Thursday, October 29, 2009

മലയാള മനോരമയുടെ ചാത്തൻ ത്രില്ലർ

മെഡിക്കൽ രംഗം വമ്പിച്ച തോതിൽ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ഈ പംക്തിയിലൂടെ പലതവണ സൂചിപ്പിച്ചിട്ടുള്ളതാണു. ചികിത്സയും സ്വാന്തനവും രോഗമുക്തിയും ഒഴികെ എന്തും അവിടെ ഉണ്ട്. ഒരാൾ ഡോക്ടറാകാൻ പോകുന്നത് ഫാദർ ഡാമിയന്റെ പാത പിന്തുടരാനാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? കഷായക്കാരന് എന്തായാലും ആ അഭിപ്രായമില്ല. നല്ല കച്ചവടം കിട്ടുന്ന ഒരിടമായതു കൊണ്ട് ധനാർത്തി മൂത്താണു മിക്കവരും മെഡിക്കൽ രംഗത്തേക്കിറങ്ങുന്നത്. ഈ സാഹചര്യം പരമാവധി മുതലാക്കുന്നവരാണു മെഡിക്കൽ വ്യവസായികൾ. അതിന്റെ ഭാഗമാത്രമാണു മനോരമ ചാത്തനെന്ന് വിശേഷിപ്പിക്കുന്ന വ്യാജ മരുന്നുകൾ.

മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന മരുന്നുകളിൽ 20% വും ചാത്തനാണെന്നും അവ ഉപയോഗിച്ചാൽ ഗുണമുണ്ടാവുകയില്ലെന്നും പുതിയ കണ്ടുപിടുത്തമൊന്നുമല്ല. ഗൾഫ് ബൂമിനൊപ്പം കേരളത്തിൽ സ്വകാര്യ ആശുപത്രികൾ വ്യാപകമാകാൻ തുടങ്ങിയതു മുതൽ ഈ വ്യാജൻ നിലവിലുണ്ട്. ചാത്തന്മാരെ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സർക്കാർ ആശുപത്രികൾ അല്ല. സ്വകാര്യ ആശുപത്രികളാണു. കാരണം അവർ അകത്തു നിന്നു കൊടുക്കുന്ന മരുന്ന് എന്താണെന്നോ എവിടെ ഉണ്ടാക്കിയതാണെന്നോ ബോദ്ധ്യപ്പെടുത്താറില്ല. സർക്കാർ ആശുപത്രികളിൽ വിലകൂടിയ മരുന്നുകൾ മിക്കപ്പോഴും പുറത്തുനിന്ന് വാങ്ങേണ്ടി വരും. അതെന്താണെന്ന് കാണാനെങ്കിലും ചുരുങ്ങിയ പക്ഷം ജനത്തിനു കഴിയും.

നമുക്ക് ചാത്തനിലേക്ക് വരാം. ഇവൻ എങ്ങനെ ഉൽഭവിച്ചു?

ആദ്യകാലത്ത് വലിയ കമ്പനികൾ മരുന്നുണ്ടാക്കാനുള്ള കരാറുകൾ പുറം പാർട്ടിക്കു കൊടുക്കുമ്പോൾ അതിൽ നിന്നും സ്പില്ലിങിനു നൽകുന്ന അധികം റോ മറ്റീരിയൽ ഉപയോഗിച്ച് ഒരു നിശ്ചിത ശതമാനം മരുന്നു വേറെ ഉണ്ടാക്കുന്നതായിരുന്നു രീതി. മുംബൈലും ഗുജറാത്തിലും ചില ചേരികളിൽ അവയുടെ നിർമ്മാണം നടക്കുന്നുണ്ട്. അത്തരം അധികപ്പറ്റു മരുന്നുകൾ സെക്കന്റ്സായി ഒറിജിനൽ കമ്പനിയുടെ അതേ ബ്രാൻഡിലും ബാച്ചിലും വിതരണം ചെയ്യപ്പെടും. വില ഒറിജിനലിന്റെ പകുതിയിൽ താഴെ. മെഡിക്കൽ സ്റ്റോറുകൾക്ക് അതൊരു ലാഭക്കച്ചവടമാണു. അതിന്റെ ഒരു പങ്ക് മരുന്നു കുറിക്കുന്ന ഡോക്ടർക്കും കിട്ടും. അതിന്റെ രുചി പിടിച്ചു കൊണ്ടാണു ഡോക്ടറന്മാർ അധ:പതിച്ചു തുടങ്ങിയത്. സ്വകാര്യവൽക്കരണവും ആഗോളീകരണവും ചിറകു വിരിച്ചപ്പോൾ മരുന്നു കമ്പനികളുടെ എണ്ണവും തമ്മിലുള്ള മത്സരവും വർദ്ധിച്ചു. അപ്പോൾ ഒറിജിനൽ റോ മറ്റീരിയൽ മാറി കപ്പപ്പൊടിയും മഞ്ഞപ്പൊടിയും ഡിസ്റ്റിൽഡ് വന്നു.

വേറെ ഒരു കാര്യമുള്ളത് കേരളത്തിലെ രോഗികളിലെ 60% പേരും ഒരു രോഗവും ഇല്ലാത്തവരാണു. അവർക്കുള്ളത് രോഗത്തെക്കുറിച്ചുള്ള ഭീതിയാണു. ഇതിനെ ചികിത്സിക്കാൻ മഞ്ഞപ്പൊടിയും കപ്പപ്പൊടിയും ഡിസ്റ്റിൽഡ് വാട്ടറും തന്നെ അധികം. ഇല്ലാത്ത രോഗത്തിനു എന്തു മരുന്നു കൊടുക്കാനാണു?

എന്നാൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ കാര്യത്തിൽ ഇത് നടക്കില്ല. അത് വേണ്ട രോഗികൾ ഉണ്ട്. ആ മരുന്നിൽ ഔഷധം വേണം. അതിനു കപ്പപ്പൊടി മരുന്ന് പറ്റില്ല. യഥാർത്ഥ മരുന്ന് ഉണ്ടാക്കുന്നത് ചെലവുള്ള കാര്യമാണു. വലിയ ലാഭവും അതിനു കിട്ടില്ല. മരുന്ന് വെറുതെ എഴുതിക്കൊടുക്കാനും പറ്റില്ല. യഥാർത്ഥ രോഗം തന്നെ ഉണ്ടായിരിക്കണം. ആ കച്ചവടത്തിനു ലാഭം കുറയും. ഈ ഡോക്ടറന്മാരാണെങ്കിൽ കടുത്ത ആർത്തിക്കാരും. ജീവൻ രക്ഷാ മരുന്നുകളുടെ നിർമ്മാണത്തിൽ നിന്നും കമ്പനികൾ പതുക്കെ പിന്മാറിത്തുടങ്ങുന്നത് അങ്ങനെയാണു. 25 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ പകുതി സ്ഥാപങ്ങളെ ഇന്ന് ജീവൻ രക്ഷാമരുന്നുകൾ ഉണ്ടാക്കുന്നുള്ളു. കമ്പനികൾ കൂടുതൽ ലാഭമുള്ളതും കൂടുതൽ ഇൻസെന്റീവുകൾ കൊടുക്കാവുന്നതുമായ കപ്പപ്പൊടി മരുന്നുകളിലേക്ക് മാറി തുടങ്ങിയത് അങ്ങനെയാണു. അതിനവരെ കുറ്റം പറയരുത്. ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്. അതിന്റെ ക്വാളിറ്റിയൊക്കെ ശ്രദ്ധിക്കേണ്ടത് ഡോക്ടേഴ്സിന്റെ കടമയല്ലെ? രോഗികളുടെ ഉത്തരവാദിത്തം ഡോക്ടറിലല്ലാതെ മറ്റാരിലാണു ഇരിക്കുന്നത്?

