Friday, June 7, 2013

ആദിവാസിജീവിതം

അട്ടപ്പാടിയിലെ ആദിവാസികൾക്ക് 125 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. സാമൂഹികമായ ആധുനീകരണമാണു ലക്ഷ്യം. ആശുപത്രി, റോഡ്, കുടിവെള്ളം, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ആ പണം വിനിയോഗിക്കും. കരാറുകാർക്ക് സന്തോഷമുളവാക്കുന്ന ഒരു പ്രഖ്യാപനമാണിത്. ആദിവാസിത്തനിമയെ നിലനിർത്താൻ ഇതെത്രമാത്രം പ്രയോജനപ്പെടും എന്നതിലേ സംശയമുള്ളു. മുൻപ് നടപ്പാക്കിയപദ്ധതികളുടെ ചരിത്രം നോക്കിയിട്ടാണു ഇതു പറയുന്നത്.

ആധുനീകരണം ആധുനികനുപോലും ഇന്നു വേണ്ട. ആഗോളതാപനവും, ജലസ്ത്രോതസ്സുകളുടെ വരൾച്ചയും, സാംസ്കാരികമായ അധ:പതനവും കൊണ്ട് ലോകമെമ്പാടും ജനത വീർപ്പുമുട്ടുന്നു. അപ്പോൾ ഇനിയും തനിമ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത ആദിവാസി സമൂഹത്തെ ആധുനീകരിക്കണോ. നമ്മുടെ യുക്തികൾ വച്ചുതയ്യാറാക്കുന്ന പദ്ധതികൾ അവർക്ക് പ്രയോജനപ്പെടുമെന്നു എന്താണു ഉറപ്പ്? നാം കാണുന്ന ആവശ്യങ്ങളായിരിക്കുമോ യഥാർത്ഥത്തിൽ അവരുടെ ആവശ്യം? നമ്മൾ തയാറാക്കുന്ന പദ്ധതികൾ അവരുടെ അവശേഷിക്കുന്ന പൈതൃകം കൂടി നഷ്ടപ്പെടുത്തുമോ. ഇല്ലെന്നുള്ളതിനു എന്തു ഉറപ്പുണ്ട് പദ്ധതികളിൽ?

ആധുനീകരണം വഴി ലോകത്തെമ്പാടുമുള്ള ആദിവാസികൾക്ക് ആദ്യം നഷ്ടമായത് ആരോഗ്യമായിരുന്നു. കേരളത്തിലും അതു സംഭവിച്ചു. ആദിവാസികളുടെ കൈവശമുള്ള ഭൂമിയിൽ കണ്ണുവച്ച കുടിയേറ്റക്കാരാണു അതു നശിപ്പിച്ചത്. കുടിയേറ്റക്കാർ സ്വന്തം ആരോഗ്യം പരിരക്ഷിക്കാനുള്ള ആധുനികഭക്ഷണരീതിയും മരുന്നുകളും ആദിവാസികളിൽ അടിച്ചേൽ‌പ്പിച്ചതാണു കാരണം. അടുത്തകാലത്തു അട്ടപ്പാടി സന്ദർശിച്ച ഒരു മെഡിക്കൽ ടീം മനസിലാക്കിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണു. ആദിവാസികളിൽ വലിയതോതിൽ പോഷണവൈകല്യം കാണപ്പെടുന്നു. സ്ത്രീകളിൽ അതു ഗുരുതരമാണു. വിശേഷിച്ചും ഗർഭിണികളിലും അമ്മമാരിലും. കാലം തികയാതെയുള്ള പ്രസവം, ആവർത്തിക്കുന്ന ഗർഭമലസലുകൾ, തൂക്കം കുറഞ്ഞ നവജാതശിശുക്കൾ.... ഇതാണിപ്പോൾ അട്ടപ്പാടി സിനേറിയോ. ഒരുകാലത്തു വനമേഖല കൊണ്ട് ആരോഗ്യത്തോടെ ജീവിച്ചവരാണവർ. പരിഷ്കാരത്തിന്റെ പുറത്തു നാമവർക്ക് നൽകിയവ കൊണ്ട് അവരിങ്ങനെയായി. ഇനിയും ഇവർക്ക് ഒരു ആശുപത്രി കൂടി കെട്ടിക്കൊടുക്കണോ?

