Tuesday, February 14, 2012

സോഫാ

സോഫാ വാങ്ങണം. ഒരു മോഹമാണത്. പതുപതുത്ത, ഇരിക്കുമ്പോൾ കുഴിഞ്ഞു പോകുന്ന, കണ്ടാൽ ആർക്കും അസൂയ തോന്നുന്ന വിലകൂടിയ ഒരു സോഫാ. അതിനാണു ഞങ്ങൾ ഷോറൂമിൽ കയറിയത്.

കുഷനിട്ട മരസെറ്റിയാണു ഇപ്പോൾ വീട്ടിലുള്ളത്. അതിനു ഒരു കേടുമില്ല. നല്ല ഒന്നാം തരം തേക്കിൽ ആശാരിയെ വീട്ടിൽ ഇരുത്തി പണിയിച്ചത്.  അതിഥികളെ സ്വീകരിച്ചിരുത്താൻ അതു മതിയാകും. പക്ഷെ അതിന്റെ ഫാഷനൊക്കെ പോയി. 30 കൊല്ലമായി അതു തന്നെയാണു വീട്ടിൽ കിടക്കുന്നത്. അതു മാറ്റി മേടിക്കണമെന്നു ഞാൻ നിശ്ചയിച്ചു.

ഷോറൂമിൽ നിരന്നു കിടക്കുന്ന സോഫകളിൽ എന്നെ ആകർഷിച്ചത് ഒരു ഇമ്പോർട്ടഡ് ലെതർ പീസാണു. വില 1.25 ലക്ഷം. അതല്പം കടന്നു പോയില്ലെ എന്നൊഴിച്ചാൽ മറ്റൊന്നിനേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. എന്റെ നോട്ടം അതിൽ ഉടക്കിക്കിടക്കുന്നതു കണ്ടപ്പോൾ നല്ലപാതിക്ക് ചങ്കിടിക്കാൻ തുടങ്ങി. ഒരു കാര്യത്തിലും ബോധമില്ലാത്തവനാണു ഞാനെന്നു ആയമ്മയ്ക്കറിയാം. ഇത് ഇഷ്ടപ്പെട്ടെങ്കിൽ ഇതുമായേ വീട്ടിൽ പോകു. പക്ഷെ ഇത്ര വില ജാസ്തിയുള്ള ഒന്നു വാങ്ങണോ എന്ന് ശ്രീമതിയുടെ മനസിലൂടെ ഒരു ചിന്ത കടന്നു പോയി. ഖജനാവ് കാലിയാക്കുന്ന ഒരു കാര്യത്തിലും ആയമ്മയ്ക്ക് താല്പര്യമില്ല. ആവശ്യവും പ്രയോജനവുമാണു ചെലവ് ചെയ്യാനുള്ള അവളുടെ മാനദണ്ഡങ്ങൾ. പെട്ടെന്നു അവളിലെ വിഷ്ണുശർമ്മാവ് ഉണർന്നു. മന്ദബുദ്ധികളെ രക്ഷിക്കാനുള്ള സാരസ്വതം ശ്രീമതിയിൽ നിന്നൊഴുകാൻ ആരംഭിച്ചു.

- നമുക്കെന്തിനാ ഇത്ര വില കൂടിയ സോഫാ?
- ഹേയ്! വിലയാണോ പ്രശ്നം? ഇത് കണ്ടില്ലെ? എന്തു ഭംഗിയാണു. നമ്മുടെ മനസിന്റെ ഇഷ്ടമല്ലെ പ്രധാനം. ഇതു നമ്മുടെ സ്റ്റാറ്റസിനു നന്നായി ഇങ്ങങ്ങുകയും ചെയ്യും. താനൊന്നു ആലോചിച്ചെ!
- പക്ഷെ, മാഷെ ഇതിനു നമ്മുടെ ഫ്ലോറുമായി ഒരു മാച്ചുമില്ല.

അപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്. മുന്തിരിക്കറുപ്പാണു സോഫായുടെ നിറം. ഞങ്ങളുടെ ഫ്ലോറിനു ചുവപ്പ് നിറവും. ശരിയാണു. ശ്രീമതി പറഞ്ഞതിൽ ഒരല്പം കാര്യമുണ്ട്. അതു പറയുമ്പോൾ താൻ ഒരു മികച്ച ഇന്റേണൽ ഡിസൈനറാണെന്ന ഒരു ഭാവം അവൾ എടുത്തണിഞ്ഞു. അതു വഴി എന്റെ സൌന്ദര്യബോധത്തെ ഒന്നുണർത്തി ആ വിലകൂടിയ സോഫായിൽ നിന്നും ശ്രദ്ധ മാറ്റിക്കുവാനുള്ള പഞ്ചതന്ത്രം മെടഞ്ഞു.

- ഞാനൊന്നു നോക്കട്ടെ
ചുറ്റും പരതിക്കൊണ്ട് ആയമ്മ പറഞ്ഞു.
അങ്ങനെയാണു ആ ചെറി റെഡ് സോഫ കണ്ടെത്തുന്നത്.
- ഇത് നന്നായിട്ടില്ലെ?
- കൊള്ളാം!

എനിക്കുമത് ബോധിച്ചു. വില 60000 മേയുള്ളു താനും. ആദ്യം കണ്ടതിനേക്കാൾ അഴകുള്ളതായും തോന്നി. വെൽ‌വെറ്റ് കവറിങ്ങ്. ട്രഡീഷണൽ കാർപ്പെന്ററി.

എനിക്കത് ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ ഒരു കള്ളച്ചിരി ആ ചുണ്ടിൽ വിരിഞ്ഞു. ഉടനെ ഉണ്ടായി ആയമ്മയുടെ ആത്മഗതം.

- പെട്ടെന്നു പൊടി പിടിക്കും. അതാ ഒരു പ്രശ്നം!

വാതിലും ജനലുമൊക്കെ തുറന്നിടുന്ന വീടാണു ഞങ്ങളുടേത്. ദിവസം രണ്ടു തവണ അടിച്ചു വാരിയില്ലെങ്കിൽ പൊടി ഇഷ്ടം പോലെ കാണും. പൊടി അലർജ്ജി ഉണ്ടാക്കും. (അപ്പോൾ പഴയ ചാണകം മെഴുകിയ വീടുകളിൽ എന്തോരം അലർജ്ജി ആയിരുന്നിരിക്കണം?) അതായത് ബാംഗ്ലൂർ നഗരത്തിന്റെ സ്റ്റാറ്റസിലാണു ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്നു ചുരുക്കം!

അപ്പോഴാണു മാലഖയേപ്പോലൊരു സെയിത്സ് ഗാൾ അവതരിച്ചത്. അവൾ ശ്രീമതിയുടെ ആത്മഗതത്തിൽ ആകൃഷ്ടയായി പ്രത്യക്ഷപ്പെട്ടതു പോലെയിരുന്നു.

- എന്താ ചേച്ചി പൊടിപിടിക്കുമെന്നോ? വീക്കിലി വാക്വം ക്ലീനർ വച്ചൊന്നു സ്വാപ് ചെയ്താൽ മതി. പൊടി കളയാൻ ഈസിയല്ലെ! പുതിയതു പോലെ ഇരിക്കും. ക്വാളിറ്റി വെൽ‌വെറ്റാണു. വീട്ടിൽ വാക്വം ക്ലീനർ ഇല്ലെ?

അതു പറഞ്ഞിട്ട് അവൾ ശ്രീമതിക്ക് നേരെ ഒരു നോട്ടമെറിഞ്ഞു. ഒരു വാക്വം ക്ലീനറില്ലാത്ത വീടാണോ സ്ത്രീയേ നിന്റേത്എന്നൊരു പുച്ഛം അതിലുണ്ടായിരുന്നു.

അവനവനു ഉപയോഗമില്ലാത്ത സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നവനാണു മദ്ധ്യവർഗ്ഗ മലയാളി.  കിടപ്പുമുറികളുടെ തട്ടുകൾ മുഴുവനും നിറയ്ക്കുന്നത് അത്തരം സാധനങ്ങൾ കൊണ്ടാണു. ചിലവയുടെ പാക്കറ്റുകൾ പോലും തുറന്നിട്ടുണ്ടാവില്ല. അപ്പോൾ ഞങ്ങളുടെ വീട്ടിലും ഒരു വാക്വം ക്ലീനർ കാണാതെ വരില്ല എന്നു അവൾ ഊഹിച്ചെങ്കിൽ അവളെ കുറ്റം പറയാമോ? അഥവാ അങ്ങനെ ഒരെണ്ണം വാങ്ങിച്ചിട്ടില്ലെങ്കിൽ ഈ സോഫാ മേടിക്കാൻ ഇവിടെ വരുമോ?

