Tuesday, March 4, 2008

പൂര്‍വ്വ ജന്മകൃതം പാപം വ്യാധിരൂപേണ ജായതേ......

പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണു രോഗങ്ങളായി പരിണമിക്കുന്നത്‌. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

പക്ഷെ ഈ പൂര്‍വ്വ ജന്മകൃതമായ പാപം എന്നു പറഞ്ഞാലെന്താ?
അതൊക്കെ മതപരമായ ചില സംജ്ഞകളല്ലെ?

അല്ല. എന്തിനേയും മതവുമായി കൂട്ടിക്കെട്ടിയാല്‍ പിന്നെ 'അന്ധവിശ്വാസം' എന്ന് മുദ്രകുത്താന്‍ എളുപ്പമാകുമല്ലോ. ഇത്‌ അതല്ല. ഒരു വ്യക്തി ജീവിച്ചു പോരുമ്പോള്‍, അയാളുടെ ജീവിതത്തിനിടയില്‍, അയാള്‍ക്കു തന്നെ ഇഷ്ടമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങള്‍ ഉണ്ടാകും. ഒരു പ്രത്യേക ദിശയില്‍ അങ്ങനെ ജീവിച്ച്‌ പോരുമ്പോള്‍ - ചെയ്തത്‌ അധര്‍മ്മമാണു, അതു അങ്ങനെ ചെയ്തു കൂടായിരുന്നു, അത്‌ ശരിയായില്ല - എന്നൊക്കെ പൂര്‍ണ്ണമായി അവനറിയുന്നതും എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങനെ ചെയ്തേ പറ്റൂ എന്ന് അവന്‍ വിചാരിക്കുന്നതുമായ ചില കാര്യങ്ങളാണു പാപമായി പരിണമിക്കുന്നത്‌.

ഇതെങ്ങനെ സംഭവിക്കും?

സാഹചര്യ സംബന്ധിയായ അറിവോ നിര്‍ബ്ബന്ധമോ കൊണ്ട്‌ ചെയ്തുപോകുന്ന കര്‍മ്മങ്ങള്‍ ഋണാത്മകമായി-Negative-അവനില്‍ രേഖപ്പെടുത്തപ്പെടും. ആ സമയത്ത്‌ ആരും അതറിയാറില്ല. അത്തരം കര്‍മ്മങ്ങളിലുള്ള അവന്റെ ദുഃഖങ്ങളും പശ്ചാത്താപങ്ങളും അവന്റെ മനസിനേയും ബുദ്ധിയേയും മഥിക്കുമ്പോള്‍ സ്വയമറിയാതെ തന്നെ ജീവിതക്രമത്തിന്റെ താളം തെറ്റുകയും അതവന്റെ ശരീരത്തിലെ അനന്തകോടി കലകളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. അങ്ങനെ ധാതു-മലങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണു രോഗമായി കാണപ്പെടുന്നത്‌. 'രാഗം' ആദിയായിക്കൊണ്ട്‌ രോഗം ഉല്‍ഭവിക്കുന്നു എന്ന് പ്രമാണം.

അപ്പോള്‍ നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നതോ?

അതു മനുഷ്യന്റെ ജീവിതഗതിയെ വ്യക്തമായി മനസിലാക്കാത്തതുകൊണ്ട്‌ ഉണ്ടായ ഒരു സംശയമാണു. ഒരാള്‍ ജനിക്കുന്നത്‌ മുതല്‍ മരിക്കുന്ന നിമിഷം വരെയുള്ളതു മാത്രമാണു അവന്റെ ജീവിതകാലം എന്ന് പ്രാചീനര്‍ കരുതുന്നില്ല. ആധുനിക മനഃശ്ശാസ്ത്രവും ഇതിനോട്‌ യോജിക്കുന്നുണ്ട്‌. അപ്പോള്‍ നവജാത ശിശു എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. നവജാത ശിശു നവജാതനായിരിക്കുന്നത്‌ അവന്റെ കാഴ്ചപ്പാടിലല്ല. നമ്മുടെ കാഴ്ചപ്പാടില്‍ മാത്രമാണു. വലിയൊരു തുടര്‍ച്ചയിലെ ഒരു ഘട്ടമാണ്‌ ശിശു.