ഒരു കാലത്തു ചെങ്കുത്തായ കയറ്റം കയറിപ്പോകാനും, ഉയരമുള്ള മരങ്ങളിൽ അറ്റംവരെ എത്തിപ്പെടാനും, ശരീരത്തിന്റെ തൂക്കത്തിനൊപ്പം ഭാരവുമായി കാട്ടുവഴികളിലൂടെ സഞ്ചരിക്കാനും തക്ക ആരോഗ്യമുള്ളവരായിരുന്നു അവർ. സ്ത്രീ-പുരുഷഭേദമെന്യേ. ഇത് അവർ സാധിച്ചിരുന്നത് റാഗി, ചോളം, ചാമ, വെരക്, തുവര, കാട്ടുകിഴങ്ങുകൾ തുടങ്ങിയ ഉൾപ്പെട്ട തനതു ഭക്ഷണരീതിയിലൂടെയായിരുന്നു. ആധുനികതയുടെ പേരുപറഞ്ഞ് നാം അവർക്ക് WHO സ്റ്റാൻഡാർഡിലുള്ള ഭക്ഷണം നിർദ്ദേശിച്ചു. പാവങ്ങൾ അതു അനുസരിച്ചു. ആപ്പിലുമായി. അവരുടെ ആരോഗ്യം പോയതോടെ അവരുടെ കൃഷിയിടങ്ങൾ സമതലവാസികൾക്ക് സ്വന്തമായി!

ആദിവാസികളെ പരിവർത്തനപ്പെടുത്തുക. ഒറ്റപ്പെടുത്തുക. അതുവഴി തങ്ങളുടെ താല്പര്യങ്ങൾക്ക് മറയാക്കുക എന്ന ഒറ്റ ഉദ്ദേശമേ ആ മേഖലയിൽ പ്രവർത്തിച്ച വ്യക്തികൾക്കും സംഘടനകൾക്കും ഉണ്ടായിരുന്നുള്ളു. സാമൂഹികവും, ജൈവപരവുമായി അവരെ അധുനികനൊപ്പം എത്തിക്കുക എന്നതാണു അതിനു  പുറമേ പറഞ്ഞിരുന്ന ന്യായം. പാശ്ചാത്യനാടുകളിലെ ആദിവാസികൾക്കിടയിൽ നടന്ന ഇത്തരം പരിവർത്തനത്തിന്റെ പിന്നാമ്പുറക്കഥകൾ ഇന്നു പാട്ടാണു. പരിക്ഷ്കരണങ്ങളുടെ മറവിൽ മരുന്നു പരീക്ഷണവും കോസ്മറ്റിക് വ്യവസയത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ ശേഖരണവുമായിരുന്നു നടന്നത് എന്നാണു കേൾക്കുന്നത്. നമ്മുടെ ഗവണ്മെന്റുകളുടെ ശക്തമായ ഇടപെടലുകൾ കാരണം അതൊന്നും ഇവിടെ സംഭവിച്ചു കാണില്ലാ എന്നു ആശ്വസിക്കാം.

