ബാലസാഹിത്യം കുഞ്ഞുങ്ങളെ കൊച്ചാക്കുകയാണെന്നു ശ്രി.കെ.ജയകുമാർ. വളരെ ശരിയായ
ഒരു നിരീക്ഷണമാണത്. കുട്ടികളുടെ ബുദ്ധിയേയോ ഭാവനയേയോ ഒരുവിധത്തിലും
തൃപ്തിപ്പെടുത്താനോ ഉത്തേജിപ്പിക്കാനോ കഴിവില്ലാത്ത ചവറുസാഹിത്യമാണു
ബാലസാഹിത്യമെന്ന പേരിൽ ഇന്നിറങ്ങുന്നത്. അതൊരു ലാഭകരമായ കച്ചവടമായതു കൊണ്ട്
ഒരുപാട് പേർ ആ രംഗത്തുണ്ട്.
കുട്ടികളുടെ മനശ്ശാസ്ത്രം അതിവഗൌരവതരമായ ഒന്നാണു. പണ്ടത്തെ
അമ്മമാർക്കൊക്കെ അതു അറിയാമായിരുന്നു. കുഞ്ഞിനെ ഒക്കത്തിരുത്തി കാക്കയേയും
പൂച്ചയേയുമൊക്കെ കാണിച്ച് ചോറു കൊടുത്തിരുന്ന സന്ദർഭങ്ങൾ ഓർമ്മിച്ചാൽ അതു
മനസിലാകും. അമ്മ കുട്ടിക്ക് രണ്ടന്നങ്ങൾ ഒന്നിച്ചു നൽകുകയാണു. ഉടലിനെ
വളർത്തുന്ന ബാഹ്യാന്നവും മനസിനെ ഉണർത്തുന്ന കാഴ്ചകളുടേയും ശബ്ദങ്ങളുടേയും
ആന്തരികാന്നവും. കുഞ്ഞ് കാക്കയോടും, പൂച്ചയോടും, പൂക്കളോടും, ചെടികളോടും
ഇടപെട്ട് പഠിക്കുമ്പോൾ താനും അവരിലൊരാളാണെന്നു അവനു ബോദ്ധ്യപ്പെടുന്നു.
അങ്ങനെ പ്രകൃതിയുടെ സമഗ്രതയിൽ ലയിച്ച് അവൻ വളരുമ്പോൾ അവനിൽ ഉദാത്തമായ ഒരു
സ്നേഹമുണരും. തന്നോട് തന്നെയും സഹജീവികളോടും പാരസ്പര്യത്തിൽ
കഴിഞ്ഞ്പോകണമെന്നു അവൻ മനസിലാക്കുന്നു. അപ്പോൾ മനുഷ്യനെയെന്നല്ല ഒരു
പുൽനാമ്പിനെ പോലും ദ്രോഹിക്കാൻ അവനു കഴിയില്ല. ഈ പ്രകൃതിയിൽ ഓരോജീവിക്കും
അതിന്റേതായ ഒരു സ്ഥാനമുണ്ടെന്നും അവയെ നിലനിർത്തിക്കൊണ്ട് വേണം താൻ
വളരേണ്ടതെന്നും അവൻ ഉള്ളിലുറപ്പിക്കുന്നു. അതു അവനിൽ ഉണർത്തുന്ന ഒരു
ശാന്തിയുണ്ട്. അതു അവന്റെ ജീവിതത്തിനു പ്രകാശം നൽകിയിരുന്നു. ഇതു
എഴുതപ്പെടാത്ത ബാലസാഹിത്യം.
എന്നാൽ ആധുനിക കാലം നമ്മെ വിശ്വസിപ്പിക്കുന്നതു എഴുതപ്പെടാത്തതെല്ലാം
അന്ധവിശ്വാസമാണെന്നാണു. അങ്ങേനെയാണു കുട്ടികളെ ‘മെരുക്കാനുള്ള‘ ആധുനിക
ബാലസാഹിത്യം ഉടലെടുത്തത്. അതു മിക്കപ്പോഴും കുട്ടികളുടെ മനസില്ലാത്ത
മുതിർവരുടെ സൃഷ്ടികളാണു. ലോകം മത്സരാധിഷ്ഠിതമാണെന്നാണു മിക്ക
ബാലസാഹിത്യത്തിന്റേയും സന്ദേശം. അതിനെ ഞുണുക്ക് ബുദ്ധികളിലൂടെ
വിജയിക്കാനുള്ള വിദ്യകളാണു അവർ നിരത്തുന്നത്. ഈ ചിന്ത തികച്ചും
പ്രകൃതിവിരുദ്ധവും മനുഷ്യബാഹ്യവുമാണു. സ്വാർത്ഥതമാത്രമാണു അതു
ഉത്തേജിപ്പിക്കുന്നത്.
സ്വാഭാവികഗുണങ്ങൾ കൊണ്ട് ക്രൂരരായിരിക്കുമ്പോൾ തന്നെ പാരസ്പര്യമുണരേണ്ട
ആവശ്യകത ചൂണ്ടിക്കാട്ടുന്ന അനേകം കഥകൾ നമുക്കുണ്ട്. വലയിൽ കുടുങ്ങിയ
പക്ഷികളെ വേടനിൽ നിന്നു രക്ഷിക്കുന്ന എലി ഒരു ഉദാഹരണമാണു. അതു
വായിക്കുമ്പോഴോ കേൾക്കുമ്പോഴോ സ്നേഹത്തിന്റെ ഒരു നിലാവ് ഉള്ളിലൂടെ
ഒഴുകിപ്പോകുന്ന ഒരു അനുഭവം ഉണ്ടാകും. അതുപോലെ തന്നെയാണു യക്ഷിക്കഥകളും.
അത്തരം കഥകളെല്ലാം അവസാനിക്കുന്നതു ഒരു കഥാപാത്രത്തിന്റെ
ആവാന്തരപരിണാമത്തോടെയാണു. അതു കുട്ടികളുടെ മനസിലും ആ ഭാവനയുണർത്തുന്നു.
കഥാപാത്രത്തിനുണ്ടായ ആവാന്തരപരിണാമം തനിക്കും ഉണ്ടാകണമെന്നു
ആഗ്രഹിക്കുന്നു. എന്നാൽ ഇന്നത്തെ സാഹിത്യം അങ്ങനെ ഒരു സന്ദേശവും
നൽകുന്നതായികാണുന്നില്ല. മത്സരത്തിലുള്ള വിജമാണു അത് ഊന്നുന്നത്. ഇത്തരം
സൃഷ്ടികൾ ഉടലെടുക്കാനുള്ള കാരണം അവയുടെ ഗ്രന്ഥകർത്താക്കളുടെ വികലമനസ്സാണു.
ലോകത്തെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടാണു. മലയാളത്തിലാണെങ്കിൽ
ബാലസാഹിത്യം ഒരു ഗൌരവമുള്ള സംരഭമേയല്ല. എഴുത്തിന്റെ മറ്റ് മേഖലകളിൽ നിന്നു
പുറന്തള്ളപ്പെട്ടവരോ അവിടങ്ങളിൽ വിജയിക്കാത്തവരോ ആണു ആ രംഗത്തു കൈവച്ചത്.
എം.ടിയേപ്പോലെ, ഒ.എൻ.വിയേപ്പൊലെ, മുകുന്ദനേപ്പോലെ, സക്കരിയയേപ്പോലെ,
അയ്യപ്പണിക്കരേപ്പോലെ, മാധവിക്കുട്ടിയേപ്പോലെ, കടമ്മനിട്ടയേപ്പോലെ
പ്രതിഭാധനരായ എഴുത്തുകാർ എന്തു കൊണ്ട് ഈ രംഗത്തെ അവഗണിച്ചു? അവർ ഓരോ
കൃതികളെങ്കിലും ബാലസാഹിത്യത്തിനു സംഭാവന ചെയ്തിരുന്നെങ്കിൽ നമ്മുടെ
കുട്ടികളുടെ ഭാവനയ്ക്ക് എത്രമാത്രം തെളിച്ചം കിട്ടിയേനെ. ഇക്കാര്യത്തിൽ
ഇടശ്ശേരിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു. പൂതപ്പാട്ട്! അതിനെ
ബാലസാഹിത്യമായി ആരും ബ്രാൻഡ് ചെയ്യുന്നില്ലെങ്കിലും കുട്ടികൾ
അതാസ്വദിക്കുന്നു. ബാലസാഹിത്യമെന്ന പേരിൽ ഒന്നുമെഴുതിയില്ലെങ്കിലും
ബഷീറിന്റെ ഒട്ടുമിക്ക കൃതികൾക്കും ഈ ഗുണമുണ്ട്. 10 വയസ്സിനുമുൻപ് ബഷീർ
കൃതികൾ വായിച്ചാസ്വദിച്ച ഒരു കുട്ടിയെ പരിചയപ്പെടുത്താൻ എനിക്ക്
ആഗ്രഹമുണ്ട്. ടോൾസ്റ്റോയി ബാലകഥകൾ എഴുതിയിട്ടുണ്ട്. പിന്നെന്തു കൊണ്ട്
നമ്മുടെ ഗിരിശൃംഗതുല്യരായ പ്രതിഭകൾ അതിനു മുതിർന്നില്ല.
നമ്മുടെ ബുദ്ധിമാന്മാർക്കൊക്കെ കുഞ്ഞുങ്ങളെ ഭയമാണെന്നു തോന്നുന്നു.
കുട്ടികളുടെ ലോകത്തേക്ക് കടന്നു ചെന്നാൽ തങ്ങളുടെ കള്ളം കണ്ടുപിടിക്കുമോ
എന്ന ഭയം. അതാകും അവരൊക്കെ ഒഴിഞ്ഞു നിൽക്കുന്നത്.
2 comments:
പറഞ്ഞത് മുഴുവവനോടും യോജിപ്പില്ല.
കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് കുറച്ചിലാണ് എന്ന തോന്നലാവും നമ്മുടെ പല പ്രഗത്ഭര്‍ക്കും ഉള്ളത്.
കുട്ടികളുടെ മാസികകളില്‍ ഒരേയാള്‍ തന്നെ പല പേരുകളിലാണ് ഇന്ന് എഴുതുന്നത്. കാരണം എഴുത്തുകാരുടെ ദൌര്‍ലഭ്യം തന്നെ.
Post a Comment