Wednesday, May 29, 2013

ഇന്ത്യൻ യുക്തിവാദം

ഒരു യുക്തിവാദിയുടെ ജൈവപൈതൃകം എത്ര തലമുറകൾ വരെ പിന്നിലേക്ക് യുക്തി ഭദ്രമായി തെളിയിക്കാനാവും? അച്ഛൻ, അപ്പുപ്പൻ, അപ്പുപ്പന്റെ അച്ഛൻ അങ്ങനെ പിന്നിലേക്ക് പോയാൽ...........

അച്ഛന്റെ കാര്യം അമ്മ പറയുന്നത് വിശ്വാസത്തിലെടുത്തില്ലെങ്കിലും ജനിതക പരീക്ഷണങ്ങളിലൂടെ തെളിയിക്കാമെന്നു വയ്ക്കാം. അച്ഛൻ മരിച്ചുപോയാലും മതപരമായ വിശ്വാ‍സത്തിന്റെ പുറത്തു സൂക്ഷിച്ചിട്ടുള്ള വല്ല എല്ലോ കരിയോ പരീക്ഷിച്ചാലും പിടികിട്ടുമെന്നു വയ്ക്കാം. ഇവിടെ യുക്തിവാദിയെ രക്ഷിക്കാനെത്തുന്നത് അന്ധവിശ്വാസമാണെന്നു ഓർക്കണം. സഞ്ചയിച്ചു വച്ചിരിക്കുന്ന പിതൃശിഷ്ടം.

ആ പരമ്പരയ്ക്കും പിന്നിലേക്ക് പോകുമ്പോൾ ജൈവചങ്ങലയിലെ കണ്ണി ഭിത്തിയിലിരിക്കുന്ന ഒരു ഫോട്ടോ മാത്രമായി എന്നു വരാം. ഫോട്ടോ ഒരു തെളിവാനൊ? അതു എത്രകണ്ട് ശാസ്ത്രീയവും യുക്തിഭദ്രവുമാണു. അമ്മയോട് ചോദിച്ചപോലെ ചോദിക്കാൻ ആളില്ലെങ്കിൽ കുഴങ്ങി. ഫോട്ടോയിലിരിക്കുന്ന ആൾ തന്നെയാവണം യഥാർത്ഥ സൂത്രധാരൻ എന്നില്ലല്ലോ. അവിടെ നിന്നും പിന്നിലേക്കു പോകുമ്പോൾ പൈതൃകം നാമങ്ങളിലേക്ക് ഒതുങ്ങുന്നതു കാണും. രേഖകളിലൊക്കെ കാണുന്ന പേർ മുത്തച്ഛന്റെയോ മുത്തച്ഛന്റെ അച്ഛന്റെയോ ആണെന്നു പറഞ്ഞ് അങ്ങ് വിശ്വസിക്കുകയാണു. തെളിവൊന്നുമില്ല. അല്ലെങ്കിൽ നിയമപരമായ തെളിവ് മാത്രമേ ഉള്ളു. ജൈവപരമായി എന്തുതെളിവു കിട്ടും, ആ പറയുന്ന ആൾ തന്നെയാണു പിതാമഹൻ എന്നു? പിന്നയും പുറകിലോട്ട് പോയാലോ, കേട്ട് കേഴ്വികൾ മാത്രമാകും. അതൊക്കെ ചുമ്മാ അങ്ങ് വിശ്വസിക്കണം. യുക്തിവാദികൾ എതിർക്കുന്ന അന്ധവിശ്വാസത്തിൽ അവർ അങ്ങനെ എത്തിച്ചേരുന്നു............ എന്നാൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു വിശ്വാസമായതു കൊണ്ട് ഇതിൽ പ്രശ്നമൊന്നും വരുന്നില്ല.

സ്വന്തം പൈതൃകത്തെപ്പോലും ജൈവപരമായി തെളിയിക്കാൻ കഴിയാത്ത യുക്തിവാദി ഏതെങ്കിലും അമ്പലത്തിലിരിക്കുന്ന വിഗ്രഹത്തെ സംബന്ധിച്ച് യുക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചാൽ അതിനു എത്രമാത്രം സാധുതയുണ്ട്? ആ ക്ഷേത്രത്തിലിരിക്കുന്ന വിഗ്രഹത്തിനു നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വാസിപറയുന്നതിനെ സ്വന്തം ജൈവശൃംഗലയിലെ പത്താമത്തേയോ ഇരുപതാമത്തേയോ ആളിന്റെ പേരുപോലും ഓർക്കാത്ത യുക്തിവാദി എങ്ങനെ യുക്തിപൂർവ്വം നിഷേധിക്കും? ശിലയിലോ തടിയിലോ ചെയ്തുവച്ചിരിക്കുന്ന ഒരു എഞ്ജിനിയറിങ്ങിനെ അതിന്റെ യുക്തി കൊണ്ട് നിഷേധിക്കാൻ അറിയില്ലെങ്കിലും അതിനു പണ്ട് സാധുതയുണ്ടായിരുന്നോ ഇല്ലയോ എന്നു ഒരു യുക്തിവാദി എങ്ങനെ നിശ്ചയിക്കും? ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് മനസിലാകുന്നില്ലെന്നും അതിനെ നിഷേധിക്കാൻ ഒരു യുക്തികണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് അതു ഉപേക്ഷിക്കുന്നു എന്നു വേണമെങ്കിൽ യുക്തിവാദിക്ക് തീരുമാനിക്കാം. എന്നുവച്ച് വിശ്വാസിയുടെ വിശ്വാസത്തെ തള്ളിപ്പറയാനുള്ള അവകാശം അതു നൽകുന്നില്ല. വിശ്വാസത്തെ യുക്തിഭദ്രമായി നിഷേധിക്കാനുള്ള കോപ്പുകൾ കിട്ടുന്നതുവരെ യുക്തിവാദി അടങ്ങിയിരിക്കുന്നതായിരിക്കില്ലെ യുക്തി?

ഓം..ശാന്തി!...ശാന്തി


ലേബൽ : ജീവിതത്തിനില്ലാത്ത യുക്തി മറ്റുകാര്യങ്ങളിൽ ഉപയോഗപ്പെടുത്തിയാലുള്ള ഫലം

1 comment:

Manoj മനോജ് said...

ഇത് ഒരുതരം അവിയൽ വാദം ആയിപ്പോയി... ;)