കൃഷി, കാലിവളർത്തൽ, ആരോഗ്യപരിപാലനം,പ്രകൃതിജീവനം ഇവയിലൊക്കെ ആദിവാസിയുടെ അറിവുകൾ നമുക്ക് സങ്കല്പിക്കാവുന്നതിനേക്കാൾ ഉന്നതമായിരുന്നു. പ്രകൃതിക്കു ഒരൂനവും തട്ടാതെയാണു അവർ കൃഷിനടത്തുകയും പ്രകൃതിവിഭവങ്ങൾ ശേഖരിക്കുകയും ചെയ്തത്. ജലസ്ത്രോതസ്സുകളെ അവർ മലിനപ്പെടുത്തിയില്ല. ആധുനികനെപ്പോലെ അവയെ നിർദ്ദയം ചൂഷണം ചെയ്യാൻ ഒരാദിവാസി തയ്യാറായില്ല. വന്യമൃഗങ്ങളെ വിനോദത്തിനോ അനാവശ്യത്തിനോ കൊന്നില്ല. ചെടികളെ അവർ പരിപാവനമായി കാത്തുസൂക്ഷിച്ചു. എന്നിട്ടാണു നാമിപ്പോൾ അവരെ കൃഷി പഠിപ്പിക്കാമെന്നു പറഞ്ഞു ചെല്ലുന്നത്. അവരുടെ പരമ്പരാഗത കൃഷിരീതിയും ആധുനികന്റെ കൃഷിരീതിയും സമന്വയിപ്പിക്കണമെന്നാ‍ണു ചിലർ വയ്ക്കുന്ന നിർദ്ദേശം. മോരും മുതിരയും തമ്മിലെങ്ങനെ ചേരും?

ആദിവാസികൾക്ക് അറിവുള്ള ഔഷധങ്ങളുടെ നൂറിലൊന്നു പോലും മോഡേൺ മെഡിസിനു അറിയാമോ? രോഗവിമുക്തമാകാനും, പ്രതിരോധം വർദ്ധിപ്പിക്കാനും, വാജീകരണത്തിനും, കുട്ടികൾ ഉണ്ടാകാനും, ഉണ്ടാകാതിരിക്കാനുമൊക്കെ അവരുടെ കൈവശം ഫലവത്തായ ഔഷധങ്ങൾ ഉണ്ടായിരുന്നു. അവരുടെ അറിവ് ഏത് നൊബേൽ ജേതാവിനേക്കാളും മികച്ചതാണു. പക്ഷെ അതൊന്നും ഇംഗ്ലീഷിൽ പ്രബന്ധങ്ങളായി എഴുതിവയ്ക്കുകയോ പേറ്റന്റ് നേടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണു അവരുടെ അറിവുകളെ ആധുനികൻ വിലകുറച്ചു കാണുന്നത്.

ജീവിതത്തിനു പ്രയോജനപ്പെടുന്ന വിദ്യാഭ്യാസമേ അവർ നടത്തിയിട്ടുള്ളു. ഒരറിവു നേടുന്നതു കൊണ്ടു തനിക്കും തന്റെ ചുറ്റുപാടുകൾക്കും എന്തു നന്മ ലഭിക്കുന്നു എന്നാണവർ നോക്കിയിരുന്നത്. അങ്ങനെ ചിന്തിച്ചിട്ടേ ഒരു അറിവ് പഠിക്കണമോ വേണ്ടയോ എന്നു അവർ തീരുമാനിച്ചിരുള്ളു. അർഹതയുള്ള എല്ലാവർക്കും അറിവ് സ്വായത്തമായിരുന്നു.  അതു കൊണ്ടു അവരുടെ ജീവിതം ഗുണപരമായിരുന്നു. ലളിതമായ അവരുടെ കുടികളും കൃഷിയിടങ്ങളും കണ്ടാൽ നമുക്കിതു മനസിലാകും. ആധുനികനേപ്പോലെ മത്സരത്തിനും ചൂഷണത്തിനും വേണ്ടി പഠിക്കുകയായിരുന്നില്ല അവർ ചെയ്തിരുന്നത്. യൂണിവേഴ്സിറ്റികൾക്കും ബിരുദങ്ങൾക്കും അവർ ഒരുവിലയും കല്പിച്ചില്ല. അല്ലെങ്കിൽ ഏത് ആധുനികയൂണിവേഴ്സിറ്റികളേക്കാൾ മികച്ച യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള അറിവും പ്രായോഗികപരിജ്ഞാവും ഉണ്ടായിരുന്നു.

ഇന്നിപ്പോൾ  എന്താണു ആധുനികന്റെ അവസ്ഥ? വലിയ ബിരുദങ്ങൾ ഉള്ളവൻ ലോകം നിയന്ത്രിക്കുന്നു. ബിരുദങ്ങളില്ലാത്ത, പഠിക്കാത്തവൻ പ്രവർത്തിയെടുത്തു ലോകം നിലനിർത്തുന്നു. കൃഷിയിലായാലും കാലിവളർത്തലിലായാലും എഞ്ജിനിയറിങ്ങിലായാലും ഇതല്ലെ സ്ഥിതി. ജോലി ചെയ്യുന്നവന്റെ വിയർപ്പിനെ ചൂഷണം ചെയ്യുന്നവനാണു അഭ്യസ്തവിദ്യർ. ഉന്നതവിദ്യാഭ്യാസം നേടിയവർ അലസരായി നോക്കിയിരിക്കുക മാത്രമേയുള്ളു. ഒപ്പിടാനുള്ള വെറും യന്ത്രങ്ങൾ മാത്രമാണു അവർ. അവർക്ക് പണിയെടുക്കുന്നവരെ പുച്ഛമാണു. ഈ ബിരുദധാരികളാണു ഇന്നു ലോകം നിയന്ത്രിക്കുന്നത്. അതിന്റെ ഒരു അന്തരാളത്തിലാണു ലോകസമൂഹം, എമ്പാടും. അറിവ് മനുഷ്യരൂപമെടുത്തു നിൽക്കുന്ന ആദിമഗോത്രങ്ങളെ പാഠപുസ്തകജ്ഞാനികൾക്ക് ഉപദേശിക്കാനും നയിക്കാനും ഉയർത്താനും കഴിയുമെന്നന്നത് എത്രബാലിശമായ ഒരു ചിന്തയാണു!

ജീവിതത്തോട് ചേർന്ന കലയും സാഹിത്യവുമൊക്കെയേ സംസ്കാരസമ്പന്നരായ ആ ജനതയ്ക്കുണ്ടായിരുന്നുള്ളു. നാശത്തിന്റേയും, പീഡനങ്ങളുടേയും, അവിഹിതങ്ങളുടേയും, അഴിമതിയുടേയും നാറുന്നകഥകൾ പുറത്തുവിടുന്ന സാംസ്കാരിക വിനിമയമായിരുന്നില്ല അവർ നടത്തിയത്. നമ്മെപ്പോലെ നശീകരണത്തിനു ഉദ്യമിക്കുന്നവരായിരുന്നില്ല ആദിവാസികൾ. അവരുടെ ആയുധങ്ങൾ തന്നെ നോക്കു. ലളിതവും അപകടം കുറഞ്ഞതുമായിരുന്നു അവയെല്ലാം. അമ്പെയ്താൽ ഒരു ജീവിയ്ക്ക്, അല്ലെങ്കിൽ ഒരാളിനുമാത്രമേ അപകടമുണ്ടാകു. എന്നാൽ നമ്മുടെ ആയുധങ്ങളോ? അനേകം പേരെ ഒന്നിച്ചു കൊല്ലാൻ ശേഷിയുള്ളവയാണു സാധാരണ ആധുനിക ആയുധങ്ങളെല്ലാം. ഒരു സമൂഹത്തേ, വേണ്ടിവന്നാൽ ലോകം മൊത്തവും നശിപ്പിക്കാനുള്ള ആയുധമിന്നു നാം ശേഖരിച്ചു വച്ചിട്ടുണ്ട്. ജീവിക്കുന്നതിലല്ല, നശിപ്പിക്കുന്നതിലാണു നമുക്ക് കമ്പം.

പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന ഒരു തീരുമാനത്തിലേക്ക് ലോകം തിരിയുന്ന സന്ധിയിൽ ഇത്തരം ആദിവാസി വികസന പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കേണ്ടതുണ്ടോ? അതൊരു വൈരുദ്ധ്യമാണു. നമ്മുടെ പദ്ധതികളും പ്ലാനുകളും കൊണ്ട് അവരേ ആവശ്യത്തിലധികം ദ്രോഹിച്ചു കഴിഞ്ഞു. ഇനിയും പുതിയ പദ്ധതികൾ അവരിൽ അടിച്ചേൽ‌പ്പിക്കണോ? പരിഷ്കൃതരെന്നു അഭിമാനിക്കുന്ന നാം ആലോചിക്കണം.

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിഷ്കൃത ലോകത്തിനു  മാതൃകയാക്കാവുന്നതാണു ആദിവാസിജീവിതം. ലോകത്തിലെ എല്ലാ ആദിവാസിസമൂഹങ്ങൾക്കും പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന ഒരു ശാസ്ത്രം പരമ്പരയാ സ്വന്തമായുണ്ട്. അതു അവനിൽ നിന്നു ഇരന്നു മേടിക്കാൻ തയ്യാറായാൽ ഒരുപക്ഷെ ഈ ലോകം സമ്പൂർണ്ണനാശത്തിൽ നിന്നും രക്ഷപ്പെട്ടേക്കാം.

എങ്കിൽ നാം അവരോട് ചെയ്യേണ്ടത് എന്താണു? ആദിവാസിമേഖലയിൽ നിന്നു പരിഷ്കൃതർ മൊത്തം പിൻ‌വാങ്ങണം. പരിഷ്കൃതന്റെ നിഴൽ പോലും ആദിവാസിമേഖലകളിൽ കാണരുത്. അവരെ ആരും പരിവർത്തിപ്പിക്കണ്ട. സംസ്ഥാന ഭദ്രതയ്ക്കു റെവന്യൂ, വനം, പോലീസ് നിയമങ്ങൾ ആദിവാസിമൂപ്പന്മാരുടെ സാന്നിദ്ധ്യത്തിൽ നടപ്പാക്കാം. ഇന്നുവരെയുള്ള ഒരു ചർച്ചകളിലും ആരും മൂപ്പന്മാരെ പങ്കെടുപ്പിക്കുന്നതായോ അവരുടെ അഭിപ്രായങ്ങൾക്ക് വിലകൊടുക്കുന്നതായോ കണ്ടിട്ടില്ല. വനഭൂമിയിൽ പൂർണ്ണാവകാശം അവർക്കായിരിക്കണം. അതിലുള്ള ക്രയവിക്രയ്‌വും കരണങ്ങളും എല്ലാക്കാലത്തേക്കും അസാധുവായിരിക്കണം. ആദിവാസിമേഖലയിൽ ഭൂമി കൈവശപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി കുടിയേറ്റക്കാരുടെ അതിമോഹം അവസാനിപ്പിക്കണം. ആദിവാസി മരുന്നുകളും കാർഷികോൽ‌പ്പന്നങ്ങളും സർക്കാരുകൾ വാങ്ങി വിപണനം നടത്തണം. എറ്റവും പ്രധാനപ്പെട്ടതു ഇതൊന്നുമല്ല. അവന്റെ സംസ്കൃതിയിൽ നിന്നും ആധുനികനു പ്രയോജനപ്പെടുത്താവുന്ന എല്ലാ മേഖലയിലുമുള്ള അറിവുകൾ ശേഖരിക്കണം. അതിന്റെ പകർപ്പുകൾക്ക് കനത്ത വിലയിടണം. അതുമൂലധനമാക്കി ആദിവാസിക്ക് തന്നെ തിരികെ കൊടുക്കണം. ആ‍ അറിവുകളിൽ നിന്നു ആധുനികൻ ഇന്നു നേരിടുന്ന പാരിസ്ഥിതിക, മാലിന്യ, ആണവ വിപത്തുകൾക്ക് പരിഹാരം ലഭിച്ചേക്കാനിടയുണ്ട്.

No comments: