Tuesday, May 24, 2011

മലയാളിയുടെ മിഥ്യാശാസ്ത്രബോധങ്ങൾ : 1

വെളിച്ചെണ്ണയും തേങ്ങയും മലയാളി സമൂഹം ഉപേക്ഷിക്കാൻ ശ്രമിച്ചത് അവന്റെ മിഥ്യാശാസ്ത്ര ബോധം കൊണ്ടാണെന്ന് തോന്നുന്നു. ആയിരത്തിതൊള്ളായിരിത്തി അറുപതുകളോടെയാണു കേരളത്തിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സാർവ്വത്രികമായത്. എന്തും ശാസ്ത്രീയമായി പഠിക്കണമെന്ന ബോധം അതുണ്ടാക്കി. ആ അവബോധം മലയാളി സമൂഹത്തിന്റെ പാരമ്പര്യത്തെ കടപുഴക്കുന്നതായിരുന്നു. വിഗ്രഹഭഞ്ജകരാകുമ്പോൾ നാം അതിന്റെ അനന്തരഫലങ്ങൾ ഓർത്തില്ല. പത്മവ്യൂഹം ഭേദിച്ചു കടന്ന അഭിമന്യുവിനേപ്പോലെ പിന്നീട് അവർ അന്തരാളത്തിൽ പെട്ടു. രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായാലും പക്ഷെ ഈഗോ, അത് ശക്തമായി നിലനിൽക്കുന്നു. അതു കൊണ്ട് പുനർവിചിന്തനത്തിനോ മാറ്റത്തിനോ മലയാളി മടിക്കുകയും ചെയ്യുന്നു.

തേങ്ങയുടെ മാത്രം കാര്യമെടുക്കാം. കുറഞ്ഞത് 500 കൊല്ലമെങ്കിലും ആയിക്കാണും തേങ്ങ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ട്. ഇത് ആധുനിക ചരിത്രഗവേഷകരുടെ മന്ദബുദ്ധി നിലപാടാണേ. എനിക്കതിൽ യാതൊരു ബോദ്ധ്യവുമില്ല. കാരണം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ആയുർവ്വേദഗ്രന്ഥങ്ങളിൽ തേങ്ങയെപ്പറ്റി പരാമർശമുണ്ട്. അപ്പോൾ പുളുന്താൻ സായിപ്പിനെ/നാടൻ സായിപിനെ ഞാനെന്തിനു വിശ്വസിക്കണം?

തെങ്ങിനേയും തേങ്ങയും അടിസ്ഥാനമാക്കി സുസംഘടിതമായ ഒരു ജീവിത ശൈലി നമുക്കുണ്ടായിരുന്നു. തെങ്ങുകൊണ്ടുള്ള ആദ്യത്തെ പ്രയോജനം പശുവിനെ തെങ്ങിൽ കെട്ടാമെന്നതായിരുന്നു! തേങ്ങ പാചകത്തിനുപയോഗിക്കാം. അനവധി ചമ്മന്തികൾ തേങ്ങകൊണ്ടുണ്ടാക്കാം. വിവിധതരം അരവുകൾ വേറെ. തേങ്ങാപ്പാലു കൊണ്ട് പായസം വയ്ക്കാം. വെളിച്ചണ്ണ തേക്കാനും താളിക്കാനുംഉത്തമം. ഉരുക്ക് വെളിച്ചെണ്ണ ദേഹത്തും നാവിലും തടവിക്കൊടുത്താൽ നവജാതശിശുക്കൾ പുഷ്ടിയോടെ വളരും. നിറവും ആരോഗ്യവും കിട്ടും. തെങ്ങിന്റെ പഴുത്തമടൽ വാട്ടിപ്പിഴിഞ്ഞ നീരും കൽക്കണ്ടവും ജീരകം വറുത്ത് പൊടിച്ചതും ചേർത്ത് കൊടുത്താൽ ഏത് ചുമയും ശമിക്കും.(ഒറ്റ ഡോസ് മതിയാകും). ഓല പുരമേയാൻ ഉപയോഗിച്ചു. തടി പുരയുണ്ടാക്കാനും. ചൂട്ടും കൊതുമ്പും തീയെരിക്കാൻ. ആവർത്തിച്ചുണ്ടാകുന്ന ആ സ്വാഭാവിക ഇന്ധനം കുറെച്ചെങ്കിലും പിന്തുടെർന്നെങ്കിൽ ഇന്നീ പെട്രോൾ വിലവർദ്ധന ഉണ്ടാകുമായിരുന്നോ? മലയാളികൾ ചിന്താ ശീലരാണെന്ന് പറയുന്നത് വെറുതെയാണു.

അങ്ങനെ തെങ്ങിനെ അടിസ്ഥാനപ്പെടുത്തി ആരോഗ്യപൂർണ്ണമായ ഒരു ജീവിതം മലയാളി നയിച്ചു വരികയായിരുന്നു. അതു കണ്ടുവളർന്നവർ ശാസ്ത്രബോധം നേടിയപ്പോൾ തെങ്ങിനെ ഉപേക്ഷിച്ചു. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും എന്തോ കുഴപ്പമുണ്ടെന്നു പേടിച്ചു. ആ പ്രചരണം നടന്നത് ശാസ്ത്രത്തിന്റെ പേരിലായിരുന്നു. വലിയ കച്ചവടസ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ നടത്തിയതാണു അതെന്നു ഇതിനെ എതിർക്കാൻ ഉദ്ദേശിക്കുന്നവർ ഇന്നു പറയും. അതവരുടെ മനസമാധാനത്തിനാ‍യത് കൊണ്ട് എതിർക്കേണ്ട കാര്യമില്ല.

പക്ഷെ യാഥാർത്ഥ്യമെന്താണു? നമ്മുടെ നാട്ടിലല്ലാതെ എവിടെയൊക്കെയോ നടന്ന ശാസ്ത്രഗവേഷണങ്ങൾ. അതാണു വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണു എന്നു പറയുന്നത്. ആ അറിവ് ജനങ്ങളിൽ എത്തിയപ്പോൾ എന്തൊരലാഹമാണുണ്ടായത്. വെളിച്ചണ്ണ ഉപേക്ഷിച്ച് ഡാൽഡ, സൂര്യകാന്തി എണ്ണ തുടങ്ങിയവയിലേക്ക് ആളുകൾ പാഞ്ഞു. കുറേക്കഴിഞ്ഞ് അത് പാമോയിലിൽ ചെന്നു മുട്ടി. ഏറ്റവും അമ്പരപ്പുണ്ടായത് വിദ്യാഭ്യാസമുള്ളവർക്കായിരുന്നു. അവർ ‘ശാസ്ത്രീയമായി‘ ജീവിക്കുകയും ശാസ്ത്രകാരന്മാരെ ചൂണ്ടിക്കാണിച്ച് തെങ്ങിനും തേങ്ങയ്ക്കുമെതിരേയുള്ള പ്രചാരണത്തിനു ചൂട്ടുപിടിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നമുണ്ടാകുമെന്നു പറഞ്ഞ് ഡോക്ടറന്മാർ ജനത്തെ വിരട്ടി. എല്ലാവരും പഠിപ്പുള്ളവർ. പക്ഷെ അവർക്ക് സാമാന്യബോധമോ ശാസ്ത്രീയ ചിന്തയോ ഉണ്ടായിരുന്നില്ല എന്നു വ്യക്തം. അതുണ്ടായിരുന്നെങ്കിൽ അവർ ആലോചിച്ചേനെ ജീവിതാനുഭവവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ പറയുന്നതൊക്കെ ശരിയാണോ? ജീവിതാനുഭവത്തേക്കാൾ വലിയ ശാസ്ത്രമുണ്ടോ?

തങ്ങളുടെ എത്രയോ തലമുറകൾക്ക് പിൻപിൽ നിന്നാരംഭിച്ചതാണു തേങ്ങയുടെയും വെളിച്ചെണ്ണയുടേയും ഉപയോഗം. അവർ അതു ഉപയോഗിച്ചിട്ടെന്തെങ്കിലും കുഴപ്പമുണ്ടായോ? എന്തു ഗുണമുണ്ടായിരുന്നു. അതന്വേഷിക്കാൻ ദൂരെയെങ്ങും പോക്കണ്ട. സ്വന്തം വീട്ടിലും ചുറ്റുപാടും നോക്കിയാൽ മതി.

തേങ്ങക്കെതിരായിട്ടുള്ള ഗവേഷണങ്ങൾ നടന്നത് ഏത് നാട്ടിലായിരുന്നു? ആ നാട്ടിലെ ഭക്ഷണത്തിലെ മുഖ്യ ഇനം തേങ്ങയാണോ? അവിടുത്തെ ചൂടും തണുപ്പും എത്ര. നമ്മൂടെ ഭക്ഷണരീതിയാണോ അവർക്ക്? പിന്നെങ്ങനെ തേങ്ങയുടെ ദൂഷ്യം കൃത്യമായി അവർക്ക് പറയാൻ കഴിയും. ഈ ശാസ്ത്രീയ ചിന്തയൊന്നും അന്നു കടന്നു വന്നില്ല.

നമ്മുടെ മൊണ്ണാച്ചി ശാസ്ത്രവാദികൾ ചിന്തിച്ചത് ലാബുകളാണു പ്രകൃതിയേക്കാൾ മികച്ച സ്ഥലം എന്നാണു. അവിടെ സംഭവിക്കുന്നതെല്ലാം സത്യം. അവിടുത്തെ കൂലിപ്പണിക്കാർ എഴുതി തയ്യാറാക്കുന്ന കടിതങ്ങൾ ഉണ്മ! സ്റ്റാറ്റിസ്റ്റിക്സിലെ പ്രോബബിലിറ്റിക്കപ്പുറം പോകാത്ത ശാസ്ത്രഗവേഷണങ്ങളെ സംശയബുദ്ധ്യാ നോക്കാനുള്ള ശാസ്ത്രബോധം പോലുമില്ലാത്ത ഉണ്ണാക്കന്മാരായിപ്പോയി പഠിപ്പുള്ള മലയാളി മദ്ധ്യവർഗ്ഗം.

അതിന്റെ ഫലം അവർ അനുഭവിച്ചു. എന്തിനു ദോഷകരമാണോ വെളിച്ചെണ്ണ എന്നു പറഞ്ഞത് ആ രോഗം വ്യാപകമായി. വെളിച്ചെണ്ണക്ക് പകരം പാമോയിലും പട്ടിക്കാട്ടവും ഉപയോഗിച്ചിട്ടും വെളിച്ചെണ്ണയാൽ ബാധിക്കാവുന്ന രോഗമെന്നു പ്രചരിപ്പിച്ച രോഗം കൂടിക്കൂടി വരുന്നതെന്നു ആലോചിച്ചില്ല. നമുക്ക് ചുറ്റുമുള്ള യാഥാർത്ഥ്യം കാണുവനുള്ള മിഴിത്തിളക്കം മലയാളിക്ക് ഇല്ലാതെപോയി.

വെളിച്ചെണ്ണയ്ക്കെതിരേയുള്ള പ്രചാരണത്തിനു ദുബ്ബലമെങ്കിലും പ്രതിരോധം തീർക്കാൻ ശ്രമിച്ചത് ശ്രീ. ചിത്തിര തിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ടും ഡോ. എം.എസ്.വല്യത്താനുമായിരുന്നു. മദ്ധ്യവർഗ്ഗ പണ്ഡിതജനം അതിനെ അവന്റെ സ്വാഭാവികദുശീലം കൊണ്ട് എതിർക്കുകയും ചെയ്തു.

“സായിപ്പ് ഗവേഷണം ചെയ്ത് കണ്ടെത്തിയത് മറിച്ചാകുമോ? ഇതൊക്കെ തട്ടിപ്പല്ലേ. ഏതെങ്കിലും ഇന്ത്യാക്കാരനു സയൻസറിയാമോ?”

ശ്രീചിത്രയിലെ ഗവേഷണഫലം കൊണ്ട് ജനത്തിനു ഗുണമുണ്ടായില്ലെങ്കിലും ഡോ.എം.എസ്.വല്യത്താനു ഗുണമുണ്ടായി. അദ്ദേഹം യഥാർത്ഥശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ചരകന്റെ പാരമ്പര്യത്തേക്കുറിച്ചൊക്കെ പഠിക്കാൻ തുടങ്ങി.

വല്യത്താനുണ്ടായ മാറ്റത്തിന്റെ നൂറിലൊന്നു കേരളത്തിലെ ശാസ്ത്രാഭിമാനികൾക്ക് ഉണ്ടായിക്കണ്ടാൽ മതിയായിരുന്നു. അതുണ്ടാകുമോ?

2 comments:

അശോക് കർത്താ said...

തെങ്ങുകൊണ്ടുള്ള ആദ്യത്തെ പ്രയോജനം പശുവിനെ തെങ്ങിൽ കെട്ടാമെന്നതായിരുന്നു!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കര്‍ത്താജി,
പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അനുഭവയോഗം എന്നു കേട്ടിട്ടില്ലെ
അത്രയും കരുതിയാല്‍ മതി.

എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടുള്ള ഔ കാഴ്ചയായിരുന്നു.

കാലത്ത്‌ വെറും വയറ്റില്‍ കഠിനമായ അധ്വാനം കഴിഞ്ഞു വന്ന് പതിനൊന്നു മണിയോടെ ചോറിനകത്ത്‌ തേങ്ങപ്പാലൊഴിച്ചു കഴിക്കുന്ന ഒരു കാഴ്ച.

ആകെ രണ്ടു നേരമെ ആഹാരം ഉള്ളു അതില്‍ ആദ്യത്തേത്‌ ഇത്‌

അവരൊക്കെ തൊണ്ണൂറു വയസു വരെ ഒത്ത ആരോഗ്യത്തോടു കൂടി ജീവിച്ചിരുന്നു.

ഇപ്പോള്‍ കമ്പ്യൂട്ടറിന്റെയും റ്റി വിയുടെയും മുന്നില്‍ ഇരുന്നു കപ്പലണ്ടി കൊറിക്കുന്നവരല്ലെ. നേരെ ചൊവ്വേ മുപ്പതു കടന്നാല്‍ ഭാഗ്യം. പിന്നെ വരെ കൊണ്ട്‌ ആശുപത്രികള്‍ക്കെങ്കിലും ഗുണമുണ്ടാകും