Tuesday, August 11, 2009

ദശമുഖൻ - അതുല്യനടൻ മുരളിക്ക് ആദരാൻ‌ജലി....

വന്നുവന്ന് ഡെറ്റോളും ഗ്ലൌസുമുണ്ടെങ്കിൽ മാത്രം തൊടാവുന്ന വിധമായിക്കഴിഞ്ഞിരിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്. എങ്കിലും അതൊക്കെ മറന്നുകൊണ്ട് കൈയിലെടുക്കാവുന്ന ഒരു മേന്മ ഈ ലക്കത്തിനു (2009 ആഗസ്ത് 16) ഉണ്ട്.

അതുല്യനടൻ മുരളിയെ ആദരിക്കുന്ന നാലഞ്ചു കുറിപ്പുകൾ. അടൂരും എംടിയും ബേബി സഖാവും എഴുതിയ ലേഖനങ്ങളാണു ആദ്യം. അടുത്ത പേജിൽ അതാ കെ.പി.അപ്പൻ! ഇതെന്തു മറിമായം? പരലോകത്തു നിന്നും മാ‍തൃഭൂമിക്ക് ലേഖനങ്ങൾ കിട്ടിത്തുടങ്ങിയോ? ഒന്നല്ല മൂന്നെണ്ണമുണ്ട് അവിടെ നിന്നും.
ഏഡിറ്ററുടെ രാമകമലങ്ങളിൽ ആരായാലും നമിച്ചു പോകും.

പക്ഷെ വാരിക ഒരു ജാഗ്രത്ത് സൃഷ്ടിയായതു കൊണ്ട് പരലോക വിശ്വാസങ്ങൾ മാറ്റിവച്ചു പരതി. ഇതെങ്ങനെ താളുകളിൽ എത്തി? കൃഷ്ണയ്യർ ജഡ്ജിയുടെ കയ്യ് ഇതിലെങ്ങാനുമുണ്ടോ എന്നാണു ആദ്യം സംശയിച്ചത്. ആവിപ്പേച്ചുകൾ സ്വീകരിക്കാനുള്ള മാസ്മരവിദ്യ അദ്ദേഹത്തിനു അറിയാമെന്ന് കേട്ടിട്ടുണ്ട്. അതുവഴിയെങ്ങാനും വന്നതാണോ കടിതങ്ങൾ. അതിന്റെ സൂചനയൊന്നും കണ്ടില്ല.


വലിയ വലിയ നേതാക്കന്മാരൊക്കെ മരിക്കുമ്പോൾ കൂലിക്ക് ആളെ നിർത്തി ചൊല്ലിക്കുന്ന ഒരു പദ്യഭാഗമുണ്ട്. “....ഗോവിന്ദജി അമർ രഹേ ഹോ” (അവസാനത്തെ ആ ‘ഹോ’ അത് ശരിയാണോ എന്ന് സംശയമുണ്ട്. ഗാന്ധിനഗർ 2 സ്റ്റ്രീറ്റ് സിൽമാ കണ്ടതോടെ എന്റെ ആ പ്രാകൃത സംശയം ഒട്ടുമിക്ക മലയാളിക്കും ഉണ്ടെന്ന് ബോദ്ധ്യമായി. പിന്നെ എ.എസ്.പ്രിയ പറഞ്ഞപോലെ അയയിൽ തൂങ്ങിക്കിടക്കുന്ന പോലുള്ള ഹിന്ദി അക്ഷരങ്ങൾ എന്നും ഒരു പ്രാരാബ്ധം തന്നെ!). അതു പോലെ ചത്തവൻ ആ ചന്ദ്രതാരം ജീവിച്ചിരിക്കുമെന്നും ചൊല്ലാറുണ്ട്. അതൊക്കെ ഒരു വികാരം.

അപ്പൻ സാർ മരിച്ചു പോയതായാണു എന്റെ വിശ്വാസം. അതുപോലെ ഭരത്ത് ഗോപിയും. തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയിൽ നിന്നും അദ്ദേഹത്തെ മാറ്റിയപ്പോൾ മുതൽ പിന്തുടർന്ന വാർത്തകൾ അത് ശരി വയ്ക്കുന്നുമുണ്ട്. വിജയന്മാഷിന്റെ കാര്യമാണെങ്കിൽ ചരിത്രം. അതിനു പിണറായി വിജയനോടുള്ള മാദ്ധ്യമവിരോധം സാക്ഷി. എന്നിട്ടും അവർ എങ്ങനെ മാതൃഭൂമിയിൽ ലേഖനമെഴുതി? അതും മുരളി മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ? അതേപ്പറ്റിയൊന്നും ലേഖനത്തിനൊപ്പം ഒരു പരാമർശവുമില്ല. ശുദ്ധമായ ഭാഷയിൽ പറഞ്ഞാൽ അതൊരു വകതിരുവുകേടാണു. അതായത് അതിൽ മാന്യത തീരെയില്ല.

മേപ്പടി ലേഖനങ്ങൾക്ക് ഒരു ഡിസ്ക്ലെയിമർ ഉണ്ട്.
‘അപ്രകാശിത ലേഖനങ്ങൾ‘.

അത് കാണാതെയല്ല ഇത്തരം ആധുനിക പത്രപ്രവർത്തന കൊള്ളരുതായ്മയെക്കുറിച്ച് എഴുതുന്നത്. അപ്രകാശിത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനാവില്ല. പക്ഷെ അത് എന്ന് ഏത് സാഹചര്യത്തിൽ എഴുതി എന്നുകൂടി കാണിക്കുന്നതാണു ഉചിതം. ഇത് പറയാൻ ഒരു കാരണമുണ്ട്. കാലത്തിന്റെ മാറ്റത്തിനു അനുസരിച്ച് ഒരു വ്യക്തിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ആ കാരണം കൊണ്ടാകാം അത് പ്രസിദ്ധികരിക്കാതെ വച്ചതും. അല്ലെങ്കിൽ ഈ സന്ദർഭത്തിനു വേണ്ടിയാവില്ല അത് എഴുതിയത് . ഇതൊന്നും കാണിക്കാതെ ലേഖനങ്ങൾ പ്രസിദ്ധികരിക്കുന്നത് ശരിയല്ല. പശു ലോകത്തിൽ- പത്ര ശുംഭന്മാരുടെ ലോകത്തിൽ - ഇതൊന്നും വിഷയമല്ലായിരിക്കാം. പക്ഷെ വായനക്കാർക്ക അത്രയ്ക്കങ്ങ് ശുഭനാകാൻ പറ്റില്ലല്ലോ.
മേമ്പൊടി
ഓണപ്പതിപ്പിൽ കഥ/ലേഖനം അച്ചടിക്കാൻ എല്ലാ സാഹിത്യജീവികൾക്കും ബഹുസന്തോഷമാണ്. കാരണം കാശ് നേരത്തെ കിട്ടും. കൂടുതൽ കാശു കിട്ടും. സാഹിത്യകാരനും ജീവിക്കണ്ടെ. അല്ലെങ്കിൽ ജോണോ അയ്യപ്പനോ മറ്റോ ആയി ജനിക്കണം.
സാഹിത്യകുതുകികളുടെ ഈ ശീലം മനസിലാക്കിയ ഒരു പശു ഒരിക്കൽ ഒരു പണി പറ്റിച്ചു. ഒരോണത്തിനു എന്ന് പറഞ്ഞ് സകലചവറും വാങ്ങി കുട്ടയിലിട്ടു. കാശുകിട്ടിയാലും, കൂടുതൽ കാശുകിട്ടിയാലും ചരക്ക് അച്ചടിച്ചുവരുന്നത് കാണുന്നത് ഏത് ബുദ്ധിജീവിക്കും ഒരു സുഖമാണു. ചരക്ക് കൊടുത്തവരെല്ലാം ഓണപ്പതിപ്പിനു കാത്തിരുന്നു. ഒടുവിൽ, കഥാപ്രസംഗക്കാർ പറയുന്ന പോലെ ആ മുഹൂർത്തം സമാഗതമായി.
((((((ഠിം)))))))
പ്ലാസ്റ്റിക്ക് കവറിലിട്ട് ഒരു സോപ്പുകട്ട ഫ്രീയുമായി ഓണപ്പതിപ്പ് കയ്യിലെത്തി. ആകാംഷയോടെ കൂട് പൊളിച്ച് ഉള്ളടക്കത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു അക്കാദമി സാഹിത്യകാരന്റെ തലകറങ്ങി. തന്റെ കടിതം ഇല്ല. എന്ന് മാത്രമല്ല പശു നേരത്തെ പറഞ്ഞ ഒരുത്തന്റേയും ചരക്കില്ല. എന്നു മാത്രമല്ല കഥയോ കവിതയോ ലേഖനമോ ഇല്ല. കുറേ സംഭാഷണങ്ങൾ മാത്രം. ഇത് എന്തോന്ന് ഓണപ്പതിപ്പ്?
മൊബൈലിൽ പശുവിനെ വിളിക്കുന്നു. പശു ഒരു തരം വാവിന്റെ മൂഡിലായിരുന്നതുകൊണ്ട് ഭാഷയ്ക്കല്പം കറപറ്റി.
“ചെരച്ചതിനുള്ള കാശ് തന്നല്ലോ. പിന്നെന്താ?”
“പക്ഷെ മാറ്റർ അച്ചടിച്ചിട്ടില്ല...”
“ എനിക്ക് സൌകര്യമുള്ളപ്പോൾ അച്ചടിക്കം.”
അക്കാദമി നടുങ്ങി. ഒരു പത്രാധിപരും തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എങ്കിലും സംശയ നിവർത്തിക്കായി ചോദിച്ചു
“ഓണപ്പതിപ്പിലേക്കല്ലെ വാങ്ങിയത്?”
“അതെ?”
“പിന്നെ കണ്ടില്ല”
“മാസികയുടെ പേരിനു താഴെ അച്ചടിച്ചിരിക്കുന്നത് വായിച്ചില്ലെ? ‘വിശേഷാൽ പതിപ്പ്”
“അപ്പോ നമ്മുടെ കടിതം?”
“വിശേഷാൽ പതിപ്പിൽ കതേം കവിതേം ഒപന്യാസോം ഒന്നുമില്ല. വെറും ഡയലോഗ്സ് മാത്രം. കണ്ടില്ലെ?”
“പിന്നെ നേരത്തെ പറഞ്ഞതോ”
“ശ്ശ്....മേലാൽ ഇങ്ങനെ സംസാരിച്ചേക്കരുത്. ശവം മൂഡ് കളഞ്ഞല്ലോ”
(ഒരു പാക്കറ്റിൽ 3 എണ്ണമുള്ളതല്ലെ, 2 എണ്ണം ആരാ കളഞ്ഞത് - അശരീരിയായി കളമൊഴി)
“ഇനി ഇതുപോലെന്തെങ്കിലും പറഞ്ഞോണ്ട് വന്നാൽ ഒരക്ഷരം അച്ചടി മഷിപുരളില്ല എന്ന് ഓർത്തോണം.”
(കട്ട്)
അക്കാദമി സാഹിത്യകാരൻ അടങ്ങി. ഒരല്പം പുറംവരുമാനം കിട്ടുന്ന വഴി അടയ്ക്കണ്ട എന്ന് തീരുമാനിച്ചു.
ഓണപ്പതിപ്പിനു പകരം വിശേഷാൽ‌പ്പതിപ്പെന്ന് ഒരു ഡിസ്ക്ലെയിമർ ഇട്ടതുകൊണ്ടുള്ള കൊണ്ടുള്ള ഫലം. മാസികയ്ക്ക് തുടർന്നു വന്ന 51 ലക്കങ്ങളിലേക്ക നല്ല സ്വയമ്പൻ മാറ്ററായി. പ്രശസ്തരുടെ രചനകൾ ശേഖരിക്കാനുള്ള പശുബുദ്ധിയെങ്ങനെയുണ്ട്?
മാട്ടുപ്പെട്ടിയിൽ സൂക്ഷിക്കണ്ടത് ഇത്തരം ബീജങ്ങളാണു.

4 comments:

അശോക് കർത്താ said...

ഒടുവിൽ, കഥാപ്രസംഗക്കാർ പറയുന്ന പോലെ ആ മുഹൂർത്തം സമാഗതമായി.
((((((ഠിം)))))))
പ്ലാസ്റ്റിക്ക് കവറിലിട്ട് ഒരു സോപ്പുകട്ട ഫ്രീയുമായി ഓണപ്പതിപ്പ് കയ്യിലെത്തി. ആകാംഷയോടെ കൂട് പൊളിച്ച് ഉള്ളടക്കത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു അക്കാദമി സാഹിത്യകാരന്റെ തലകറങ്ങി.

തിരോന്തരം പുപ്പുലി said...

അക്ഷരകഷായക്കാരാ...
ഭാനുപ്രകാശ് എഡിറ്റ് ചെയ്ത് ഉടന്‍ പുറത്തിറങ്ങുന്ന 'മുരളി ദി ഹോളി ആക്ടര്‍' എന്ന പുസ്തകത്തിലേതാണ് ഈ ലേഖനങ്ങള്‍ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 85-ാം പേജില്‍ ഒരു ചെറിയ പെട്ടിയില്‍ കൊടുത്തിട്ടുണ്ട്. അതെന്തുമാകട്ടെ... മരിക്കാനായി കിടക്കുന്ന മഹാന്‍മാര്‍ക്ക് വേണ്ടി മുന്‍കൂര്‍ അനുശോചന കുറുപ്പുകള്‍ പല മാധ്യമങ്ങളും തയ്യാറാക്കി വയ്ക്കുന്നുണ്ട്. രാത്രി 9.30 ന് ശേഷം മഹാന്‍മാര്‍ മരിക്കുന്നത് പല മാധ്യമപ്രവര്‍ത്തകര്‍ക്കും 'തലവേദന'യാകാറുമുണ്ട്. പശു കറുപ്പായാലും വെളുപ്പായാലും കിട്ടുന്ന പാല്‍ വെളുപ്പാണെന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട് കഷായക്കാരാ...
ഓണപ്പതിപ്പില്‍ പണ്ട് കഥയെഴുതിയ കഥ പുപ്പുലി ഒരു കഥയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

http://rajagopaltvm.blogspot.com/2008/10/blog-post_31.html

Unknown said...

വരുന്നുണ്ടല്ലോ.

അനൂപ് അമ്പലപ്പുഴ said...

(ഒരു പാക്കറ്റിൽ 3 എണ്ണമുള്ളതല്ലെ, 2 എണ്ണം ആരാ കളഞ്ഞത് - അശരീരിയായി കളമൊഴി)