Wednesday, October 27, 2010

സ്വാമിയേ ശരണമയ്യപ്പാ!

തിരഞ്ഞെടുപ്പ് ബഹളത്തിനിടയിലും കേരളം ശരണം വിളികളാൽ മുഖരിതമാണു. രണ്ടു മൂന്നു ദിവസമായി മാദ്ധ്യമങ്ങൾ നാനാജാതി മതസ്ഥരേക്കൊണ്ടും ‘അയ്യപ്പശരണ‘വും ‘അമ്മേ നാരായണ‘യും ചിന്തിപ്പിക്കുകയും വിളിപ്പിക്കുകയും ചെയ്ത് കേരളത്തെ ഭക്തിസാന്ദ്രമാക്കുന്നു.

സർവ്വവും ഈശ്വരനായിരിക്കുമ്പോൾ ഈശ്വരനെ ഏന്തു പേരിട്ട് വിളിക്കും എന്ന് അന്തിച്ചു നിന്ന ഋഷിമാർ പിറന്ന നാടാണ് ഭാരതമെന്ന് വിസ്മരിക്കുന്നില്ല.

എങ്കിലും കർമ്മകലാപങ്ങളിൽ പെട്ട് സ്വത്ത്വം മറക്കുന്ന മനുഷ്യനെ അത് ഓർമ്മപ്പെടുത്താൻ ഭഗവൽ നാമങ്ങൾ പ്രയോജനപ്പെടും. അത് ഈശ്വരന്റെ ഛിദ്രാവതാരമായി കണക്കാക്കാം. മാദ്ധ്യമ ഇടപെടൽ കൊണ്ട് അങ്ങനെ ഒരു അവതാരം സംഭവിച്ചിരിക്കുന്നതിനു അവരോട് നന്ദി പറയുക.

ഇതൊരു പൂർണ്ണാവതാരമല്ല, സൂചന മാത്രണു!

സർക്കാർ വക ലൈൻബസ്സിൽ “സ്വാമി ശരണം“ “അമ്മേ നാരായണ“ എന്നൊക്കെ എഴുതീ വക്കുന്നതും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്യുന്നതും സംബന്ധിച്ച വിവാദമാണു ശരണം വിളികൾ ഉണർത്തിവിട്ടത്. കേരളത്തിലെ ഭൂരിപക്ഷവും, മതവും ജാതിയും മറന്നു അയ്യപ്പനേ സ്മരിക്കാൻ അത് ഇടയാക്കി. ഈശ്വരനാമം അറിയാതെ ഉച്ചരിച്ചാൽ പോലും പുണ്യപ്രദമാണെന്ന് എഴുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ ഹിന്ദുവെന്നോ, മുസ്ലീം എന്നോ, കൃസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ കോടിക്കണക്കിനു മലയാളികൾ പലയാവർത്തി ആ നാമം കാണുകയും ഓർക്കുയും, സ്മരിക്കുകയും വികാരത്തോടെ ചിന്തിക്കുകയും ചെയ്ത് കഴിഞ്ഞിരിക്കുന്നു. അതിനു സഹായിച്ച മാദ്ധ്യമങ്ങളോടുള്ള കടപ്പാട് തീർത്താലും തീരാത്തതാണു.

ദൈനംദിന പ്രവർത്തികളുടെ ചാക്രികതയിൽപെട്ട് നട്ടം തിരിയുന്ന സാധാരണക്കാരുടെ ജീവിതത്തിൽ ഒരു നിമിഷം അടങ്ങിയിരുന്നു ഈശ്വരനെ സ്മരിക്കുക പ്രയാസമാണു. എന്നാൽ മാദ്ധ്യമങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരചിന്തയിലേക്ക് നിർബ്ബന്ധപൂർവ്വം ജനത്തെ ആനയിച്ചു. മാദ്ധ്യമങ്ങൾ കൊണ്ട് അങ്ങനെയും ചില ഗുണങ്ങൾ ഉണ്ട്.

അയ്യപ്പശരണത്തിന്റെ വാർത്ത പിന്തുടർന്ന എത്രയേറെ ആളുകളുടെ പാപമായിരിക്കും കഴുകി മാറ്റപ്പെട്ടത്? അത് പ്രചരിപ്പിക്കുക വഴി മാദ്ധ്യമങ്ങൾക്കും അവരുടെ ദുഷ്ട് ഒരല്പം കഴുകി കളയാൻ അവസരമുണ്ടായി. സാധാരണ ജനങ്ങളും മാദ്ധ്യമപ്രവർത്തകരും മാത്രമല്ല അയ്യപ്പ സേവാസംഘവും അതുപോലുള്ള എത്രയോ ഹിന്ദു സംഘടനകളും വിമലീകരിക്കപ്പെട്ടിരിക്കുന്നു. ഇത്ര ആവേശത്തോടേയും വികാരത്തോടേയും മുൻപ് എപ്പോഴെങ്കിലും അവർ ശരണം വിളിച്ചിട്ടുണ്ടാകുമോ? സംശയമാണു. അതാണു ഈശ്വരമഹിമ. സംഘാടകരേക്കൊണ്ടും ശരണം വിളിപ്പിച്ച ഹരിഹരപുത്രന്റെ ഭഗവത് മഹിമ അപാരം തന്നെ.

സാധാരണഗതിയിൽ ദൈവജ്ഞന്മാർക്കും പൂജാരികൾക്കും അമ്പല/പള്ളിക്കമ്മറ്റിക്കാർക്കും ദൈവത്തോട് പുച്ഛമാണു. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ കണ്ടിട്ടും മിണ്ടാതിരിക്കുന്ന ദൈവത്തേ അവർ വിലകൽ‌പ്പിക്കുന്നുമില്ല. ഈശ്വരനെ മറന്ന് സമ്പത്തിലും അധികാരത്തിലും ആകൃഷ്ടരായി കഴിയുന്നവർ പുനർജനികളുടെ ആവർത്തിയിൽ നിന്നും രക്ഷപ്പെടില്ല. അതിൽ നിന്നു മോചനം നേടാനുള്ള ഒരു ദിശാസൂചകമാകണം ഈ വിവാദം. ആളുകൾ കർമ്മകലാപത്തിൽ പെടുമ്പോൾ ഈശ്വരൻ ഗൂഢമന്ദസ്മിതനായി ഇരിക്കുന്നത് സ്വാഭാവികം. പക്ഷെ അവർ അപകടത്തിലാണെന്ന് അറിയുമ്പോൾ ആ കണ്ണ് തുറക്കുക തന്നെ ചെയ്യും. തന്റെ തന്നെ മോഹിത സൃഷ്ടിയോട് ആർക്കാണു അനുതാപമില്ലാത്തത്? അങ്ങനെ വരുമ്പോൾ ജാതിയോ മതമോ വർഗ്ഗമോ നോക്കി രക്ഷ ചെയ്യുവാൻ ഈശ്വരൻ മനുഷ്യനല്ലല്ലോ. അതു കൊണ്ടാവും വിഘടിത വർണ്ണങ്ങളിലൂടെയും വ്യത്യസ്ഥ വിഭാഗങ്ങളിലൂടെയും ആ ശരണ മന്ത്രം കടന്ന് പോയത്.

ട്രാൻസ്പോർട്ട് വണ്ടിയുടെ ചില്ലിൽ ശരണമന്ത്രമെഴുതാമെങ്കിൽ ബീമാപള്ളി ഉറൂസും എടത്വാപ്പള്ളി പെരുനാളും എഴുതി വച്ചാൽ എന്താ എന്ന് ചോദിക്കുന്നവരുണ്ടാകും. ഒരു തെറ്റുമില്ല. പക്ഷെ ഇനി എന്തെഴുതി വച്ചാലും അത് അയ്യപ്പമന്ത്രവും അയ്യപ്പരൂപവും ആണെന്ന് തോന്നിപ്പോകും. അതാണു കുഴപ്പം! മാദ്ധ്യമങ്ങൾ അത്രയേറെ പ്രചാരം കൊടുത്തു ആ വാർത്തക്ക്. ഇനി അതെന്താണെന്ന് വ്യവച്ഛേദിച്ച് മനസിലാക്കിയാലും ഓ ഇതാ ശരണമയ്യപ്പാ പോലൊരു സംഗതിയാണല്ലോ എന്ന് തോന്നുകയും ചെയ്യും. അത് മനുഷ്യമനസിന്റെ ഒരു വികൃതിയാണു. ഒനിഡാ ടിവി, നിർമ്മ തുടങ്ങിയവയുടെ പുതിയ പരസ്യങ്ങൾ കാണുമ്പോഴും കണ്ണിലും കാതിലും തിരയടിക്കുന്നത് അവയുടെ പൂർവ്വരൂപമാണു. ഒന്ന് ആഴത്തിൽ പതിഞ്ഞ് കഴിഞ്ഞാൽ അതിന്റെ സാമ്യമുള്ളതെല്ലാം ആദ്യത്തേതിനെ ഓർമ്മിപ്പിക്കും. അതു കൊണ്ട് എന്താണിവിടെ കുഴപ്പം? ഒന്നുമില്ല. ആണ്ട് നേർച്ച/പെരുന്നാൾ എന്ന് കണ്ട് ശരണമയ്യപ്പാ എന്ന് വായിക്കുന്നത് കൊണ്ട് ഒരു കുഴപ്പമൊന്നും വരാനില്ല. ദൈവം ഒന്നല്ലേ ഉള്ളു. എന്തെഴുതി വായിച്ചാലും അത് ആ ഒന്നിനെപ്പറ്റിയാകും.

അപ്പോൾ ശരണമന്ത്രം നിരോധിക്കണമെന്നു ഉപദേശിച്ചു കൊടുത്തവൻ ആരാ? അല്ല, ആരാ?

4 comments:

അശോക് കർത്താ said...

ശരണമന്ത്രം നിരോധിക്കണമെന്നു ഉപദേശിച്ചു കൊടുത്തവൻ ആരാ?

raj said...

കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്ന് 'സ്വാമിശരണം', 'അമ്മേ നാരായണ' തുടങ്ങിയ മതവചനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ബുധനാഴ്ച മലക്കം മറിഞ്ഞു. അങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

RANJI said...

പരിവര്‍ത്തനത്തിന്റെ കുഞ്ഞാടുകള്‍ തന്നെ അല്ലാതാര ?

Dr.Jishnu Chandran said...

മന്ത്രിക്കുണ്ടാകുന്ന വെളിപാടുകളെ.... ഹ ഹ