Sunday, March 31, 2013

രണ്ട് സൌദി നിതാഖത് പോസ്റ്റുകൾ

ഒന്നു

സൌദിയിലെ ‘നിതാഖത്’ ആരിലാണു ഇത്ര പരിഭ്രാന്തിയുണ്ടാക്കുന്നത്?

ഏതാണ്ട് 12 ലക്ഷം ഇന്ത്യക്കാർ സൌദിയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. അതിൽ 5.8 ലക്ഷം മലയാളികളാണു. നിതാഖത് നടപ്പാക്കുന്നതോടെ അവരിൽ രേഖകൾ ഇല്ലാതെ തൊഴിൽ ചെയ്യുന്നവർ പുറത്തു പോകും. ജീവനോപാധി തേടിപ്പോയ ജോലിക്കാരെ അതു ബാധിക്കുമെന്നതിൽ സംശയമില്ല. പക്ഷെ അവർക്ക് പണിയെടുക്കാനറിയാമെങ്കിൽ മറ്റെവിടെയെങ്കിലും തൊഴിൽ കിട്ടും. എന്നാൽ അവരെ ഉപയോഗിച്ചിരുന്നവർക്ക് ആ കൂലിയിൽ ഇനി ആളെ കിട്ടില്ല. അങ്ങനെ ആദ്യം പരിഭ്രാന്തരാകുന്നത് സൌദി സ്പോൺസറന്മാർ തന്നെ.

പക്ഷെ ഈ സ്പോൺസറന്മാർ ഒറ്റത്തെങ്ങ് പോലെ നിലക്കുന്ന ഒരു വർഗ്ഗമല്ല. അവർക്ക് ഇന്ത്യൻ ഏജന്റുമാരുമായി ബന്ധമുണ്ട്. അതായത് കുറഞ്ഞവിലക്ക് ആളെകൊണ്ടക്കൊടുക്കുന്നവരുമായി. അത്തരം ഏജന്റന്മാർക്ക് ചങ്കിടിക്കുക തന്നെ ചെയ്യും. കാരണം അവരുടെ ഭീമമായ ലാഭമാണു നഷ്ടപ്പെടാൻ പോകുന്നത്. സൌദ്ദിയിൽ ജോലിയുണ്ടെന്നു പറഞ്ഞ് ഇനി ആളെവിളിക്കാൻ ചെന്നാൽ ജനം കൃത്യമായ രേഖകൾ ആവശ്യപ്പെടും. അതു അത്ര സുഖമുള്ള കാര്യമല്ല.

ഇതിനേക്കാൾ ഒക്കെ ആശങ്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിൽ മാനവവിഭവം വിതരണം ചെയ്യുന്നവർ. അവർ വലിയൊരു സംഘമാണു. എല്ലാ മത, ജാതി, രാഷ്ട്രീയകക്ഷികൾക്കും അതിനുള്ള സംവിധാനമുണ്ട്. കേരളത്തിലെ വിജയം വരിച്ച ഒരു വ്യവസായസ്ഥാപനത്തിനു ഒരു മതസ്ഥാപനമാണു Man Power സപ്ലൈ ചെയ്യുന്നതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിർമ്മാണത്തൊഴിലാളികളെ കൊടുക്കുമ്പോൾ ‘ഞങ്ങളുടെ സംരക്ഷണം ഉറപ്പുണ്ട്’ എന്നവർ വാക്കു കൊടുക്കുന്നു. കൂലിയും കുറവാണു. തൊഴിൽ നിയമങ്ങൾ ബാധകമല്ല. ഇതു പോലെ അസംഘടിത മേഖലയിൽ, ടെക്സ്റ്റൈൽ, ജൂവലറി രംഗത്തൊക്കെ മാനവവിഭവ വിതരണമുണ്ട്. പള്ളികളും പാർട്ടികളും മതസംഘടനകളുമൊക്കെ ചേർന്നു നടത്തുന്ന ഈ മനുഷ്യവാണിഭത്തിനു ഒരു ഭീഷണിയാണു സൌദിമടക്കക്കാർ.

അങ്ങനെ വരുമ്പോൾ മാദ്ധ്യമങ്ങളിൽ കാണുന്ന ഈ കോലാഹലങ്ങൾ അവരുടെ വ്യാപാരം നിലനിർത്താനുള്ള പങ്കപ്പാടാണു. സാധാരണക്കാർക്ക് അതു കൊണ്ട് ഒരു മെച്ചവുമില്ല. കാരണം നിയമം നടപ്പാവുക തന്നെ ചെയ്യും. രാഷ്ട്രീയം എല്ലായിടത്തും ഒരുപോലെയാണു. ഏതു സർക്കാരും അസംതൃപതരെ അടക്കി നിർത്താൻ ദുർബ്ബലരെ ബലി കൊടുക്കും


രണ്ട്

സൌദിയിലെ സ്വദേശിവൽക്കരണം തടയണമെന്നു നാം ആശിക്കുന്നത് ഒട്ടും ചിതമല്ല. ഇക്കാര്യത്തിൽ ബഹു.പ്രവാസികാര്യമന്ത്രി പറഞ്ഞതാണു ന്യായം. സൌദി ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണു. അവരുടെ നിയമങ്ങളെ വെല്ലുവിളിക്കരുത്.

നമ്മുടെ പ്രശ്നം തൊഴിൽ നഷ്ടപ്പെടുന്നു എന്നുള്ളതാണു. അതിനു പരിഹാരമുണ്ടാക്കണം. പക്ഷെ സൌദിസർക്കാരിന്റെ ചെലവിൽ തന്നെയാകണം അതെന്നു എന്താണിത്ര നിർബ്ബന്ധം? ആരും മറുനാടുകളിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നത് ആരെങ്കിലും ക്ഷണിച്ചിട്ടല്ല. തൊഴിലവസരം ഉണ്ടെന്നു അറിഞ്ഞിട്ട് കയറിച്ചെല്ലുകയാണു. ആദ്യകാലത്ത് അവർ നമ്മെ സ്വീകരിച്ചു. ഇപ്പോൾ അവർക്ക് സ്വദേശികൾക്ക് തൊഴിൽ കൊടുക്കേണ്ടതുണ്ട്. അപ്പോൾ സ്വാഭാവികമായും മറുനാട്ടുകാരോട് തിരികെ പോകാൻ പറഞ്ഞെന്നിരിക്കും.

ഇന്ത്യയിൽ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ തൊഴിലാളികളെ കുറച്ചപ്പോൾ പ്രവാസികൾ അതു ഗുണകരമാണെന്ന ഒരു നിലപാട് എടുക്കുകയാണു ചെയ്തത്. അതുപോലെ ഒരു അടുക്കും ചിട്ടയും വരുത്തുകയാണു സൌദി സർക്കാരും. അതിനോട് വിവേകപൂർവ്വം സഹകരിക്കണം.

സൌദിയിൽ പണിയെടുക്കുന്ന ഒരു സാധാരണപ്രവാസി തൊഴിലാളിക്ക് ലഭിക്കുന്ന പ്രതിഫലം 10000-15000 ഘടനയിലുള്ളതാണു. ഒന്നോ ഒന്നരയോ ലക്ഷം മുടക്കിയാണു ആ പാക്കേജിൽ കയറിപ്പറ്റുന്നത്. തൊഴിൽ രംഗം അവിടെ കഠിനമാണു. ക്ഷീണിച്ചാൽ പോലും ഒന്നു കയറി ഇരിക്കാനാവില്ല. തൊഴിലല്ലാതെ വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടും തൊഴിൽ നിയമങ്ങളുടെ സ്വാതന്ത്ര്യമില്ലാത്തതു കൊണ്ടും അവിടെ കഠിനാദ്ധ്വാനം ചെയ്യുന്നു. ആ മനോഭാവം ഇവിടെയും പ്രകടിപ്പിച്ചാൽ ഇവിടെയും തൊഴിലവസരങ്ങൾ ഉണ്ട്. പക്ഷെ അവിടുത്തേപ്പോലെ ജോലി ചെയ്യണം. അവിടെ ലഭിക്കുന്ന പ്രതിഫലം മതിയെന്നു വയ്ക്കണം.

ഇന്നിപ്പോൾ അസംഘടിത മേഖലയിൽ അനവധി തൊഴിലവസരങ്ങൾ കേരളത്തിലുണ്ട്. അവിടെ ലഭിക്കുന്ന കുറഞ്ഞകൂലി 600 രൂപയാണു. കായികമായോ മാനസികമായൊ സൌദിയിലുള്ളത്ര പ്രയാസം ഇവിടെയില്ല. ഇന്ത്യയുടെ തന്നെ പലഭാഗങ്ങളിലും തൊഴിലവസരങ്ങൾ വേറെ ഉണ്ട്. തമിഴ്നാട്ടിൽ പല വ്യവസായ മേഖലകളിലും തൊഴിലാളിയെ കിട്ടാനില്ല. കേരളത്തിലെ ഒരു കിൻഫ്രാപാർക്ക് തൊഴിലാളികളെ കിട്ടാനില്ലാതെ പൂട്ടി. ഇത്തരം തൊഴിലവസരങ്ങൾ അറിഞ്ഞ് അവിടേക്ക് കയറിച്ചെല്ലണം. ഇക്കാര്യത്തിൽ സർക്കാർ സഹായിക്കുന്നത് ഉചിതമായിരിക്കും. എന്നു വച്ച് തൊഴിൽ ആവശ്യമുള്ളവർ അതിനു കാത്തുനിൽക്കരുത്. ജോലി ചെയ്യാൻ തയ്യാറായി നേരെ ചെല്ലുക. ഉറപ്പായും നിങ്ങൾക്ക് ഒരു തൊഴിൽ ലഭിച്ചിരിക്കും.

വിദേശത്ത് തൊഴിലവസരങ്ങൾ കുറയുന്നതു കൊണ്ട് വിഷമിക്കുന്നത് റിക്രൂട്ടിങ്ങ് സംഘങ്ങളും രാഷ്ട്രീയക്കാരുമാണു. അവർ ഇരുവരുടേയും വരുമാനത്തെ അതു ബാധിക്കും. അതു കൊണ്ട് ഇപ്പോഴുണ്ടാകുന്ന ഈ പ്രതികരങ്ങൾ അവരുടെയാണെന്നു ധരിക്കണം. അതിനു ചെകിടുകൊടുത്തു പ്രവാസിതൊഴിലാളികൾ തുലയരുതു. പണിയറിയാവുന്നവനും അതിനു തയ്യാറുള്ളവനും എവിടേയും തൊഴിലും പ്രതിഫലവുമുണ്ട്.

 

No comments: