Monday, June 3, 2013

ആയുർവ്വേദം : ധവളപത്രമിറക്കണം

ആയുർവ്വേദത്തിനു ഇതര മെഡിക്കൽ ശാഖകളെ അപേക്ഷിച്ച് രോഗം ഭേദമാക്കാനുള്ള കഴിവ് എത്രമാത്രമുണ്ട്? മോഡേൺ മെഡിസിൻ ഇല്ലെങ്കിൽ മനുഷ്യൻ രോഗം വന്നു മരിച്ചു പോകില്ലെ?

ഒരല്പം മുൻപ് ദുബായിൽ നിന്നു ഒരു സ്നേഹിതൻ ഫോണിലൂടെ ചോദിച്ച സംശയമാണു.

50നൂറ്റാണ്ടുകളായി വലിയ കൂട്ടിച്ചേർക്കലോ ഇളക്കിമാറ്റലോ ഇല്ലാതിരിക്കുന്ന ഒരു വൈദ്യശാഖയാണു ആയുർവ്വേദം. അതിന്റെ അടിസ്ഥാനമായ ത്രിദോഷ സിദ്ധാന്തത്തിനു ഒരു പരിഷ്കാരവും വന്നിട്ടില്ല. എന്നിട്ടും അതിലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാനും ഫലം നേടാനും കഴിയുന്നുണ്ട്. അനുഭവം കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കെന്തോ തകരാറുണ്ടെന്നു വിശ്വസിക്കണം.

300 കൊല്ലത്തിലധികം പഴക്കമില്ലാത്തതാണു മോഡേൺ മെഡിസിൻ. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അതു കേട്ടിട്ടുള്ള പഴിക്ക് കയ്യും കണക്കുമില്ല. അനേകം രോഗങ്ങൾക്ക് ആ ശാഖയിൽ പ്രതിവിധികളില്ല. ഒട്ടനവധി രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കാനും കഴിയുന്നില്ല. മാത്രമല്ല ആശുപത്രിചികിത്സ പുതിയ പുതിയ രോഗങ്ങളേ ജനിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇരിക്കെ കാര്യങ്ങൾ സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ തന്നെ വ്യക്തമാകും. പക്ഷെ നാമതു ചെയ്യില്ല. നമുക്ക് സായിപ്പ് പറയുന്നത് ശാസ്ത്രവും ഭാരതീയമായിട്ടുള്ളത് വിശ്വാസവുമാണു.

ഇനി, സ്നേഹിതൻ ഉന്നയിച്ച സംശയം ദൂരികരിക്കാൻ ഒരൊറ്റ മാർഗമേയുള്ളു. ആധുനിക ചികിത്സ തെളിവുകളുടെ അടിസ്ഥാനത്തിലാണു ശാസ്ത്രീയമെന്നു പറഞ്ഞ് മേൽക്കൈ നേടുന്നത്. അനുഭവം തെളിവായി എടുക്കാൻ നമുക്ക് സമ്മതമല്ല. അതിനു കാരണം യന്ത്രങ്ങളിലും പരിശോധനകളിലുമുള്ള നമ്മുടെ അമിതവിശ്വാസമാണു. ഒരുതരം അന്ധവിശ്വാസം. ആ അന്ധവിശ്വാസം കൊണ്ടേ ഇനി സുഹൃത്തിന്റെ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാവു. യന്തിരൻ പറയട്ടെ ഏതാണു മികച്ച ചികിത്സ എന്നു.

രോഗം വന്നു അലോപ്പതി നോക്കുകയും അവിടെ രക്ഷയില്ലാതെ ആയുർവ്വേദത്തിൽ ചികിത്സ നടത്തി സുഖപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ നമുക്കിടയിലുണ്ട്. അവരുടെ രോഗചരിത്രം പരിശോധിച്ചാൽ ഉത്തരം കിട്ടും. അപ്പോഴും ആധുനികവൈദ്യം ഒരു ഒഴിവുകഴിവു പറയാനിടയുണ്ട്. നേരത്തെ നടത്തിയ പരിശോധനകൾ തെറ്റായിരുന്നു. പിന്നെ എന്തിനു അതിനെ അടിസ്ഥനമാക്കി ചികിത്സിച്ചു എന്നു ചോദിക്കരുത്. ഡയഗണോസിസ് ചെയ്ത രോഗം രോഗിക്ക് കാണില്ല. അതുകൊണ്ടാണിപ്പോൾ ആയുർവ്വേദം കൊണ്ട് മാറിയത്.......... അപ്പോൾ പിന്നെ ഒരു വഴിയേ അവശേഷിക്കുന്നുള്ളു.

ആധുനിക വൈദ്യം രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്ന (അ)ശാസ്ത്രീയരീതികൾ ആയുർവ്വേദരോഗികളിലും ബാധകമാക്കുക. ആയുർവ്വേദ ചികിത്സക്ക് പോകുന്നവർ മോഡേൺ മെഡിസിൻ പറയുന്ന ടെസ്റ്റുകൾ എടുത്തു രോഗനിർണ്ണയം ചെയ്തുവയ്ക്കുക. വൈദ്യൻ തന്റെ സ്വകീയമായ രോഗനിർണ്ണയ രീതിഉപയോഗിച്ച് ഡയഗണോസിസ് നടത്തുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യട്ടെ. എന്നിട്ട് രോഗശമനം വിശകലനം ചെയ്യുക. ഇതെങ്ങനെ സാധിക്കും?

1.ഇക്കാര്യത്തിൽ സർക്കാറിനു മുങ്കൈ എടുക്കാവുന്നതാണു. ഏതു ചികിത്സാരീതി സ്വീകരിച്ചാലും അതിന്റെ ഫയൽ സർക്കാറിൽ ഏൽ‌പ്പിക്കണം എന്നൊരു നിബന്ധന ഉണ്ടാക്കണം. വിവരസാങ്കേതിക വിദ്യ ഇത്ര വികസിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇ-ഫയലിങ് മതി. അതത്ര ചെലവുള്ള കാര്യമല്ല. അതു വിദഗ്ദർ പരിശോധിക്കട്ടെ. പഠിക്കട്ടെ. കിട്ടുന്ന ഫലം സത്യസന്ധമായി പുറത്തുവിടണമെന്നു മാത്രം.

2.ഇതു തന്നെ ആയുർവ്വേദ ഡോക്ടറന്മാരുടെ സംഘടനകൾക്കോ, IMAക്കോ ചെയ്യാവുന്നതാണു. അതാണു നല്ലതും. കാരണം ഏതാണ് മികച്ചതു ഏതാണു മോശം എന്നറിയുന്നത് ഇരുവർക്കും പ്രയോജനപ്രദമാണല്ലോ.

3.എല്ലാ ശാസ്ത്രയുക്താ വേണമെന്നു ശഠിക്കുന്ന സംഘടനകൾക്ക്/വകുപ്പുകൾക്ക് സർക്കാരിന്റെ സമ്മതത്തോടെ ഇതു ചെയ്യാവുന്നതാണു. ICMR / CCIM / AYUSH / ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയവയ്ക്ക് ഈ അവലോകനം നടത്തി ഫലം പുറത്തുവിടാൻ കഴിയും.

കാര്യങ്ങൾ ഈ വഴിക്ക് പോകട്ടെ എന്നു പറയാൻ ആർജ്ജവമുള്ള എത്ര അലോപ്പാത്തുകൾ കാണും? എന്തു കൊണ്ട് അലോപ്പാത്തുകൾ എന്നു ചോദിച്ചാൽ ഈ തർക്കത്തിൽ അവർക്ക് ചെയ്യാവുന്നത്ര സഹായം മറ്റാർക്കും ചെയ്യാനാവില്ല. ആരോഗ്യരംഗത്തെ രണ്ടുശാഖകളാണു അലോപ്പതിയും ആയുർവ്വേദവുമെങ്കിലും അലോപ്പതിക്ക് കിട്ടുന്ന സമരക്ഷണമോ പരിഗണനയോ ആയുർവ്വേദത്തിനില്ല. അപ്പോൾ അലോപ്പാത്തുകളല്ലെ കാരുണ്യപൂർവ്വം പ്രവർത്തിക്കേണ്ടത്?

No comments: