Tuesday, January 24, 2012

ഇതാണു തമാശ!

“1900 ത്തിൽ മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം 37 വയസ്സായിരുന്നു. 2000 ൽ അത് 70 ആയി. ശാസ്ത്രപുരോഗതി മനുഷ്യായുസ്സ് വർദ്ധിപ്പിക്കാൻ എങ്ങനെ സഹായിച്ചു എന്നതിന്റെ തെളിവാണിത്. ഗവേഷണത്തിന്റെ കുതിച്ചുചാട്ടം ഇങ്ങനെ തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്കും മനുഷ്യായുസ്സ് 100 ൽ കവിഞ്ഞു കൂടായ്കയില്ല.”

പത്മവിഭൂഷൺ ഡോ. വിജയരാഘവൻ
(ഹൃദ്രോഗവിദഗധൻ - 2012 ജനവരി 24 മാതൃഭൂമി ദിനപ്പത്രത്തിനു നൽകിയത്)

ഡോക്ടർ ഇത് കാര്യമായിട്ട് പറഞ്ഞതോ, ന്യൂനോക്തിയിൽ പറഞ്ഞതോ? ന്യൂനോക്തിയാവാനാണു സാധ്യത. പത്രക്കാരനു അതു മനസിലായിക്കാണില്ല.

പത്രത്തിനു നൽകിയ ഈ കമന്റ് സൂക്ഷ്മമായി ഒന്നു പരിശോധിച്ചാൽ അതിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫലിതം അടങ്ങിയിരിക്കുന്നത് കാണാം. മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ സത്ഫലങ്ങൾ ഉളവാക്കുന്നു. അങ്ങനെയുള്ള സത്ഫലങ്ങൾ മനുഷ്യായുസ്സിനെ 100 ൽ എത്തിക്കും. അപ്പോൾ നമുക്ക് പിന്നിലേക്ക് ഒന്നു ചിന്തിക്കാം. ഒന്നര നൂറ്റാണ്ട് മുൻപ് മലയാളിയുടെ ആയുസ്സ് ഏതാണ്ട് നൂറിനടുത്തു തന്നെയായിരുന്നു. കുടുംബചരിത്രങ്ങളിലേക്ക് ആരു പോയി നോക്കിയാലും അതു മനസിലാകും. ഡൊക്ടർക്കും അതിൽ സംശയമുണ്ടാവില്ല. അന്നു അതെങ്ങനെയാണു സാധിച്ചെടുത്തത്. അക്കാലത്തെന്തോ കാര്യമായ ശാസ്ത്ര ഗവേഷണം നടത്തിട്ടുണ്ട്. അതെന്താ‍യിരിക്കുമെന്നു ആലോചിക്കുന്നത് നല്ലതാണു.

അപ്പോൾ 37 എന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത് മലയാളിയുടെ ആയുസ്സിന്റെ കണക്കാവില്ല. ജനന മരണങ്ങൾ ഇന്നത്തെ രീതിയിൽ ശാസ്ത്രീയമായി കേരളത്തിൽ ക്രോഡീകരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? ഒരു 80 കൊല്ലം. അതിനപ്പുറം സാദ്ധ്യതയില്ല. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആശുപത്രികൾ വന്നതിൽ‌പ്പിന്നെയാണു അത്തരമൊരു കണക്കെടുപ്പിന്റെ ആവശ്യമുണ്ടായത്. നാട്ടിൽ നിലവിലുള്ള വൈദ്യത്തെ ഇകഴ്ത്താനും മാഞ്ചസ്റ്ററിലെ കെമിക്കൽ കമ്പനികളുടെ രാസവസ്തുക്കൾ വിറ്റഴിക്കാനും അവർക്ക് ഒരു സ്റ്റാറ്റിസ്റ്റിക്സ് വേണം. അതിൽ നിന്നാണു ജനന മരണങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്. ആ കണക്കുകൾ ഭാഗീകമാണു. അതിനെ കേരളത്തിന്റെ മൊത്തം കണക്കായി എടുക്കാനാവില്ല. ഇതു നമ്മളേക്കാൾ നന്നായി ഡോക്ടർക്ക് അറിയാം.

അപ്പോൾ ശരാശരി ആയുർദൈർഘ്യം പറഞ്ഞിരിക്കുന്നത് ലോകത്തിന്റെ കണക്കാണു. അതിൽ തെറ്റുമില്ല. ദാരിദ്ര്യം,പട്ടിണി, യുദ്ധങ്ങൾ, ജീവിക്കാനുള്ള കഠിനശ്രമങ്ങൾ കാരണം യൂറോപ്പും പാശ്ചാത്യരാജ്യങ്ങളും നട്ടം തിരിയുകയായിരുന്നു. പോഷകാഹാര പ്രശ്നങ്ങളായിരുന്നു മരണത്തിനു കൂടുതലും കാരണമായത്. അതു കൊണ്ടാണല്ലോ യു.എൻ പോഷകാഹാര സ‌മൃദ്ധിക്കു വേണ്ടി നിലകൊള്ളാൻ ഒരു വിഭാഗം തന്നെ ഉണ്ടാക്കിയിർക്കുന്നത്.

മറ്റൊരു കാരണമുള്ളത് ആ ദേശങ്ങളിൽ ആയുർവ്വേദം പോലെ ശാസ്ത്രീയ അടിത്തറയുള്ള ഒരു വൈദ്യശാസ്ത്രം നിലനിന്നിരുന്നില്ല എന്നുള്ളതാണു. പ്രാകൃത വൈദ്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിനെ പരിഷ്കരിച്ചതാണു മോഡേൺ മെഡിസിൻ. മൊഡേണ്മെഡിസിനുള്ള അപാകത അത് യന്ത്ര മാതൃകയിൽ സ്ഥാപിച്ചിട്ടുള്ള ഒന്നാണെന്നതാണു. യുദ്ധകാലത്ത് അത് ഫലപ്രാ‍പ്തിയോടെ പ്രവർത്തിക്കുന്നത് കാണാം. എന്നാൽ തുടർന്നിങ്ങോട്ട് അത് പ്രതിസന്ധി നേരിടുന്ന കാഴ്ചയാണു നമുക്ക് മുന്നിൽ. മെഡിക്കൽ രംഗം ഭിഷഗ്വരമാരുടെ കൈവിട്ട് ഇന്നു രാസവ്യവസായികളുടെ കയ്യിലാണു. അവരുടെ ലാഭേച്ഛയ്ക്കനുസരിച്ചാണു ഇന്നു ആ രംഗത്തു നടക്കുന്ന ഗവേഷണങ്ങൾ.

അപ്പോൾ ഡോ.വിജയരാഘവൻ തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നത് ഈ ഗവേഷണങ്ങളെ ഒന്നു പരിഹസിക്കാൻ തന്നെയാവണം. വളരെ പെട്ടെന്നു വളരെയധികം ആളുകളിൽ ഒരു മെഡിക്കൽ മാനേജുമെന്റ് നടത്തി ലാഭവുമായി പിൻ‌വാങ്ങുക എന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായികളുടെ രീതി. അതിനെ അംഗീകരിക്കാത്ത ഒരാളാണു അദ്ദേഹം. അതിന്റെ ഇരകളെ ആശ്വസിപ്പിക്കാൻ എന്നും തയ്യാറായിട്ടുമുണ്ട് ഈ ഡോക്ടർ.

1960 ൽ 40 നു അടുത്ത് പ്രായമുള്ളവരാണു ആശുപത്രികളിൽ എത്തിയിരുന്നതെന്നു പ്രസ്താവനയുടെ തുടർച്ചായി കാണാം. 2010 ആയപ്പോഴേക്കും അത് 60 ആയി എന്നു വാർത്ത തുടരുന്നു. ഇവിടെ തൊട്ട് തമാശ ആരംഭിക്കുകയാണു. പീഡിയാട്രിക്ക് ഒ.പിയുടെയും ഐപിയുടേയും കണക്കെത്ര? 40 വയസുള്ളവർ വരുന്നില്ലെങ്കിൽ അവർ എവിടെപ്പോയി? ആശുപത്രിയിലുമില്ല, വീട്ടിലുമില്ലെങ്കിൽ പിന്നെ അവരെവിടെയാണു? കല്ലറകളിൽ എന്നാണോ മാദ്ധ്യമൻ ഉദ്ദേശിക്കുന്നത്? ഈ പത്രത്തിന്റെ ചരമക്കോളം ഒന്നു പരിശോധിച്ചാൽ നമുക്ക് കാണാം, ശരാശരി 40 വയസ്സുള്ളവരുടെ മരണ സംഖ്യ.

പിന്നെ ചുറ്റിനും ഒന്നു നോക്കു. ദിവസേന എന്തെങ്കിലും ഒരു മരുന്നു കഴിക്കാത്തവർ എത്രപേരുണ്ട്? ഇവരൊക്കെ സ്വയം ചികിത്സിക്കുന്നവരാണോ? അവർ ആശുപത്രിയിൽ ചെന്നിട്ടാണു മരുന്നു കുറിപ്പിക്കുന്നതെങ്കിൽ അവരുടെ കണക്ക് എവിടെപ്പോയി? അതോ അവരൊക്കെ മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് മറ്റ് ശാഖകളിലാണോ ഇപ്പോൾ ചികിത്സ?

ഡോ. വിജയരാഘവന്റെ മുഖക്കുറിപ്പോടെ മാതൃഭൂമിയിൽ ആരംഭിച്ചിരിക്കുന്ന പരമ്പര മെഡിക്കൽ രംഗത്തിന്റെ പരാധീനതയിൽ നിന്നു ഉടലെടുത്തതാണു. എനിക്ക് തോന്നുന്നത് വൻ‌കിട ആശുപത്രികളിൽ ആളുകൾ കുറഞ്ഞു തുടങ്ങി എന്നാണു. അവിടേക്ക് ആളെ ആകർഷിക്കാനുള്ള വാർത്താ-പരസ്യങ്ങളാവണം ഇത്തരം ലേഖനപരമ്പരകൾ. കഴിഞ്ഞ ദിവസം ഒരു ദൃശ്യമാദ്ധ്യമത്തിലും കണ്ടു ഇത്തരമൊരു ആളേ പിടുത്തം. കാര്യം സമദൂരമെന്നൊക്കെ തോന്നിച്ചാലും ചർച്ച ഒരു പ്രത്യേക ഡോക്ടറുടെ വീരേതിഹാസത്തിന്റെ പ്രചരണമാണു. ജനം തീരുമാനിക്കട്ടെ. എന്തു വേണമെന്നു.

3 comments:

അശോക് കർത്താ said...

മാതൃഭൂമിയിൽ ആരംഭിച്ചിരിക്കുന്ന പരമ്പര മെഡിക്കൽ രംഗത്തിന്റെ പരാധീനതയിൽ നിന്നു ഉടലെടുത്തതാണു. എനിക്ക് തോന്നുന്നത് വൻ‌കിട ആശുപത്രികളിൽ ആളുകൾ കുറഞ്ഞു തുടങ്ങി എന്നാണു. അവിടേക്ക് ആളെ ആകർഷിക്കാനുള്ള വാർത്താ-പരസ്യങ്ങളാവണം ഇത്തരം ലേഖനപരമ്പരകൾ. കഴിഞ്ഞ ദിവസം ഒരു ദൃശ്യമാദ്ധ്യമത്തിലും കണ്ടു ഇത്തരമൊരു ആളേ പിടുത്തം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മെഡിക്കൽ രംഗം ഭിഷഗ്വരമാരുടെ കൈവിട്ട് ഇന്നു രാസവ്യവസായികളുടെ കയ്യിലാണു. അവരുടെ ലാഭേച്ഛയ്ക്കനുസരിച്ചാണു ഇന്നു ആ രംഗത്തു നടക്കുന്ന ഗവേഷണങ്ങൾ"
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലൊ സുഖപ്രദം"

ചിലരോടൊക്കെ കളിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കണം, കർത്താ സാർ.
ഇപ്പോൾ ലോകം തന്നെ ഭരിക്കുന്നത് ഇവരാണ്

അശോക് കർത്താ said...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage : താങ്കളുടെ ഈ മുന്നറിയിപ്പിനു നന്ദി. പക്ഷെ ജനം ഇതു തിരിച്ചറിഞ്ഞ് ഒളിച്ചോടിയാൽ എന്തു ചെയ്യും? 2006 ലെ ചിക്കൻ ഗുണിയാ സീസൺ കഴിഞ്ഞപ്പോൾ മുതൽ ജനത്തിനു അങ്ങനെ ഒരു മാറ്റം തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ സ്റ്റോറുകാരോട് അന്വേഷിച്ചാൽ അവർ അത് പറഞ്ഞു തരും. പിന്നെ എന്നോടൊന്നും മല്ലുപിടിക്കാൻ ഒരു മെഡിക്കൽ കമ്പനിയും തയ്യാറാവില്ല. കാരണം ഞാനീ എഴുതുന്നതു കൊണ്ടല്ല അത് സംഭവിക്കുന്നതെന്നു അവരുടെ എം.ബി.എ കാർക്കറിയാം. അവരേപ്പോലുള്ളവർ സഹായിക്കുന്നതു കൊണ്ടല്ലെ എനിക്ക് ഇങ്ങനെയുള്ള പോസ്റ്റുകൾ ഇടാൻ കഴിയുന്നത്.