Saturday, May 21, 2011

സ്റ്റീഫൻ ഹോക്കിൻസും നെന്മാറവേലയും.


ഗ്രാൻഡ് ഡിസൈൻ സ്റ്റീഫൻ ഹോക്കിങ്സിന്റെ പുതിയ പുസ്തകമാണു. പ്രപഞ്ചത്തിന്റെ മാതൃക അദ്ദേഹം ഊഹിച്ചിരിക്കുന്നു എന്ന രീതിയിലാണു ആ പുസ്തകത്തേക്കുറിച്ചുള്ള പ്രചരണം നടക്കുന്നത്. ശ്രീ.ഗിരിജാവല്ലഭൻ സാർ അതിനെ ഖണ്ഡിച്ചു കൊണ്ട് ലേഖനമെഴുതിയിരുന്നു. ഹോക്കിങ്സിന്റെ പുത്തൻ ഗ്രന്ഥം വായിച്ചിട്ടില്ല. ഇതിയാന്റെ ഷോർട്ട് ഹിസ്റ്ററി ഓഫ് ടൈം വായിക്കാൻ ശ്രമിച്ച് ബോറടിച്ച ഒരാളെന്ന നിലയിൽ, ഗ്രാൻഡ് ഡിസൈൻ കണ്ടപ്പോൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയേപ്പോലെ മാറി നടക്കുകയാണു. സമയ ചരിത്രം ഇനിയും വായിച്ച് മുഴുവിച്ചിട്ടില്ല. പക്ഷെ ഫിസിക്സിനോടുള്ള കമ്പം കൊണ്ട് അത് വായിച്ചവരോട് അതിന്റെ കഥ പറയാൻ പറഞ്ഞു. പണ്ട് സിനിമാ കാണാൻ പറ്റാത്തവർ സിനിമാ കണ്ടവരുടടുത്ത് കഥ കേൾക്കാൻ കാത് കൂർപ്പിച്ചിരിക്കുന്ന പോലെ. അതേ പണിയാണു ഗ്രാൻഡ് ഡിസൈന്റെ കാര്യത്തിലും അനുവർത്തിച്ചത്. എനിക്ക് മനസിലായത്, ഇതാണു.

പ്രപഞ്ചം എല്ലാ സാദ്ധ്യതകളും അടങ്ങിയ ഒരു സിസ്റ്റമാണു.(ബ്രഹ്മം?). അതിനു സ്രഷ്ടാവില്ല.(ഉണ്ടെന്നു തോന്നിക്കുന്നത് മായ). തനിയെ ഓരോ ഊർജ്ജനിലകളിലേക്കും അത് പരിണമിക്കും.(ഇച്ഛ?) ഓരോ എനർജി സ്റ്റേറ്റിനനുസരിച്ച് ഓരോരോ ലോകങ്ങൾ ഉരുത്തിരിഞ്ഞൂ വരും.(അതല വിതലങ്ങൾ). അങ്ങനെയുള്ളതിൽ ഒന്നാണു നാമിപ്പോൾ ജീവിക്കുന്ന ലോകം. (ഭൂലോകം). വേറെ എനർജി സ്റ്റേറ്റുകളിൽ (സ്വാഭാവികമായി) വേറെ ലോകങ്ങൾ ഉണ്ടാവാം.(സ്വർല്ലോകം തുടങ്ങി?) ഇതാണു ഞാൻ മനസിലാക്കുന്നത്. പുർണ്ണമായും ശരിയാണൊ എന്നറിയില്ല. എങ്കിലും കുറേ ശരിയുണ്ടാവണം.

സ്റ്റീഫൻ ചേട്ടൻ ഇത് പറഞ്ഞതിൽ എനിക്ക് തർക്കമോ അസഹ്യതയോ ഇല്ല. ഇതു അതിന്റെ കാവ്യസങ്കല്പത്തോടെ (ബ്രാക്കറ്റിൽ അത് കാണാം) ഇന്ത്യയിലെ ഭൂരിഭാഗവും ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണു. അവരുടെ മനസിൽ അത്തരം ലോകങ്ങളേപ്പറ്റി കവിതകൾ ഉണ്ട്. ആ കവിതയെ ഭൂരിപക്ഷത്തിനും മനസിലാകാത്ത അക്കങ്ങളുടെയും ചിഹ്നങ്ങളുടെയും രൂപത്തിലാക്കി എഴുതി വച്ചാൽ അതിനെ നാം പാണ്ഡിത്യമെന്നാണെല്ലോ പറയുന്നത്. ഹൊക്കിങ്സിന്റെ പണിയതാണു. വയറ്റിപ്പിഴപ്പിനല്ലെ അത് ചെയ്തോട്ടെ.

കാര്യം അതൊന്നുമല്ല. ദൈവമില്ലെന്നു അദ്ദേഹം പറഞ്ഞു എന്നതാണു വിവാദം. അങ്ങനെ സ്റ്റീഫൻ ഹോക്കിൻസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാശ്ചാത്യനെ ചൊടിപ്പിക്കാൻ വേണ്ടി മാത്രമാണു. ദൈവമില്ല എന്നു കേട്ടാൽ ഞെട്ടേണ്ടത് കത്തോലിക്കാ സഭ മാത്രമേയുള്ളൂ. കർത്താവില്ലെങ്കിൽ പോപ്പില്ല. പോപ്പില്ലെങ്കിൽ സഭയില്ല. സഭയില്ലെങ്കിൽ പള്ളികൾ ഇല്ല, ഇടയലേഖനമില്ല, തെരെഞ്ഞെടുപ്പില്ല, ധനകാര്യമില്ല. ചുരുക്കത്തിൽ ഒന്നുമില്ല, വെറും കട്ടപ്പൊഹ!! മാത്രം.

ഭാരതീയരായ നാം ഇത് കണ്ട് ഏറ്റുപിടിക്കേണ്ട വല്ല കാര്യവുമുണ്ടോ? ഒരാവശ്യവുമില്ല. ജനിച്ചാൽ ഒരു ലോകം. മരിച്ചാൽ ആത്മാവിന്റെ ലോകം. എനർജിസ്റ്റേറ്റ് അളവിനു മെരുങ്ങാത്ത അനന്തയിലേക്ക് പോയാൽ മോക്ഷം. അളവറിയാത്ത ശൂന്യത്തിലേക്ക് പോയാൽ മഹാപ്രലയം. എല്ലാ സാധ്യതകളൂം ഉൾക്കൊണ്ട് മനോവാചാമഗോചരമായിരിക്കുന്ന തുരീയം വേറെ. ചായക്കടയിലും കള്ള് ഷാപ്പിലും കുളിക്കടവിലുമൊക്കെ ഇരുന്നു ഇന്ത്യാക്കാർ അനായാസമായി സംസാരിക്കുന്ന വിഷയമാണു പ്രപഞ്ചോൽ‌പ്പത്തിയും അതിന്റെ പരിണാമവും. അങ്ങനുള്ള ഇന്ത്യക്കാരനു ഹൊക്കിൻസിന്റെ പുസ്തം കണ്ടാൽ എന്നാ തോന്നാനാ. നെന്മാറ വേല കഴിഞ്ഞ് വന്നിരിക്കുന്നവന്റെ മുന്നിലിട്ടാണോ ഏറുപടക്കം പൊട്ടിക്കുന്നത്? സ്റ്റീഫൻ ഹോക്കിൻസ് കുറഞ്ഞപക്ഷം കുടശ്ശനാട് കമലനെങ്കിലുമാകണം. അതു കൊണ്ട് അയാളെ വിട്. സായിപ്പിനെ ചോടിപ്പിച്ച് പത്തു പുസ്തകം വിക്കുന്നെങ്കിൽ വിക്കട്ടെ.

2 comments:

അശോക് കർത്താ said...

സ്റ്റീഫൻ ഹോക്കിൻസ് കുറഞ്ഞപക്ഷം കുടശ്ശനാട് കമലനെങ്കിലുമാകണം.

ചാർ‌വാകൻ‌ said...

എന്തായാലും വൈദരുടെ വായനയും,ശാസ്ത്ര(മത)ബോധവും കിടു..കിടു..