Sunday, October 31, 2010

ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്തിന്റെ ജ്യോതിഷവും

ജ്യോതിഷത്തിലെ ഗ്രഹരാശിഫലങ്ങളെ അധികരിച്ച് കേരള ശാ‍സ്ത്രസാഹിത്യ പരിഷത്ത് ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. വളരെ വിജ്ഞാനപ്രദമായ അത് ഏവരും കണ്ടിരിക്കേണ്ടതാണു. അത്ര നന്നായിരിക്കുന്നു അതിന്റെ നിർമ്മാണവും അത് പകർന്നു നൽകുന്ന അറിവുകളും.

ഗലീലിയോ ടെലസ്കൊപ്പ് കണ്ടുപിടിച്ചതിന്റെ നാനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു ആ വീഡിയോ പുറത്തിറക്കിയത്.

ഗലീലിയൊയ്ക്കും വളരെ മുൻപേ ടെലസ്കോപ്പ് പോലെ ശാസ്ത്രീയമായ ഉപകരണങ്ങൾ ഒന്നുമില്ലാതെ ഭൂമിയുടേയും ചന്ദ്രന്റേയും സൂര്യന്റേയും ചലനങ്ങൾ ഭാവന ചെയ്ത് തയ്യാറാക്കിയ ജ്യോതിഷത്തെ ഖണ്ഡനം ചെയ്യുവാൻ അത് ഉപകരിക്കും. തീർത്തും അന്ധകാരത്തിലായിരുന്ന കേരള ജനതയും അവരേക്കാൾ അജ്ഞാനാന്ധകാരത്തിലായിരുന്ന കവടി നിരത്തുകാ‍രും എങ്ങനെയാണു ഇതൊക്കെ കണ്ടുപിടിച്ചത്? അതുപോലെ ഇക്കണ്ട ഗ്രഹങ്ങൾക്കും നക്ഷത്രക്കൂട്ടങ്ങൾക്കും രാശികൾക്കും അർത്ഥവത്തായ ഓരോ പേരുകൾ സങ്കല്പിച്ചുണ്ടാക്കാൻ അവർക്ക് എങ്ങനെ കഴിഞ്ഞു. (കൊച്ചിനു ഒരു പേരിടാൻ തന്നെ എന്താ പ്രയാസം. പിന്നാ ഗ്രഹങ്ങൾ) ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ പ്രചാരത്തിലാകുന്നതിനു തൊട്ടു മുൻപ് വരെ കാർഷികാവശ്യത്തിനും സമയ-കാല നിർണ്ണയത്തിനുമൊക്കെ ജനങ്ങൾ ഉപയോഗിച്ചത് ഈ അന്ധവിശ്വാസ ജടിലമായ ജ്യോതിഷമായിരുന്നു. എന്നിട്ടും ആധുനിക കാല കണ്ടുപിടിത്തങ്ങളോട് അവയ്ക്ക് വലിയ വ്യതിയാനം ഉണ്ടായിരുന്നില്ലെന്നത് അത്ഭുതമാണു.

ഗ്രഹങ്ങളുടെ പേരു പറഞ്ഞ് ജ്യോതിഷികൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണു എന്ന് പരിഷത്തുകാർ കണ്ടുപിടിച്ചിരിക്കുന്നു. ആ വാദം എത്രത്തോളം ശരിയാണു? ഈ കാലത്തിൽ അതെങ്ങനെ സാദ്ധ്യമാകുന്നു എന്നതാണു അത്ഭുതം.

ആധുനിക ശാസ്ത്രം ഏറ്റവും വികാസം പ്രാപിച്ച കാലഘട്ടമാണു പോയ 100 വർഷങ്ങൾ. അന്ധകാര കൂപത്തിൽ നിന്നും ശാസ്ത്ര തേജസ്സിലേക്ക് ലോകജനത കുതിച്ചു കയറി. ഇന്ത്യയെപ്പോലെ ഒരപരിഷ്കൃത രാജ്യത്തിനു അമേരിക്കയും യൂറോപ്പും പോലെ ആ കുതിപ്പിൽ പങ്കുകൊള്ളാനായില്ലെന്ന് വാസ്തവം. എങ്കിലും മിഷണറിമാരുടെ പ്രവർത്തനം ഒരു പരിധി വരെ അത് മറികടക്കാൻ സഹായിച്ചു എന്ന് പറയാതെ വയ്യ. ഏതാണ്ട് 75 കൊല്ലമായി ആ കുതിപ്പിൽ പങ്കു ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽ ശാസ്ത്രപഠനം പ്രചാരത്തിലാകുകയും ഒരുപാടാളുകൾ ശാസ്ത്രബുദ്ധികളായി പരിണമിക്കുകയും ചെയ്തു. ഒരു തലമുറ ദൈവത്തെ തന്നെ നിഷേധിക്കാൻ ധൈര്യം കാണിച്ചത് ഈ ശാസ്ത്രത്തിന്റെ പിൻ‌ബലത്തിലായിരുന്നു. അവരേത്തുടർന്നുള്ള രണ്ട് തലമുറകളാണു ഇന്നു നമുക്ക് മുന്നിലുള്ളത്. യൂണിവേഴ്ഷിറ്റികൾ സ്ഥാപിതമായതോടെ ശാസ്ത്രത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇത് വിദ്യാഭ്യാസം നേടിയവരുടെ കാര്യം. ശാസ്ത്രം ജനനന്മക്ക് എന്ന് പറഞ്ഞ് സാമാന്യത്തിലേക്ക് എത്തിക്കാൻ ശാസ്ത്രപഠനം കഴിഞ്ഞിറങ്ങിയവരും പരിഷത്തുപോലുള്ള സംഘടനകളും കയ്യും മെയ്യും മറന്നു പ്രവർത്തിച്ചപ്പോൾ സമസ്ത മേഖലകളും പൂർണ്ണമായി. ഈ വിജ്ഞാന വിസ്ഫോടനം ജനത്തെ തികഞ്ഞ ശാസ്ത്രവാദികൾ ആക്കി മാറ്റുകയായിരുന്നു. ഇന്നു നാം കാണുന്ന എല്ലാ വികാസത്തിനു പിന്നിലും ആ ശാസ്ത്രപഠനത്തിന്റെ തിളക്കം കാണാം. മനുഷ്യൻ പൂജയും തേവാരവും ഉപേക്ഷിച്ചു. സാധാരണ ലൊട്ടുലൊടുക്ക് വൈദ്യന്മാരെ കാണുന്നത് നിർത്തി. പഞ്ചനക്ഷത്ര സ്റ്റൈൽ ഉള്ള ആശുപത്രികളിലേക്ക് അഭിമാനത്തോടെ കടന്നു ചെന്നു. അവൻ ആകാശത്തേക്ക് കുതിച്ചു. എല്ലാത്തിനും ആധാരമായി ആധുനിക ശാസ്ത്രവും.

എന്നിട്ടും പരിഷത്ത് പറയുന്നതെന്താണു?

മലയാളിക്ക് അന്ധവിശ്വാസം കൂടുന്നു. യാതൊരു ശാസ്ത്രിയ അടിസ്ഥാനവുമില്ലാത്ത ജ്യോതിഷികളെ പിൻ‌പറ്റുന്നു.

ഇത്രയും കാലം ശാസ്ത്രം പഠിച്ച ഒരു ജനത അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുമോ?
ചെയ്താൽ പിന്നെ ശാസ്ത്രപഠനത്തിനെന്ത് പ്രസക്തി?

അജ്ഞാനത്തേയും അന്ധവിശ്വാസത്തേയും മറികടക്കാനുള്ള ഉപകരണമായാണു ആധുനിക ശാസ്ത്രം ഈ ലോകത്തിലേക്ക് കടന്നു വന്നത്. അത് പരാജയപ്പെട്ടോ? എങ്കിൽ എന്താണു കാരണം?

ശാസ്ത്രത്തിലുള്ളതെല്ലാം സത്യവും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയുന്നവയുമാണു എന്നാണു നമ്മൾ പഠിച്ചിട്ടുള്ളത്. പിന്നെ ആരെങ്കിലും ശാസ്തത്തെ തള്ളിക്കളയേണ്ടതുണ്ടോ? ശാസ്ത്രം പഠിച്ച ആർക്കെങ്കിലും അന്ധവിശ്വാസങ്ങളെ അവലംബിക്കാൻ തോന്നുമോ? എങ്കിൽ ശാസ്ത്രത്തിൽ നിന്ന് പഠിച്ചതെന്ത്?

അനുഭവങ്ങളേക്കാൾ വലുതല്ല അന്ധവിശ്വാസം. ശാസ്ത്രം അനുഭവപൂർണ്ണമാണു. യാഥാർത്ഥ്യമാണു. അപ്പോൾ അന്ധവിശ്വാസങ്ങൾക്ക് എങ്ങനെ നിലനിൽക്കാൻ കഴിയും?

അന്ധവിശ്വാസം വർദ്ധിക്കുന്നു എന്നുപറഞ്ഞാൽ ശാസ്ത്രം പരാജയപ്പെട്ടു എന്ന് സമ്മതിക്കേണ്ടി വരും. ജനം ശാസ്തമെന്ന് പറഞ്ഞ് പഠിച്ചത് വെറും അന്ധവിശ്വാസം മാത്രമാണെന്ന് തെളിയും. പരിഷത്ത് പ്രചരിപ്പിച്ച ശാസ്ത്രം വിശ്വാസയോഗ്യമോ അനുഭവപൂർണ്ണമോ സത്യമോ ആയിരുന്നില്ല എന്നു ഉറപ്പാകും.

അങ്ങനെയൊന്നും വരാൻ വഴിയില്ല. കാരണം ശാസ്ത്രത്തിൽ അശാസ്ത്രീയതയില്ല. ഉണ്ടെങ്കിൽ അത് അന്ധവിശ്വാസമാകും. ഈ സമസ്യ പരിഷത്ത് വിശദീകരിക്കേണ്ടിയിരിക്കുന്നു.

ഇതിനേക്കാൾ രസകരമായ ഒരു കാര്യമുണ്ട്.

നമ്മൾ വിചാരിക്കും ഇവിടെയാണു അന്ധവിശ്വാസങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെന്നു. അത് ശരിയല്ല. ഇവിടുത്തേക്കാൾ ബാലിശവും പ്രാകൃതവുമായ അന്ധവിശ്വാസങ്ങൾ അമേരിക്കയിലും യൂറോപ്പിലും ഒരുപാടുണ്ട്. ശാസ്ത്രത്തിന്റെ ഈറ്റില്ലങ്ങളായി നമ്മൾ ആരാധിക്കുന്ന ദേശങ്ങളാണവ. നമ്മളേക്കാൾ മുൻപേ ശാസ്ത്രം പഠിച്ച് മികവുറ്റവരായ അവർ അന്ധവിശ്വാസത്തിനു വശംവദരാണന്നരിയുമ്പോൾ നാം ഈ ശാസ്ത്രത്തെക്കുറിച്ച് എന്ത് വിചാരിക്കുന്നു? നമ്മുടെ പല അന്ധവിശ്വാസങ്ങൾക്കും കൃഷിയും ആരോഗ്യവും നാട്ടുനീതിയുമൊക്കെയായി ബന്ധമുണ്ടെന്ന് പരിഷത്ത് തന്നെ സമ്മതിച്ചിട്ടുള്ളതാണു. അങ്ങനെ ബന്ധമൊന്നുമുള്ളവയല്ല, പാശ്ചാത്യന്റെ അന്ധവിശ്വാസങ്ങൾ. അവിടെ ധ്യാനം കൂടലുകൾ ഇവിടുത്തേക്കാൾ അനവധിയാണു. ഒരു ശാസ്ത്ര ലോകത്ത് അതൊക്കെ എത്രമാത്രം ശാസ്ത്രീയമാണു? നമ്മുടെ കാര്യം വിടാം. നമ്മൾ കാടന്മാരാണല്ലോ. പരിഷത്ത് വന്നതിനു ശേഷം ഒന്നു ബുദ്ധി തെളിഞ്ഞു വന്നതായിരുന്നു. ഇപ്പോൾ അവർ തന്നെ പറയുന്നു, ശാസ്ത്രത്തിന്റെ ഫ്യൂസടിച്ച് പോയിരിക്കുകയാണെന്ന്. എന്താ ഭഗവാനേ കളി.

മേമ്പൊടിയായി ആ വീഡിയോ ഇരിക്കട്ടെ: "http://www.youtube.com/v/Jk16rlrfOJE&hl=en_US&feature=player_embedded&version=

4 comments:

അശോക് കർത്താ said...

ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്തിന്റെ ജ്യോതിഷവും

ജഗദീശ്.എസ്സ് said...

സായിപ്പിന് അന്ധവിശ്വാസം ഉണ്ട്, അതുകൊണ്ട് നമുക്കും അത് ആകാം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്.
ഒരുകാലത്ത് ശാസ്ത്രവും അന്ധവിശ്വാസവും ഒക്കെ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഗലീലിയോയുടെ കാലത്തായിരുന്നു ഇതില്‍ നിന്ന് ശാസ്ത്രം മറ്റ് വിശ്വാസങ്ങളില്‍ നിന്ന് സ്വതന്ത്രമായത്.

ദൈവത്തെ നിഷേധിക്കാന്‍ ശാസ്തരത്തിന്റെ ആവശ്യമില്ല. വിശ്വാസികളുടേയും മതത്തിന്റേയും പ്രവര്‍ത്തനം നോക്കിയാല്‍ പോരെ വൈരുദ്ധ്യം കാണാന്‍. ആധുനിക ശാസ്ത്രമില്ലാതെ തന്നെയാണ് ബുദ്ധന്‍ നിരീശ്വരവാദിയായത്.

പ്രാചീന സമൂഹത്തില്‍ തൊഴിലിന്റെ വിഭജനം വന്നതോടെ അറിവ് കുറച്ച് വിദഗ്ധരുടെ കൈയ്യില്‍ മാത്രം എത്തി. ബഹുജനം അവരവരുടെ തൊഴില്‍(ജാതിയോ, അടിമത്തമോ അടിസ്ഥാനം) ചെയ്തുപോകുന്നു. മതവും വിശ്വാസവും ആ തൊഴില്‍ പ്രശ്നമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്നു. ആധുനിക കാലത്തും ഇതു തന്നെയാണ് സംഭവിക്കുന്നത്.

അക്ഷയത്രിതീയ പോലുള്ള പുതിയ തട്ടിപ്പുകള്‍ താങ്കള്‍ കാണുന്നില്ലേ? അന്ധവിശ്വാസം കൂടി സ്വന്തം കുഞ്ഞിനെ പോലും കൊല്ലുന്ന ആള്‍ക്കാര്‍ കേരളത്തില്‍ പോലുമുണ്ടല്ലോ. പരിഷത്തുകാരുടെ പ്രവര്‍ത്തനം ഫലവത്തല്ല എന്നാണ് ഇത് കാണിക്കുന്നത്. അവരെക്കാള്‍ ശക്തരായി ശാസ്ത്രബോധം വളര്‍ത്തുന്ന പ്രസ്ഥാനങ്ങളുടെ ആവശ്യകത ഇന്ന് സമൂഹത്തില്‍ ഉണ്ട്.

അശോക് കർത്താ said...

1.സായിപ്പിന് അന്ധവിശ്വാസം ഉണ്ട്, അതുകൊണ്ട് നമുക്കും അത് ആകാം എന്നൊരു സന്ദേശം എന്റെ പോസ്റ്റിലൂടെ വരുന്നുണ്ടെങ്കിൽ ക്ഷമിക്കണം. ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.
ആധുനിക ശാസ്ത്രം പിറന്ന മണ്ണിൽ ശാസ്ത്രീയതിലൂടെ കടന്നു പോയി എന്ന് ഒട്ടൊക്കെ ഭാരതീയർ അഭിമാനിക്കുന്ന സായ്പ് അന്ധവിശ്വാസത്തിനു അടിമയാണു. അപ്പോൾ ഇത്ര കാലം ശാസ്ത്രം പഠിച്ചിട്ടെന്തായി എന്നാണു എന്റെ ചോദ്യം!
2“....ഗലീലിയോയുടെ കാലത്തായിരുന്നു ഇതില്‍ നിന്ന് ശാസ്ത്രം മറ്റ് വിശ്വാസങ്ങളില്‍ നിന്ന് സ്വതന്ത്രമായത്.....”
ഗലീലിയോയുടെ കാലം തൊട്ടാണു പാശ്ചാത്യനു ശാസ്ത്രം ബോധം ഉണ്ടായിത്തുടങ്ങിയതെന്ന് സമ്മതിക്കാം. പക്ഷെ ബ്രൂണോയെ ചുട്ടുകൊന്ന ഒരു പാരമ്പര്യം അവർക്കുണ്ട്. എന്തിനു? സത്യം പറഞ്ഞതിനു. എന്നാൽ ഇന്ത്യയിൽ സൌരയൂഥസിദ്ധാന്തം അതിനു മുൻപേ പറഞ്ഞിട്ടും പ്രചരിപ്പിച്ചിട്ടും ആരും ചുട്ടു കൊന്നില്ല. അതിന്റെ തുടർച്ചയിൽ പഠനം നടത്തിയ ആര്യഭടനെ പണ്ഡിതനായി നളന്ദയിൽ അവരോധിക്കുകയാണു ചെയ്തത്. നമ്മൂടെ പ്രാചീനശാസ്ത്രബോധം ജീവിതത്തിൽ പ്രയോഗിക്കപ്പെടുകയായിരുന്നു. അതിനു പേറ്റന്റില്ല. ചൂഷവുമില്ല!
3.“ബുദ്ധന്‍ നിരീശ്വരവാദിയായത്“
ഇതേക്കുറിച്ച് എനിക്ക് സംശയമുണ്ട്. മറുപടി പിന്നീട്!
4.”..അക്ഷയത്രിതീയ പോലുള്ള പുതിയ തട്ടിപ്പുകള്‍ താങ്കള്‍ കാണുന്നില്ലേ?...”
അക്ഷയത്രിതിയ പോലുള്ള തട്ടിപ്പുകൾക്ക് ശാസ്ത്രപഠനംനടത്തിയവരാണു കൂടുതലും വഴങ്ങുന്നത്. അതെന്തു കൊണ്ടാണെന്നാണു എന്റെ ചോദ്യം. ശാസ്ത്രം പഠിക്കുന്നു എന്ന് പറയുന്നത് വെറുതേയല്ലെ? ശാസ്ത്രം പഠിച്ചാൽ പിന്നെന്ത് അക്ഷയത്രിതീയ?

ജഗദീശ്.എസ്സ് said...

http://mljagadees.wordpress.com/2009/10/27/rocket-science/