കുരുക്ഷേത്രത്തിൽ നടന്നത് മഹായുദ്ധമാണു. ഇവിടെ മഹത് ശബ്ദത്തിനു ശ്രേഷ്ഠമെന്ന് അർത്ഥമില്ല. കാരണം ഒരു യുദ്ധത്തിനും മഹത്തരമാവാനാവില്ല. യുദ്ധങ്ങൾ ദുരിതവും വേദനയും ഇരുൾച്ചയുമാണു കൊണ്ടുവരിക. വല്ല തോക്ക് കച്ചവടക്കാരനുമേ യുദ്ധത്തിനു മഹത്വമുണ്ടെന്നു പറയു. അവർക്ക് അവരുടെ ചരക്ക് വിറ്റു പോകണമല്ലോ.
മഹാഭാരത യുദ്ധവും ഒരുപാട് ദുരിതങ്ങൾ വിതച്ചു. ആയിരങ്ങൾ മരിച്ചു. വേദനിച്ച് വേദനിച്ച് പകപോലും പ്രവർത്തിക്കാതെയായി. ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ. അച്ഛൻ നഷ്ടപ്പെട്ട മക്കൾ. മക്കൾ നഷ്ടപ്പെട്ട അമ്മമാർ. മനുഷ്യരേപ്പോലെ തന്നെ ആനകൾ, കുതിരകൾ തുടങ്ങിയ ജന്തുക്കളും മരിച്ചു വീണു. എല്ലാവരും കുടിപ്പകയിൽ നേരിട്ട് പങ്കെടുത്തവരോ, അവരോട് ചേർന്നു നിന്നവരോ ആയിരുന്നു.
ഇത്രയൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അത് ജനപഥങ്ങളെ ബാധിച്ചതായി സാഹിത്യത്തിൽ പരാമർശമുണ്ടായിട്ടില്ല. സുയോധനൻ പ്രജാക്ഷേമ തൽപ്പരനായ രാജാവായിരുന്നു. ധർമ്മപുത്രരേക്കുരിച്ചും അതു തന്നെയായിരുന്നു അഭിപ്രായം. അവർ യുദ്ധം ചെയ്തത് എല്ലാ യുദ്ധങ്ങളിലും എന്ന പോലെ സ്വാർത്ഥത കൊണ്ട് മാത്രമായിരുന്നു. ധർമ്മം സ്ഥാപിക്കാനുള്ള യുദ്ധമാണു നടന്നതെന്നു പറഞ്ഞാൽ എന്ത് ധർമ്മമാണു സ്ഥാപിച്ചതെന്നു ചോദിക്കേണ്ടി വരും. ദു:ഖമുണ്ടാക്കുന്ന ധർമ്മമുണ്ടോ? ധർമ്മം ദു:ഖമുണ്ടാക്കിയാൽ അതിനെ ധർമ്മമെന്നു വിളിക്കാമോ? മഹാഭാരത യുദ്ധം അവശേഷിപ്പിച്ചത് വലിയ വലിയ ദു:ഖങ്ങൾ മാത്രമായിരുന്നു.
ഗാന്ധാരിക്ക് മക്കൾ നൂറും നഷ്ടപ്പെട്ടു. അർജ്ജുനനു നഷ്ടമായത് വില്ലാളിയായ സ്വന്തം പുത്രൻ. കൃഷ്ണനുമുണ്ടായി ദു:ഖം. അത് ലോകേഷണകൾ ഒന്നു കൊണ്ടുമായിരുന്നില്ല. താൻ വെളിവാക്കിക്കൊടുത്ത തത്ത്വം അർജ്ജനനു മനസിലായില്ല. മനസിലായിരുന്നെങ്കിൽ ചോരപ്പുഴയൊഴുകുന്നത് ഒഴിവാക്കാമായിരുന്നു. ധർമ്മ പുത്രർക്കും വാശിയായിരുന്നു.