എന്തായാലും ഞാൻ ഗാളിനോട് യോജിച്ചു. ഞങ്ങളുടെ വീട്ടിൽ വാക്വം ക്ലീനർ ഉണ്ട്. ശ്രീമതിക്ക് അതു ഉപയോഗിക്കാനുമറിയാം. (ശ്രീമതിക്കെന്നു പ്രത്യേകം പ്രസ്താവ്യം. എനിക്ക് അതുമായി ഒരു ബന്ധവുമില്ല)

ഷോറൂമിലായതു കൊണ്ടാവാം ശ്രീമതി പൊട്ടിച്ചിരിച്ചില്ല. വാക്വം ക്ല്ലീനറെന്നല്ല ഒരു ഗൃഹോപകരണവും ഞാൻ കൈ കൊണ്ട് തൊടുന്ന പ്രശ്നമില്ല. എന്നു മാത്രമല്ല അത്തരം ഉപകരണങ്ങൾ കൊണ്ട് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന നാശത്തെക്കുറിച്ച് വാചാലമായി സംസാരിക്കുകയും ചെയ്യും. വാഷിങ് മെഷീനിൽ തുണി ലോഡ് ചെയ്യാൻ പറഞ്ഞാൽ കേട്ടഭാവം നടിക്കാത്ത മൂരാച്ചിയാണു ഇഷ്ടപ്പെട്ട സോഫക്ക് വേണ്ടി വാക്വം ക്ലീനറിനെ പിന്താങ്ങിയിരിക്കുന്നത്. ഇത്രയേ ഒക്കേ ഉള്ളു മനുഷ്യന്റെ ആദർശം. മമതയുണ്ടായാൽ ആദർശം മാറിപ്പോകും.

- ദേ, ഇങ്ങോട്ട് ഒന്നു വന്നേ

നിരത്തിയിട്ടിരിക്കുന്ന ഫർണീച്ചറുകൾക്കിടയിലൂടെ ശ്രീമതി എന്നെ ആകർഷിച്ചു കൊണ്ടു പോയി. പുതിയ ഏതെങ്കിലും മോഡൽ ആയമ്മയുടെ കണ്ണിൽ പെട്ടുകാണും. ഞാൻ പിന്നാലെ ചെല്ലുമ്പോൾ ഗാൾ ഞങ്ങളെ പിന്തുടരുന്നുണ്ടോ എന്നു ശ്രീമതി നോക്കുന്നുണ്ടായിരുന്നു. പേനാക്കത്തിയിൽ ചുണ്ണാമ്പ് തേച്ച് നീട്ടിയതു കണ്ട് പകച്ച യക്ഷിയേപ്പോലെ ഒരേ നില്പ് നിൽക്കുകയാണു അവൾ.

- ദേ, മാഷെ, നമുക്കിപ്പോ ഒരു സോഫയുടെ ആവശ്യം യഥാർത്ഥിൽ ഉണ്ടോ? മോളുടെ പഠിത്തത്തിനു കാശു വേണ്ടെ? അതിങ്ങനെയൊക്കെ ചെലവാക്കിയാൽ......

അവൾ പഞ്ചതന്ത്രം പുറത്തെടുത്തു. മകളോട് എനിക്കൊരല്പം വാത്സല്യം കൂടുതലുണ്ടെന്നു സഹധർമ്മിണിക്കറിയാം. അവളുടെ ഭാവിമോഹങ്ങളാണെങ്കിൽ അല്പം ചെലവ് കൂടിയതുമാണു. ഇപ്പോൾ കാശ് വെറുതെ കളഞ്ഞാൽ അപ്പോൾ വിഷമിക്കും. ഗൾഫുകാരുടെ അവസ്ഥ നമുക്കും പറ്റും. ഇപ്പോൾ തന്നെ വീടിനും കാറിനുമായി നല്ലൊരു സംഖ്യ വായ്പയെടുത്തിട്ടുണ്ട്.