ഒരു ഇരുപത് വർഷം മുമ്പ് വരെ ഡോക്ടറന്മാർക്ക് തങ്ങളെ വന്നു കാണുന്നതിനു ചില്ലറ കിട്ടണമെന്നേ നിർബ്ബന്ധമുണ്ടായിരുന്നുള്ളു. മരുന്നിന്റെയും ടെസ്റ്റുകളുടെയും വീതം കൂടി കിട്ടണമെന്ന് മോഹമായത് പിന്നീടാണു. അതിനേത്തുടർന്നാണു ചാത്തൻസ് സർവ്വത്ര വ്യാപകമായത്. ഡൊക്ടേഴ്സിനു വീതം കൊടുക്കണമെങ്കിൽ കൂടുതൽ ലാഭം കിട്ടണം. കമ്പനിക്കാരനു പണം കീശയിൽ നിന്നു എടുത്ത് കൊടുക്കാനാവില്ല. കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന് എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. അതിനാലാണു മരുന്നിൽ മായം ചേർക്കുന്നത്. ഔഷധചേരുവകൾ വേണ്ടത്ര അളവിൽ ചേർത്ത്, മിതമായ ലാഭം ഉണ്ടാക്കിക്കൊണ്ട് മത്സരാധിഷ്ഠിധ കമ്പോളത്തിൽ എങ്ങനെ പിടിച്ചു നിക്കും? അതിനു കപ്പപ്പൊടി തന്നെ ശരണം. അതാകുമ്പോൾ അപകടമില്ല. നോ റിയാക്ഷൻ. ആക്ഷൻ തന്നെയില്ലാതിരിക്കുമ്പോൾ എന്ത് റീയാക്ഷൻ? ഈ കപ്പപ്പൊടി മരുന്നു കൊണ്ട് വേറൊരു ഗുണം കൂടിയുണ്ട്. എന്തെങ്കിലും രോഗമുണ്ടെങ്കിൽ തന്നെ അത് മാറില്ല. അത് ഡോക്ടർക്ക് ഒരു അനുഗ്രഹമാണു. ചുറ്റിത്തിരിഞ്ഞ് വരുമ്പോൾ കമ്പനിക്കും കിട്ടും ലാഭം.
“ങ്ഹാ! രോഗം മാറിയില്ല അല്ലെ? എന്നാൽ വേറൊരു ചാത്തനെ കുറിക്കാം.“ ഡോക്ടർ രോഗിയെ സമാധാനിപ്പിക്കുമ്പോൾ രോഗിക്കൊരു സുഖം. ഡോക്ടർക്കും കച്ചവടക്കാർക്കും ലാഭം. രോഗം മാറാത്തതു കൊണ്ട് രോഗി ഒരിക്കലും കൈവിട്ടു പോവുകയുമില്ല. അത് ബോണസ്സ്.

ഇങ്ങനെയുള്ള ചികിത്സക്ക് കൊടുക്കുന്ന ചാത്തൻ മരുന്നുകൾ നിർമ്മിക്കാൻ എന്തിനാണു ആധുനിക സജ്ജീകരണങ്ങളുള്ള ഫാക്റ്ററികൾ? ഒരാവശ്യവുമില്ല. 10x10 മുറി തന്നെ ഒരു അനാവശ്യമാണു.

ഗുളിക നിറയ്ക്കാനാണെങ്കിൽ ഇടനേരത്ത് വീടുകളിൽ ഒഴിവുള്ള പെണ്ണുങ്ങൾക്ക് അത് ചെയ്യാം. അതിനിടെ കുട്ടി അപ്പിയിട്ടാൽ അത് വാരിക്കളഞ്ഞിട്ട് ആ കൈകൊണ്ട് തന്നെ പണി തുടരാം. അങ്ങനെ ചെയ്യുമ്പോൾ സാധരണ വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാറില്ല. പക്ഷെ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ തിരിച്ചടിക്കും. പകർച്ച വ്യാധികൾ വന്നേക്കാം. അതും ഒരു കണക്കിനു ഗുണമാണു. ഒരു മരുന്ന് അതിനും എഴുതാമല്ലോ. കമ്പനികൾക്ക് പുതിയ പേരിൽ കപ്പപ്പൊടി ഇറക്കുകയും ചെയ്യാം. ആനയുടെ കാര്യം പറഞ്ഞപോലെ, ചത്താലും ഇരുന്നാലും ലാഭം.

ഈ പണി മനോരമ വാദിക്കാൻ പോകുന്ന പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണമേറ്റ ശേഷം ഉണ്ടായതല്ല. 1995 ൽ തന്നെ ഇതിനേക്കുറിച്ചുള്ള വസ്തുതാ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. പിന്നെ മാത്തുക്കുട്ടിച്ചായൻ ഇത് ഇപ്പോൾ എന്തിനെടുത്ത് വീശുന്നു എന്നു ചോദിച്ചാൽ ഒരു ഉദ്ദേശമുണ്ട്. എല്ലാവർക്കും അതറിയാം. ഗവണ്മെന്റിനെ അടിയന്തിരമായി നാറ്റിക്കണം.

അച്ചായൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് വായിച്ചാൽ എന്താ നമുക്ക് തോന്നുക? സർക്കാർ നടപടി ക്രമങ്ങൾ പാലിക്കാതെ മരുന്നു വാങ്ങുന്നു. അതിനു സർക്കാർ ഏജൻസി കൂട്ട് നിക്കുന്നു. യഥാർത്ഥത്തിൽ അത് എന്താണു? ഈ ചാത്തനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയിട്ട ഒരു സെറ്റാണു യാഥാർത്ഥ്യമാണെന്ന് തോന്നത്തക്ക വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് ഒരു തരം വെടക്കാക്കി തനിക്കാക്കലാണു.

വേറൊന്നുള്ളത് ചാത്തൻ മരുന്നുകൾ സർക്കാരാശുപത്രിയിലേക്ക് മാത്രമുള്ളതാണെന്ന് തോന്നത്തക്കവിധമാണു റിപ്പോർട്ടിങ്. സർക്കാർ ചാത്തൻ മരുന്നു മേടിക്കുകയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ചാത്തന്റെ അപ്പൻ മരുന്ന് മേടിക്കും. ഉദ്ദ്യോഗസ്ഥന്മാർക്ക് പർച്ചേസിലെ ചില്ലറ കിട്ടിയാൽ തൃപ്തിയാകും. മറ്റേവന്മാർക്ക് അത് പോര. കൊള്ള ലാഭം തന്നെ വേണം. അപ്പോൾ ചാത്തനല്ല അവന്റെ അപ്പനുണ്ടെങ്കിൽ കൊണ്ടുവരാൻ പറയും.

സ്വകാര്യ ആശുപത്രികളുടെ ഇത്തരം രീതിക്ക് ഒരു ഉദാഹരണം പറയാം.

1.ഒരു പ്രത്യേക ചികിത്സയിൽ ഒരു യൂണിറ്റ് മരുന്ന് മൂന്നായാണു കൊടുക്കേണ്ടത്. മരുന്നിനു ആകെ 3000 രൂപയാണു വില. അത് മൂന്നായി വിഭജിച്ചു വേണം രോഗിക്ക് നൽകേണ്ടത്. എന്നാൽ സ്വകാര്യക്കാർ അതിനു ഓരോ തവണയും ഓരോ യൂണിറ്റ് വാങ്ങി ഉപയോഗിച്ചു എന്ന് പറഞ്ഞ് 3000 രൂപാ വച്ച് വാങ്ങും. ലാഭം 6000 രൂപ!

2.അപകടങ്ങളിൽ പെട്ട് ചെല്ലുന്ന രോഗികളോട് കാണിക്കുന്ന ക്രൂരത:
രോഗി മരിച്ചു പോയാൽ കാലിൽ കമ്പിയിട്ടു, കയ്യിൽ പ്ലാസ്റ്ററിട്ടു എന്ന് പറഞ്ഞ് പണം പിടുങ്ങും. ചത്ത രോഗിയിൽ കമ്പിയിട്ടോ പ്ലാസ്റ്ററിട്ടോ എന്നാരു നോക്കാൻ? സ്വകാര്യനു ലാഭം വരുന്ന വഴികളെ...

3.വെന്റിലേറ്റർ കച്ചവടം:
ആളു കുറവുള്ള ആശുപത്രിയിലാണെങ്കിൽ അടുത്ത മരണാസന്നൻ വരുന്നതു വരെ പല മൃതദേഹങ്ങൾക്കും വെന്റിലേറ്ററിൽ കാത്ത് കിടക്കേണ്ടി വരും. ഇത് അബദ്ധമാകുന്നതും ചിലപ്പോൾ പുറത്തറിയുന്നതും രോഗിയുടെ ബന്ധുക്കൾ ഡോക്ടേഴ്സാകുമ്പോഴാണു. മലയാളത്തിലെ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകനു അത്തരം ഒരു അനുഭവം ഉണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു വക്കുകയും ചെയ്തിട്ടുണ്ട്.

മേമ്പൊടി:

ഈ പരമ്പര അച്ചടിച്ചു വരുമ്പോൾ ചാത്തന്റെ ആൾക്കാർ എന്തു ചെയ്യുമെന്ന് ഓർത്തിട്ട് കഷായക്കാരനു കോരിത്തരിക്കുന്നു. ഇത് കണ്ട് അവർ വെറുതെ ഇരിക്കുമോ? സംശയമാണു. കൊച്ചു കാര്യമൊന്നുമല്ല അച്ചായൻ ചെയ്ത് വച്ചിരിക്കുന്നത്. കോടികളുടെ കച്ചവടം പൂട്ടിക്കുകയാണു ലക്ഷ്യം. അതും വെറും കച്ചവടമൊന്നുമല്ല. നല്ല സ്വയമ്പൻ കച്ചവടം. അതിനവർ തിരിച്ചടിക്കാതിരിക്കുമോ? തിരിച്ചടിക്കാതിരുന്നാൽ സംശയിക്കണം.
1.ഇത് മലയാള മനോരമ വാരികയിൽ അച്ചടിക്കാൻ വച്ചിരുന്ന ഏതോ കിടിലൻ ത്രില്ലറിന്റെ ഒരു ഭാഗമാണു.

2.റിപ്പോർട്ടിൽ ചാത്തൻ കമ്പനികൾ ഇരിക്കുന്ന കടയുടെ മുനിസിപ്പൽ നമ്പരും കമ്പനിയുടെ പേരും ചെക്ക് പോസ്റ്റിലെ രസീറ്റ് നമ്പറുമൊന്നുമില്ല. അതു കൊണ്ട് ഈ റിപ്പോർട്ട് ഒരു തരം ബഡായി ആ‍ണു. അല്ലേലും രണ്ട് ലാർജ്ജ് അകത്തുചെന്നാൽ ഏതു പത്ര പ്രവർത്തകനും ഇങ്ങനെയൊക്കെ ഭാവന ചെയ്യാൻ തോന്നും.

3.ഒറിജനൽ മരുന്ന് ഉണ്ടാക്കുന്ന കമ്പനികളേ ഇത് ബാധിക്കും. സിംസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പരസ്യം വരുന്ന നല്ല ഒറിജിനൽ കമ്പനികൾ ഉണ്ട്. അവരുടെ പരസ്യം പിടിക്കാനുള്ള സമ്മർദതന്ത്രമാണു.

4.ഇനി വേറൊരു കാര്യം തോന്നുന്നുണ്ട്. കടുവയെ എങ്ങാനും കിടുവ പിടിച്ചോ? മെഡിക്കൽ രംഗത്ത് പിടിമുറുക്കണമെന്ന് ഈ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കാരണം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം ഈ മൂന്ന് വകുപ്പുകൾ വരുതിക്ക് നിന്നാൽ ഒരു സർക്കാരിനും പേടിക്കണ്ട. കേരളത്തിൽ അവസാനത്തെ രണ്ടെണ്ണവും അപകടസ്ഥിതിയിലാണു. ഗവണ്മെന്റ് വീർപ്പ് മുട്ടുകയാണു. അപ്പോൾ അതിലെ ആരോഗ്യത്തെ വരുതിയിലാക്കാൻ ഒരു അലക്ക് അലക്കുകയാണോ? അതും മനോരമയുടെ ലേഖകരെ ഉപയോഗിച്ച്. കാരണം ഇതിൽ പറയുന്ന വിവരങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ഒരു ഉഗ്രൻ സോഴ്സ് ഉണ്ടായിരിക്കണം. .....സ് സാറിനെപ്പോലെ ഒരു അത്യുഗ്രൻ. രാശിയുള്ള മന്ത്രിയാണു ടീച്ചർ. പറന്നു പോകുന്ന കാക്കയെക്കൊണ്ടുമാത്രമല്ല, ആടുതിന്നുന്ന മനോരമ കൊണ്ടും ടീച്ചർക്ക് ഗുണമുണ്ടാകും. മരുന്ന് വിതരണം ഓൺലൈനിലാക്കാനുള്ള ശ്രമത്തിലേക്ക് ഈ റിപ്പേർട്ടിങ് നയിക്കാൻ ഇടയുണ്ട്.

5. അല്ലെങ്കിൽ മോഹൻ ലാൽ പറയുന്ന പോലെ, “ചുമ്മാ....” (ഒരു കണ്ണിറുക്കലും)

(ചാത്തൻ പരമ്പര മനോരമ പത്രത്തിൽ 29-10-09 മുതൽ വരുവിൻ വായിക്കുവിൻ)

12 comments:

അശോക് കർത്താ said...

ചാത്തൻ മരുന്നുകൾ സർക്കാരാശുപത്രിയിലേക്ക് മാത്രമുള്ളതാണെന്ന് തോന്നത്തക്കവിധമാണു റിപ്പോർട്ടിങ്. സർക്കാർ ചാത്തൻ മരുന്നു മേടിക്കുകയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ചാത്തന്റെ അപ്പൻ മരുന്ന് മേടിക്കും. ഉദ്ദ്യോഗസ്ഥന്മാർക്ക് പർച്ചേസിലെ ചില്ലറ കിട്ടിയാൽ തൃപ്തിയാകും. മറ്റേവന്മാർക്ക് അത് പോര. കൊള്ള ലാഭം തന്നെ വേണം. അപ്പോൾ ചാത്തനല്ല അവന്റെ അപ്പനുണ്ടെങ്കിൽ കൊണ്ടുവരാൻ പറയും.

Unknown said...

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല രോഗങ്ങൾ പടച്ചു വിടുന്നതിലും അധോലോകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതേക്കുറിച്ച് ഇനി ഒരു 15 വർഷം കഴിഞ്ഞ് മനോരമ എഴുതുമെന്ന് വിചാരിക്കാം. അപ്പോഴേക്കും അത്തരം ഗവേഷണ സ്ഥാപനങ്ങൾക്ക് ലാഭവും ലാഭത്തിന്റെ ലാഭവും ഉണ്ടാക്കി പിന്മാറാനുള്ള സമയം കിട്ടും, അല്ലേ കഷായക്കാരാ. ഇത്ര മനോരമ വിരോധമുള്ള കഷായക്കാരൻ മനോരമ ആരോഗ്യത്തിൽ എഴുതിക്കൊണ്ടിരുന്നത് വായനക്കാർ മറന്നിട്ടില്ല. ഇതൊരു ഇരട്ടത്താപ്പല്ലെ?

Adv.P.Vinodji said...

ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം....
എന്നു പാവപ്പെട്ട മരുന്നു മുതലാളിമാർ

വയറ്റിപ്പിഴപ്പിനായി ത്രില്ലർ രചനയിൽ ഏർപ്പെടുന്ന പത്രത്തൊഴിലാളികൾ..

മരുന്നു കമ്പനികൾ നൽകുന്ന സമ്മാനങ്ങളിൽ കണ്ണു വയ്ക്കുന്ന അപ്പോത്തിരികൾ..

നാട്ടിൽ ഹോമിയോ ആശുപത്രികൾ തഴച്ചു വളരട്ടെ...

Unknown said...

എന്റിച്ചായാ, ഒരാളു എന്റ്രന്‍സോ, 18 ലക്ഷമോ കോടുത്ത്, പിന്നെയൊരഞ്ചുകൂടിക്കൊടുത്ത് എം ബി ബി എസ് പാസ്സായി; ഇപ്പോള്‍ കേല്‍ക്കുന്ന ഒരു കോടികൊടുത്ത് എം ഡിയും മറ്റും കഴിയുമ്പോളുണ്ടാകുന്ന ഒന്നരക്കോടിരൂഫാ പിന്നെ തൊണ്ടുതല്ലിയും, കയറുപിരിച്ചും, കൂലിപ്പണിയെടുത്തും, ചോരനീരാക്കുന്നവരോട് വാങ്ങിവേണം പുട്ടടിയ്ക്കാനും, അര്‍മ്മാദിയ്ക്കാനും. ഒരു പത്തുകിലോമീറ്ററിനകത്ത്, പത്ത് ആശുപത്രികളുണ്ടാക്കി; രോഗം ഒരാഘോഷമാക്കുന്നത് ഈ മളയാളികള്‍ മാത്രമാണത്രെ..
പാമ്പറ കൊച്ചാട്ടാ.. യെന്തരോ യെന്തോ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു മാത്രമല്ല,ഈയിടെ ഒരു മരുന്നു കമ്പനിക്കാരനോട് സംസാരിച്ചപ്പോൾ പറഞ്ഞത് മത്സരം മൂലം 100% എക്സ്ട്രാ കൊടുത്താണു മരുന്നു വിൽക്കുന്നത് എന്ന്.അതായത് 100 രൂപക്കുള്ള മരുന്ന ഒരു ആശുപത്രി എടുക്കുമ്പോൾ 100 രൂപക്കുള്ള മരുന്ന് ഫ്രീ ആയും കൊടുക്കുന്നു.എന്നിട്ട് വാങ്ങാൻ ചെല്ലുന്ന നമുക്ക് ഈ ഫ്രീ മരുന്നും പൈസ കൊടുത്തു വാങ്ങേണ്ടി വരുന്നു.ഒരു ആശുപത്രിക്കാരനും ഇങ്ങനെ ഫ്രീ ആയി കിട്ടുന്ന മരുന്ന് ഫ്രീ ആയി ഏതെങ്കിലും രോഗിക്ക് കൊടുക്കുന്നതായി കേട്ടിട്ടില്ല

അങ്ങനെ ആതുര ശുശ്രീഷാ രംഗമെന്നത് ഇന്ന് അറവുശാലയായി മാറിയിരിക്കുന്നു...!

നല്ല പോസ്റ്റ് ആശംസകൾ!

rudhiramaala രുധിരമാല said...

ന്റെ കര്‍ത്താവെ!

കിരണ്‍ തോമസ് തോമ്പില്‍ said...

സര്‍ക്കാര്‍ മരുന്നു വിതരണം നേരിട്ട് ഏറ്റെടുക്കുമെന്ന രീതി സ്വീകരിക്കുമെന്ന ശ്രുതി കേട്ടപ്പോള്‍ മുതല്‍ അച്ചായന്‍ ഈ പണി തുടങ്ങിയിട്ടുണ്ട്. മന്ത്രി ശ്രീമതി ആയതിനാല്‍ ജനം എല്ലാം തൊണ്ട തൊടങ്ങാതെ വിഴുങ്ങുകയും ചെയ്യും.

manojmaani.com said...

Ugran!

പാട്ടോളി, Paattoli said...

കഷായീ,
ഒന്നും കാണാതെ പട്ടരു കിണറ്റിൽ ചാടുമൊ !!
പുതിയ MM Medicals വല്ലതും വരുന്നുണ്ടാവും...
വെടക്കാക്കി തനിക്കാക്കുക എന്നു കേട്ടിട്ടില്ലേ ?

ടി.സി.രാജേഷ്‌ said...

കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തും മനോരമ ചാത്തന്‍ മരുന്നുകളെപ്പറ്റി ഇതുപോലൊരു പരമ്പര ചെയ്‌തിരുന്നു കര്‍ത്താജീ.... താങ്കള്‍ അതു വായിച്ചിരുന്നില്ലേ? പരമ്പര ചെയ്‌തത്‌ മനോരമ ആയതിനാല്‍ അതില്‍ എന്തെങ്കിലും ദുരുദ്ദേശ്യം ആരോപിച്ചില്ലെങ്കില്‍ പറ്റുമോ.....

അശോക് കർത്താ said...

കമന്റിനു കമന്റ് എഴുതുന്നത് സുഖമുള്ള ഒരേർപ്പാടല്ല. എങ്കിലും ടി.സി.രാജേഷിന്റെ സന്ദേഹം ദൂരീകരിക്കണമെന്ന് തോന്നി. മനോരമ എന്നല്ല മലയാളത്തിലെ എത് മാദ്ധ്യമമായാലും വാർത്താ കഥകൾ രചിക്കുമ്പോൾ അത് എന്തെങ്കിലും ഉദ്ദേശത്തോടെ ആയിരിക്കും. കാരണം ചെറിയൊരു വട്ടത്തിൽ വളരെ വലിയ ബിസിനസ്സുകൾ ഉള്ളവരാണു മാദ്ധ്യമ മുതലാളിമാർ. അവർ പൊതുജന നന്മ മാത്രം ലാക്കാക്കിയാണു ഓറോന്നും ചെയ്യുന്നാതെന്ന് വിശ്വസിക്കാൻ പ്രയാസം. ഒരാൾക്ക് റബ്ബറിന്റെ മുന്തിയ വിലയിലാണ് താൽ‌പ്പര്യമെങ്കിൽ വേറൊരാൾക്ക് പാൽ‌പ്പൊടിയാകും വിഷയം. ഇനിയൊരാൾക്ക് കാപ്പിക്കുരുവും രാഷ്ട്രീയവുമാകാം. റിയൽ എസ്റ്റേറ്റ് മറ്റൊരാളുടെ കാര്യം. മെഡിക്കൽ വ്യവസായം ഇനിയൊരാൾക്ക്. ഇങ്ങനെ പോകും കാര്യങ്ങൾ.
ചാത്തൻ മരുന്ന് പുതിയൊരു വിഷയമല്ല. അത് വിഷയമാകുന്ന സന്ദർഭത്തിനു പക്ഷെ പ്രധാന്യമുണ്ട്. അത് ശ്രദ്ധയിൽ പെടുത്താനുള്ള പരാമർശമാണു താങ്കൾ തെറ്റിദ്ധരിച്ചതെന്ന് തോന്നുന്നു. ഈ ഗവണ്മന്റിനോട് മെഡിക്കൽ റെപ്പുകളുടെ സംഘടനയ്ക്ക് പ്രത്യേകിച്ച് ഒരു പകയുണ്ട്. അതിനു പകരം വീട്ടാൻ മനോരമ ഇറങ്ങിത്തിരിച്ചതിന്റെ ഫലമാണു ഇപ്പോൾ ഈ പരമ്പര എന്നാണു ഉപശാലകളിലെ വർത്തമാനം. എന്താണു അവരോടുള്ള താൽ‌പ്പര്യമെന്ന് വഴിയേ അറിയാം. അല്ലാതെ ഇതിൽ സോദ്ദേശമൊന്നും കാണാനാവില്ല. ഇത്രയും തന്ത്രപരമായ കാര്യങ്ങൾ.
ഇനി വിഷയം മനോരമ ജ്വലിപ്പിച്ചോട്ടെ. മെഡിക്കൽ കച്ചവടം സർക്കാർ മേഖലിയിലായാലും സ്വകാര്യമേഖലയിലായാലും തകരുന്നതിൽ സന്തോഷമേയുള്ളു. ജനം രക്ഷപ്പെടുമല്ലോ.
ഇനിയൊന്നുള്ളത് യുഡീഫിന്റെ കാലത്ത് ആരോഗ്യമന്ത്രി ആരായിരുന്നപ്പോഴാണു ആ വാർത്ത പുറത്ത് വന്നത് എന്നുകൂടി അറിയട്ടെ...

പാട്ടോളി, Paattoli said...

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും.........