നിങ്ങളുടെ മക്കൾ നിങ്ങളെ
സംരക്ഷിക്കുന്നില്ലെന്നു നിങ്ങൾക്ക് പരാതിയുണ്ടോ? എങ്കിൽ അതു അവരുടെ
കുറ്റമല്ല. അവർ നിങ്ങളേക്കാൾ പ്രായം കൂടിയവരാണു.
കറ്റാനത്തിനു സമീപമുള്ള ഒരു വയോകേന്ദ്രം സന്ദർശിച്ചപ്പോൾ ഗുരുനാഥൻ പറഞ്ഞതാണു.
നിയമം കൊണ്ട് പ്രായപൂർത്തി
നിശ്ചയിക്കുന്ന ഏകജീവി ആധുനിക മനുഷ്യൻ മാത്രമാണു. പ്രകൃതിയിലെ മറ്റെല്ലാ
ജീവജാലങ്ങൾക്കും അതു സ്വാഭാവികമായി ഉണ്ടാകുന്നതാണു. കാക്കയോ പൂച്ചയോ നായയോ
ഇത്രമത്തെ വയസ്സിലേ പ്രായപൂർത്തിയാകാവൂ എന്നു ഒരു സർക്കാറും
നിശ്ചയിക്കാറില്ല. അങ്ങനെ നിശ്ചയിച്ചാൽ തന്നെ അവയൊന്നും അതു
പരിഗണിക്കുകയുമില്ല. ജന്തുജാലം അവയുടെ ഉള്ളിലെ ബയോക്ലോക്കിൽ രേഖപ്പെടുത്തിയ
സമയമാകുമ്പോൾ പ്രായപൂർത്തിയാകും. എന്നാൽ മനുഷ്യനു അങ്ങനെയല്ല. അവൻ നിയമം
കൊണ്ടാണു പ്രായപൂർത്തിയാകുന്നത്.
18 വയസിലെ ഒരു പെൺകുട്ടി
പ്രായമാകു എന്നു നാം എന്തടിസ്ഥാനത്തിലാണു നിശ്ചയിക്കുന്നത്? പ്രകൃതി അതിനു
മുൻപേ അവളെ / അവനെ സജ്ജമാക്കിക്കഴിഞ്ഞെങ്കിൽ നമ്മുടെ നിയമത്തിനു എന്താണു
അർത്ഥം? ട്രാഫിക്ക് നിയമം പോലും പഠിച്ച് അനുസരിക്കാൻ തയ്യാറാകാത്ത നാം
ജൈവശാസ്ത്രപരമായി ഉത്തേജിക്കപ്പെടുന്ന കാര്യങ്ങളിലെ നിയമം അനുസരിക്കുമോ?
ഒരു ജീവി പ്രായപൂർത്തിയാകുന്നതിന്റെ 6 ഇരട്ടിയാണു അവന്റെ ആയുസ്സ്.
അങ്ങിനെയാണു ആയുർവ്വേദം പറയുന്നത്. ഒരു ജീവിക്ക് തന്നെപ്പോലെ തന്നെ
ആരോഗ്യമുള്ള മറ്റൊരു പ്രജയെ ഉൽപ്പാദിപ്പിക്കാൻ മാനസികവും ശാരീരികവുമായ
കഴിവ് ഉണ്ടാകുന്ന സമയത്തേയാണു പ്രായപൂർത്തി എന്നു ജീവശാസ്ത്രം. ഒരു 50 വർഷം
മുൻപുവരെ അതു പെണ്ണിനു 16ഉം ആണിനു 20ഉമായിരുന്നു. അക്കാലത്തു രോഗങ്ങൾ
ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ മനുഷ്യൻ ഏതാണ്ട് 100 വർഷംവരെ ആരോഗ്യത്തോടെ
ജീവിക്കുമായിരുന്നു. പിന്നീട് ആധുനികതയുടെ കടന്നു കയറ്റത്തോടെ ഇതു കുറയാൻ
തുടങ്ങി. 30കൊല്ലം മുൻപ് ഇതു 14/18 ആയി. ശരാശരി ആയുസ്സ് 80ലേക്ക് ചുരുങ്ങി.
പിന്നീടുള്ള കാലത്ത് പ്രായപൂർത്തിയാകുന്ന പ്രായം കുത്തനെ ഇടിഞ്ഞു.
ഇപ്പോഴത് 8/12 ആയിട്ടുണ്ട്. അതായത് ഒരു കുട്ടിജനിച്ചാൽ സ്വാഭാവികമായ
വളർച്ചയേക്കാൾ വേഗത്തിൽ അതു വയസ്സാകുന്നു. എന്തൊക്കെയോ ചെയ്തു
തീർക്കാനുണ്ടെന്ന ഭാവത്തിൽ കോശങ്ങൾ പെട്ടെന്നു വളരുന്നു. വൃദ്ധരാകുന്നു.
50-60 വയസ്സിനുള്ളിൽ മരിക്കുന്നു. അപ്പോഴും അവനെ സൃഷ്ടിച്ചവർ
ഇരിപ്പുണ്ടാകാം.
പ്രായപൂർത്തിയാകുന്ന ഒരു പെൺകുട്ടി അതിന്റെ
3ഇരട്ടിക്കാലം പ്രത്യുല്പാദനക്ഷമമായി ഇരിക്കും. അതുകൊണ്ടാണു 16 വയസ്സിൽ
പൂർണ്ണവളർച്ച എത്തിയവൾ 50 വയസ്സുവരെയൊക്കെ പണ്ട് പ്രസവിച്ചിരുന്നത്.
ഇന്നിപ്പോൾ 24 വയസ്സ് കഴിയുന്നതോടെ പ്രസവിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.
പെറ്റാൽ തന്നെ അമ്മയ്ക്കും കുഞ്ഞിനും രോഗം. പല കുട്ടികളും ഓട്ടിസ്റ്റിക്.
പെൺകുട്ടികളിൽ കൌമാരം കഴിയുന്നതിനു മുൻപേ PCOD എന്നു
ഓമനപ്പേരിട്ടുവിളിക്കുന്ന പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണങ്ങൾ. ആണിനു
കൌണ്ട്കുറവ്. പിന്നെ പരസ്യങ്ങളിലൊക്കെ കാണുന്ന ഉത്തേജനൌഷധം വാങ്ങാൻ
ഇടയാക്കുന്ന സൂക്കേടുകൾ. പണ്ട് 70 വയസിലൊക്കെ സൂചനകൾ കണ്ടുതുടങ്ങുമായിരുന്ന
പ്രോസ്ട്രേറ്റ് ഇന്നു 40നു മുൻപേ ഹാജർ.
ചുരുക്കത്തിൽ നിങ്ങളുടെ
മക്കൾ നിങ്ങളേക്കാൾ വൃദ്ധരാണു. അവർക്ക് നിങ്ങളെ സംരക്ഷിക്കാനാവില്ല. അവരുടെ
മനസ്സുകൾ കടുത്ത വാർദ്ധക്യത്തിലാണു. നിങ്ങളെ കാണുന്നതു തന്നെ അവർക്ക്
അസ്വസ്ഥതയുണ്ടാക്കും. അതു കൊണ്ട് എത്രയും പെട്ടെന്നു സ്ഥലം വിട്ടുകൊള്ളുക.
അവരുടെ മുന്നിൽ നിന്നും കഴിവതുംദൂരെ മാറി വല്ലയിടത്തും പോയി സ്വസ്ഥമായി
മരിക്കുക. പണ്ടുള്ളവർ കാശിക്കൊക്കെ പോയിരുന്നു. അതുപോലെ എന്തെങ്കിലും
നോക്കുക.
No comments:
Post a Comment