Monday, November 15, 2010

വേൾഡ് ഡയബറ്റിക് ഡേലോകത്തിലെ അഞ്ചു പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യാക്കാരനാണെന്ന കണക്കിലെ കളി രണ്ടു ദിവസമായി മാദ്ധ്യമങ്ങളിൽ കളിക്കുകയാണു. അത് അഞ്ച് കോടിയോളം വരും. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും 5 കോടി പ്രമേഹരോഗികളോ എന്ന് അത്ഭുതപ്പെടരുത്. നാമമാത്ര പ്രമേഹരോഗികളിൽ നിന്നാണു നാം 5 കോടിയിലെത്തി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ചൈന നമുക്ക് പിറകിലാണു. 4.3 കോടി. അമേരിക്കയിൽ 2.7 കോടി. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന ശുഭപ്രതീക്ഷയിലാണു വൈദ്യവ്യവസായം. ജനസംഖ്യയുടെ 10% എന്ന ഈ നിരക്ക് അമേരിക്ക നേരത്തെ ആർജ്ജിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്തിനു മടിച്ചു നിൽക്കണം?

ലോക പ്രമേഹദിനത്തിന്റെ അവതരണത്തിനായി സൂട്ടും കോട്ടും സ്റ്റെത്തുമിട്ട് വൈദ്യമാനേജറന്മാർ രണ്ടുദിവസമായി മാദ്ധ്യമങ്ങൾ നിറഞ്ഞു നിന്നു. ഈ മൂന്നാം ലോകത്തിന്റെ ആരോഗ്യകാര്യത്തിൽ അവർക്കുള്ള ശുഷ്കാന്തി കണ്ട് എങ്ങനെ അത്ഭുതപ്പെടാതിരിക്കും? അപകടത്തിലെങ്ങാനം പെട്ട് തലപൊട്ടി ആശുപത്രിയിൽ എത്തിയാൽ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതിന്റെ കലിപ്പ് തീർക്കാൻ ഒരു ചിട്ടെഴുതി മെഡിക്കൽ കോളേജിലേക്ക് വിടുന്ന ജില്ലാ ആശുപത്രി അധികൃതരാണു നമുക്ക്. തല തുന്നിക്കെട്ടാനും പഞ്ഞിവെച്ച് ചോരയൊപ്പി സമാധാനിപ്പിക്കാനും വൈദ്യം പഠിച്ച വേറെ ആൾ കൂടെ വേണം. അല്ലെങ്കിൽ ചോരയൊലിച്ചു തന്നെ മെഡിക്കൽ കോളേജിലേക്ക് യാത്ര!

5 കോടി പ്രമേഹികൾ എന്നത് വൈദ്യബിസിനസ്സിൽ കൊച്ചുകാര്യമല്ല. അമേരിക്കക്കാരന്റെ തരം നിയന്ത്രണമൊന്നുമില്ലാത്ത ഈ നാട്ടിലെ മെഡിക്കൽ രംഗത്ത് ഒന്നോർത്താൽ അതൊരു ചാകര തന്നെയാണു. അത് വാരിയെടുക്കാനുള്ള തത്രപ്പാടിലാ‍ണു എല്ലാ ഡയബറ്റീഷന്മാരും. അതിൽ അച്ഛനമമ്മാരുടെ പേരും പ്രശസ്തിയും ഉള്ളവർക്ക് കൊടും ചാകര!!

പാങ്ക്രിയാസ് എന്ന അവയവം ഇൻസുലിൻ പുറപ്പെടുവിക്കാതെ ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതാണു പ്രമേഹകാരണമായി സയൻസ് പറയുന്നത്. എന്താ അത് ആ തരവഴികേട് കാണിക്കുന്നതെന്ന് ഇന്നും സയന്റിസ്റ്റുകൾക്ക് അത്ര നിശ്ചയമില്ല. ചില ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ചികിത്സ.

ടൈപ്പ് 1 രോഗത്തിൽ ഇൻസുലിനെ ആരോ തിന്നു കളയും. ഗ്ലൂക്കോസിന്റെ അളവ് അങ്ങനെയാണു കൂടുന്നത്. അത് ഏതേലും കീടാണു പറ്റിക്കുന്നതാണോ എന്നറിയില്ല. പിന്നത്തെ ഒരു കാരണം കൈവിഷമാണു. കൈവിഷം എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. നമ്മുടെ മന്ത്രവാദികളുടെ സബ്ജക്റ്റാ‍യ കൈവിഷമല്ല ഇത്. ഇരുമുടി കെട്ടുമായി മലകയറുമെങ്കിലും ഡോക്ടറന്മാർ അന്ധവിശ്വാസികളാണെന്ന് ആരും പറയില്ല. ഈ കൈവിഷം എന്നത്, കൈകൊണ്ട് ഉള്ളിൽ ചെന്നു പറ്റുന്നതെന്നേ അർത്ഥമാക്കേണ്ടതുള്ളു. ഭക്ഷണത്തിലൂടെ, മരുന്നിലൂടെ ഒക്കെ പ്രതിരോധം തകർക്കുന്ന രാസപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നു പറ്റിയാൽ പ്രമേഹമുണ്ടാകും എന്നാണു ഒരൂഹം.

ടൈപ്പ് 2 ചേട്ടനാണെങ്കിൽ ഇൻസുലിന്റെ കുത്തൊഴുക്ക് കാരണം ഉണ്ടാകുന്നതാണു. പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, വാരിവലിച്ചുള്ള തീറ്റി, പാങ്ക്രിയാസിനുണ്ടാകുന്ന ചില രോഗങ്ങൾ ഒക്കെയാണു അതിനു കാരണമായി പറയുന്നത്.

ഏറ്റവും രസകരമായ ഒരു കാരണമുണ്ട്. പശുവിൻ പാൽ. കുഞ്ഞുന്നാളിൽ പാലുകൊടുത്താൽ അവൻ പ്രമേഹിയാകുമത്രെ! അതു കൊണ്ടാവും ഇപ്പോൾ ഗൈനക്കോളജിസ്റ്റുകൾ പശുവിൻ പാൽ വിലക്കുകയും നല്ല കമ്മീഷനുള്ള നെസ്ലേപ്പാൽ നിർദ്ദേശിക്കുകയും ചെയ്യുന്നത്. എന്നിട്ടും എവിടെ കുറയാൻ? പ്രമേഹരോഗികൾ മുന്നോട്ട് തന്നെ. പശുവിൻ പാൽ മാത്രം കുട്ടികൾക്ക് കുടിക്കാൻ ഉണ്ടായിരുന്ന ഒരു കാലത്ത് പ്രമേഹരോഗികൾ വിരളമായതെന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടറന്മാർ തയ്യാറാകുമോ?

ഇതിലൊന്നും ഡോക്ടറന്മാരെ കുറ്റം പറയാനാവില്ല. ലക്ഷങ്ങളും കോടികളും എറിഞ്ഞ് ഒരു ബിരുദം സമ്പാദിക്കുമ്പോൾ ചെലവ് കാശ് തിരിച്ച് പിടിക്കാനാവും എല്ലാവരും ആദ്യം ശ്രമിക്കുക. തന്റെ ഒപ്പം കളിച്ചു നടന്ന മീൻപെറുക്കി ചെക്കൻ സ്കോഡയിലും ബി.എം.ഡബ്ലിയൂവിലും ചെത്തി നടക്കുമ്പോൾ നാനോയിൽ ഇരമ്പി നെരങ്ങാൻ ആരാണാഗ്രഹിക്കുക? അതു കൊണ്ട് അവരെ വിടാം.

ഡയബറ്റിക് കച്ചവടത്തിനു കോപ്പുകൂട്ടുന്ന ‘രോഗകാരണങ്ങളി’ലെ തമാശകൾ മാത്രമാണിവിടെ പരാമർശ വിഷയം.

ചുമ്മാ വാരിവലിച്ചു തിന്ന് വെറുതേയിരുന്നാൽ പ്രമേഹം ഉണ്ടാകും എന്നൊരു സന്ദേശം എല്ലാം ഡോക്ടറന്മാരും കൊടുക്കാറുണ്ട്. അപ്പോൾ ഞാൻ വെറുതെ ആലോചിച്ചു. എന്തു കൊണ്ടാണു നമ്മൂടെ പഴയ നമ്പൂരാർക്കും നായർ ഈഴവ കാരണവന്മാർക്കും ഒന്നും ഈ രോഗം ഉണ്ടായില്ല. അടൂരിന്റെ എലിപ്പത്തായം കണ്ടവർക്കറിയാം പഴയ ഒരു കാരണവരുടെ സ്റ്റൈൽ. “രായമ്മോ” എന്നൊരൊറ്റ വിളി മാത്രമാണു അദ്ദേഹത്തിന്റെ അദ്ധ്വാനം. പിന്നെ പിള്ളാരേ ഉണ്ടാക്കലും. അതൊരു പത്ത് പതിമൂന്നെണ്ണം വരും. മൂന്നു നേരം മൃഷ്ടാന്നം (എലിപ്പത്തായത്തിലേ അല്ല). നെയ്യും എണ്ണയും ഇഷ്ടം പോലെ. ചോറാണെങ്കിൽ ഇടങ്ങഴി അരിയുടേത് ഒറ്റയാൾക്ക് വേണം. സദ്യക്കൊക്കെ പോയാൽ പായസം തവക്കണക്കിനു. എന്നിട്ടും അവർക്കാർക്കും വ്യാപകമായി ഡയബറ്റിസ് ഉണ്ടായില്ല.

വേറൊരു വിഭാഗമുള്ളത് ഗുജറാത്തികളാണു. മധുരത്തിൽ മുങ്ങാൻ മൂക്ക് മാത്രമേ അവർക്കു ബാക്കിയുള്ളു. പൊണ്ണത്തടി എന്ന് പറഞ്ഞാൽ പോര. പലരും എവിടെങ്കിലും ഇരുന്നാൽ പൊക്ലേൻ വേണം എടുത്ത് മാറ്റാൻ. അവർക്കും വ്യാപകമായി ഡയബറ്റിക്ക് ഉണ്ടായില്ല. ഇവർക്കൊന്നും കൊളസ്ട്രോളും അറ്റാക്കും ഉണ്ടായില്ല. മിക്കവരും എൺപതും നൂറും വയസ്സ് വരെ ജീവിച്ചു. ഏതാണ്ട് ആ ജീവിത ചര്യ തുടരുന്ന ഒരാൾ നമുക്കിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തൊണ്ണൂറ്റാറു വയസ്സായി. വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല. മിക്ക സാമൂഹിക, രാഷ്ട്രീയ, നിയമ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുകയും ചെയ്യും. ആളിന്റെ പേരു പറഞ്ഞാൽ ആയുസ്സ് കുറയും എന്നൊരു അന്ധവിശ്വാസമുള്ളതു കൊണ്ട് പേര് പറയില്ല.

പ്രമേഹ രോഗികളെ ശ്രദ്ധിച്ചാൽ രസകരമായ ഒരു പന്തുകളിയുടെ ചിത്രം നമുക്കവരുടെ ജീവിതത്തിൽ കാണാം. ഡയബറ്റിക്കാകുന്ന രോഗികൾ ആധുനിക ചികിത്സ സ്വീകരിക്കുന്നിടത്ത് പന്ത് ഉരുണ്ട് തുടങ്ങുന്നു. ടെസ്റ്റ്, ഗുളിക, മധുരമില്ലാത്ത ചായ, ചപ്പാത്തിയൊക്കെയായി കുറേനാൾ കഴിയുമ്പോൾ ഡയബറ്റിക്ക് ഡോക്ടർ നീട്ടിയൊരടിയാണു. നെഫ്രോളജിസ്റ്റിനടുത്തേക്ക്. ചികിത്സ ഒരു വകയായിക്കഴിയുമ്പോൾ പ്രമേഹരോഗികൾ മിക്കവരും വൃക്ക രോഗത്തിനു വിധേയമാകുന്നത് കാണാം. പിന്നെ കോർട്ട് വൃക്കസദനത്തിലേക്ക് മാറും. അവിടുത്തെ ഫുട്ബോളുകളിയുടെ ഭാഗമായി വിദ്വാനോട് ആദ്യം ഉപ്പ് കുറയ്ക്കാൻ ആവശ്യപ്പെടും. അതു ചെയ്യുമ്പോ ദാ കിടക്കുന്നു ഷുഗർ താഴെ! ഗോൾ!! ഇത്രയും കാലം കൊണ്ടു നടന്ന ഷുഗർ കുറഞ്ഞു.(നേരത്തെ ഇത് നോക്കിയാപ്പോരാരുന്നോ എന്നപ്പോൾ ചിന്തിക്കില്ല) ഷുഗർ കുറഞ്ഞത് ശ്രദ്ധിക്കാൻ ഡയബറ്റിക്ക് കളിക്കാരൻ അവിടെ കാണില്ല!! കാരണം രണ്ടു ഡോക്ടറന്മാർ തമ്മിൽ കണ്ടാൽ മുറുമുറുക്കും. അല്ലെങ്കിൽ പെപ്സിയുടെ വേദിയായിരിക്കണം. അതെന്താ ഉപ്പു കുറയ്ക്കുമ്പോൾ മധുരം കുറയുന്നത്? എനിക്കറിയില്ല. പക്ഷെ അങ്ങനെ കാണുന്നുണ്ട്. അത്തിന്റെ ചുവട് പിടിച്ച് എന്തെങ്കിലും ഗവേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ല.

എന്തായാലും വൃക്ക ചികിത്സ തുടരുമ്പോൾ അതിന്റെ ബാക്കിയായി ഹൃദ്രോഗം ഉണ്ടായിക്കൊള്ളും. അപ്പോൾ വീശിയടിക്കുന്നത് കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക്!! പിന്നെ അയാളുടെ കാലിൽ കിടന്നുരുളുന്ന പന്താകും, രോഗി.മിക്കവാറും അങ്ങോരാകും ഫൈനൽ ഗോളടിക്കുന്നത്.

അപ്പോൾ പ്രമേഹം രോഗരാജനാണെന്ന് പറയുന്നത് വെറുതേയല്ല. അത് പലരേയും രാജാക്കന്മാരാക്കുന്നുണ്ട് . ഡയബറ്റിക്കിൽ തുടങ്ങിയാൽ എത്ര പേർക്കാണു കച്ചവടം ഒത്തു കിട്ടുന്നത്? ഡയബറ്റീഷനാകുന്നു ഈ വീടിന്റെ ഐശ്വര്യം എന്ന് ഓരോ സ്പെഷലിസ്റ്റ് ഡോക്ടറന്മാരും എഴുതി വക്കേണ്ടി വരും.

എനിക്ക് ആദ്യമായി പരിചിതമാകുന്ന ഡയബറ്റിക്ക് രോഗി എന്റെ അമ്മയാണു. ഏതാണ്ട് നല്ല പൊണ്ണത്തടി. വലിച്ചു വാരി തിന്നും. കഴിവതും പണിയൊന്നും എടുക്കില്ല. ഞങ്ങളെ ഊട്ടുക, പശുവിനോടും പട്ടിയോടും പുന്നാരം പറയുക,ജോലിക്ക് നിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുക, ഉറങ്ങുക എന്നുള്ളതായിരുന്നു അമ്മയുടെ പ്രധാന തൊഴിൽ. അതിനിടയിൽ 56 വയസ്സുള്ളപ്പോൾ തൊലിപ്പുറമേ ചൊറിച്ചിൽ വന്നു. ഞങ്ങൾക്കുണ്ടായിരുന്ന ക്ലിനിക്കിലെ യുവഡോക്ടർ ഒരു മരുന്നു നൽകി. (മരുന്നിന്റെ പേർ ചോദിക്കരുത്. ഇപ്പോഴും അതു ഉപയോഗിക്കുന്ന ലക്ഷങ്ങൾ ഉണ്ട്. അവർക്കൊരു അങ്കലാപ്പുണ്ടാകണ്ട). ചൊറിച്ചിൽ മാറി. പക്ഷെ ഒന്നര മാസം കഴിഞ്ഞ് അമ്മ ഡയബറ്റിക്കായി. ഗുളികയിൽ തുടങ്ങി ഇൻസുലിനോളം പോയി. പഴന്തടിയായിരുന്നത് കൊണ്ടായിരിക്കണം വൃക്ക പിടിച്ചു നിന്നു. ഡയബറ്റിക് നെഫ്രോപ്പതിയിൽ എത്തിയില്ല. ദൈവത്തിനു സ്തുതി.

ഇവിടെ ഡയബറ്റിക്ക് ശാസ്ത്രജ്ഞന്മാർ പറഞ്ഞ ഒരു കാര്യം സത്യമാകുന്നു. ചില മരുന്നുകൾ പ്രമേഹമുണ്ടാക്കും. എന്നാലും ഇത്ര വ്യാപകമാകുന്നത് എന്തു കൊണ്ടാണു? ഇന്നത്തേക്കാൾ അപരിഷ്കൃതമായിരുന്നു പഴയ കാലം. അന്ന് ഇത്രത്തോളം ഉണ്ടായില്ല. ഇന്ന് വെടിപ്പുള്ളതും ശാസ്ത്രീയമായതുമായ ഭക്ഷണമുണ്ട്. WHO നിഷ്കർഷിക്കുന്ന രീതിയിലാണു നാം കുട്ടികളെ വളർത്തുന്നത്. പ്രഭാത സവാരി. ഹെൽത്ത് ക്ലബ്ബ് എല്ലാം ഉണ്ട്. ലോകനിലവാരത്തിലാണു വൈദ്യരംഗം. എന്നിട്ടും ആ നാട്ടിലാണു ഡയബറ്റിക്കുകൾ ഏറെയും.

ഇതെന്ത് വിരോധാഭാസം?

മേമ്പൊടി:

നംവംബർ 14 എന്ന് പറഞ്ഞാൽ ശിശുദിനം. ചാച്ചാ നെഹൃവിന്റെ ജന്മദിനം എന്നൊരു ലൈനായിരുന്നു പണ്ട്. ഇപ്പോഴത് മാറി. എന്ത് നേരു? എന്ത് ശിശു? വേൾഡ് ഡയബറ്റിക് ഡേ!

5 comments:

അശോക് കർത്താ said...

പ്രമേഹം രോഗരാജനാണെന്ന് പറയുന്നത് വെറുതേയല്ല. അത് പലരേയും രാജാക്കന്മാരാക്കുന്നുണ്ട് . ഡയബറ്റിക്കിൽ തുടങ്ങിയാൽ എത്ര പേർക്കാണു കച്ചവടം ഒത്തു കിട്ടുന്നത്? ഡയബറ്റീഷനാകുന്നു ഈ വീടിന്റെ ഐശ്വര്യം എന്ന് ഓരോ സ്പെഷലിസ്റ്റ് ഡോക്ടറന്മാരും എഴുതി വക്കേണ്ടി വരും.

വേണു venu said...

ലേഖനത്തിലെ വിശദാംശങ്ങള്‍ അറിവു പകരുന്നതാണു്. പല വാദ ഗതികളോടും യോജിക്കാന്‍ കഴിയുന്നില്ല.
ഇന്നത്തെ ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് ഒക്കെ നല്ല ഒരു പരിധി ഡയബറ്റിക്കാക്കാന്‍ സഹായിക്കുന്നുണ്ട്. ഹാര്‍ഡ് ഡ്രിങ്ക്സും, കേരളത്തിലെ ശതമാനക്കൂടുതലിനു് കാരണമാണോ എന്നത് അന്വേഷിക്കാവുന്നതാണു്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയമുള്ള അശോക്‌ കര്‍ത്താജി,

അന്ധമായി ആധുനികവൈദ്യത്തോടു വിരോധം പുലര്‍ത്തുന്ന രീതിയില്‍ എഴുതാതെ. കാരണം അതില്ലായിരുന്നു എങ്കില്‍ ഇന്നുള്ള emergency ഒന്നും നമുക്ക്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നുള്ളത്‌ ഒരു സത്യം ആണ്‌.

താങ്കളുടെ പല വാദങ്ങളും കൂടുതല്‍ പഠിക്കേണ്ടതു തന്നെ എന്നെനിക്കും അഭിപ്രായം ഉണ്ട്‌.

പക്ഷെ ഇതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അടിസ്ഥാന രഹിതം ആണ്‌

ആദ്യകാലങ്ങളില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനുള്ള ഔഷധങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പ്രമേഹരോഗികള്‍ അതിന്റെ ആദ്യ complications ആയ Diabetic keto acidosis പോലെ ഉള്ളവയാല്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയായിരുന്നു.

ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ്‌ രോഗികളുടെ ജീവിതകാലം നീണ്ടത്‌.

അപ്പോഴാണ്‌ പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത്‌

അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്‌.

പ്രമേഹം എന്നത്‌ ഇന്നും വൈദ്യശാസ്ത്രത്തിനു ഒരു തലവേദന തന്നെ ആണ്‌. എന്നിരുന്നാലും വിദഗ്ദ്ധമായ ആധുനിക ചികില്‍സ കൊടുത്താല്‍ , രോഗി അതു പാലിക്കുകയും ചെയ്താല്‍ ഒരു നല്ല ജീവിതം അനുഭവത്തില്‍ കാണുന്നുണ്ട്‌.

അശോക് കർത്താ said...

@ഇന്‍ഡ്യാഹെറിറ്റേജ്‌:
മറുപാടി ഒരു പോസ്റ്റായി ഇട്ടിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.

suja said...

kartha ji go ahead . thank you