Sunday, June 9, 2013

മലയാളിയുടേതു വെറും ഒരു റബ്ബർജീവിതമാണു.


മലയാളി ജീവിതം ഏറെയും ഐഡന്റിഫൈ ചെയ്യുന്നത് റബ്ബറിനോടാണു. വലിയ, വലിയ കൃഷിസ്ഥലങ്ങൾ മുറിച്ച് ചെറിയ കഷണങ്ങളാക്കിയതു പോലെ മലയാളിയുടെ കുടുംബങ്ങൾ പിരിഞ്ഞു. ലാഭത്തിനു ഒറ്റവിളയെന്ന റബ്ബറിന്റെ സങ്കല്പം പോലെ താൻ, തന്റെ കുടുംബം എന്ന നിലയിൽ അണുകുടുംബങ്ങളിലേക്കവൻ ചുരുങ്ങി. പ്രത്യേകം ഒരുക്കപ്പെട്ട കൃഷിയിടങ്ങളിലാണു റബ്ബർ നടുന്നത്. അവിടെ വേറൊരു പുൽനാമ്പുപോലും മുളക്കില്ല. മലയാളി കുടുംബങ്ങളും അങ്ങനെയായിട്ടുണ്ട്. അച്ഛൻ, അമ്മ, അമ്മായി, സഹോദരങ്ങൾ ഒന്നും ഒരുമിച്ച് ജീവിക്കുന്നത് അവനു ഇഷ്ടമല്ല. തട്ടുതട്ടുകളായുള്ള ഭൂമിയിൽ റബ്ബർ വളരുമ്പോൾ മലയാളിയും തട്ടുതട്ടുകളായുള്ള ഫ്ലാറ്റുകളിലേക്ക് പോകുന്നു............

നഴ്സറികളിൽ നിന്നാണു രണ്ടിന്റേയും തുടക്കം. മികച്ച തൈകൾ വേണമെന്നാണു കർഷകന്റെ ആശ. അതിനു റബ്ബർബോർഡ് മാനദണ്ഡത്തിൽ നഴ്സറികളിൽ വളർത്തുന്ന തൈകൾ വാങ്ങണം. ഗർഭവും ആശുപത്രിയിലെ അതിന്റെ പരിചരണവും ഒരു നഴ്സറി വളർത്തൽ പോലെയല്ലെ? ഗൈനക്കിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ ഈ മലയാളത്തിൽ ഏതെങ്കിലും ഭ്രൂണം വളർത്തപ്പെടുന്നുണ്ടോ? കൃത്യമായ അളവിൽ പോഷണങ്ങൾ കൊടുത്തു തൈവളർത്തുന്നതുപോലെ മലയാളിയും കുഞ്ഞിനെ അമ്മയുടെ ഉദരത്തിൽ വളർത്തിയെടുക്കുന്നു. എന്തിനു? തൈനട്ടാൽ കിലോക്ക് 200 എങ്കിലും വില ലഭിക്കുന്ന പാൽ കിട്ടണം. കുട്ടിവളർന്നാൽ ധനം സമ്പാദിക്കണം.

കാർഷിക ശാസ്ത്രജ്ഞന്മാരാണു റബ്ബർകൃഷിക്ക് അവലംബം. കർഷകനു കൃഷിയിൽ ഒരു മനസുമില്ല. എല്ലാം റബ്ബർബോർഡ് പറയുന്നതുപോലെ ചെയ്യും. കുട്ടികളുടെ കാര്യവും അതു തന്നെ. ഡോക്ടറന്മാർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മനശ്ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരാണു ഇവിടെയിപ്പോൾ ഒരു മനുഷ്യന്റെ ജീവിതം നിശ്ചയിക്കുന്നത്. ഒരു കുഞ്ഞുജനിക്കുമ്പോൾ ആദ്യം കഴിക്കണ്ട ഭക്ഷണമ്പോലും മുലപ്പാൽ അല്ലാതായിട്ടുണ്ട്. നാൻ കൊടുക്കണം. എങ്കിലേ വെട്ട്ഗുണമാകു. ശാസ്ത്രജ്ഞർ പറയുന്നത് പരമാവധി ഭംഗിയായി ചെയ്യുന്നിടത്താണു മാതാപിതാക്കളുടെ ഉദാത്തത. അതോടെ അവരുടെ ചുമതലകൾ തീരുകയും ചെയ്യുന്നു. പാരസ്പര്യവും സ്നേഹവും ഒരധികപ്പറ്റാണു.

റബർ വളരുമ്പോൾ കാറ്റുപിടിക്കാതെ നോക്കണം. കുഞ്ഞുവളരുമ്പോഴും അങ്ങനെ തന്നെ വേണം. റബ്ബറിനു ഊന്നുകൊടുക്കാം. കുട്ടിക്ക് കരിക്കുലമാണു താങ്ങ്. പിന്നീട് ഉൽ‌പ്പാദനക്ഷമമാക്കണമെങ്കിൽ അതിനു തക്ക സാഹചര്യത്തിൽ വളർത്തണം. സ്കൂൾ തെരെഞ്ഞെടുക്കുന്നത് റബ്ബറിനോടുള്ള ഈ മനോഭാവം വച്ചാണു. റബ്ബർ വളർത്താൻ വായ്പകിട്ടും. കുട്ടികൾക്കു പഠിക്കാനും അതുണ്ട്.

തോട്ടത്തിൽ പടുനാമ്പുകൾ മുളയ്ക്കാതിരിക്കാൻ റബ്ബറിനിടയിൽ പയറിട്ടുകൊടുക്കും. മലയാളിക്ക് മത്സരപ്പരീക്ഷകളാണു പയർ. അങ്ങനെ കാലമെത്തുമ്പോൾ പാലെടുത്തു തുടങ്ങാം. പക്ഷെ പരിരക്ഷ എപ്പോഴും വേണം. മഴക്കാലത്തും പാലെടുക്കണ്ടെ? അതിനു റയിൻഗാർഡ് ഉപയോഗിക്കാം. മനുഷ്യനു ഇൻഷ്വറൻസുകൾ. റബ്ബറിനു സബ്സിഡി കിട്ടും. മനുഷ്യനും കിട്ടുമത്...............

റബ്ബർ നടുന്നതിന്റെ ലക്ഷ്യം പരമാവധി ഉല്പാദനം മാത്രമാണു. അതു കിട്ടിയില്ലെങ്കിൽ കർഷകന്റെ മനസുമടുക്കും. പിന്നെ കടുംവെട്ടായി. റീപ്ലാന്റിങ്ങായി. മലയാളി കുടുംബങ്ങളും ആ വഴി സ്വീകരിക്കുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ റബ്ബറിനെ ധ്യാനിച്ചിട്ടാണെന്നു തോന്നുന്നു.

വെട്ടുകഴിഞ്ഞ് പട്ടമരച്ചു തുടങ്ങിയാൽ റബ്ബർത്തടികൾ സോമില്ലിലേക്ക്........... അച്ഛനമ്മമാർ ആശുപത്രികളിലേക്ക്. അല്ലെങ്കിൽ വൃദ്ധസദനത്തിൽ................

റബ്ബർ മലയാളിയുടെ അസ്തിത്വമായി മാറിയിരിക്കുന്നു.

No comments: