Tuesday, May 28, 2013

ഈ മനുഷ്യർ എന്തിനിങ്ങനെ ജീവിക്കുന്നു?

ഇന്നലെ സായാഹ്നം ജനിച്ചുവളർന്ന നാട്ടിലായിരുന്നു. നൂറനാട്. അവിടെ കുറച്ചു തെങ്ങുണ്ട്. തേങ്ങയ്ക്കിപ്പോൾ 8-10 രൂപയൊക്കെ വിലയാണു. പത്തിരുനൂറ് തേങ്ങകിട്ടി. 125 എണ്ണം എടുത്തു. അത്രയേ കാറിൽ കയറു. ബാക്കി അവിടെ കൊടുത്തു. തേങ്ങാക്കച്ചവടക്കാരാരും വന്നില്ല. ചുറ്റുപാടുമുള്ളവർക്ക് മാർക്കറ്റ് വിലയ്ക്ക് കൊടുക്കുകയായിരുന്നു. വരുന്നവർക്ക് തേങ്ങാ തെരെഞ്ഞെടുക്കാം. അഭ്യസ്തവിദ്യർ ഒന്നു രണ്ടു പേർ വന്നു. തിരിവൊന്നും കൂടാതെ കണ്ട തേങ്ങ പെറുക്കിയിട്ട് വിലയും തന്നു പോയി. ഒടുവിലായിരുന്നു ഒരമ്മച്ചിയുടെ ഊഴം. അവർ ശ്രദ്ധാപൂർവ്വം പരിശോധിച്ചാണു തേങ്ങയെടുക്കുന്നത്. ആദ്യമെല്ലാമൊന്നു കുലുക്കി നോക്കി ചിലത് മാറ്റി വയ്ക്കും. അവയിൽ നിന്നും തൃപ്തിയായവ തിരഞ്ഞെടുത്തു. പണം തരുമ്പോഴും ഒരു ഇറുക്കിപ്പിടുത്തം. ഇത്രേം വേണോ മോനേ എന്ന ഭാവത്തിൽ. അമ്മച്ചി തന്ന പണം ഞാൻ എണ്ണിനോക്കിയില്ല. പോകാൻ നേരം ഒരു തേങ്ങാ ഡിസ്കൌണ്ട് കൊടുക്കുകയും ചെയ്തു. അമ്മച്ചി തെളിഞ്ഞ ഒരു ചിരി സമ്മാനിച്ചു. എനിക്കു വല്ലാ‍ത്ത സന്തോഷം തോന്നി. എത്രയോ കാലത്തിനു ശേഷമാണു സ്വാഭാവിമായി ഒന്നു സന്തോഷിക്കാൻ കഴിയുന്നത്................

ഞാൻ പറയാൻ വന്നത് അതല്ല. അഭ്യസ്തവിദ്യർ യാതൊരു തിരിവും കൂടാതെ തേങ്ങയെടുത്തപ്പോൾ അമ്മച്ചി എന്തുകൊണ്ടാണു പരിശോധിച്ചു മാത്രം തേങ്ങയെടുത്തത്? ആദ്യത്തെക്കൂട്ടർ സ്കൂളിലും യൂണിവേഴ്സിറ്റികളിലുമൊക്കെ പോയി പഠിച്ചവരാണു. വലിയ ബിരുദങ്ങൾ ഉണ്ട്. നല്ല ജോലിയുണ്ട്. അവർ ഏതുകാര്യവും ശാസ്ത്രീയമായി കാണാൻ താല്പര്യപ്പെടുന്നവരാണു. എന്നിട്ടും തേങ്ങാ പരിശോധിച്ചെടുക്കാൻ അവർക്ക് കഴിയുന്നില്ല. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അമ്മച്ചി അതൊക്കെ ചെയ്യുകയും ചെയ്യുന്നു. സ്വർണ്ണത്തിന്റെയും തുണിയുടേയും മൊബൈലിന്റേയും കറിന്റെയുമൊക്കെ കാര്യം വരുമ്പോൾ ആധുനികന്റെ വിജ്ഞാനം അപാരമാണു. എതൊരു അനാലിസിസ്. എന്തൊരു കമ്പാരിസൺ. പക്ഷെ അവനവന്റെ ഉള്ളിലേക്ക് പോകണ്ട തേങ്ങയുടെ കാര്യം വന്നപ്പോൾ വെറും മക്കു! തേങ്ങയെപ്പറ്റി ഇവർക്കൊരു ചുക്കുമറിയില്ല.