‌- എന്നു പറഞ്ഞാലെങ്ങനാ? നമ്മുടെ സ്റ്റാറ്റസിനു ചേരുന്ന ഫർണീച്ചറുകൾ വാങ്ങേണ്ടത് ഒരു ആവശ്യം തന്നെയല്ലെ? വില കൂടിയ സോഫകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നു നീ തന്നെയല്ലെ ഒരു വാരികയിൽ നിന്നു എന്നെ വായിച്ചു കേൾപ്പിച്ചത്.

അവൾ ചിരിച്ചു. ഇങ്ങനെയൊരു പോഴനേയാണല്ലോ ദൈവം എന്നോട് കൂട്ടിച്ചേർത്തതെന്നു അവൾ നിശ്ചയമായും മനസിൽ വിചാരിച്ചു കാണും.

‌‌- വാരികയിൽ അങ്ങനെയൊക്കെ കാണും. അങ്ങനെയെഴുതിയാലല്ലെ ഫർണിച്ചർ ഷോപ്പുകാർ അവർക്ക് പരസ്യം കൊടുക്കു. അതു കണ്ട് നാം ചെന്നു സാധനങ്ങൾ വാ‍ങ്ങാൻ തുടങ്ങിയാൽ നമ്മുടെ കാശങ്ങ് പോകും. അതെന്താ ഓർക്കാത്തത്? പിന്നെ ഈ സ്റ്റാറ്റസ് എന്നു പറയുന്നത് പട്ടം പോലെയാ. കാറ്റുണ്ടെങ്കിൽ അതങ്ങ് പൊങ്ങി പൊങ്ങി പോകും. കാണാൻ രസമാ. പക്ഷെ ചരട് പൊട്ടുന്നതെപ്പഴാന്നു പറയാൻ പറ്റത്തില്ല. ഇടയ്ക്കൊക്കെ പത്രത്തിൽ കാണാറില്ലയോ, കടം വാങ്ങിയ കുടുംബം ആത്മഹത്യ ചെയ്തു എന്നൊക്കെ.

മരിക്കുന്നത് എനിക്ക് ഭയമുള്ള കാര്യമാണു. അതു കൊണ്ട് തന്നെ ഞാൻ ചിന്തിക്കാമെന്നു തത്ത്വത്തിൽ അംഗീകരിച്ചു. എങ്കിലും സോഫ മേടിച്ചാൽ കൊള്ളാമായിരുന്നു.

- ഇനി ഞാനൊന്നു പറയട്ടെ......

നിഗൂഢമായ ഒരു പുഞ്ചിരിയോടെ ഫർണീച്ചറുകൾക്കിടയിലൂടെ നടന്നു അവയെ തൊട്ടും തലോടിയും അവൾ ചോദിച്ചു.

- ഉം

‌- ആരെങ്കിലും വന്നാൽ മാന്യമായി ഇരിക്കാൻ കഴിയുന്ന ഒരിടം വേണം, അത്രേയല്ലേ ഉള്ളു. പഴയതാണെങ്കിലും നമുക്ക് നല്ലൊരു സെറ്റിയുണ്ട്. അതിനു ഫാഷനില്ലെന്നത് ശരിയാണു. ഇപ്പോൾ അത്തരം സെറ്റികൾ ചുരുക്കം ആളുകളേ ഉപയോഗിക്കുന്നുള്ളു. ഏതെങ്കിലും അതിഥി പറയുമോ താൻ ഇന്ന ബ്രാൻഡ് സോഫയിലേ ഇരിക്കു എന്നു?

