Friday, March 15, 2013

കുഞ്ഞുപെണ്ണിന്റെ സോഷ്യലിസം

പണ്ട്, വൈകുന്നേരം കാവുമ്പാട് ചന്തയിൽ മാക്കൊട്ട വിൽക്കാൻ പോകുമായിരുന്ന സ്ത്രീയാണു കുഞ്ഞുപെണ്ണ്. പകലൊക്കെ പുല്ലു ചെത്തും. അതുവിറ്റാൽ അൻപതു പൈസയോ ഒരു രൂപയോ കിട്ടും. അരിയും, വെളിച്ചണ്ണയും പലചരക്കുമൊക്കെ അതിലടക്കും. മത്സ്യത്തിനാണു മാക്കൊട്ടക്കച്ചവടം. അക്കാലത്ത് പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. സാധാരണക്കാർ വട്ടയിലയിലോ തേക്കിലയിലോ ആണു മീൻ പൊതിയുന്നത്. അല്പം സ്ഥിതി കൂടുതലുള്ളവർ മാക്കൊട്ട മേടിക്കും. ജന്മിമാരുടെ വിടുകളിൽ നിന്നും സൌജന്യമായി ലഭിക്കുന്ന പച്ചോല കൊണ്ടാണു മാക്കൊട്ട എന്ന എക്കോ ഫ്രണ്ടിലി കൂടുകൾ നിർമ്മിച്ചിരുന്നത്.

അന്തി കറക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുപെണ്ണ് ചന്തയിൽ നിന്നും തിരിക്കും. കെ.പി.റോഡിലിറങ്ങി പടിഞ്ഞാറ് നോക്കി നടക്കാൻ തുടമ്പോഴാകും വഴിയിൽ ചെങ്കൊടി കെട്ടിയ പൊതുയോഗമുണ്ടാകുക. പാർട്ടി പിളർന്നെങ്കിലും ചെങ്കൊടി കുഞ്ഞുപെണ്ണിനു ഒരാവേശമാണു. ഇ.എം.എസ്സ് ഒക്കെയുള്ള വിഭാഗത്തോടാണു ഇഷ്ടം കൂടുതൽ. പെല്ലത്ത് ശ്രീധരൻ പിള്ള, പ്രഭാകരൻ പിള്ള, മന്തുണ്ടത്ത് രാമകൃഷ്ണൻ നായർ, ഗോവിന്ദപ്പിള്ള സാർ, യശോധരൻ സാർ തുടങ്ങയവരാരെങ്കിലുമായിരിക്കും സാധാരണ കവല പ്രാസംഗികർ. വലിയ യോഗമാണെങ്കിൽ പി.സുധാകരനോ, വി.കേശവനോ പങ്കെടുക്കും. ആരായാലും സോഷ്യലിസത്തേക്കുറിച്ചാണു പാഠം.

കുഞ്ഞുപെണ്ണ് ഇതിൽ നിന്നൊക്കെ സ്വാംശീകരിച്ച ഒരു കാര്യമുണ്ട്. അദ്ധ്വാനത്തിനാണു വില. മിച്ചമൂല്യം കൂട്ടിവെയ്ക്കുന്നവൻ ചൂഷകനാണു. ജന്മിയെന്നും മുതലാളി എന്നും അവരെയാണു വിളിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ അത്തരക്കാരോട് സഹവസിച്ചു കൂട. തനിക്ക് മാക്കൊട്ട കെട്ടാൻ ഓലതരുന്ന ജന്മിയോട് ആദരവുണ്ടെങ്കിലും പഥ്യമില്ല. അവരൊക്കെ ഭൂമിയിൽ നിന്നും ഇല്ലാതാവേണ്ടവരാണെന്നാണു കുഞ്ഞുപെണ്ണിന്റെ അറിവ്. അവരൊക്കെ ഏതാണ്ട് അവസാനിച്ചു വരികയുമാണു. അതിനൊരു ചരിത്രമുണ്ട്.

നാടൊക്കെ കൃഷിയാണു മുഖ്യം. നെല്ലും തേങ്ങയുമായിരുന്നു മുഖ്യവിനിമയ മാദ്ധ്യമം. ഒരു ഉല്പന്നം കൊടുത്ത് വേറൊന്നു വാങ്ങും. പൊന്നു വേണമെങ്കിൽ നെല്ലളക്കും. കുരുമുളകു കൊടുത്താൽ ചീട്ടിത്തുണി കിട്ടുന്ന ഒരു കടയുണ്ടായിരുന്നു. മണ്ണെണ്ണയ്ക്ക് അടയ്ക്കാ കൊടുത്താലും മതി. ബർട്ടൺ റസ്സൽ പറഞ്ഞപോലെ മാംസം കൊടുത്തു രക്തം വാങ്ങുക. രക്തം കൊടുത്ത് മാംസം വാങ്ങുക. കാലം ചെന്നപ്പോൾ പണമായി വിനിമയ മാദ്ധ്യമം. അദ്ധ്വാനവും ഉല്പന്നവും പണത്തിനായി ക്രയവിക്രയം ചെയ്യാമായിരുന്നു. ചെറുകിട ഉല്പാദകരും കച്ചവടക്കാരും ഉദയം ചെയ്തു. വലിയ ലാഭമില്ലെങ്കിലും അവരെല്ലാം ജീവിച്ചു. ആഗോളീകരണത്തിന്റെ കാലം വന്നപ്പോൾ പണവുമായി നാം മാളുകളിലേക്ക് ചെല്ലുന്നു. സാധാരണ മാളുകൾ, സൂപ്പർ മാളുകൾ, അന്താരാഷ്ട്രമാളുകൾ എന്നിങ്ങനെ മാളുകൾ വളർന്നു. നാം വളർച്ചയുടെ വഴിക്കാണെന്നു അഭിമാനിക്കുന്നു.