ഭാരതീയ ദര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ കാണുന്നത്‌ ജനിച്ച ദിവസം മുതല്‍ മരിച്ച ദിവസം വരെയുള്ള ജീവിതമായല്ല എന്ന് പറഞ്ഞു. അതൊരു തുടര്‍ച്ചയാണു. ഭൗതികശാസ്ത്രത്തിലെ, ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന തത്ത്വം അനുസരിച്ചായാലും ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ചായാലും പലേ അനുഭവങ്ങള്‍ കൊണ്ടായാലും ഇത്‌ വിശ്വസിക്കാതെ തരമില്ല.

ഈ തുടര്‍ച്ചയെ നയിച്ചുകൊണ്ടു പോകുന്ന ഒരു ആനുവംശിക കഥാപാത്രം-a genetic substance-ആനുവംശികന്‍- എല്ലാവരുടേയും ഉള്ളില്‍ ഉണ്ട്‌. അനേക ജന്മങ്ങളിലൂടെ നേടിയ അറിവുകള്‍ ഓരോരുത്തരിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണു സംഗീതം അഭ്യസിക്കാതെ തന്നെ ചിലര്‍ക്ക്‌ പാടാന്‍ കഴിയുന്നത്‌. പരിശീലനമില്ലാതെ കളികളില്‍ പ്രാഗത്ഭ്യമുണ്ടാകുന്നത്‌. ചിത്രം വരയ്ക്കാന്‍ കഴിയുന്നത്‌. ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ഒരാള്‍ക്ക്‌ ഒരു പ്രത്യേകവിഷയത്തില്‍ വളരെയധികം പ്രാമുഖ്യം നേടാന്‍ കഴിയുമ്പോള്‍ അതേ സാഹചര്യമുള്ള ബാക്കിയുള്ളവര്‍ക്ക്‌ ആ സ്വാധീനം ലഭിക്കാതെ പോകുന്നതും. ഒരു പ്രഗത്ഭന്റെ പ്രതിഭ വച്ച്‌ അയാള്‍ക്ക്‌ മറ്റ്‌ വിഷയങ്ങളില്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ചതുരത ഇല്ലാതെ പോകുന്നതും ആ ആനുവംശികന്റെ സാന്നിദ്ധ്യം ഇല്ലാത്തതു കൊണ്ടാണു.

മുമ്പെങ്ങോ രൂപപ്പെടുത്തി വച്ചിട്ട്‌ പൂര്‍ത്തീകരിക്കാത്തതിന്റെ ഭാവങ്ങള്‍ എല്ലാം തന്നില്‍ നിലകൊള്ളുമ്പോള്‍ അതു പൂര്‍ത്തീകരിക്കാനാണു ഈ വരവ്‌, ഈ ജന്മം എന്ന് തോന്നിപ്പിക്കുന്ന ആ ജനിതകം പോലെ തന്നെ അയാളില്‍ എവിടെയോ തുടങ്ങിവച്ച ഒരു രോഗാതുരതയും ഉണ്ട്‌. ആ ആതുരത ജനനത്തോടെ രംഗത്തേക്ക്‌ വരിക എന്നുള്ളത്‌ ആ ജനിതകത്തിന്റെ ബോധത്തിലുള്ളതാണു.

ജനിതകത്തിനും ബോധമോ?

തീര്‍ച്ചയായും. ഒരാള്‍ Zygote അല്ലെങ്കില്‍ ഏകകോശജീവിയായിരിക്കുന്ന അവസ്ഥയിലെ ബോധം പരിണമിച്ചാണു വളരുകയും ഒരു വ്യക്തിയായി പരിണമിക്കുകയും ചെയ്യുന്നത്‌. അയാള്‍ക്ക്‌ മുടിയുണ്ടാകുന്നതും, മൂക്ക്‌ നീണ്ടിരിക്കുന്നതും, കോമള സ്വരം കിട്ടുന്നതും എന്നു വേണ്ടാ കണ്ണുണ്ടാകുന്നതും കാതു വളരുന്നതും കൈകാലുകള്‍ കിളിര്‍ക്കുന്നതുമെല്ലാം ആ ആത്മബോധത്തിന്റെ നിര്‍ദ്ദേശാനുസരണമാണു. അല്ലാതെ പുറമേ നിന്ന് എന്തെങ്കിലും കൊടുത്ത്‌ കണ്ണുണ്ടാക്കാനോ ചെവിയുണ്ടാക്കാനോ പറ്റില്ല. അയാളുടെ ജനിതകകലയില്‍ എന്തൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ അതു മാത്രമേ അയാളില്‍ നിന്ന് പുറത്ത്‌ വരു. പുറമേ നിന്നു ഒരു ശാസ്ത്രജ്ഞനു അയാളുടെ ജനിതകത്തിലേക്ക്‌ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും അതിനും ആ 'ബോധ;ത്തിന്റെ അനുമതിയില്ലാതെ പറ്റില്ല. അങ്ങനെ അനുമതിയില്ലാതെ പ്രവേശിച്ചവര്‍ ഫിറ്റു ചെയ്യുന്ന കിഡ്നിയും കരളുമൊക്കെയാണു ശരീരം reject ചെയ്യുന്നതായി നാം കേള്‍ക്കുന്നത്‌.ആധുനിക വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഗര്‍ഭസ്ഥശിശുവിനെ ജനിക്കുമ്പോള്‍ അംഗവൈകല്യമില്ലാത്തത് ആക്കിത്തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുന്ന നിമിഷം മുതല്‍ അവള്‍ ആധുനിക വൈദ്യത്തിന്റെ പരിചരണത്തിലാണു. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണമാണു പിന്നീട്‌ പ്രസവം വരെയുള്ള അവളുടെ ജീവിതം. എല്ലാ പരിശോധനളും നടത്തി, എല്ലാ പരിഹാരങ്ങളും ചെയ്തിട്ടും നവജാതശിശുക്കളില്‍ പലതും വൈകല്യത്തൊടെയാണു ജനിക്കുന്നത്‌. ഇവിടെ ശാസ്ത്രവും മനുഷ്യന്റെ അഹന്തയും പരാജയപ്പെടുന്നതിനു എന്തുണ്ട്‌ ഉത്തരം?

പ്രാചീനന്‍ ഇതിനേയൊക്കെ മാറി നിന്നാണു നോക്കിക്കണ്ടിരുന്നത്‌. അവന്‍ അതിന്റെ സത്യത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. ആധുനികന്‍ അതിനു തയ്യാറല്ല.

നമ്മുടെ ബോധമണ്ഡലത്തിലാണു നാം എത്ര കാലോടുകൂടി ജനിക്കണം, ഏതു കയ്യോടുകൂടി ജനിക്കണം, മൂക്കിനെത്ര നീളമുണ്ടായിരിക്കണം എന്നൊക്കെയുള്ള കണക്കിരിക്കുന്നത്‌. ആ ബോധം പൂര്‍വ്വ പൂര്‍വ്വ ജന്മങ്ങളിലൂടെ രൂപപ്പെട്ട്‌ വന്നതാണെന്ന് ഭാരതീയര്‍ വിശ്വസിച്ചു. തല്‍ക്കാലം 'വിശ്വസിച്ചു' എന്ന പ്രയോഗം മതി. കാരണം ജീനുകളിലെ ഒന്നോ രണ്ടോ മണികളില്‍ അടങ്ങിയിരിക്കുന്ന അത്ഭുതം കണ്ട്‌ ആധുനികന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെയും ഒരു ശാസ്ത്രമുണ്ടെന്ന് പറഞ്ഞാല്‍ അവന്‍ വയലന്റാകും.. ഒരന്‍പതു വര്‍ഷം മുന്‍പ്‌ ഇന്ന് നടക്കുന്ന പോലുള്ള ജനിതക ഗവേഷണത്തിനു പണം ചോദിച്ചാല്‍ ഭ്രാന്തെന്ന് പറഞ്ഞ്‌ ആട്ടിക്കളയുമായിരുന്നു. കാരണം അതൊക്കെ അസംഭാവ്യമാണെന്നാണു ശാസ്ത്രലോകം പോലും വിചാരിച്ചത്‌. ഇന്ന് ജനിതക ശാസ്ത്രം കണ്ടെത്തിയതിനെ ആ 50 കൊല്ലം മുന്‍പ്‌ ആശയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ 'അന്ധവിശ്വാസം' എന്ന് പറഞ്ഞു അവഗണിക്കുമായിരുന്നു. ശാസ്ത്രത്തിന്റെ കാര്യം അത്രയൊക്കയേയുള്ളു. കാരണം അത്‌ ശാസ്ത്രമായിട്ടില്ല. അതിനു മുന്‍പുള്ള പടിയിലാണു. നിരീക്ഷണവും അത്ഭുതം കൂറലുമേ നടക്കുന്നുള്ളു. അതിനി പക്വമാകുന്ന ഒരു കാലം വരുമ്പോള്‍ പ്രാചീനന്റെ ആശയങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു കൊള്ളും.

