ശനിയാഴ്ച(16-10-10) ഒരു കുടുംബയോഗത്തിൽ പങ്കെടുത്തപ്പോൾ തോന്നിയതാണു തലക്കെട്ടായി കുറിച്ചത്. വിഷയം തെരെഞ്ഞെടുപ്പാണെങ്കിലും കുട്ടികളും അതിൽ പങ്കെടുത്തിരുന്നു. പത്ത് പതിനാല് കുട്ടികൾ കാണും. തെരെഞ്ഞെടുപ്പ് വാക്സിൻ കുത്തിവയ്ക്കുന്ന ഇടവേളകളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മുതിർന്നവരും അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഒക്കെയും ഗൃഹാതുരത്തമെന്ന് പറയുന്ന് പഴയ പാട്ടുകൾ. വയലാർ, റഫി, സലിൽ ചൌധരി തുടങ്ങിയത്. പത്തിരുപത് കൊല്ലമായി പരിചയമുള്ള സുഹൃത്ത് സംഘത്തിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോളേജു ഹോസ്റ്റലുകളിലും ചിലരൊക്കെ കള്ളു ഷാപ്പിലും 20വയസിൽ മേശയിലടിച്ച് പാടിയ പാട്ടുകളുടെ ആവർത്തനം തുടരുന്നു.
എന്നാൽ പുതുതലമറ കുട്ടികൾ അത്ഭുതപ്പെടുത്തി. ആദ്യത്തെ ആൾ രംഗത്ത് വന്നത് ഒരു വള്ളത്തോൾ കവിതയുമായിട്ടാണു. ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു ആ കവിത. അവൻ നല്ല ഈണത്തിൽ അത് ചൊല്ലി. അതൊരു വ്യതിയാനം മാത്രമായിരിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോൾ അതാ രണ്ടാമത്തെ കുട്ടി, സൈന (6) ഒരു കുട്ടിക്കവിതയുമായി വരുന്നു. ചിത്രശലഭത്തേക്കുറിച്ചുള്ളത്.
-ആരെഴുതിയതാ മോളേ?
എന്റെ ചോദ്യം കേട്ട് അവൾ പരിഹസിച്ചില്ലെന്നേയുള്ളു.
-മാമനറിയില്ലെ? മാമനൊക്കെ എപ്പോഴും പറയുന്ന ഒരാളാ!
-ആരാദ്?
അവൾ വാ പൊത്തി. (ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്ന് അവളുടെ അച്ഛൻ അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു)
-നീ, പറ.
-സുഗതകുമാരി.
പെട്ടെന്ന് എനിക്കത് ഓർമ്മ വന്നു.
-ശ്ശോ, ഞാനത് മറന്നു.
ഇതിനിടയിൽ സംഘാടകൻ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് വിചാരിച്ച് ആരെങ്കിലും മിമിക്രി അവതരിപ്പിക്കാമോ എന്ന് ചോദിക്കുന്നു. റിട്ടയർ ചെയ്യാറായ ഒരു വിദ്വാൻ കൈപൊക്കി.
-റഷീദേ, താനവടിരി. കുട്ടികൾ ആരെങ്കിലുമാകട്ടെ.
എന്നാൽ കുട്ടികൾ ആരും അത് കേട്ട ഭാവം കാണിച്ചില്ല. സംഘാടകന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ഒരല്പം മുതിർന്ന കുട്ടി എഴുന്നേറ്റു.
-ങാ, സതീശ് വാ.
അവൻ ചോദിച്ചു: യേശുദാസിനെ അനുകരിച്ചാൽ മതിയോ?
-പിന്നെന്താ, കലക്കണം കേട്ടോ.
അവൻ ചെറുപുഞ്ചിരിയോടെ മൈക്ക് വാങ്ങി ‘ചക്രവർത്തിനീ......’ എന്ന പാട്ട് മനോഹരമായി ആലപിച്ചു. സദസ്സ് അന്തംവിട്ടു. ഇതാണോ മിമിക്രി? സംഘാടകൻ അത് തുറന്ന് ചോദിക്കുക തന്നെ ചെയ്തു. അവൻ കൂസലില്ലാതെയാണു മറുപടി പറഞ്ഞത്. യേശുദാസ് പാടുന്ന പാട്ട് അതേപോലെ പാടിയൊപ്പിക്കുന്നതിനു വേറെന്താ പറയുക? സദസിനു ഉത്തരം മുട്ടി. വാട്ടാനൈഡിയാ സെർജി എന്ന് സതീശന്റെ സ്നേഹിതന്റെ കമന്റ് തൊട്ട് പുറകേ വന്നു. കുടുംബയോഗത്തിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം.
വളരെ വ്യത്യസ്ഥമായി കുടുംബയോഗം പുരോഗമിക്കുന്നത് ഞങ്ങൾ കണ്ടു.
ചങ്ങമ്പുഴ,ഇടശ്ശേരി തുടങ്ങിയവരുടെ കവിതകൾ.(പുതുതലമുറ കട്ടികൾക്ക് കവിതക്കമ്പമോ?) സുകുമാർ അഴീക്കോട് ഗുപ്തൻ നായർ, മുണ്ടശ്ശേരി തുടങ്ങിയവരുടെ ഉപന്യാസഭാഗങ്ങൾ പ്രസംഗങ്ങളായും അവരിൽ നിന്നു കേട്ടു. എനിക്ക് അത്ഭുതം അടക്കാനായില്ല. കുട്ടികൾ സിനിമാ താരങ്ങളേയും മിമിക്രിയേയും ഉപേക്ഷിച്ച് നമ്മുടെ സർഗ്ഗ സാഹിത്യകാരന്മാാരേ തേടിപ്പോകുന്നതെന്തു കൊണ്ടാണു?
പുതിയ വിദ്യാഭ്യാസ പദ്ധതിയാണോ അതിനു കാരണം? ഒരു പരിധി വരെ അതാണു കാരണമെന്ന് തോന്നുന്നു. അദ്ധ്യാപകർക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അതു കുട്ടികൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നു കൊടുക്കുന്നുണ്ട്. വഴികാട്ടിക്കൊടുത്താൽ അവർ തനിച്ച് നീങ്ങുന്നുണ്ട്. മോശമല്ല, നമ്മുടെ കുട്ടികളുടെ ഭാവി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
2 comments:
തെരെഞ്ഞെടുപ്പ് വാക്സിൻ കുത്തിവയ്ക്കുന്ന ഇടവേളകളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മുതിർന്നവരും അവതരിപ്പിക്കുന്നുണ്ടായിരുന്നു.
മലയാളത്തെ സ്നേഹിക്കുന്നവര്‍ ഇനിയുമുണ്ടാകട്ടെ
Post a Comment