ഗംഗാരോഷം
ഉത്തരഖണ്ഡത്തിൽ
ഗംഗ അലറി ഒഴുകുകയാണു. കരകളെ നക്കിയെടുത്തും ജീവിജാലങ്ങളെ വാതുറന്നു
വിഴുങ്ങിയും. ആയിരങ്ങൾ മരിച്ചതായിപ്പറയപ്പെടുന്നു. വാർത്തയിൽ പറയുന്ന
ഏറെപ്പേരും അവിടുത്തെ സ്ഥിരവാസികളല്ല. തീർത്ഥാടകരോ വിനോദയാത്രികരോ ആണു. അതു
കൊണ്ടുതന്നെയാണെന്നു തോന്നുന്നു പ്രളയവാർത്ത ഇത്ര സെൻസേഷണലാകുന്നതും.
ഗംഗ രോഷാകുലയാകുന്നതു ഇതാദ്യമായല്ല. പലപ്പോഴും അവൾ ഇങ്ങനെയാണു. മുൻപും
ദുരന്തങ്ങൾ വിതച്ചിട്ടുണ്ട്. പക്ഷെ വാർത്തയാകുന്നത് ചുരുക്കം. മുൻപൊരിക്കൽ
പ്രോതിമാബോഡി മരിച്ച അവസരത്തിൽ ഗംഗയുടെ രോഷം വാർത്തയായതു ഓർക്കുന്നു.
വിൽക്കുവാനുള്ള എന്തെങ്കിലും ഒന്നുണ്ടെങ്കിലേ മാദ്ധ്യമങ്ങളിൽ മരണം പോലും
സ്ഥാനം പിടിക്കു. പ്രോതിമയുടെ സെലിബ്രിറ്റി സ്റ്റാറ്റസും, മാനസസരോവര
തീർത്ഥാടനവുമായിരുന്നു അന്നതിനെ വാർത്തയിൽ കൊണ്ടുവന്നത്. ആ ദുരന്തത്തിൽ 300
പേർ മരിച്ചു.
തപസില്ലാത്ത സന്യാസിമാർ കണ്ടെത്തുന്ന ഒരു
വരുമാനമാർഗ്ഗമാണു ചതുർധാം യാത്രകൾ. ഗംഗയുടെ പുണ്യത്തേപ്പറ്റിയും ഹിമവാന്റെ
അനുഗ്രഹത്തെപ്പറ്റിയും ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവർ കൊണ്ടുപോകും.
പാപബോധമുള്ള മനസുകൾ പെട്ടെന്നു ഇത്തരം ചതിക്കുഴികളിൽ വീഴുന്നു. കർമ്മരംഗത്തും
കുടുംബബന്ധങ്ങളിലും ഒരുപാട് അരുതായ്കകൾ ചെയ്തവർക്ക് എങ്ങനെയെങ്കിലും അതിൽ
നിന്നും മോചനം കിട്ടണമെന്നു ആഗ്രഹമുണ്ടാകുന്നതു സ്വാഭാവികം. മോക്ഷവും
മരണവുമാണു അതിനുള്ള രണ്ടു ഉപാധികൾ. മോക്ഷത്തിനു പണി ഒരുപാട് എടുക്കണം. ആശകൾ
വിട്ടിട്ടില്ലാത്ത മനസുകൾക്ക് അതു പ്രയാസമാണു. പകരമവർ തീർത്ഥാടനത്തിന്റെ
എളുപ്പവഴികൾ തേടുന്നു. ഗൂഢമന്ദസ്മിതയായ പ്രകൃതിക്ക് ഇതു കാണുമ്പോൾ ചിലപ്പോൾ
കുസൃതിതോന്നും. ദൈവത്തേ അങ്ങ് നേരിട്ട് കാട്ടിക്കൊടുത്താലോ? വാ മക്കളെ
എന്നു പറഞ്ഞ് ദൈവം ഗംഗയുടെ കൈകൾ നീട്ടി അവരെ കോരിയെടുക്കുന്നു.
ഹിമവാനും പരിസരങ്ങളും സവിശേഷമായ പ്രകൃതിയുടെയും ഭാവനകളുടെയും ലോകം
കൂടിയാണു. ആ ഭൂമി രതിവിനോദത്തിനു തെരെഞ്ഞെടുക്കുന്നവരാണു മറ്റൊരു കൂട്ടം
യാത്രികർ. അവർക്കു വേണ്ട മാളികകളും സദിരുകളും ഒരുക്കി വ്യാപാരികൾ
കാത്തിരിക്കുന്നു. അവയിൽ പലതും പാടേ ഒലിച്ചുപോയി. അവയുടെ ഉടമസ്ഥർ
തദ്ദേശവാസികൾ അല്ല. അന്നാട്ടുകാരെ ഓടിച്ചുവിട്ടും ചൂഷണം ചെയ്തും
പണമുണ്ടാക്കാൻ എത്തിയവരുടെ മുതലുകളാണു പൊയ്പോയിരിക്കുന്നത്. യഥാർത്ഥത്തിൽ
അതൊരു നല്ല കാര്യമല്ലെ? ഇപ്പോഴുണ്ടായിരിക്കുന്ന ഈ കേടുപാടുകൾ തീർക്കാൻ
സമ്പാദിച്ചതിലധികം പണവും അതിലേറെ മനുഷ്യാദ്ധ്വാനവും വേണ്ടി വരും. അതൊക്കെ
ഉയർന്നു വരുന്നത് നോക്കി ഗംഗ കാത്തിരിക്കും. എല്ലാം ശരിയാക്കി മനുഷ്യൻ
ഒന്നു നടുവ് നീർക്കുമ്പോഴേക്കും വീണ്ടും ആയമ്മ ആഞ്ഞടിക്കും. അതീവ രസകരമാണു
പ്രകൃതിയുടെ ഈ ശീലം.
മനുഷ്യനിർമ്മിതമായവ മാത്രമാണു
പ്രകൃതിക്ഷോഭങ്ങളിൽ നഷ്ടപ്പെടുന്നത്. അതു കാണുമ്പോഴാണു മനുഷ്യനു ദു:ഖം!
സരളമായും നിർമ്മലമായും ഇരിക്കുന്ന പ്രകൃതിയെ സന്ദർശിക്കുന്നതിനും
ഭാവാത്മകമായി അതിലൂടെ സഞ്ചരിക്കുന്നതിനും പ്രകൃതി എതിരല്ല. പക്ഷെ അവയിൽ
മനുഷ്യന്റെ എടുപ്പുകൾ ഉയർന്നു വരുമ്പോൾ അവൾ ഇടയ്ക്കിടെ ഇടപെട്ടുകളയും.
അപ്പോൾ മനുഷ്യനു ദു:ഖമായി. പ്രകൃതിയുടെ ഈ രീതി ഇത്രയേറെ ആവർത്തിച്ചിട്ടും
മനുഷ്യൻ പഠിക്കുന്നില്ല. അവൻ കൂടുതൽ വാശിയോടെ പ്രകൃതിയെ കീഴടക്കാൻ
ചെല്ലുന്നു. കൂടുതൽ തിരിച്ചടി വാങ്ങുന്നു.
ഈ മനുഷ്യരുടെ ഒരു കാര്യമേ...............
അടിക്കുറിപ്പ് : ശിവപ്പെരുമാളിന്റെ പ്രതിമയേയും നദി വെറുതെവിട്ടില്ലെന്നു
പറഞ്ഞ് ഗൂഢമായി ആനന്ദിക്കുന്നവരുണ്ട്. അവർ ആലോചിക്കുന്നില്ലല്ലോ അതും
മനുഷ്യ നിർമ്മിതമാണെന്നു!
No comments:
Post a Comment