Thursday, January 26, 2012

ആത്മകഥകൾ എന്തിനു വായിക്കണം?

ആത്മകഥാകൃത്തുക്കൾ കഥ തുടങ്ങുമ്പോൾ പറയുന്ന ഒരു പല്ലവിയുണ്ട്. എല്ലാ സത്യവും പറയില്ല. അത് മറ്റു ചിലരെ വേദനിപ്പിക്കും. അങ്ങനെയാണു ആത്മകഥകൾ തുടങ്ങാറ്. അതാണു ഏറ്റവും വലിയ നുണ. ആത്മകഥ എന്ന പേരിനെ നിഷേധിക്കുന്ന ഒരു പ്രയോഗമാണത്. തന്റെ പ്രിയങ്ങളും മനസിന്റെ നിഗൂഢതകളും തുറന്നു കാട്ടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണു ആ മുങ്കൂർ ജാമ്യമെടുപ്പ്. എന്റെ സത്യാന്വേഷണ പരീക്ഷകൾ പോലും അതിൽ നിന്നും വ്യത്യസ്ഥമല്ലെന്നു ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. സത്യത്തെ അന്വേഷിച്ചു പോയ ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ്സ് പ്രസിഡന്റെ സ്ഥാനത്തു നിന്നും മാറ്റാൻ സത്യഗ്രഹം കിടന്ന ആളാണു. എന്താണു അതിനു കാരണം? സാങ്കേതികമായി ചില ന്യായങ്ങൾ പറയുന്നുണ്ടെങ്കിലും നെഹൃവിനോട് തനിക്കുള്ള പ്രിയവും വിധേയത്വമാണു അതിന്റെ പ്രേരണയെന്നു അദ്ദേഹം തുറന്നു പറയുന്നില്ല. അപ്പോൾ തന്നെ സത്യാന്വേഷണ പരീക്ഷകൾ അസത്യാന്വേഷണ പരീക്ഷകളായി മാറുന്നു. നമ്മുടെ നാട്ടിലെ ചവറു വ്യക്തിത്വങ്ങൾ ആത്മകഥ എന്ന പേരിൽ എന്തൊക്കെയാണു വച്ചു കാച്ചുന്നത്. അതൊക്കെ നാം ഘോഷത്തോടെ കൊണ്ടു നടത്തുന്നു. ഗാന്ധിക്ക് കഴിയാത്തത് ഇവരിൽ നിന്നു നാം പ്രതീക്ഷിക്കുന്നു. കഷ്ടം!

ആത്മകഥ കൊണ്ട് എന്തു പ്രയോജനം? അതു മനസിലാക്കിയാവണം ഇ.എം.എസ് ആത്മകഥ എഴുതാതെ വിട്ടത്. ആത്മകഥ എന്ന പേരിൽ അദ്ദേഹം പുറത്തു വിട്ടത് അന്നത്തെ കേരള സാമൂഹികാവസ്ഥയും പാർട്ടി ചരിത്രവുമായിരുന്നു. അതു പോലും അപൂർണ്ണവും പക്ഷപാതപരവുമാണെന്നു പറയാതെ തരമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അതു അദ്ദേഹത്തിനു ഒരാവശ്യമായിരുന്നതു കൊണ്ട് ഇ.എം.എസ്സിന്റെ ആത്മകഥയെ സാധാരണ ആത്മകഥ എന്ന രീതിയിൽ കാണേണ്ടതില്ല.

ആത്മകഥാ ചരിത്രത്തിൽ വ്യത്യസ്ഥമായ ഒന്നാണു കവിയുടെ കാൽ‌പ്പാടുകൾ. എന്നാൽ അതു ആത്മകഥയേക്കാൾ ഉപരി ഒരു കവിതയാണു. പി.കുഞ്ഞിരാമൻ നായർക്ക് ചേരുന്ന ഒരു കൃതി.

എം.കെ.കെ നായരുടെ ആത്മകഥ തന്റെ വ്യഥകളുടെ ഒരു ചരിത്രമാണെന്നു പറയാം. തന്റെ ഈഗോയെ പരമാവധി മാറ്റി നിർത്തി ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹം ശ്രമിച്ചു. അതും ആദരണീയം. എന്നാൽ മലയാറ്റൂരിന്റെ സർവ്വീസ് സ്റ്റോറി വായനാ സുഖമുണ്ടെങ്കിലും ബ്യൂറോക്രസിയുടെ പ്രചാരണപുസ്തകമാണു.

എല്ലാ ആത്മകഥകളിലും എഴുത്തുകാരൻ അവനവനെ വിശകലനം ചെയ്യുന്നതിനു പകരം സമൂഹത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താനാണു ശ്രമിക്കുന്നത്. അതു ചെയ്യുമ്പോൾ അവർ ചെയ്ത പാതകങ്ങൾ മറച്ചു വയ്ക്കും. ഗാന്ധിജി സുഭാഷ് ബോസിന്റെ കാര്യത്തിൽ ചെയ്ത പോലെ. നളിനി ജമീലയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥയിൽ പോലും അതു കാണാം.

ശരിക്കാലോചിച്ചാൽ ആത്മകഥ കൊണ്ട് എന്തു പ്രയോജനം? മറ്റൊരാളുടെ ജീവിതം വേറൊരാൾക്ക് ജീവിക്കാനാവില്ല. എന്നു മാത്രമല്ല ആത്മകഥയ്ക്ക് വലിയൊരു ദോഷവുമുണ്ട്. എഴുത്തുകാ‍രന്റെ ജീവിതവീക്ഷണത്തോടും ഈഗോയോടും താദാത്മ്യം പ്രാപിക്കേണ്ടി വരും. അതു വായനക്കാരന്റെ ജീവിതത്തെ ഒന്നുകൂടി സങ്കീർണ്ണമാക്കും. എല്ലാ ജീവനും വാസനാ ബദ്ധമായിട്ടാണു കർമ്മ കലാപങ്ങളിൽ ഏർപ്പെടുന്നത്. അതു തന്നെ ജീവിച്ചു തീർക്കാനും ചിന്തിക്കാനും ധാരാളം. അതിനിടയിൽ മാറ്റൊരാളുടെ വാസനാജാലത്തിന്റെ ചുമടുകൂടി എന്തിനു എടുക്കണം? ആ വാസകളെക്കൂടി നാം കൂടെക്കൂട്ടേണ്ടി വരുമ്പോൾ എന്താകും കഷ്ടപ്പാടുകൾ. അങ്ങനെ ഉയർന്നു വന്ന ഒരു താരമാണു അന്നാ ഹസ്സാരെ. ഗാന്ധിയുടെ ആത്മകഥയുടെ പ്രചാരമാവില്ലെ (എഴുതിയതും പറഞ്ഞു കേട്ടതും) ഹസ്സാരെയേ വിശുദ്ധനാക്കാൻ നോക്കുന്നതിന്റെ പിന്നിൽ.

ഇന്ത്യയിൽ ശ്രദ്ധേയമായ ഒരു ആത്മകഥയുണ്ട്. പക്ഷെ അതാർക്കും അംഗീകരിക്കാൻ ഇഷ്ടമില്ല. അത് വ്യാസന്റെ ആത്മകഥയാണു. മഹാഭാരതം എന്നാണു അതിന്റെ പേർ. ജീവന്റെ ആദ്യചലനം മുതൽ കർമ്മകലാപങ്ങളിലൂടെ മോക്ഷത്തിലേക്കുള്ള യാത്ര. വ്യാസൻ അതു ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ഓരോ കഥാപാത്രവും താൻ തന്നെയാണെന്നു സത്യസന്ധതയോടെ അദ്ദേഹം പറയുന്നു. ദുര്യോധനനും, ധർമ്മപുത്രരും, കൃഷണനും, ശകുനിയുമെല്ലാം തന്റെ തന്നെ ആർക്കീടൈപ്പുകൾ എന്നു അ പറയാൻ വ്യാസനു മടിയില്ല. ആ ഭാവനയുടെ ഉദാത്തതയിലേക്കുറ്യരുന്ന സത്യസന്ധമായ ഒരു ആത്മകഥ ചൂണ്ടിക്കാട്ടുവാനുണ്ടോ?

2 comments:

അശോക് കർത്താ said...

എല്ലാ ആത്മകഥകളിലും എഴുത്തുകാരൻ അവനവനെ വിശകലനം ചെയ്യുന്നതിനു പകരം സമൂഹത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താനാണു ശ്രമിക്കുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ദുര്യോധനനും, ധർമ്മപുത്രരും, കൃഷണനും, ശകുനിയുമെല്ലാം തന്റെ തന്നെ ആർക്കീടൈപ്പുകൾ എന്നു അ പറയാൻ വ്യാസനു മടിയില്ല. ആ ഭാവനയുടെ ഉദാത്തതയിലേക്കുറ്യരുന്ന "

ഈ വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു :)