Thursday, January 26, 2012

ചികിത്സാ നിരീക്ഷണ കമ്മീഷൻ സ്ഥാപിക്കണം

ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?

നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ ചികിത്സ കിട്ടണം. അതിനു ഇക്കാലത്ത് സമീപിക്കാവുന്നത് ഒരു ഡോക്ടറെ / ആശുപത്രിയെയാണ്. അവിടെ പലവിധ പരിശോധനകൾക്ക് നിങ്ങൾ വിധേയമാകുന്നു. എന്നിട്ടാണു രോഗം നിശ്ചയിക്കപ്പെടുന്നത്. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മരുന്നു കഴിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യുന്നു. ചിലപ്പോൾ അയവങ്ങൾ മാറ്റിവയ്ക്കാം. എന്തായാലും നിങ്ങൾ ഒരു  മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുന്നു. അതു കഴിയുമ്പോൾ അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും. ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി വീട്ടിലേക്ക് മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. മറ്റുള്ളവർക്ക് ബാദ്ധ്യതയും പ്രാരാബ്ധവുമായി ജീവിതാശ നശിച്ച് മരിക്കും. അല്ലാതെ ആശുപത്രി ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധം തുച്ഛമായാണു കാണപ്പെടുന്നത്. ഇതൊക്കെയല്ലെ ഒരു മലയാളി പേഷ്യന്റിന്റെ സാധാരണ അനുഭവങ്ങൾ. ആരോഗ്യാർത്ഥികൾ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നതിൽ ആശുപത്രി സംവിധാനങ്ങൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നറിയാൻ ഇന്നു ഒരു സംവിധാനവും ഇന്നില്ല.

ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ ചികിത്സ കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ എന്തു ചെയ്യും? എന്തെങ്കിലും വഴി ഈ ഭൂമിമലയാളത്തിൽ ഉണ്ടോ? അതൊക്കെ പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ എവിടെയും ഉള്ളതായി അറിവില്ല. ഒരു തരം ബ്രിട്ടീഷ് ഹൈറാർക്കിയാണു മോഡേൺ മെഡിസിന്റെ രംഗത്തു.

ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന വിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ നോക്കണം. അതിനിടയിൽ രോഗി പീഢിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഒരു വഴിയില്ല.

പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല. അപ്പോൾ ഡോക്ടർ ന്യായമായും ആശുപത്രിയുടെ സാമ്പത്തിക കാര്യ മാനേജർ പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനായിത്തീരും. അയാൾക്കാണെങ്കിൽ രോഗി ഒരു ചരക്ക് മാത്രമാണു. ചികിത്സ വിൽക്കാൻ വച്ചിരിക്കുന്ന ഉൽ‌പ്പന്നവും. ഡോക്ടർ ചരക്ക് വിൽക്കാനുള്ള ഉപകരണം. അതെങ്ങനെ ലാഭകരമായി കച്ചോടം ചെയ്യാമെന്നേ ഫിനാൻഷ്യൽ മാനേജർ ചിന്തിക്കു.

അപ്പോൾ ഫിനാൻസ് മാനേജർ എന്തു ചെയ്യും? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം എന്നു ഡോക്ടർക്ക് നിർദ്ദേശം കൊടുക്കും. നല്ല ഡോക്ടറാണെങ്കിൽ കൂടി പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കിയാൽ പോലും, സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ അയാൾ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്തണമെന്നു നിർബ്ബന്ധമൊന്നുമില്ല. പണമുണ്ടാക്കാനുള്ള ഒരു വഴി ടെസ്റ്റുകൾ ഉപയോഗിക്കപ്പെടണമെന്നു മാത്രമേയുള്ളു. ചില ഡോക്ടറന്മാരുണ്ട് ടെസ്റ്റ് നടത്തണ്ടെങ്കിൽ അത് കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും.

ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. സ്കാൻ വീഡിയോ സഹിതമായിരുന്നു റിപ്പോർട്ട്. എന്നാൽ ആ ഹതഭാഗ്യയായ സ്ത്രീ തന്റെ ‘ചൈൽഡ് ഫാക്ടറി’ ഡീകമ്മീഷൻ ചെയ്തിട്ട് 11 കൊല്ലമായിരുന്നു. അവർ സരസയായതു കൊണ്ട് ഡോക്ടറോട് ചോദിച്ചു: “ഇവിടെ ഈ സംവിധാനമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരായിരം പേരെ ഇങ്ങോട്ട് അയച്ചേനെ” ഡോക്ടർക്കും മാനേജർക്കും വളിച്ച മുഖവുമായി ഇരിക്കാനേ കഴിഞ്ഞുള്ളു. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു. അത് നിർത്തിക്കാൻ ചികിത്സക്ക്  ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം മാവേലിക്കരയിലെ ആ ഹോസ്പിറ്റലിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.

കേരളത്തിന്റെ അയൽ‌സംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു അതിൽ നായകനായി അഭിനയിച്ചത്.

അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. ഇതൊന്നും വിശകലനം നടത്താൻ പ്രയാസമാണു. ചിലതൊക്കെ അപ്പോൾ അത്യാവശ്യമാകും. എന്നാൽ അനാവശ്യ മാനേജുമെന്റുകൾ നടത്തുന്നതോ? രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആശുപത്രികൾ അതു ചെയ്യുന്നത്. ചിലതൊക്കെ ഡോക്ടറന്മാർ അറിയാറു പോലുമില്ല. അപകടത്തിൽ ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗി. അയാളുടെ എല്ലുകൾക്കും ഒടിവുണ്ട്. രോഗി എതാണ്ട് മരിക്കുമെന്നു ഉറപ്പായപ്പോൾ അസ്ഥികൾ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തണമെന്നു ആശുപത്രി നിർബ്ബന്ധം പിടിച്ചു. രോഗിയുടെ ഡോക്ടറായ ഒരു ബന്ധുവിനു ഒരു സംശയം തോന്നി. അയാൾ രോഗിയെ നിരീക്ഷിച്ചപ്പോൾ ഒരു സംശയം മസ്തിഷ്കമരണം സംഭവിച്ചില്ലേ? പിന്നെന്തിനാ പ്ലേറ്റിടണമെന്നു അവർ പറയുന്നത്.  ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. മെറിറ്റിൽ പ്രവേശനം നേടി, നന്നായി പഠിച്ച്, പി.എസ്.സി ടെസ്റ്റെഴുതി സർക്കാരിൽ ജോലിനേടിയ ഒരാളായതു കൊണ്ടാവും ആ ഡോക്ടർക്കങ്ങനെ തോന്നിയത്. എന്തായാലും അദ്ദേഹത്തിനു അങ്ങനെ തോന്നിയതു കൊണ്ട് രോഗി പ്രവർത്തിച്ചിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിനു 1.25 ലക്ഷം രൂപ നഷ്ടമായില്ല.

വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഈ രോഗത്തിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”

അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.

വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുന്നുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല ഒരു സംശയമാണു. കാരണം അവയുടെ മുടക്കുമുതൽ അത്രയ്ക്ക് ഭീമമാണു.

അപ്പോൾ എവിടെക്കയോ എലികൾ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?

രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടും?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?

അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻ‌കുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.

ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.

ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?

2 comments:

അശോക് കർത്താ said...

ഹതഭാഗ്യയായ സ്ത്രീ തന്റെ ‘ചൈൽഡ് ഫാക്ടറി’ ഡീകമ്മീഷൻ ചെയ്തിട്ട് 11 കൊല്ലമായിരുന്നു. അവർ സരസയായതു കൊണ്ട് ഡോക്ടറോട് ചോദിച്ചു: “ഇവിടെ ഈ സംവിധാനമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരായിരം പേരെ ഇങ്ങോട്ട് അയച്ചേനെ” ഡോക്ടർക്കും മാനേജർക്കും വളിച്ച മുഖവുമായി ഇരിക്കാനേ കഴിഞ്ഞുള്ളു.

കുഞ്ഞൂസ് (Kunjuss) said...

അറിവിന്റെ ഒരു ഖനി തന്നെയാണല്ലോ ഈ ബ്ലോഗ്‌, എന്നിട്ടും എന്തേ ആരും കാണാതെ പോകുന്നു...?