Wednesday, July 3, 2013

ഡോ.സജികുമാറും പപ്പായ ഇലനീരും

പപ്പായ ഇലനീരു ഡെങ്കിപ്പനിക്ക് പരിഹാരമല്ല എന്നു ബോധവൽക്കരിക്കാൻ ഡോ.സജികുമാർ കായംകുളം മാതൃഭൂമി പത്രത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ജനം വ്യാപകമായി പപ്പായ ഇല നീരുപയോഗിക്കുകയും വലിയ അപകടം കൂടാതെ ഡെങ്കിപ്പനിയേ തരണം ചെയ്യുകയും ചെയ്യുന്നത് കണ്ടിട്ടാവണം സ്വന്തം പ്രൊഫ്രഷനിലെ കച്ചവടം രക്ഷിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചത്. അതിൽ സന്തോഷമേയുള്ളു. അലോപ്പതി ഡോക്ടന്മാർക്കും ബിരിയാണി തിന്നു ജീവിക്കണമല്ലോ. ഇനി അതല്ല മെഡിക്കൽ ബോധനമാണു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിൽ പപ്പായയേക്കാൾ ഗൌരവമുള്ള എത്രയോ വിഷയങ്ങൾ ഉണ്ട്. അതെന്താണു അദ്ദേഹം കാണാതെ പോകുന്നതു?

ഈ അടുത്തകാലത്താണു 200 ൽ പരം അലോപ്പതി ഔഷധങ്ങൾ നിരോധിച്ചത്. അവയുപയോഗിച്ച ആരോഗ്യാർത്ഥികളേക്കുറിച്ച് അദ്ദേഹം വേവവലാതിപ്പെട്ടോ? രാസപരിശോധനയും ഡബിൾ ബ്ലൈൻഡ് ടെസ്റ്റും ഗിനിപ്പന്നികളിലും മനുഷ്യനിലും പരീക്ഷിച്ച് അപകടരഹിതമെന്നു സാക്ഷ്യപ്പെടുത്തിയ മരുന്നുകളായിരുന്നു നിരോധിച്ചത്. അതും അവ കണ്ടുപിടിച്ച് പേറ്റെന്റെടുത്തു പത്തും പതിനഞ്ചും വർഷത്തിനുള്ളിൽ. അവ മനുഷ്യവിനാശകരമാണെന്നു ഇപ്പോൾ പറയുമ്പോൾ അതുപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച് ഡോക്ടർ എന്താണു ചിന്തിക്കാത്തത്? അതെഴുതിയതിനു അലോപ്പതി വൈദ്യം മാപ്പു പറയണമെന്നും അതിന്റെ ഇരയായവർക്ക് മരുന്നുകമ്പനികൾ നഷ്ടപരിഹാരം നൽകണമെന്നും ചുമ്മാതെങ്കിലും എഴുതാമായിരുന്നില്ലെ? കുറഞ്ഞപക്ഷം ഈ വിധദോഷങ്ങൾ ഭാവിയിലും ഉണ്ടാകാനിടയുള്ളതിനാൽ അലോപ്പതി ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തെണമെന്നു പറഞ്ഞെങ്കിലും ഒരു ലേഖനം എഴുതാമായിരുന്നു.

ഡോക്ടറുടെ ലേഖനം വായിച്ചിട്ട് അനുഭവസ്ഥർ എടുത്തു അലക്കിയ ലക്ഷണമുണ്ട്. അതാണു ഇന്നു ഒരു വിശദീകരണക്കുറിപ്പുമായി അദ്ദേഹം വീണ്ടും വന്നത്. അതിൽ ഊന്നാൻ അദ്ദേഹം ഉദ്ദേശിക്കുന്നത് ഇന്ത്യയിലുള്ള സസ്യങ്ങളേക്കുറിച്ചു മാത്രമേ ആയുർവ്വേദത്തിൽ പരാമർശമുള്ളു എന്നാണു. അവിടെയും ഡോക്ടർക്ക് പാളി. അക്ലാരിത്തേങ്ങ (സീഷെത്സ്), എരുമക്കള്ളി (മെക്സിക്കോ), അക്കിക്കറുക(മെഡിറ്ററേനിയൻ), കശുമാവ് (പരന്തീസ്) തുടങ്ങി അനവധി വിദേശസസ്യങ്ങളെ ആയുർവ്വേദം ഉപയോഗിക്കുന്നുണ്ട്. അപ്പോൾ മദ്ധ്യ അമേരിക്കയിൽ മാത്രം കാണപ്പെടുന്ന ഒരു സസ്യമാണു പപ്പായ എന്നു പറഞ്ഞ് വാദിച്ചാൽ എന്തു പ്രയോജനം? മദ്ധ്യ അമേരിക്കയാണെങ്കിലും അതിന്റെ ഉറവിടമെങ്കിലും ആയുർവ്വേദ ആചാര്യന്മാർക്ക് അതേക്കുറിച്ച് പഠിച്ചു കൂടായോ? ഇന്ത്യയിൽ വ്യാപകമായി പപ്പായ എന്ന കപ്ലിങ്ങ എന്ന ഓമക്കാ കൃഷി ചെയ്യുന്നുണ്ട്. അതെങ്ങനെ, എത്രകാലമായി ഉണ്ടെന്നും അന്വേഷിക്കാമായിരുന്നു. പണ്ടു തൊട്ടേ വൈദ്യന്മാർ കപ്ലിങ്ങ ചികിത്സയ്ക്കു ഉപയോഗിക്കുന്നു. ഇപ്പോഴും പഴയകാര്യങ്ങളൊക്കെ അറിയാവുന്നവർ, ഗർഭിണികൾക്ക് പപ്പായ കൊടുക്കില്ല. അതു ഒരു പാരമ്പര്യ വൈദ്യനിർദ്ദേശമാണു. അതെങ്കിലും അദ്ദേഹത്തിനു ഓർക്കാമായിരുന്നു. അതിനു പകരം മലേഷ്യയിൽ നിന്നും 2005ൽ ഇ-മെയിൽ വഴി പ്രചരിച്ച പെഗാഗ തെറ്റായി ഉപയോഗിച്ചതാണു പപ്പായ എന്നും ഇതൊക്കെ അലോപ്പതിയുടെ കാര്യം മാത്രമാണെന്നും പറഞ്ഞ് എട്ടുകാലിമമ്മുഞ്ഞിന്റെ പിന്തലമുറക്കാരനാവണ്ട കാര്യമില്ലായിരുന്നു.

“ബ്രഹ്മൈരണ്ടകുലം, എരണ്ടകിർക്കിടോ വൃക്ഷ: ചിർഭിക സൂചിക ദല: വാനകുഭഫലപ്രോക്താ, സചൈവ മധുകർക്കിടി.....” എന്നു സാലിഗ്രാമ നിഘണ്ടുവിൽ കാണുന്നത് പപ്പായ തന്നെയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിനാളുകൾ വായിക്കുന്ന പത്രം വഴി ഒരു ഹിമാലയൻ മണ്ടത്തരം ഡോ.സജികുമാർ കായംകുളത്തിനു വിളിച്ചുകൂവാതെ കഴിക്കാമായിരുന്നു.

ഡോ.പി.കെ.ആർ.വാര്യർ പപ്പായ ആയുർവ്വേദത്തിലില്ല എന്നു സാക്ഷ്യം പറഞ്ഞു എന്നു പറയുന്നതു വിശ്വസിക്കാൻ കഴിയുന്നില്ല. ഓർമ്മയില്ല എന്നു അദ്ദേഹം പറഞ്ഞുകാണും. വാര്യർ ഡോക്ടറെപ്പോലെ തിരക്കുള്ള വൈദ്യന്മാരെ സമീപിച്ചു പെട്ടെന്നു എന്തെങ്കിലും ചോദിച്ചാൽ ഉടനെ ഓർമ്മവന്നില്ലെങ്കിൽ അപ്പോൾ അറിയില്ലെന്നു പറയും. എല്ലാ നിഘണ്ടുക്കളും അദ്ദേഹം വായിച്ചിരിക്കണമെന്നും നിർബ്ബന്ധമില്ല.

എന്തായാലും സജി ഡോക്ടറോട് നന്ദിയുണ്ട്. ഇതിപ്പോൾ എല്ലാരോടും പറയാൻ കഴിഞ്ഞല്ലോ. അതിനു ഡോക്ടർ ഒരു അവസരം ഒരുക്കിത്തന്നു. സജിഡോക്ടറും കുടുംബവും ദീർഘായുസ്സോടെ ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.


വാൽക്കഷണം : 

1. ഇപ്പോൾ കിട്ടിയത്. ഡോ.പി.കെ.ആർ വാര്യർ ഇങ്ങനെ പറയില്ല എന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരാൾ. കാരണം കോട്ടക്കൽ ഇറക്കിയ ഇന്ത്യൻ മെഡിസനൽ പ്ലാന്റ് എന്ന പുസ്തകത്തിൽ സാലിഗ്രാമ നിഘണ്ടുവിനേക്കുറിച്ച് പരാമർശമുണ്ട്. അതു വായിക്കാതെ ഒന്നും അദ്ദേഹമിരിക്കില്ല.

2. ഭാവപ്രകാശത്തിൽ മധുകർക്കിടി, എരണ്ടകർക്കിടി, ഗോപാലകർക്കിടി എന്ന മൂന്നു തരം പപ്പായകളെക്കുറിച്ചു പരാമർശമുണ്ട്. രാജനിഘണ്ടുവിൽ ഗോപാലകർക്കിടിയാണു പപ്പായ.

3 comments:

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്. നന്ദി

Anonymous said...

ഈ പോസ്റ്റ്‌ കുടുതല്‍ പേര്‍ വായിക്കെട്ടെ . ബഷീര്‍ ദോഹ

dr mohamed faisal said...

Dengue associated thrombocytopenia is selfsubsiding in majority of patients.
Only a few need platelet transfusion.
You take papaya, mango, cashew or anything...or you not take anything. .
Dengue associated thrombocytopenia will be spontaneously corrected in a few hours to days..

And ..atleast al allopathy doctors are not eating biriyani daily...