അതൊരു പോയന്റാണു. വീട്ടിലേക്ക് ഒരാൾ വരുന്നത് കാര്യം എന്താണെന്നു വച്ചാൽ അത് സാധിച്ചിട്ട് പോകാനാണു. അതിനിടയിൽ ഒരു പ്രത്യേക ബ്രാൻഡ് സൌകര്യം ഇല്ലെന്നു പറഞ്ഞ് വന്ന കാര്യം വേണ്ടെന്നു വച്ചു പോകാറില്ല. അവർക്ക് ഇരിക്കാൻ വൃത്തിയായ ഒരു സ്ഥലം കൊടുക്കണം. ഇപ്പോൾ അത് ഞങ്ങൾക്ക് ഉണ്ട്. പൊട്ടിയതും പൊളിഞ്ഞതുമായ ഇരിപ്പിടങ്ങൾ ഒന്നുമല്ല. ഒരു കൊല്ലം മുൻപാണു കുഷനുകൾ പുതുക്കുകയും വുഡ് ടച്ച് പോളീഷ് നടത്തുകയും ചെയ്തത്.

- നമ്മുടെ വീടൊക്കെ സാധാരണക്കാരുടെ വീടല്ലെ മാഷെ? നമ്മളേപ്പോലെ സാധാരണക്കാരാണു അവിടെ വരുന്നതും. ഇത്തരം വിലകൂടിയ സോഫകളൊക്കെ വാങ്ങിച്ചിട്ട് അവരെ മോഹിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്തു നാം പാപം വരുത്തി വയ്ക്കണോ?

വീണ്ടും അവൾ വിഷ്ണുശർമ്മാവാകുന്നു. മോഹം പാപമുണർത്തും എന്ന ആദ്ധ്യാത്മിക ചിന്തയുടെ വാളാണിപ്പോൾ ആയമ്മ എടുത്തു വീശിയിരിക്കുന്നത്. മരണം പോലെ തന്നെ എനിക്ക് ഭയമുള്ളതാണു പാപവും. ശ്രീമതി തുടർന്നു-

- ഇത്തരം ഫർണീച്ചറൊക്കെ അടച്ചിട്ട് ഏ.സിയൊക്കെ പ്രവർത്തിക്കുന്ന മുറികളിലേ ശോഭിക്കു. ശരിയല്ലേന്നു ഒന്നു നോക്കിക്കെ. നമ്മുടെ കൂട്ട് തുറന്നിട്ട മുറികളിൽ ഇതൊക്കെ കൊണ്ടു ചെന്നു വച്ചാൽ സക്കർ ബർഗ്ഗ് തിരുനക്കര മൈതാനത്തു വന്നു തനിച്ചിരിക്കുന്ന പോലെ ആകത്തൊള്ളു. അല്ലെ?

ഇപ്പോൾ ഞാൻ ശരിക്കും പൊട്ടിച്ചിരിച്ചു പോയി. യക്ഷി ഞങ്ങളെ നോക്കി നില്പുണ്ടായിരുന്നു. അതു കൊണ്ട് പെട്ടെന്നു ചിരിയടക്കി.ഇത്രയും കൊല്ലം എന്റെ ഒപ്പം കഴിഞ്ഞിട്ടും ആയമ്മയ്ക്ക് ഫലിത ബോധമുണ്ടെന്നുള്ളത് അത്ഭുതം തന്നെ!

ഞാൻ കണ്ണു തുറന്നു ചുറ്റിനും നോക്കി. സെണ്ട്രലൈസ്ഡ് ഏ.സിയാണു ഷോറൂം. അലങ്കാര വിളക്കുകൾ കണ്ണു ചിമ്മുന്നു. അതിന്റെ മായിക ശോഭയിൽ തിളങ്ങുന്ന ഫർണീച്ചറുകൾ. സോഫാ മേടിച്ചാൽ ഈ ഒരു സങ്കല്പവുമായി ആയിരിക്കും വീട്ടിലേക്ക് ചെല്ലുക. അങ്ങനെ ചെല്ലുമ്പോൾ.......

കറന്റ് ചെലവ് കുറയ്ക്കാനായി 2 ട്യൂബ് കിടന്നിടത്ത് ഒരു സി.എഫ്.എൽ ആക്കിയ ഞങ്ങളുടെ വീട്ടിൽ ഇതെങ്ങനെ വികൃതമാകുമെന്നു ആലോചിച്ച് ഞാൻ ഞെട്ടി. ഇപ്പോൾ എനിക്കൊരു കാര്യം ബോദ്ധ്യമായി, ഈ MCP എന്നൊക്കെ പറഞ്ഞൂ നടക്കുന്നതു വെറുതെയാ. അതൊക്കെ വാചകമടീലേ ഉള്ളു. വിവേകം പെണ്ണിനു തന്നെയാണു. അന്നും, ഇന്നും, എന്നും.


- ഈ ഫർണീച്ചറിൽ നാമെങ്ങനെയാണു ആകൃഷ്ടരായത്? നമ്മുടെ കുടുംബത്തിനു ഒരു ഫിലോസഫി ഇല്ലാത്തതു കൊണ്ടല്ലെ? നമ്മുടെ വീടുകളിൽ ഇപ്പോൾ ജീവിക്കുന്ന ഒരു തത്ത്വശാസ്ത്രമില്ല.

ഇന്നലെ വരെ ഈ സോഫയേക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലായിരുന്നു. അതു പറഞ്ഞ് തന്നത് പരസ്യങ്ങളാണു. പരസ്യങ്ങളിലൂടെ നാമത് പല തവണ കണ്ടപ്പോൾ അത് നമ്മുടെതാണെന്നൊരു തോന്നൽ. എന്നാൽ അത് കൈവശം ഇല്ലാ താനും. എങ്കിൽ പിന്നെ അതു സ്വന്തമാക്കുകയായി ലക്ഷ്യം. അതിനു കടമെടുത്താ‍യാലും നാം ഇറങ്ങിപുറപ്പെട്ടു.

ശരിക്കാലോചിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നു ആരേയൊക്കെയോ മാറ്റിയിട്ട് ഈ കച്ചവടക്കാർ അവിടെ കയറി ഇരിക്കുകയല്ലെ ചെയ്തത്? പണ്ടായിരുന്നെങ്കിൽ നമ്മുടെ ഒക്കെ ചെറുപ്പത്തിൽ അച്ഛനമ്മമാരാണു ഇത്തരം കാര്യങ്ങൾ വിവേകത്തോടെ നോക്കിയിരുന്നത്. നമുക്ക് പുതിയൊരു ഫർണിച്ചർ വേണമെന്നു തോന്നിയാൽ അവരോടാണു പറയുക. അവർ കച്ചവടക്കാരനേയോ ആശാരിയേയോ കണ്ട് അത് സാധിച്ചു തരും. ഇപ്പോൾ അതാവശ്യമില്ലെങ്കിൽ അത് പറയും. ഇന്നിപ്പോൾ അതൊന്നുമില്ല. എല്ലാം കച്ചവടക്കാർ കീഴടക്കി. അവർക്ക് കച്ചവടം കൂടണമെന്ന ഒരു പോളിസിയേ ഉള്ളു. അതിനു വേണ്ടി അവർ എന്തും പറഞ്ഞു കളയും. നാം അതു കേട്ട് വിസ്മയിക്കുന്നു. നമ്മൾ ഒന്നും കൂടിയാലോചിക്കുന്നില്ല. വിവേകം നമ്മളെ കൈവിട്ടിരിക്കുകയാണോ മാഷെ?

ഭീമമായ വിലകൊടുത്ത് ഈ സോഫാ വാങ്ങിയാൽ എന്താണു നേട്ടം? എന്റെ ഗർവ്വം ശമിക്കും എന്നത് വാസ്തവം. പക്ഷെ അതു കൊണ്ട് എന്തു പ്രയോജനം. ഒരു എക്സ്ചേഞ്ച് ഓഫറിലാണു ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. പഴയ സെറ്റി കടക്കാർ എടുക്കും. അതിനു മോഹവിലയാണു അവർ നൽകാമെന്നു പറഞ്ഞിരിക്കുന്നത്. അതിന്റെ രഹസ്യവും ശ്രീമതി വെളിപ്പെടുത്തി.

- ഇത്രയും വില നമ്മുടെ പഴയ സെറ്റിക്ക് തരണമെങ്കിൽ അതിനു ഒരു ആന്റിക് വാല്യൂ കാണില്ലെ മാഷെ? അല്ലെങ്കിൽ ആരാ ഇതിനു ഈ വിലയിടുന്നത്. പണിയിപ്പിച്ച കാലത്തേക്കാൾ വിലയല്ലെ അവർ ഇപ്പോൾ പറയുന്നത്. അല്ലെങ്കിൽ നമുക്ക് തരാമെന്നു പറയുന്ന വിലകൂടി പുതിയ ഫർണീച്ചറിൽ ചേർത്തു നമ്മുടെ പണം തന്നെ തിരികെ തരും. വീടുകളിൽ ഫർണിച്ചറുകൾ സൂക്ഷിക്കാൻ സൌകര്യമില്ലാത്തവർക്ക് ഇത്തരം എക്സ്ചേഞ്ചുകൾ ആശ്വാസമായിരിക്കും. രണ്ടായാലും നമ്മൾ പൊറുക്കണം. നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം അങ്ങനെ വെറുതെ കളയണോ? മാഷു പറയു....

അതു കൂടി കേട്ടതോടെ അവിടെ നിന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. പക്ഷെ എങ്ങനെ പുറത്തു ചാടും? അതിനും വഴി കണ്ടെത്തിയതു സഹധർമ്മിണി തന്നെ.

‘ഡിസൈഡ് ചെയ്തോ’ എന്നു ചോദിച്ചു കൊണ്ട് യക്ഷി കടന്നു വന്നു. അതു തന്നെ അവസരം എന്നു കണ്ട് ശ്രീമതി അതിൽ പിടിച്ചു കയറി. സോഫായുടെ മെറ്റീരിയൽ, ഡിസൈൻ, കാർപ്പന്ററി തുടങ്ങിയവയിൽ അവർ തമ്മിൽ വലിയൊരു വാഗ്വാദം നടന്നു. ശ്രീമതിയുടെ ഫർണീച്ചർ കാര്യത്തിലുള്ള വ്യുൽ‌പ്പത്തി കണ്ട് ഞാൻ അന്തം വിട്ടു. തന്റെ സങ്കല്പത്തിലുള്ള സോഫയേപ്പറ്റി ആയമ്മ പറഞ്ഞപ്പോൾ യക്ഷിയുടെ കണ്ണു തള്ളിപ്പോയി. ആ അന്വോന്യത്തിൽ യക്ഷി തോറ്റു. മാറ്റച്ചുരികയ്ക്കായി അവൾ സൂപ്പർവൈസറുടെ നേർക്ക് നോക്കുന്നതിനിടയിൽ രോഷം അഭിനയിച്ചു കൊണ്ട് ഞങ്ങൾ പുറത്തു ചാടി. വാരികകൾ വരുത്തുന്നതു കൊണ്ട് ഇങ്ങനെയും ചില പ്രയോജനമില്ലെ? ഇത്തരം ഇൻഫർമേഷാൻ കിട്ടുന്നുണ്ടല്ലോ എന്നു ശ്രീമതി. എന്നാൽ വേഗം വിട്ടോ എന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ കാറിലേക്ക് കയറി.

8 comments:

അശോക് കർത്താ said...

അവൾ ചിരിച്ചു. ഇങ്ങനെയൊരു പോഴനേയാണല്ലോ ദൈവം എന്നോട് കൂട്ടിച്ചേർത്തതെന്നു അവൾ നിശ്ചയമായും മനസിൽ വിചാരിച്ചു കാണും.

അരവിന്ദ് നീലേശ്വരം said...

"മന്ദബുദ്ധികളെ രക്ഷിക്കാനുള്ള സാരസ്വതം ശ്രീമതിയിൽ നിന്നൊഴുകാൻ ആരംഭിച്ചു" :D

K.P.Sukumaran said...

നന്നായി എഴുതി, എഴുത്തില്‍ മിതത്വം പാലിച്ചു.

anushka said...

നന്നായി..

Unknown said...

നന്നായി സോഭക്കഥ
ആശംസകള്‍

ഇവിടെ ഒന്ന് വിസിറ്റൂ
http://admadalangal.blogspot.com/

റോസാപ്പൂക്കള്‍ said...

ഇഷ്ടപ്പെട്ടു ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത ഈ ചിന്തകള്‍

lady said...
This comment has been removed by the author.
bindu said...

വളരെ അധികം ഇഷ്ടപ്പെട്ടു...