എല്ലാം കഴിഞ്ഞ് പാപങ്ങൾ മോചിപ്പിക്കണമെന്ന മോഹം ഉണ്ടായപ്പോഴാണു രാജസൂയത്തിനു കോപ്പ് കൂട്ടിയത്. യുദ്ധം കഴിഞ്ഞതു കൊണ്ടാകാം യാഗം നടത്താനുള്ള ധനം ഉണ്ടായിരുന്നില്ല. വീരത്വം കാണിച്ച യുദ്ധം കഴിഞ്ഞതേയുള്ളൂ. കണ്ണുരുട്ടിയാൽ ജനം കാശ് കൊടുക്കും. പാണ്ഡവർ പക്ഷെ അതിനു മുതിർന്നില്ല. ദ്വാപര യുഗത്തിൽ ഭരണാധിപന്മാർക്ക് ഇന്നത്തേ അപേക്ഷിച്ച് കുറച്ചു കൂടി ജനത്തോട് സ്നേഹമുണ്ടായിരുന്നു എന്നു കരുതണം. അഭ്യാസക്കാഴ്ചക്കുള്ള അരങ്ങൊരുക്കുമ്പോഴും രണ്ടാം തലമുറ രാജ്യപാതകൾ തുറന്നു കൊടുക്കുമ്പോഴും അതിൽ നിന്നും ധനം സമ്പാദിച്ച് രഹസ്യമായി സൂക്ഷിക്കണമെന്നു ഇരുപക്ഷത്തുള്ള രാജാക്കന്മാരാരുംവിചാരിച്ചില്ല. വ്യാസന്റെ നിശബ്ദത എത്ര തുരന്നു പരിശോധിച്ചാലും അതിനുള്ള ഒരു തെളിവും കണ്ടെത്താനാവില്ല.
രാജസൂയം നടത്താൻ അതു കൊണ്ട് യുധിഷ്ഠിരൻ വിഷമിച്ചു. കൃഷ്ണനാണു അതിനുള്ള പോംവഴി കാണിച്ചു കൊടുത്തത്. മരുത്തന്റെ ധനമെടുക്കുക. മരുത്തൻ വെറുതെ ധനം സൂക്ഷിച്ചിട്ടുണ്ട്. ധന സമ്പാദനം മൂർദ്ധന്യത്തിലെത്തിയാൽ അങ്ങനെ സമ്പാദിക്കുന്ന ധനം കൊണ്ട് ഒരു ഉപയോഗവുമില്ലാതാകും. പിന്നെയത് കുഴിച്ചിടുകയേ നിവർത്തിയുള്ളു. അത് പിന്നീട് ഉപകാരപ്പെടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ സ്വാർത്ഥമായി സ്വത്ത് സമ്പാദനത്തിനു ഇറങ്ങിത്തിരിക്കുന്നവർ ഇതൊന്നും ഓർക്കാറില്ല. മരുത്തൻ തന്നെ ഇന്നത്തെ നിലയിൽ ഒരു സ്വിസ് ബാങ്ക് നടത്തിയ ആൾ ആയിരിക്കണം.
എന്തായാലും രാജാവിനു ജനത്തിനു പുറത്ത് കരം ചുമത്താനോ ഉൽപ്പന്ന വില വർദ്ധിപ്പിക്കാനോ തോന്നിയില്ല.
ജനപഥത്തിന്റെ ശാപം കിട്ടാത്തതു കൊണ്ടാകണം, പാണ്ഡവർക്ക് സ്വസ്ഥമായി വാനപ്രസ്ഥത്തിനു പോകാനായി.
4 comments:
ഇതിനുള്ള കമന്റുകള്‍ അനോണിയായി മറുമൊഴിയില്‍ കാണുന്നു ഇവിടെ ഇല്ല താനും ഇതെന്തു കളി
"മഹാഭാരത യുദ്ധം അവശേഷിപ്പിച്ചത് വലിയ വലിയ ദു:ഖങ്ങൾ മാത്രമായിരുന്നു. കുന്തിക്ക് മക്കൾ നൂറും നഷ്ടപ്പെട്ടു. അർജ്ജുനനു നഷ്ടമായത് വില്ലാളിയായ സ്വന്തം പുത്രൻ. "
ആട്ടെ കുന്തിയ്ക്കു നൂറു മക്കളൂണ്ടായിരുന്നൊ?
>>>>കുന്തിക്ക് മക്കൾ നൂറും നഷ്ടപ്പെട്ടു. >>>>
കുന്തിയല്ല...കാന്താരി..കാന്താരി
"മഹാഭാരതത്തില്‍ ഇല്ലാത്തത് ഒന്നുമില്ല.." മഹാഭാരതം എന്ന കൃതിയാണോ അളിയന്‍ ഉദ്ദേശിക്കുന്നത് ? അതോ മഹാഭാരതം എന്നു വിളിക്കപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നതായ ഈ രാജ്യത്തെക്കുറിച്ചോ ഈ പരാമര്‍ശം ?
തെറ്റ് തെറ്റു തന്നെ. തിരുത്തുന്നു.
Post a Comment