ഇന്നു കുഞ്ഞുപെണ്ണ് എങ്ങനെ ജീവിക്കും? മാക്കൊട്ട കച്ചവടം നിന്നു. മീങ്കാരൻ പണമെണ്ണിയാലേ മീൻ കൊടുക്കു. അദ്ധ്വാനിച്ചാൽ അതുണ്ടാക്കാമെന്നു വയ്ക്കാം. കുഞ്ഞുപെണ്ണിന്റെ അദ്ധ്വാനം മാക്കൊട്ടയിലാണു. പക്ഷെ നിർഭാഗ്യവശാൽ അതിന്റെ സാദ്ധ്യത അവസാനിച്ചു. നാളെ മീങ്കച്ചവടവും നിലയ്ക്കും. കാരണം മാളുകളിൽ വെറൈറ്റി മത്സ്യമുണ്ട്. ഓഫറുകളുണ്ട്. പിന്നെ അവിടെ പോകുന്നതിൽ ഗമയുണ്ട്. മത്സ്യക്കച്ചവടക്കാരന്റെ കച്ചവടവും നിൽക്കും. ചുരുക്കത്തിൽ സാധാരണക്കാരന്റെ ക്രയവിക്രയം നിലക്കും. അതു മെല്ലെ മുകൾത്തട്ടിലേക്ക് വ്യാപിക്കും.വാങ്ങൽ ശേഷി കുറഞ്ഞുകുറഞ്ഞു വരും. അപ്പോൾ മാളുകളിൽ കച്ചവടം നടക്കുമോ? പണമില്ലെങ്കിൽ അവർ സാധനം തരില്ല. കുറച്ചു കാലം ലോണെടുത്തു വാങ്ങാമെന്നു വിചാരിക്കാം. തിരിച്ചടവില്ലാതെ വന്നാൽ ബാങ്കുകാർ കയ്യും കാലും തല്ലിയൊടിക്കും. അങ്ങനെ കുഞ്ഞുപെണ്ണിന്റെ പിന്നിൽ. മീങ്കാരൻ, അതിന്റെ പുറകിൽ ഓച്ചറയിലേയും, തൃക്കുന്നപ്പുഴയിലേയും വലക്കാർ,തുടങ്ങി നിരയങ്ങനെ നീളും. ഒരു ദിവസം മാൾ പൂട്ടും. അപ്പോൾ സാധനങ്ങളും കിട്ടാനില്ലാതും. സമ്പൂർണ്ണ അരാജകത്വം നിലവിൽ വരും.

കുഞ്ഞുപെണ്ണിന്റെ ഉള്ളിൽ സോഷ്യലിസം കടന്നു ചെന്നതു കൊണ്ടാണു ഇതൊക്കെ മുങ്കൂട്ടി കാണാൻ പറ്റുന്നത്. അന്നു അതു പറഞ്ഞുകൊടുത്തവരൊക്കെ അതു മറന്നു. അവർ കുഞ്ഞുപെണ്ണിനെ കാണുന്നില്ല. മാളിന്റെ ഉടമയെക്കാണും. സന്തോഷത്തോടെ ചെന്നു മാളുകളുടെ ഉത്ഘാടനങ്ങളിൽ പങ്കെടുക്കും. അരാജകത്വത്തിനു വഴിമരുന്നിടുന്ന പ്രവർത്തനങ്ങളിൽ ഇവർക്കൊക്കെ ചെന്നു പങ്കെടുക്കാൻ കഴിയുന്നത് ഏതു മാർക്സിയൻ തത്ത്വശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ ആർക്കു കഴിയും?

1 comment:

അഷ്‌റഫ്‌ സല്‍വ said...

നാല് കൊല്ലം മുമ്പ് മാളുകൾ വരാനിടയുള്ള കെട്ടിടങ്ങളുടെ ചില്ലുകൾ എറിഞ്ഞുടച്ചിരുന്നു യുവജന പ്രസ്ഥാനം .
ഏറെ ഐക്യത്തോടു മാളിന്റെ പടിവാതിലിലൂടെ അവർ അകത്തു കടന്നപ്പോൾ ഓരോരുത്തരും കണക്കു കൂട്ടിയിരുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് എത്രയായിരിക്കും അദ്ദേഹം തരാൻ ഉദ്ദേശിക്കുന്നത് എന്നായിരിക്കും