Monday, May 6, 2013

അദിതി നൽകുന്ന പാഠം

ഒരാഴ്ച മുൻപാണു അദിതി എന്ന കൊച്ചുകുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. അച്ഛനും വളർത്തമ്മയും ചേർന്നു ചെയ്തൊരു കുറ്റമായാണു പോലീസ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതൊരു ക്രൈം മാത്രമായി കാണാനല്ല നമുക്ക് താല്പര്യം. കുറ്റത്തിനു പിന്നിലെ പ്രേരണയെ പലരും കുട്ടിയുടെ പിതാവിന്റെ ജാതിയുമായി ബന്ധപ്പെടുത്തി ആസ്വദിക്കാൻ ശ്രമിച്ചപോലെ തോന്നി. കുറ്റകൃത്യത്തേക്കാൾ അച്ഛനമ്മമാരുടെ പശ്ചാത്തലത്തിനാണു മാദ്ധ്യമങ്ങൾ പ്രാധാന്യം നൽകിയത്. പിതാവ് ജനിച്ച ബ്രാഹ്മണസമുദായത്തിന്റെ വികലമായ കാഴ്ചപ്പാടാണു ആ മരണത്തിനു ഇടയാക്കിയതെന്നു പലരും സൂചിപ്പിച്ചു. യോഗക്ഷേമസഭയ്ക്ക്  പോലും പക്ഷെ അതിലൊരു വിഷമവും തോന്നിയതായി എവിടെയും കണ്ടില്ല. വയ്യാത്ത കുഞ്ഞങ്ങളെ കൊല്ലാമെന്ന രീതി ആ സമുദായത്തിലുണ്ടോ? പിതാവ് ഭാര്യയായി സ്വീകരിച്ച സ്ത്രീ അന്യമതസ്ഥയാണു. എന്നു മാത്രമല്ല മുൻപ് രണ്ടുതവണ വിവാഹിതയായവരുമാണവർ. അതിലൊരാൾ ബ്രാഹ്മണനുമായിരുന്നു. കടുത്ത യാഥാസ്ഥിതിക സ്വഭാവമുള്ള ഒരു ജാതിയിൽ പെട്ടയാൾ ഒരു അന്യമത്സ്ഥയെ, അതും രണ്ടുവിവാഹങ്ങൾ കഴിഞ്ഞ ഒരു സ്ത്രീയെ, ഭാര്യയായി സ്വീകരിക്കുന്നത് പുരോഗമനപരമാണെന്ന ഒരു വാദമല്ലെ യഥാർത്ഥത്തിൽ ഉണ്ടാകേണ്ടത്? അതാരും പറഞ്ഞതുമില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കുറേക്കാലമായി തുടർന്നു വരുന്ന ഒരു വാർത്താപ്രചരണ രീതിയാണു. ഭൂരിപക്ഷത്തിൽ പെട്ട ഒരാൾ തെറ്റ് ചെയ്താൽ ആ‍ കുറ്റം അയാളുടെ സമുദായത്തിനു മൊത്തമായി വരും. ഇത്തരം കുറ്റകൃത്യങ്ങൾ വ്യക്തിനിഷ്ഠമാണു. അതിനു സമുദായത്തിന്റെയോ മതത്തിന്റേയോ പങ്ക് വിരളമാണു. അന്യമതസ്ഥയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയാണു ഇയ്യാൾ ചെയ്തത്. അപ്പോൾ അയാൾ സ്വസമുദായത്തിന്റെ ആചാരങ്ങളെ ഓർമ്മിച്ചില്ല. അയാളെ നയിച്ചതു വ്യക്തിനിഷ്ഠമായ പ്രേരണകൾ മാത്രമായിരുന്നു. അങ്ങനെ ജീവിച്ചു പോരുന്നതിൽ സമുദായമോ പൊതുസമൂഹമോ തെറ്റുകണ്ടില്ല. അപ്പോഴാണു കുറ്റം കൃത്യം നടക്കുന്നത്. പക്ഷെ തെറ്റ് ഉടലെടുത്തുടൻ അതു സമുദായത്തിനു നേർക്കുള്ള വിരൽചൂണ്ടലായി മാറുകയും ചെയ്തു. ഇത്തരം തെറ്റുകൾ സമുദായം പ്രേരിപ്പിച്ചുണ്ടാകുന്ന കുറ്റമായി കാണാൻ പ്രയാസമാണു. എന്നു തന്നെയല്ല മതങ്ങൾ പറയുന്നത് ഇതൊന്നുമല്ല. അതാരും ശ്രദ്ധിക്കാറില്ല. ഒരു മതസ്ഥനായതു കൊണ്ട് ആ മതത്തിൽ പെട്ട വ്യക്തി ചെയ്യുന്ന തെറ്റ് അതിന്റെ പേരിൽ ചുമ്മാ ചാർത്തിക്കൊടുക്കുകയാണു. വ്യക്തികൾ മതത്തിന്റെ പേരു പറഞ്ഞ് ചെയ്യുന്ന കുറ്റകൃത്യങ്ങളെ നാം തീവ്രവാദത്തിലാണു പെടുത്തിയിരിക്കുന്നത്. ഇതു അത്തരത്തിലൊരു കുറ്റമായിരുന്നോ? ഈ കുറ്റാരോപിതൻ ജനിച്ച സമൂഹത്തിൽ അനേകം ആളുകൾ നല്ലമനസ്സോടെ ജീവിച്ചു വരുന്നുണ്ട്. അവർക്ക് ആധുനികരെപ്പോലെ ചിന്താശേഷി ഇല്ലായിരിക്കും. പക്ഷെ അവർ വിശ്വാസപൂർവ്വം ജീവിക്കുകയാണു. അതു മനസിലാക്കാതെയാണു എല്ലാവരും ആ സമുദായത്തിനു മീതേ കുറ്റം ആരോപിക്കുന്നത്. തന്മൂലം ആ സമുദായത്തിലെ പാവങ്ങൾ അവർ അറിയാതെ തന്നെ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. അത്തരമൊരു ആരോപണം സാമൂഹികമായി ഒരു അവമതി ആ സമൂഹത്തിലെ അംഗങ്ങളിൽ ഉണ്ടാക്കുന്നു. അതു കാണാനുള്ള മാനസിക വലുപ്പം നമുക്കെന്തു കൊണ്ടാണു ഇല്ലാതെ പോകുന്നത്? തീവ്രവാദത്തിന്റെ കാര്യത്തിൽ മുസ്ലീം സമുദായം ഈ വാർത്താ രീതിയുടെ ഒരിരയാണു. അതും തീവ്രവാദത്തിൽ മാത്രമാണെന്നു ഒർക്കുക.

ഇതരമതത്തിൽ പെട്ട തെറ്റുകാർ ഉണ്ടാകുക. അവരെ അടയാളപ്പെടുത്തുന്ന രീതി വ്യത്യസ്ഥമായിരിക്കുക എന്നത് അപകടകരമായ ഒരു സംഗതിയാണു. ഇന്ന മതസമൂഹത്തിൽ നിന്നാണു നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പീനൽ കോഡ് മാത്രമേ ബാധകമാകൂ. വേറൊന്നിൽ നിന്നാണെങ്കിൽ സോഷ്യൽകോഡ് കൂടിപരാമർശിക്കപ്പെടും എന്ന അവസ്ഥവരുമ്പോൾ രണ്ടാമത്തെക്കൂട്ടരിലുണ്ടാകുന്ന അധമബോധം രൂക്ഷമായിരിക്കും. നിങ്ങൾക്ക് സുരക്ഷിതത്ത്വം നൽകുന്നത് ഇപ്പോൾ നിങ്ങൾ ജീവിക്കുന്ന രീതിയല്ല എന്നതാകും അതു പുറമേക്ക്  നൽകുന്ന സന്ദേശം. ഇതു അവരുടെ സാമുദായിക ഭദ്രതയെ തകർക്കും. ഇന്ത്യൻ ഭരണഘടമയ്ക്കും ശിക്ഷാനിയമത്തിനും അതീതമാണു അത്തരം അടയാളപ്പെടുത്തലുകൾ.

മുൻപ് സന്തോഷ് മാധവൻ തെറ്റുകാരനായപ്പോൾ അതിന്റെ പാപഭാരമേൽക്കേണ്ടി വന്നത് ഇന്ത്യൻ സന്യാസി സമൂഹമായിരുന്നു. അയാൾക്ക് ഇന്ത്യൻ സന്യാസി സമൂഹത്തിന്റെ ഏതെങ്കിലും പാരമ്പര്യം ഉണ്ടോ എന്നു നോക്കാതെയാണു അയാളുടെ പേരിൽ എല്ലാ സന്യാസിമാരേയും ആക്ഷേപിച്ചത്. ശാശ്വതീകാനന്ദയ്ക്കു നേരെ മാദ്ധ്യമങ്ങളും പൊതുസമൂഹവും അവഹേളനം ചൊരിയുമ്പോൾ ഇതര സന്യാസത്തിൽ പെട്ട രണ്ടു പുരോഹിതന്മാർക്കെങ്കിലും എതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുകയായിരുന്നു. ശ്വാശതീകാനന്ദയെ ആഘോഷപൂർവ്വം ജനങ്ങളിൽ എത്തിച്ചിരുന്ന ഒരു മാദ്ധ്യമത്തിന്റെ കുടുംബവഴക്ക് അക്കാലത്തു നടക്കുന്നുണ്ടായിരുന്നു. അതിനു മാദ്ധ്യസ്ഥം വഹിക്കാൻ ക്ഷണിച്ചു കൊണ്ടുവന്നത് അക്കാലത്തേ പ്രമുഖനായ ഒരു ഇന്ത്യൻ സന്യാസിയേയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രാഭവത്തിനൊപ്പം ഇന്ത്യൻ സന്യാസത്തിന്റെ ശ്രേഷ്ഠതയും അംഗീകരിച്ചു കൊണ്ടായിരുന്നു ആ മാദ്ധ്യസ്ഥം എന്നു എല്ലാവർക്കും അറിവുള്ളതാണു.

ഒരു വിഭാഗത്തോട് കാണിക്കുന്ന ഇത്തരം ഋണാത്മക മനോഭാവം ആരും തന്നെ രാഷ്ട്രീയപ്രവർത്തകരോടോ മറ്റുള്ളമതങ്ങളുടെ കാര്യത്തിലോ കാണിക്കാറില്ല. എല്ലാപാർട്ടികളിൽ പെട്ടവരും വാണിഭവങ്ങളിൽ പെട്ടിട്ടുണ്ട്. എന്നിട്ടും ആ പാർട്ടിയിലെ അംഗങ്ങൾ മൊത്തമായി അപലപിക്കപ്പെടുന്നത് ഇന്നേ വരെ നാം കണ്ടിട്ടില്ല. പ്രമുഖരായ ഒരുപിടി ന്യൂനപക്ഷ നേതാക്കന്മാർ ആരോപണവിധേയരായപ്പോഴും അവരുടെ സമുദായങ്ങളേയോ അവരുൾപ്പെട്ട രാഷ്ട്രീയകക്ഷികളേയോ അപകീർത്തിപ്പെടുത്താൻ ആരും തുനിഞ്ഞില്ല. കൊലക്കുറ്റമുൾപ്പെടെ തെറ്റുകൾ ആരോപിക്കപ്പെട്ട പുരോഹിതന്മാർ ഇവിടെ ഉണ്ടായിട്ടും ഭൂരിപക്ഷമതം ആക്രമിക്കപ്പെടുന്നതുപോലെ ആക്രമിക്കപ്പെട്ടു കണ്ടതുമില്ല. ഇതൊന്നും കാണിക്കാനും പാടില്ല. ആ കീഴ്വഴക്കം ബാക്കിയുള്ളവർക്കു കൂടി ബാധകമാക്കണ്ടെ?
അങ്ങനെ ചെയ്യാതെ വരുമ്പോൾ ഈ പ്രചരണ രീതിക്ക് പിന്നിൽ അനഭിലഷണീയമായ ഗൂഡാലോചന ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല. ഒരു വ്യക്തി കുറ്റം ചെയ്തിട്ട് അതിന്റെ പാപം മുഴുവൻ അയാളുടെ സമൂഹത്തിനു മുകളിൽ വച്ചു കെട്ടുന്നത് ആ സമുദായത്തിന്റെ ഭദ്രതനശിപ്പിക്കാനാണെന്നു തോന്നിപ്പോകും. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് ഏതു കുറ്റവാളിയേയും നിർവ്വചിക്കാമെന്നിരിക്കെ, അതിനു പുറത്തു പോയി ഒരു സമൂഹത്തെ തന്നെ കുറ്റവാളികളായി ചിത്രീകരിക്കുന്ന രീതി ആശാസ്യമാണോ എന്നു പുരോഗമനവാദികൾ ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments: