോക്ടർ റാമും ഞാനും പിന്നാലെ ചെന്നു. അതിരിൽ നിന്ന ഒരു ചെടിപിഴുത് റാമിനെ കാണിച്ചു.
-ഇതെന്താണെന്നറിയാമോ?
-അറിയാം.
-ഉം, ഇതിന്റെ വേരരച്ച് അപ്പം ചുട്ട് ഒരു 11 ദിവസം കഴിപ്പിച്ചിട്ട് വാ. അന്നേരം മുഴയുണ്ടെങ്കിൽ നോക്കാം, വേറെ മരുന്നു വേണോന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം ഞാനും റാമും വീണ്ടും ഉഗ്രന്റെ അടുത്തെത്തി. പുതിയ സ്കാനിൽ മുഴ കാണുന്നില്ല. അപ്പോൾ ആദ്യത്തെ മുഴ എവിടെപ്പോയി. ബന്ധപ്പെട്ട ഡോക്ടർ പറഞ്ഞത് ആദ്യമെടുത്ത റിപ്പോർട്ട് തെറ്റായിരിക്കുമെന്നാണു. അപ്പോൾ അതിനു മുൻപെടുത്ത റിപ്പോർട്ടുകളോ. അതിന്റെ അടിസ്ഥാനത്തിൽ കഴിച്ച മരുന്നുകളോ? ഡോക്റ്റർക്ക് മറുപടിയില്ലാരുന്നു.

എന്തായാലും റാം ആശ്വസിച്ചു. മടങ്ങാൻ തുടങ്ങുമ്പോൾ മനോഹരമായി ബയന്റ് ചെയ്ത ഒരു ഫയൽ ഉഗ്രനു നേരെ നീട്ടി.
-എന്തായിത്?
-ദുവാച്ചെടിയേക്കുറിച്ച് ഈ കുടുംബത്തിലെ ഡോക്ടർ നടത്തിയ പഠന റിപ്പോർട്ടാണു. അങ്ങേയ്ക്ക് ഉപകാരപ്പെടും.
-ഇംഗ്ലീഷിലല്ലെ? എനിക്ക് ഇംഗ്ലീഷറിയില്ല.


1 comment:

നചികേതസ്സ് said...

ഇപ്പൊ രോഗങ്ങള്‍ വരെ ഉണ്ടാക്കുന്നതാണ്, മരുന്ന് വില്‍ക്കാന്‍ വേണ്ടി എന്ന് കേട്ടിട്ടുണ്ട്.