Sunday, June 9, 2013

പാതിരിമാർ വിദ്യാരംഭം നടത്തുന്ന കാലം




ഒരു രാത്രി ഹൈവേയിലൂടെ എറണാകുളത്തു നിന്നും ആലപ്പുഴയ്ക്ക് വന്നപ്പോൾ കണ്ട കാഴ്ച ഓർമ്മയിൽ വരുന്നു. രണ്ട് കൃസ്ത്യൻ പള്ളികളിൽ നടന്ന റാസയായിരുന്നു ദൃശ്യം. തനതു നസ്രാണിരീതികളിൽ നിന്നും വ്യത്യസ്ഥമായിരുന്നു അതു. റാസയ്ക്കൊപ്പം മാലാഖമാരേപ്പോലെ പോകുന്ന പെൺകുട്ടികളുടെ കയ്യിൽ ഇപ്പോഴും മെഴുകുതിരികൾ ഒക്കെയുണ്ട്. പക്ഷെ മിക്കവരുടേയും വേഷം ചിറകുവച്ച ഉടയാടകളിൽ നിന്നും സെറ്റും മുണ്ടുമായോ, കസവുപാവാടയും ബ്ലൌസുമായോ മാറിയിരിക്കുന്നു. പൊങ്കുരിശിനു മുന്നിൽ കത്തിച്ചുവച്ചിരിക്കുന്നത് വലിയൊരു നിലവിളക്ക്. കൂമ്പിൽ കുരിശുണ്ടെന്നതാണു സാധാരണവിളക്കിൽ നിന്നും അതിനുള്ള വ്യത്യാസം. ഈശോമിശിഹായുടേയോ വ്യാകുലമാതാവിന്റേയോ ബിംബമാണു റാസയിൽ എഴുന്നള്ളിക്കുന്നത്. അതു ചെയ്യുന്ന രീതിയാണു രസകരം. ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ ജീവത എഴുന്നള്ളിക്കുന്ന പോലെയായിരുന്നു അത്. പൂജാരികൾ ജീവത തണ്ടിലെടുത്താണെന്നു എഴുന്നള്ളിക്കുന്നത്. അതു പോലെ റാസയിലെ ബിംബവും കൊണ്ടുപോകുന്നു. മുന്നിൽ തിരിയിട്ട് കത്തിച്ച കുത്തുവിളക്ക്! ചൂടാൻ മുത്തുക്കുട!! വീടുകൾക്ക് മുന്നിലെത്തുമ്പോൾ ജീവത ആടികളിപ്പിക്കുന്ന പോലെ ക്രൈസ്തവ ദേവതകളുടെ ബിംബവും ആടികളിപ്പിച്ചു ആരാധിക്കുന്നു. ഒടുവിൽ വെടിവഴിപാടും.

മദ്ധ്യതിരുവിതാംകൂറിലെ ധാരാളം പള്ളികളിൽ സ്വർണ്ണക്കൊടിമരമുണ്ട്. നിലവിളക്കും പായസവഴിപാടുമുണ്ട്. ഇതിലൊക്കെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു. വിഗ്രഹാരാധകരും അല്ലാത്തവരുമായ ഒരു ജനതയിൽ നിന്നും മതം മാറിയവരല്ലെ കേരളത്തിലെ കൃസ്ത്യാനികളും മുസ്ലീങ്ങളും? ഇവരാരും പുറത്തുനിന്നു വന്നവരല്ല. ഇത്തരം ആരാധനാരീതികൾ കാലംകൊണ്ട് ജനിതകങ്ങളിൽ ഉറച്ചുപോയവയാണു. നൂറ്റാണ്ടുകളായി സാമൂഹികവും സാംസ്കാരികവുമായി കണ്ടും അനുഭവിച്ചും ആചരിച്ചും പോന്നിരുന്ന കാര്യങ്ങൾ. സനാതനരീതികളിൽ നിന്നും വ്യത്യസ്ഥമായ ആത്മീയപാത സ്വീകരിച്ചപ്പോൾ അതു താൽകാലികമായി അടിച്ചമർത്തപ്പെട്ടു എന്നേയുള്ളു. അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അവയൊക്കെ വീണ്ടും ഉണർന്നുവരാൻ തുടങ്ങി. അതിൽ അതിശയത്തിനു അവകാശമില്ല. ജനിതകപരമായ തുടർച്ചയുടെ ചില സൂചനകൾ മാത്രമാണിതൊക്കെ. അതൊന്നും തൂത്താലും മായിച്ചാലും പോകില്ല.

No comments: