Sunday, March 31, 2013

ജലതരംഗം

തരിശുകിടക്കുന്ന നെല്പാടങ്ങളും, വരണ്ടുണങ്ങിയ പറമ്പും ചുറ്റിക്കണ്ട് മടങ്ങുന്ന പഴയ ഒരു കർഷകനായ നാരായണനെ ഇന്നലെ വഴിയിൽ വച്ചു കണ്ടു. വെറുതെ ഓരോന്നു പറഞ്ഞകൂട്ടത്തിൽ, ആകാശത്തിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി നാരായണൻ പറഞ്ഞു : “കടുത്ത വേനലാ വരാൻ പോകുന്നത്. തൊള്ളി വെള്ളം കാണുകേല. എങ്ങനെ കാണാനാ. ഇക്കണ്ട മനുഷ്യരൊക്കെ വെള്ളം വെറുതെ കളയുകയല്യോ? പൈപ്പിക്കൂടെ വെള്ളം വരുന്നതു കൊണ്ട് വെള്ളം കോരണ്ട. അപ്പോ അതിനൊന്നും ഒരു അദ്ധ്വാനവും വേണ്ട. അദ്ധ്വാനിക്കാതെ കിട്ടുന്ന എന്തും പാഴിൽക്കളയുന്ന സ്വഭാവം മനുഷ്യനുണ്ട്......”

ആലോചിച്ചപ്പോൾ അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നി. പണ്ടൊക്കെ വെള്ളം കോരി എടുക്കണം. അന്നു വെള്ളം ഉപയോഗിക്കുന്നതിൽ ഒരു ശ്രദ്ധയുണ്ട്. പല്ലുതേക്കാനാണെങ്കിലും കുളിക്കാനാണെങ്കിലും സൂക്ഷിച്ചേ വെള്ളം ഉപയോഗിക്കു. ഇന്നു അങ്ങനെയാണോ? പൈപ്പ് തുറന്നിട്ട് ബ്രഷിൽ പേസ്റ്റ് തേച്ച് പല്ലുരയ്ക്കാൻ തുടങ്ങും. പല്ലു തേപ്പ് കഴിയുന്നതുവരെ പൈപ്പിൽ നിന്നും വെള്ളം പൊയ്ക്കൊണ്ടിരിക്കും. കുളിക്കുമ്പോൾ ഷവറിൽ നിന്നാണെങ്കിലും കാര്യം അങ്ങനെ തന്നെ. സോപ്പ് തേക്കുന്നതു ഷവർ തുറന്നിട്ടുകൊണ്ടായിരിക്കും. മൊന്തയിൽ വെള്ളം എടുത്തു പല്ലു തേക്കുന്നതും, മഗ്ഗ് കൊണ്ട് കോരിക്കുള്ളിക്കുന്നതും നാം നിർത്തി. പുതുതലമുറയ്ക്കു അതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇതിനിടയിൽ നഷ്ടപ്പെടുന്ന വെള്ളം എത്രയാണു? അതുപോലെ തന്നെയാണ് ഫ്ലഷുകളിലൂടെ ഒഴുകിപ്പോകുന്ന ജലം. ഓരോ മൂത്രമൊഴിപ്പിനും ഓരോ ഫ്ലഷ് വെള്ളം. അതിൽ നിയന്ത്രിതമായി വെള്ളമൊഴുക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഫുൾഫ്ലഷ് അടിച്ചു വിട്ടാലെ നമുക്കൊരു തൃപ്തി വരു. പാത്രം കഴുകാൻ പണ്ട് ചരുവത്തിൽ വെള്ളം പിടിച്ചു വയ്ക്കും. പാത്രം തേച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒന്നു രണ്ട് തവണ ചരുവത്തിലെ വെള്ളത്തിൽ. പിന്നെ ഒന്നോ രണ്ടോ തവണ ശുദ്ധജലത്തിൽ. ഇപ്പോഴോ? അവിടെയും പൈപ്പ് തുറന്നിടുന്നു. കുബേരനേയാണെങ്കിലും അശ്രദ്ധമായ ചിലവ് പാപ്പരാക്കും. മലയാളി വെള്ളത്തിന്റെ കാര്യത്തിൽ താമസിക്കാതെ പാപ്പരാകും.

“വെള്ളം മനുഷ്യനു മാത്രമൊള്ളതല്ല. സകല ജീവജാലങ്ങൾക്കും അതാവശ്യമുണ്ട്. ഈ ചെടീം മരോമൊക്കെയാ ജലത്തിന്റെ അളവ് നിശ്ചയിക്കുന്നത്. മരമെത്രയുണ്ടോ അതിനു വേണ്ട വെള്ളമാ മഴയുടെ കണക്ക്..............”

നാരായണൻ തന്റെ അറിവ് പങ്കുവെച്ചു. റബ്ബർ മരങ്ങൾ വർദ്ധിച്ചതാണു മഴകുറയാൻ കാരണമെന്നാണു നാരായണന്റെ നിരീക്ഷണം. റബ്ബറിനു അധികം വെള്ളം ആവശ്യമില്ല. പ്ലാവും, തെങ്ങും, മാവുമൊക്കെ നിന്ന പറമ്പുകൾ വെട്ടിവെടുപ്പാക്കിയാണു റബ്ബറ് നട്ടതു. അപ്പോൾ ഇലച്ചാർത്തു കുറഞ്ഞൂ. പിന്നെന്തിനാ വെറുതെ മഴപെയ്യിക്കുന്നതെന്നു പ്രകൃതിക്ക് തോന്നിക്കാണും. ചെടികളെ കണക്കാക്കിയാണു പ്രകൃതി മഴപെയ്യിക്കുന്നത്. ബാക്കിയുള്ള ജന്തുജാലങ്ങൾ അതുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. അതുപോലെ നെല്ലും, മറ്റുവിളകളും കുറഞ്ഞപ്പോൾ മഴയും കുറഞ്ഞൂ.

ഇതു പരിഹരിക്കാൻ സിയാൽ മാതൃകയിൽ കമ്പനിയുണ്ടാക്കീട്ടൊന്നും കാര്യമില്ല. ആറ്റിൽ നിന്നും തോട്ടിൽ നിന്നുമൊക്കെ വെള്ളം പിടിക്കാമെന്നു കമ്പനി നടത്തുന്നവർ വിചാരിക്കുന്നുണ്ടായും. മഴപെയ്യുന്നില്ലെങ്കിൽ അവയിൽ വെള്ളം കാണുമോ? അതും പോരാത്തതിനു എത്ര നീർച്ചാലുകൾ ഉണ്ട് വിശ്വസിക്കാവുന്നതായി. മിക്കതിലും വെള്ളത്തേക്കാൾ കൂടുതൽ വിഷമാണു. ചിലതിൽ മെർക്കുറി. ആ വെള്ളം കുടിച്ച് ആളുകൾ എല്ലാം തളർവാതം പിടിച്ചു കിടന്നോളും. അപ്പോൾ വെള്ളത്തിന്റെ ഉപഭോഗം കുറയുമായിരിക്കും. ഇപ്പോഴാണെങ്കിൽ ആ നദികൾക്ക് ചുറ്റുമുള്ളവർക്കേ അത്തരം സൂക്കേടുകൾ വരു. വലിയ കമ്പനിയൊക്കെ ഉണ്ടാക്കുമ്പോൾ ആ വെള്ളം നാടൊട്ടുക്ക് ഒഴുക്കും. എല്ലാവർക്കും കിട്ടും രോഗം.

നാരായണനു പരിഹാരമുണ്ട്. മഴപെയ്യിക്കണം. അതിനു മരം വെച്ചു പിടിപ്പിക്കണം. പച്ചപ്പ് കൂടണം. ഈ കമ്പനിയൊക്കെ ഉണ്ടാക്കുന്ന കാശുകൊണ്ട് അതു ചെയ്താൽ കാര്യങ്ങൾ മെച്ചപ്പെടും. വേറൊന്നുള്ളത്. നിർമ്മാണമേഖലയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവക്കണം. കെട്ടിടനിർമ്മാണമാണു വെള്ളം ദുരുപയോഗം ചെയ്യുന്ന ഒരു മേഖല. എന്നു മാത്രമല്ല മരങ്ങൾക്ക് നിൽക്കാനുള്ള ഇടങ്ങൾ ഇത്തരം പണിത്തരങ്ങൾ കയ്യടക്കുകയും ചെയ്യുന്നു. ഇതൊക്കെ അറിയാവുന്ന പണ്ടുള്ളവർ സ്വാഭാവികമായ ചെറിയ വീടുകളിൽ താമസിച്ചു. പണിയിടങ്ങൾ സ്ഥിരമായി ഉണ്ടാക്കിയില്ല. ആശാരിയും, കല്ലനും, മോട്ടോർമെക്കാനിക്കുമൊക്കെ പണിയിരിക്കുന്നിടത്തു ചെന്നു പണിതു. നമുക്കിപ്പോൾ അതൊന്നും പോരാ. എല്ലാത്തിനും ഷോറൂം വേണം. മനുഷ്യനേയും താമസിക്കാതെ ഷോറൂമിൽ കൊണ്ടുവന്നു വയ്ക്കും!

അപ്പോൾ നാം എന്തു തീരുമാനിക്കുന്നു? സർക്കാരും ഉദ്യോഗസ്ഥരും മുതലാളിമാരും അതിന്റെ വഴിക്കു പോകട്ടെ. നമുക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചുകാര്യങ്ങൾ ഉണ്ടല്ലോ. അതു ചെയ്യാൻ ഉദ്ദേശിക്കുന്നോ, അതോ വിയർത്തും, ദാഹിച്ചും, തളർവാതം പിടിച്ചും കിടക്കുന്നോ?

No comments: