Wednesday, January 25, 2012

അന്നം



അന്നമാണു സർവ്വം. വെറുതെ പറയുന്നതല്ല. നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകുമോ അന്നത്തെക്കുറിച്ചു? ഒരു കുഞ്ഞ് വളരുന്നത് ശ്രദ്ധിച്ചാലതറിയാം. ശരീരപോഷണത്തിനു വേണ്ടത് അത് ആഹരിക്കുന്നു. ശരീരം സ്വയമേവ അതിനെ രക്ത, മജ്ജ, മാംസ ശുക്ലാദികളായി പരിണമിപ്പിച്ച് ശരീരത്തെ പോഷിപ്പിക്കുന്നു. ശരീരവും മനസും എങ്ങനെയായിത്തീരണമെന്നത് അന്നത്തെ ആശ്രയിച്ചിരിക്കും.

അന്നമെന്നു കേൾക്കുമ്പോൾ നാം കഴിക്കുന്ന ആഹാരത്തേയാണു ഓർക്കുക. അത് സ്ഥൂലാന്നം. സൂക്ഷ്മാന്നങ്ങൾ വേറെയുണ്ട്. നമ്മുടെ കാഴ്ചകൾ, കേൾവികൾ, ആലോചനകൾ. സ്ഥൂലാന്നത്തേക്കാൾ സൂക്ഷിക്കേണ്ടത് അവയാണു. അവ ഉള്ളിലേക്ക് ചെന്നാൽ സൂക്ഷ്മമായി പ്രവർത്തിക്കുന്നതു നാം അറിയണമെന്നില്ല. ഇതു കൊണ്ടായിരിക്കണം പണ്ടുള്ളവർ കുട്ടികളെ മുതിർന്നവരുടെ കാര്യത്തിൽ ഇടപെടീക്കാതിരുന്നത്. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ വരുന്നത് അവർ വിലക്കി. നിഷിദ്ധകാര്യങ്ങളും പ്രായപൂർത്തിയായവർക്കും ഇണകൾക്കും ബാധകമായ കാര്യങ്ങളും അവരിൽ നിന്നും മറച്ചു വച്ചു. ഇന്നു കുട്ടികൾക്ക് എല്ലാം സ്വാധീനത്തിലാണു. പല വീടുകളിലും മുതിർന്നവർക്ക് പകരം തീരുമാനമെടുക്കുന്നതു പോലും കുട്ടികളാണു. ഇതൊക്കെ അവർ പുറത്തുനിന്നു അന്നമായി സ്വീകരിച്ച്, മനസിൽ  സ്വാംശീകരിച്ച് ക്രിയയാക്കി മാറ്റിയവയാണു. ആധുനിക മാദ്ധ്യമങ്ങൾ അതിനു ഒരുപാട് സഹായിച്ചു.

ദൃശ്യശ്രവ്യമാദ്ധ്യമങ്ങളിലൂടെ കുട്ടികൾ ആഹരിക്കുന്ന ചിത്രങ്ങളും, വിവരണങ്ങളും, വികാരങ്ങളും, സന്ധികളും കുട്ടികളെ വളരെ വ്യത്യസ്ഥരാക്കുന്നു. അവരുടെ ഭാവനയും പ്രവർത്തികളും അസ്വാഭാവികമാകുന്നു. അവയെ പരിഹരിക്കാനാവാതെ ശിശുമന:ശ്ശാസ്ത്രം ഇന്നു പാടുപെടുകയാണു. കാർട്ടൂൺ ചിത്രങ്ങളും, ഭീകരസിനിമകളും അവരുടെ ജനിതകങ്ങളിൽ അനേകവിധം ആന്ദോളനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭാവസ്ഥയിൽ അമ്മമാർ കാണുന്നതും കേൾക്കുന്നതുമായ ജീവിത വിരുദ്ധമായ സന്ദേശങ്ങൾ, ഓട്ടിസം പോലുള്ള രോഗങ്ങൾ ഉണരാൻ കാരണമാകുമോ എന്നു അന്വേഷിക്കുന്നത് ഉചിതമായിരിക്കും.

സ്ഥൂലാന്നം കഴിച്ചാൽ അതിനനുഗുണമായ ശാരീരിക മാറ്റമുണ്ടാകുമെന്നു ആർക്കും തർക്കമില്ല. സൂക്ഷ്മാന്നവും അതു പോലെ തന്നെ പ്രവർത്തിക്കില്ലെ എന്നാലോചിക്കുന്നത് രസകരമായിരിക്കും. നമ്മുടെ സാമൂഹികാവസ്ഥയിലും കുടുംബവ്യവസ്ഥിതിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അതു വച്ച് പഠിക്കണം. അതിനു മാദ്ധ്യമസന്ദേശങ്ങൾ എത്രത്തോളം ഇടയാക്കീട്ടുണ്ട് എന്നന്വേഷിക്കണം.

1 comment:

അശോക് കർത്താ said...

ദൃശ്യശ്രവ്യമാദ്ധ്യമങ്ങളിലൂടെ കുട്ടികൾ ആഹരിക്കുന്ന ചിത്രങ്ങളും, വിവരണങ്ങളും, വികാരങ്ങളും, സന്ധികളും കുട്ടികളെ വളരെ വ്യത്യസ്ഥരാക്കുന്നു. അവരുടെ ഭാവനയും പ്രവർത്തികളും അസ്വാഭാവികമാകുന്നു.