Monday, June 3, 2013

വൈറൽ പനികളും ആയുർവ്വേദവും

“പനി. ശരീരമാസകലം വേദന. തലക്ക് പെരുക്കും. കണ്ണ് കഴപ്പ്. അരക്കെട്ടിനും പാദങ്ങൾക്കും കഠിനമായ വേദന. അനങ്ങാൻ പ്രയാ‍സം. മൂന്നു ദിവസം വിയർക്കും. ചിലർക്ക് മൂക്കിൽ നിന്നു ചോരവരും. അഞ്ചാം നാൾ പനി പെട്ടെന്നു കൂടും. ലക്ഷണങ്ങൾ ശക്തമായി ആ‍വർത്തിക്കും. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പനിവിടുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യും................“

ആഗന്തുകജ്വരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗുരുനാഥൻ പറഞ്ഞു.

പണ്ടും കേരളത്തിലെ ചിലപ്രദേശങ്ങളിൽ ആഗന്തുക ജ്വരം ഉണ്ടായിട്ടുണ്ട്. അതിനു ആയുർവ്വേദത്തിൽ ചികിത്സയുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആയുർവ്വേദം ഇത്തരം രോഗങ്ങളിൽ പഠനം നടത്തിയിട്ടുള്ളതാണു. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധികളായി പരിണമിക്കുമെന്നു ആചാര്യന്മാർക്ക് അറിയാമായിരുന്നു. അപ്പോൾ ഭയം വർദ്ധിക്കുകയും മരണസംഖ്യ വലുതാവുകയും ചെയ്യും.

രസധാതുവിനെ ബാധിക്കുന്ന രോഗമാണു ഇത്തരം പനികൾ. വളർത്തു ജന്തുക്കളും, കൊതുക്, ഈച്ച, എലി തുടങ്ങിയ വീടുകളിൽ കാണപ്പെടുന്ന അന്യജന്തുക്കളും ഇതു വ്യാപകമാക്കാറുണ്ട്. എന്നാൽ അവയേ ഒന്നും തന്നെ വ്യത്യസ്ഥപേരുകൾ ഇട്ട് വിളിക്കണ്ട കാര്യമില്ല. ശുദ്ധവൃത്തികൾ നഷ്ടപ്പെടുന്നതും മാലിന്യം കുന്നുകൂടുന്നതുമാണു രോഗങ്ങൾ ആരംഭിക്കാൻ കാരണം. പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച ജീവിതം മറ്റൊരു കാരണമാണു. ഭക്ഷണ ശീലം മാറുന്നതാണു പാരമ്പര്യ വ്യതിചലനത്തിന്റെ ആദ്യത്തെ ലക്ഷണം. പിന്നെ തൊഴിൽ, കുടുംബബന്ധങ്ങൾ അങ്ങനെ ഓരോന്നും മാറുമ്പോൾ അതു പൂർണ്ണമാകുന്നു...........

ചില സന്ദർഭങ്ങളിൽ ഇതൊന്നും തടയുവാൻ ആർക്കും കഴിയില്ല. അതു കാലസ്വഭാവമാണു. ‘കാലോ ജഗത് ഭക്ഷക” എന്നാണല്ലൊ. കാലം ഈ ജഗത്തിനെ തിന്നു തീർക്കും. ഭുക്ക് വർദ്ധിക്കുമ്പോൾ കാലവും ആർത്തിയോടെ തിന്നെന്നിരിക്കും. കാലത്തിനു മനുഷ്യൻ രുചിപ്രദമായ ഒരു ഭക്ഷണമാണു. ഇതൊക്കെ മനസിലാക്കിയിരുന്ന പുർവ്വികർ പുണ്യമുള്ളവരെ സംരക്ഷിക്കാനായി ഇതിനു പ്രത്യൌഷധങ്ങൾ നിർദ്ദേശിച്ചു.

ഒന്നു മുതിരരസം. മുതിരയോ മാംസമോ സൂപ്പുവച്ച് അതിന്റെ ആവി കൊള്ളുന്നതും ഉത്തമമാണു. ആന്ദഭൈരവ രസം, ശീതാംശുരസം എന്നു രണ്ട് ഔഷധങ്ങൾ ഉണ്ട്. വൈദ്യന്മാർ നിർമ്മിക്കുന്നതാണവ. അവയോരോന്നും ഈരണ്ട് അരിമണി വലുപ്പം ഇഞ്ചിനീരും തേനും ചേർത്തു സേവിച്ചാൽ ഏതു അത്യാസന്ന നിലയിൽ നിന്നും രോഗിയെ രക്ഷിക്കാൻ കഴിയുമെന്നു ആചാര്യന്മാർ പറയുന്നു. പനിയോടൊപ്പം തൊണ്ടവേദനകാണും. അതിനു താലീസപത്രാദി. പഞ്ചകോലം കഷായവും കഴിക്കണം. ഏറ്റവും മികച്ച ഔഷധം പ്രകൃതി നേരിട്ട് തരുന്നതാണു. അതിൽ കലർപ്പുണ്ടാകാൻ ഇടകുറവാണു. 41 വെള്ളില കഞ്ഞിവെച്ചു കുടിക്കാം. ചെറുകടലാടി അരച്ചും കഴിക്കാം. രണ്ടുമാകാം. ഇതൊക്കെ മതിയാകും രസധാതുവിനെ ബാധിക്കുന്ന പനികൾ അകറ്റുവാൻ.

ഇന്നു കാണുന്ന പനികൾക്ക് പേരുകൾ പലതുണ്ടെങ്കിലും സ്വഭാവത്തിൽ അവ ആഗന്തുകജ്വരത്തിൽ നിന്നു വ്യത്യസ്ഥമല്ല. പുണ്യമുള്ളവർക്ക് ആയുർവ്വേദം വാതിൽ തുറന്നു വച്ചിട്ടുണ്ട്.

മേമ്പൊടി : ആഗന്തുക ജ്വരങ്ങൾക്ക് കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന വിവിധതരം പനികളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അതു വാസ്തവമാണു.

No comments: