Thursday, March 14, 2013

ഒരോർമ്മപ്പെടുത്തൽ


രണ്ടായിരത്തിന്റെ തുടക്കത്തിലെ ഏതോ ഒരു ദിവസം. മൈഥിലി അയ്യരെ അന്നാണു ആദ്യമായി കാണുന്നത്. സിലിക്കോൺ വാലിയിൽ വിജയം വരിച്ച ഒരു ടെക്നോക്രാറ്റ് എന്ന നിലയിൽ അവരെ നേരത്തെ കേട്ടിരുന്നു. കാണുമ്പോൾ ബംഗലൂരുവിലെ ഒരു രണ്ട്മുറി ഫ്ലാറ്റിൽ വെറുതെ ഇരിക്കുകയായിരുന്നു, അവർ. മൈഥിലിയെക്കുറിച്ചുള്ള എല്ലാ ഓർമ്മകളിലും ആദ്യം കടന്നു വരുന്നത് കഴുത്തിലൂടെ തൂക്കിയിടാവുന്ന ഒരു കണ്ണടയാണു.

ആധുനികതയോട് കലശലായ ഭ്രമമുള്ള ഒരു സ്ത്രീയായിരുന്നു അവർ. ജീവിതവിജയം നേടണമെന്നു തീരുമാനിച്ചുറച്ച് തിരിച്ചിറപ്പള്ളിയിലെ ഏതോ അഗ്രഹാരത്തിൽ നിന്നും ചെന്നൈലേക്ക് കുടിയേറിയ ഒരു അയ്യങ്കാർ കുടുംബത്തിലെ മൂന്നാം തലമുറ. ആ ആവേശം മൈഥിലിയിലും ഒട്ടും ചോർന്നു പോയിട്ടില്ലായിരുന്നു. അവൾ നന്നായി പഠിച്ചു. ബാംഗ്ലൂർ ഐ.ഐ.എസ്.സിയിൽ നിന്നും ഇലക്ട്രോണിക്സിൽ എം.എസ്.സി. മുംബൈ ഐ.ഐ.ടിയിൽ നിന്നും ഡോക്ടറേറ്റ്. മസാച്യുസെറ്റ്സിൽ വീണ്ടും ഉപരിപഠനം. ആധുനികലോകത്തിന്റെ തലസ്ഥാനം അമേരിക്കയാണെന്നു തിരിച്ചറിഞ്ഞ യൌവ്വനം. ഒന്നു, രണ്ട് ജോലികൾ പരീക്ഷിച്ചു. തൃപ്തി വന്നില്ല. നേരെ സിലിക്കോൺ വാലിയിലേക്ക്. സൈബർ വല ലോകം പിടിച്ചടക്കുന്ന കാ‍ലം. അവൾ തന്റെ സ്ഥാനമവിടെ കൃത്യമായി അടയാളപ്പെടുത്തി. ആഗ്രഹിച്ചതിനേക്കാൾ ഏറെ സമ്പാദിച്ചു. സമ്പത്ത് അധികാരമായി മാറുന്ന കാലത്ത് അവൾ ഒരു ഇടപ്രഭുവായി. ഇന്ത്യയിലെ പരിമിതാകാശത്തിനു പകരം മൈഥിലിക്ക് പറക്കാൻ അമേരിക്കയുടെ അനന്തവിഹായസ്സ് തന്നെ കിട്ടി.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ പകുതിയോടെയാണു അവൾക്കെന്തോ പന്തികേട് തോന്നിയത്. തന്റെ ഉള്ളിൽ താനറിയാതെ ആരോ വന്നു അധികാരമുറപ്പിച്ചിരിക്കുന്നു. കോശങ്ങളിപ്പോൾ പഴയതു പോലെ താൻ പറയുന്നത് കേൾക്കുന്നില്ല. പിടിച്ചടക്കിയവന്റെ ആജ്ഞയിലാണു കാര്യങ്ങളുടെ പോക്ക്. ചിലകോശങ്ങൾ വേഗം വളരുന്നു. അവ തൊട്ടടുത്ത കോശങ്ങളേയും വഞ്ചിച്ച് വരുതിയൊലാക്കുന്നു. അവൾക്ക് അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല ഉടലിൽ നടക്കുന്നത്. മൈഥിലി പ്രതിജ്ഞ ചെയ്തു : " I will fight"

ഉറച്ച തീരുമാനമുള്ള സ്ത്രീയായിരുന്നു അവർ. മുന്നൂറോളം പേരെ അടിമകളേപ്പോലെ പണിയെടുപ്പിക്കുന്ന അഹങ്കാരം അവർക്കുണ്ടായിരുന്നു. പക്ഷെ തന്റെ ഉള്ളിലുള്ളത് തന്നേക്കാൾ പുറത്തുള്ളവർക്കാണു നന്നായി മനസിലാകുന്നതെന്നു അവർ തെറ്റായി വിചാരിച്ചു. കാർ കേടായാൽ മെക്കാനിക്കിനെ കാണിക്കണം. അതാണു മൈഥിലിയുടെ പോളിസി. ഉടൽ ഒരു കാറാണെന്നു എല്ലാ ആധുനികന്മാരേയും പോലെ അവളും വിശ്വസിച്ചു. ഓങ്കോളജിസ്റ്റുകളുടെ മുന്നിലേക്കവൾ ആനയിക്കപ്പെട്ടു. അവർ ആദ്യം നൽകിയ ഉറപ്പ് മരണത്തേക്കുറിച്ചാണു. ജനിച്ച നിമിഷത്തിൽ നിശ്ചയിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യത്തിനു ഫീസുകൊടുത്ത് നാം സർട്ടിഫിക്കറ്റ് വാങ്ങുന്നു. മരണച്ചീട്ട്! ഒരു ഡോക്ടറും തനിക്ക് രോഗമുണ്ടായാൽ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണു രോഗികളോട് പറഞ്ഞ് പണം പറ്റുന്നത്. രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ നിങ്ങൾ മരിക്കും. ഇപ്പോൾ നിങ്ങൾ ഈ അവസ്ഥയിലാണു. അതു മുന്നേറാനാണു സാദ്ധ്യത. അങ്ങനെ നിങ്ങൾ മരിക്കും. പിന്നെന്തിനാണു ഡോക്ടർ നിങ്ങൾ ചികിത്സിക്കുന്നതെന്നു രോഗി ചോദിക്കാത്തിടത്തോളം കാലം ഇതു തുടരും. ജീവിക്കാനുള്ള ഒന്നും നിങ്ങൾക്ക് ആശുപത്രികളിൽ നിന്നും ലഭിക്കുകയില്ല.

ശാരീരികപരിശോധനകൾ, രാസപരിശോധനകൾ, ബയോപ്സി, കീമോ. വേദന, ഒറ്റപ്പെടൽ, ധനനഷ്ടം. മൂന്നു കൊല്ലത്തിനു ശേഷം, പോയി മരിച്ചു കൊള്ളു എന്നു പറഞ്ഞവർ കൈവിട്ടു. മൈഥിലിയുടെ കമ്പനിയിലുള്ള ശ്രദ്ധവിട്ടു. ലാഭം കുറയാൻ തുടങ്ങി. മെഡിക്കൽ ഇൻഷ്വർൻസ് ഒരു ഭാരമായി. അതിനുമപ്പുറം ഒരു ആന്തരിക ശൂന്യത. നാട്, ബന്ധുക്കൾ, സ്നേഹിതർ, ഉഷ്ണമേഖലാ സൂര്യൻ, പൊടിക്കാറ്റ്, കോവിലുകളിലെ മണിമുഴക്കം തുടങ്ങി ഒരുപാട് ഗൃഹാതുരത്വങ്ങൾ. മൈഥിലി കമ്പനി വിറ്റ് ബംഗലൂരിവിലേക്ക് വന്നു.

ഇവിടെയും ചികിത്സ തുടർന്നു. മരണം വരെയുള്ള ചികിത്സയാണല്ലോ മെഡിക്കൽ വ്യവസായത്തിന്റെ നിലനില്പുതന്നെ. എന്നാൽ വിദേശികളേക്കാൾ ചൂഷണപ്രിയരായിരുന്നു സ്വദേശികൾ. സ്വദേശികൾക്ക് തങ്ങൾ കൈകാര്യം ചെയ്യുന്ന മോഡേൺ മെഡിസിനോട് എന്തു ആത്മബന്ധമാണുള്ളത്? പാശ്ചാത്യനേപ്പോലെ തങ്ങളുടെ ജീവിതത്തിൽ നിന്നു ഉരുത്തിരിഞ്ഞുവന്ന ഒരു ശാസ്ത്രമല്ല ഇന്ത്യയിലെ മോഡേൺ മെഡിസിൻ. വളരെ ലാഭമുണ്ടാകുന്ന ഒരു പ്രൊഫഷനായതു കൊണ്ടാണു മിക്കവരും അതിലേക്ക് ആകർഷിക്കപ്പെടുന്നത്. അപ്പോൾ പരമാവധി ലാഭമുണ്ടാക്കാനുള്ള എന്തു ചൂഷണവുമാകാം. എന്നാൽ പാശ്ചാത്യൻ തങ്ങളുടെ അജ്ഞതയിൽ ചെന്നു മുട്ടിയാണു രോഗികളേ ഉപേക്ഷിക്കുന്നത്. അവർക്ക് ആ വൈദ്യശാസ്ത്രത്തിനു അപ്പുറമൊന്നുമറിയില്ല.

മരണത്തെ കാത്തിരിക്കുമ്പോഴാണു വന്ദ്യവയോധികനായ അദ്ദേഹത്തെ ആരോ മൈഥിലിക്ക് പരിചയപ്പെടുത്തുന്നത്. വേറൊന്നിനുമായിരുന്നില്ല. ആ പാണ്ഡിത്യം ഒന്നു കേട്ടാൽ കുറച്ചാശ്വാസമാകുമെന്നു അവർക്ക് തോന്നി. അതിനു വേണ്ടിയുള്ള യാത്രയിലാണു ആദ്യമായി മൈഥിലിയെ പരിചയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹത്തിനു കാര്യം മനസിലായി. മരുന്നുകൾ വിഫലമാണു. കാരണം പഠിപ്പുള്ള സ്ത്രീയാണു അവർ. മരുന്നു പ്രവർത്തിക്കാനുള്ള മനോനില ശാസ്ത്രപഠനം കാരണം അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പിന്നെ?

മൈഥിലി തന്നെ വഴി തുറന്നു -

-ഇനി മരണമേയുള്ളു............. അവൾ പറഞ്ഞു
-എല്ലാവർക്കും ഒരുനാൾ അതുണ്ടാകും. പക്ഷെ ഭയന്നു മരിക്കണോ?
-മരണത്തെ എല്ലാവർക്കും പേടിയില്ലെ?
-അറിയാത്തതു കൊണ്ടാണു. അമ്മയ്ക്കിപ്പോൾ മരണത്തേയല്ല, കാൻസർ കൊണ്ട് മരിക്കുന്നതിനേയാണു പേടി
-വാസ്തവം. രോഗം വന്നു മരിക്കുന്നത് ഓർത്തിട്ട് ലജ്ജ തോന്നുന്നു.
-ലജ്ജിക്കണം. നിങ്ങൾ പഠിപ്പുള്ളവരാണു. എന്നിട്ടും ഒന്നുമറിയില്ല
-അതെന്താണു?
-നിങ്ങളുടെ ഉള്ളിലെ, ഇന്നലെ വരെ കലഹിക്കാത്ത കോശങ്ങൾ കലഹിച്ചു വളരുകയാണു. അത്രെയല്ലെ ഉള്ളു നിങ്ങളുടെ രോഗം?
-ആലോചിക്കുമ്പോൾ ശരിയാണു.
-ഇങ്ങനെ വളരാനുള്ള തീരുമാനവും അതിനുള്ള സംഭാരങ്ങളും നിങ്ങളുടെ ഉള്ളിൽ നിന്നു തന്നെയാണു.
-തീർച്ചയായും. നിങ്ങൾക്ക് അവയെ ശാസിക്കാം, ലാളിക്കാം, വേണ്ടിവന്നാൽ കയർക്കാം. കാരണം നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്. മുടിവളരാൻ. നല്ല പുരികങ്ങൾ സമ്പാദിക്കാൻ. കുട്ടികൾ ഉണ്ടാകാൻ. ബിരുദങ്ങൾ നേടാൻ. തൊഴിലിൽ വിജയിക്കാൻ..............പിന്നെ രോഗം വന്നപ്പോൾ എന്താ പകച്ചു പോയത്.

മൈഥിലി നിശബ്ദമായി കുറേ നേരമിരുന്നു. വന്നയാൾ പോകാനെഴുന്നേറ്റു.
-മരുന്നെന്തെങ്കിലും? അവൾ ചോദിച്ചു
-ഇല്ല. ജീവിക്കണോ, മരിക്കണോ എന്നു തീരുമാനിച്ചു അതു ചെയ്യു.

മൈഥിലി ജീവിക്കാൻ തീരുമാനിച്ചു. രോഗങ്ങളേ സ്നേഹിതരാക്കി കൊണ്ട്. തന്റെ ഉള്ളിൽ ഉണർന്നു വന്ന ഈ കോശങ്ങൾക്ക് തന്നോട് ഒരു പാരസ്പര്യമില്ലെ? പിന്നെ താനെന്തിനു പേടിക്കണം. അവയുമായി കളിച്ചും ചിരിച്ചും മുന്നോട്ടു പോകാം.

ഏഴെട്ടു കൊല്ലം മൈഥിലി ഫോണിലൂടെ എന്നെ വിളിക്കുമായിരുന്നു. ഇടയ്ക്ക് ഒന്നോ, രണ്ടോ തവണ കണ്ടിരുന്നു. പിന്നെ എല്ലാം വിട്ടുപോയി. അവർ എവിടെ എങ്കിലും സ്വസ്ഥമായി ഇരിക്കുന്നുണ്ടാകും. ജീവിതത്തിലായാലും. മരണത്തിലായാലും.

No comments: