Wednesday, November 10, 2010

ഒറിജിനൽ വ്യാജനാരാണു?

വീണ്ടും അല്പം ആശുപത്രിക്കാര്യമാകാം.

അലോപ്പതി ഡോക്ടറന്മാരുടെ സംഘടന വ്യാജന്മാരെ പിടികൂടണമെന്നുള്ള വാശിയിലാണു. ആയുർവ്വേദക്കാർക്കുമുണ്ട് ആ ആവേശം. ഹോമിയോക്കാരും യൂനാനിക്കാരുമൊന്നും അത്ര സജീവമായിട്ടില്ല. വ്യാജഡോക്ടറന്മാരുടെ വേട്ടക്കുള്ള സന്നാഹം കാണുമ്പോൾ സത്യത്തിൽ ചിരിയാണു വരുന്നത്.

ഡോക്ടർ എന്ന് പറയുന്നത് ഏതു കൊജ്ഞാണനും എത്തിച്ചേരാവുന്ന ഒരു പദവിയല്ല. അതിനു നന്നായി പഠിക്കണം. അല്ലെങ്കിൽ തന്തക്കും തള്ളക്കും നല്ല പൂത്ത കാശു വേണം. നമുക്ക് നന്നായി പഠിക്കുന്നവരുടെ കാര്യമെടുത്താൽ മതി. മറ്റേ കക്ഷികളെ യഥാർത്ഥത്തിൽ വ്യാജന്മാരുടെ പട്ടികയിൽ തന്നെയാണു പെടുത്തേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷയിൽ കൂടുതൽ മാർക്കുള്ള ഒരുവനെ പുറത്ത് നിർത്തിയിട്ട് കാശുകൊണ്ട് സീറ്റ് കരസ്ഥമാക്കിയവൻ നേടുന്ന ഡിഗ്രി വ്യാജമായ ഡിഗ്രിതന്നെയാണു. അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ. അതെന്തുമായിക്കോട്ടെ. വിഷയമതല്ല.
എക്കാലത്തും ഒരു ഡോക്ടറുടെ പണിയെന്താണു?

ആരോഗ്യാർത്ഥികളെ പരിശോധിച്ച് വേണ്ടത് ചെയ്ത് അവരെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരിക. അതിനുള്ള പഠിപ്പാണു അഞ്ചും പിന്നെ ഒന്നരയും വർഷം കൊണ്ടവർ നേടുന്നത്. അങ്ങനെ വിദഗ്ധനാകുന്ന ഒരാൾ വ്യാജന്മാരെ എന്തിനു പേടിക്കണം? തനിക്കറിയാവുന്ന തൊഴിൽ വൃത്തിയായി ചെയ്താൽ പോരെ?

വ്യാജൻ എന്ന് പറയുന്നത് അക്കാദമിക്ക് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരേയാണു. അല്ലെ?

അതായത് വെൽഡിങ്ങ് നടത്തിക്കൊണ്ടിരുന്ന ഒരുവൻ പെട്ടെന്ന് ഒരു ദിവസം ബോർഡ് വച്ചു കളയുന്നു: “ഞാൻ ഡോക്ടറാണു. നിങ്ങളെ ചികിത്സിച്ചു കളയും”. ആരോഗ്യാർത്ഥികൾ നേരെ പോയി അയാളുടെ മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങുന്നു. അയാൾ കാശുണ്ടാക്കും. ഇതാണു വ്യാജവൈദ്യത്തിന്റെ ഒരു ലൈൻ.

ഇവിടെ ഒരു ചോദ്യമുണ്ട്. വെൽഡിങുകാരൻ ഡോക്ടറാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ എത്ര പേർ രക്ഷപ്പെടും? കാലന്റെ ഫ്രാഞ്ചൈസി വേറെ അന്വേഷിക്കണോ? പക്ഷെ അങ്ങനെ ഒരു പ്രതിഭാസം കാണുന്നില്ല. അംഗീകാരമുള്ള ഡോക്ടേഴ്സിനേക്കാൾ കൂടുതൽ അംഗീകാരമില്ലാത്തവർ ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിൽക്കുന്ന പെമ്പിള്ളാർ, നഴ്സുമാർ- റിട്ടയർ ചെയ്തതും അല്ലാത്തതും-, പട്ടാളത്തിൽ നിന്നും പിരിഞ്ഞ കമ്പോണ്ടറന്മാർ, തലവേദനയാണോ എന്ന് ചോദിച്ച് പരസെറ്റമോൾ പ്രിസ്ക്രൈബു ചെയ്യുന്ന സുഹൃത്ത് , കണ്ടും കേട്ടും ബോർഡ് വച്ചും ബോർഡ് വക്കാതെയും ചികിത്സിക്കുന്ന നാടി നാടോടി നായാടി അട്ടപ്പാടി തുടങ്ങി വ്യാജന്മാരുടെ ഗണത്തിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അലോപ്പതി ഡോക്ടറന്മാരുടെ നിർവ്വചനമനുസരിച്ച്. ഇത്രയും പേർ ചികിത്സ നടത്തിയിട്ടും പക്ഷെ ജനസംഖ്യക്ക് ഒരു കുറവുമില്ല. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ അംഗീകാരമുള്ള ഡോക്ടറന്മാരുടെ അടുത്ത് പോയി രോഗം മൂർച്ഛിക്കുന്നവരും മരിക്കുന്നവരുമാണു കൂടുതൽ. വ്യാജന്മാരുടെ അടുത്ത് ചെന്ന് വഷളാകുന്നവർ നന്നേ കുറവാണു. ഇതിന്റെ ലോജിക്ക് സിമ്പിളാണു. ഒരു മനുഷ്യൻ ജീവിച്ചിരുന്നാലേ തനിക്ക് ആ ഒരു രോഗിയേ തുടർന്നും കിട്ടു എന്ന് വ്യാജനറിയാം. മറ്റേക്കക്ഷികൾ രോഗിയെ കടുംവെട്ട് വെട്ടിക്കളയും. ആശുപത്രിയുടമ കൊടുത്ത നിർദ്ദേശം അതാണു.

രണ്ട്: കരുതൽ.

ഒരു കയ്യബദ്ധം പോലും പറ്റാതെ നോക്കണം. വ്യാജമായിട്ട് ചെയ്യുന്ന പണിയാണു. റിസ്കുണ്ട്. ഒരിക്കൽ പാളിയാൽ പണി എന്നെന്നത്തേക്കും പാളും. ചിലപ്പോൾ അകത്ത് പോയി കിടക്കേണ്ടി വരും. അതു കൊണ്ട് അംഗീകാരമുള്ളവർ കാണിക്കുന്ന ജാടകൾ പറ്റില്ല. സൂക്ഷ്മത ഏറും. രോഗിയോട് സൌ‌മ്യമായി പെരുമാറാൻ അവർ നിഷ്കർഷിക്കും. പരമാവധി അപകടം കുറഞ്ഞ മരുന്നേ കൊടുക്കു. ഫീസും ന്യായമായിരിക്കും. രോഗിയേയും ബന്ധുക്കളേയും സമാധാനിപ്പിക്കാനും കയ്യിലെടുക്കാനും വ്യാജന്മാർ ശ്രദ്ധിക്കും. ഒരാവശ്യം വന്നാൽ വീട്ടിൽ ചെന്നും ചികിത്സിക്കും.

ഇനി, ചികിത്സയുടെ കാര്യത്തിൽ വ്യാജനും ഒറിജനലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെക്കാലത്ത് എങ്ങനെയാ ചികിത്സ നിശ്ചയിക്കുന്നത്? ഒരു ഡോക്ടർക്ക് അതിൽ എന്തും മാത്രം പങ്കുണ്ട്?

ഒരു രോഗി ആശുപത്രിയിൽ ചെന്നാൽ ഡോക്ടർക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല. ആശുപത്രി മാനേജുമെന്റ് അതിനു സമ്മതിക്കില്ല. ഡോക്ടർ കുറേ ടെസ്റ്റുകൾ ആദ്യം എഴുതി കൊടുക്കണം. ആ ചിറ്റും കൊണ്ട് ഐ.ടി.ഐക്കാരേയും ഡിപ്ലോമാക്കാരേയുമാണു പിന്നെ പോയി കാണുന്നത്. അവരാണു ആ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയില്ല. റിപ്പോർട്ടിന്റെ താഴെ ഒപ്പിടുന്ന ഡോക്ടർക്കും അറിയില്ല. ശേഷം ഭംഗിയായി അച്ചടിച്ച ഒരു കടലാസ് കിട്ടും. റിപ്പോർട്ട്. റിപ്പോർട്ടിൽ രോഗത്തിന്റെ വിശദവിവരങ്ങൾ കാണും. ഈ റിപ്പോർട്ട് തെറ്റാകാനും ഇടയുണ്ടെന്ന കുറിപ്പോടെ. അത് വായിക്കാനുള്ള അക്ഷരജ്ഞാനമുണ്ടായാൽ മതി, രോഗമെന്താണെന്നറിയാം. അപ്പോൾ രോഗം നിശ്ചയിക്കാൻ യഥാർത്ഥത്തിൽ ഒരു ഡോക്ടറുടെ ആവശ്യമുണ്ടോ?

ഇനി രോഗമാനേജുനെന്റാണു. അതിലാണു മരുന്നുകൾ വരുന്നത്. മരുന്ന് നിശ്ചയിക്കാൻ ഇഷ്ടം പോലെ കൈപ്പുസ്തകങ്ങൾ ഉണ്ട്. മുൻപ് പറഞ്ഞ എഴുത്തും വായനയും അറിയാമെങ്കിൽ അതിലേതെങ്കിലും ഒന്ന് വായിച്ച് നോക്കാം. ഇല്ലെങ്കിൽ മെഡിക്കൽ റെപ്പുകൾ പറഞ്ഞു തരും. അത് വച്ച് കാച്ചിയാൽ മതി. ചികിത്സ തീർന്നു. ഇതിൽ എവിടെയാ ഒരു ഡോക്ടറുടെ പ്രതിഭ ആവശ്യമുള്ളത്? ഇത്രയും ചെയ്യുന്നതിനു 5 കൊല്ലം പഠിക്കേണ്ടതുണ്ടോ? ഇതിനു വ്യാജനായാലെന്ത്? അവ്യാജനായാലെന്ത്?

അപ്പോൾ അംഗീകരാമുള്ള ഡോക്ടറന്മാ‍ർ മനസിലാക്കേണ്ട കാതലയ കാര്യം എന്താണെന്ന് വച്ചാൽ അവർ ഇനിയെങ്കിലും വല്ലവരും പറയുന്നത് കേട്ട് എന്തൊക്കെയോ ചെയ്യുന്നത് നിർത്തി നേരിട്ട് ചികിത്സ ആരംഭിക്കാൻ ശ്രമിക്കണം. അതിനുള്ള ആർജ്ജവവും വിനയവും ഉണ്ടാകണം. തങ്ങൾ തങ്ങളേപ്പോലുള്ള മനുഷ്യരേയാണു ചികിത്സിക്കുന്നതെന്ന് ഓർക്കണം. ഡോക്ടറന്മാർ തങ്ങളുടെ പണി ആത്മാർത്ഥതയോടെയും മികവോടേയും ചെയ്യാനാരംഭിച്ചാൽ ആരോഗ്യാർത്ഥികൾ അന്വേഷിച്ച് വരും. ദൈവത്തേപ്പോലെ കണക്കാക്കും. സമ്പത്തും ഉണ്ടാകും. വ്യാജനു ചെയ്യാൻ പറ്റാത്തത് ഒരു ഒറിജനലിനു ചെയ്യാൻ പറ്റണം. അതിനു പകരം പോലീസിനെ കൊണ്ട് നടന്ന് റെയിഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. വ്യാജൻ ഈ പണി കള്ളമാണെന്നറിഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തയാളാണു. കക്കാനറിയാവുന്നവനു നിക്കാനുമറിയാമെന്ന് ഓർത്താൽ നന്ന്.

2 comments:

അശോക് കർത്താ said...

അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ.

അനില്‍@ബ്ലോഗ് // anil said...

പ്രസക്തമായ നിരീക്ഷണം .
ടെസ്റ്റ് റിസള്ട്ട് വച്ച് അത്യാവശ്യ വിവരം ഉള്ള ആര്‍ക്കും ഇന്ന് ചികിത്സ നടത്താം .

പക്ഷെ വണ്ടി ഓടീക്കാന്‍ അറിഞ്ഞാല്‍ മാത്രം പോരാ ഓടിച്ചോളാന്‍ അനുവദിച്ച് സര്‍ക്കാരിന്റെ സാക്ഷ്യപത്രവും വേണമല്ലോ.