പച്ചക്കറിക്കടയിൽ പോകുമ്പോൾ വെണ്ടക്കയുടെ നല്പ് തീരുമാനിക്കാനോ, മുളകിന്റെ വാട്ടം നിശ്ചയിക്കാനോ കഴിവില്ലാത്തവരാണു ഈ ആധുനികർ. ലെഡ് വിഷമാണെന്നറിഞ്ഞിട്ടും കണ്ണിലെഴുതുന്ന കൂട്ടർ. (ഐ ലൈനറുകൾ). ഹീറ്റിങ്ങിൽ പ്രശ്നമുണ്ടാക്കുന്ന സിന്തറ്റിക്ക് പാഡുകൾ ചൂടുകൂടിയ സ്ഥലത്തു കെട്ടിവയ്ക്കുന്നവർ. അതു കാൻസർ ഉണ്ടാക്കിയാലും അവർക്ക് ഓടുകയും ചാടുകയും ചെയ്താൽ മതി. വിലയും, നികുതികളും, പരസ്യക്കൂലിയും ലാഭവും കഴിഞ്ഞ് സാധനത്തിന്റെ വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന ബ്രാൻഡ് കറിപ്പൊടികൾ വാങ്ങുന്ന അഭ്യസ്ഥവിദ്യർ ലോകത്ത് വേറെവിടെക്കാണും? റോമറ്റീരിയലിനേക്കാൾ കുറഞ്ഞവിലയ്ക്ക് പ്രോഡക്റ്റ് കിട്ടുമെന്നു വിശ്വസിക്കുന്ന വിഡ്ഡികളല്ലെ ഇവർ. ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ആർക്ക് എന്തു ഗുണം? കച്ചവടക്കാർക്കല്ലാതെ .

അമ്മച്ചിയുടെ അറിവ് ജീവിതത്തിനുള്ളതായിരുന്നു. ഉള്ളിൽക്കഴിക്കേണ്ടത് നല്ലതായിരിക്കണമെന്നു അവർക്ക് നിർബ്ബന്ധമുണ്ട്. തേങ്ങയായാലും മാങ്ങയായാലും അവർ കണ്ടും തിരഞ്ഞുമേ എടുക്കു അതിനുള്ള അറിവ് അവർ സായത്തമാക്കിയിരുന്നു. അതു പ്രയോഗിക്കാൻ അവർ ലജ്ജിച്ചില്ല. ആ അറിവ് അവരുടെ തലമുറയിൽ എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ആരോഗ്യവുമുണ്ടായിരുന്നു. കച്ചവടക്കാരുടെ ഇരകളുടെ ഈ തലമുറയ്ക്കോ? ആശുപത്രികൾക്കുള്ള ഫീഡറാണു ഇന്നത്തെ ജന്മം. കച്ചവടത്തിന്റെ അവസാനത്തെ വാതിലാണല്ലോ ആശുപത്രികൾ. അതിനപ്പുറം പട്ടട.

ഈ മനുഷ്യർ എന്തിനിങ്ങനെ ജീവിക്കുന്നു?

2 comments:

റോസാപ്പൂക്കള്‍ said...

തേങ്ങയും പച്ചക്കറിയും ഒക്കെ നോക്കിത്തന്നെയാണ് ഞാന്‍ വാങ്ങാറ്. വില എത്രയെന്നു ചോദിച്ച്,കുലുക്കി നോക്കി,അത് എനിക്ക് ലാഭാമല്ലെങ്കില്‍ വേണ്ട എന്ന് പറയുവാന്‍ ഒരു മടിയും ഇല്ല. കാരണം അത് എന്റെ പൈസയാണ്.ഒരു തട്ടിപ്പും വെട്ടിപ്പും കാണിക്കാതെ എനിക്ക് അര്‍ഹതപ്പെട്ടു കിട്ടിയത്.

കറിപ്പൊടികളെയും പാഡുകളെയും കാള്‍ എത്രയോ ദോഷമാണ് ജങ്ക് ഫുഡ്‌കള്‍ .അവയെപ്പറ്റി പറയാതിരുന്നത് ശരിയായില്ല(പാഡുകള്‍ കോട്ടണും കിട്ടും)

അശോക് കർത്താ said...

റോസാപ്പൂക്കള്‍ : ജങ്ക്ഫുഡുകളെക്കുറിച്ച് പലതവണയായി എഴുതിയിരുന്നു. എങ്കിലും ഇവിടെയും അതു സൂചിപ്പിക്കാമായിരുന്നു. നന്ദി