പാശ്ചാത്യ ശാസ്ത്രീയതയുടെ യുക്തിയും അളവുകോലും വച്ച്‌ ഒരു പരീക്ഷണശാലയിലെ controlled conditions ല്‍ സൈഗോട്ടിനുള്ളിലെ ബോധത്തെ തെളിയിച്ചെടുക്കാനാവുന്ന കാലം പിമ്പേ വരുന്നുണ്ട്‌. അതിനു ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ പിടിച്ചെന്നിരിക്കും. മനുഷ്യചരിത്രത്തില്‍ അത്‌ വലിയ കാലയളവൊന്നുമല്ല. പക്ഷെ ആയുര്‍വ്വേദത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഒരു നൊടിനേരം മതി അത്‌ ബോദ്ധ്യമാകാന്‍. ഇന്ദ്രിയങ്ങള്‍ പുറത്തേക്ക്‌ തുറന്നു പോയ ആധുനിക മനുഷ്യനു അതിനും കഴിവുണ്ടാകണമെങ്കില്‍ പൂര്‍വ്വ പൂര്‍വ്വ പുണ്യം ഉണ്ടായിരിക്കണം.

ഇതൊരു inductive reasoning അല്ലേ?

അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ ഇതൊരു inductive reasoning തന്നെയാണു. കാണുന്നതില്‍ നിന്ന് അനുമാനിക്കുക എന്നത്‌ ഒരു ശാസ്ത്ര രീതിയാണു. യുക്തി ഇവിടെ അതിനു അനുഗുണമായുണ്ട്‌. അനുഭവങ്ങള്‍ മറിച്ചുമല്ല. പിന്നെ വേറെന്തു വേണം? ഇതിനേ പൂര്‍വ്വപക്ഷമായിക്കണ്ട്‌ മറിച്ചുള്ള തെളിവുകള്‍ നല്‍കുമ്പോഴെ ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച്‌ സംശയിക്കേണ്ടി വരികയുള്ളു.

അപ്പോള്‍ രോഗം ഒരുവനോടൊപ്പം വന്ന് പോകുന്നതാണെന്ന് പറയാം അല്ലെ?

അത്തരം പരിമിതമായ ഒരു വ്യാഖ്യാനത്തിലേക്ക്‌ പോകുന്നതിനേക്കാള്‍ നല്ലത്‌, ഒരു രോഗി ഉണ്ടാവുന്നതിനു മുമ്പ്‌ അയാളുടെ ബോധത്തില്‍ ആ രോഗത്തിനുള്ള ബീജം കിടപ്പുണ്ട്‌, അനുകൂല പരിതസ്ഥിതിയില്‍ അത്‌ പ്രകടമാകും എന്നെടുക്കുന്നതല്ലെ? അതാണു സരളം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ പിന്നെ ചികിത്സയുടെ സാംഗത്യമെന്താണു?

അതിപ്പോള്‍ വേണ്ട, അടുത്ത പോസ്റ്റില്‍......

14 comments:

അശോക് കർത്താ said...

പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണു രോഗങ്ങളായി പരിണമിക്കുന്നത്‌. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല

Anonymous said...

പൂര്‍വ്വജന്മത്തില്‍ കൊതുകോ മൂട്ടയോ മറ്റോ ആയവര്‍ക്കായിരിക്കും അല്ലേ.. അങ്ങനെ പ്രമോഷന്‍ കിട്ടിയ ജീവകള്‍ക്കല്ലേ ഈ ജന്മം മനുഷ്യനാവാന്‍ പറ്റൂ .. നല്ല പോസ്റ്റ് .

Unknown said...

എന്തൊക്കെ വിഡിത്തങ്ങളാ എഴുതി വച്ചിരിക്കുന്നത്? ശാസ്ത്രമാണു പോലും ശാസ്ത്രം. നാണമുണ്ടോ? എതു യുഗത്തിലാ ഹേ നിങ്ങള്‍ ജീവിക്കുന്നത്?

Suraj said...

അശോക് കര്‍ത്താ ജീ,

പോസ്റ്റിന് ആധാരമായ താങ്കളുടെ വിശ്വാസങ്ങളെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.
ഇതിലെ വിവരങ്ങളെ ആധുനിക ശാസ്ത്രത്തിലെ തത്വങ്ങാളുമായി കൂട്ടിയിണക്കി വിവരിച്ചിരിക്കുന്നതുകൊണ്ട് മാത്രം ചില ചോദ്യങ്ങള്‍ ചോദിച്ചു കൊള്ളട്ടെ (വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു):

1. “..സാഹചര്യ സംബന്ധിയായ അറിവോ നിര്‍ബ്ബന്ധമോ കൊണ്ട്‌ ചെയ്തുപോകുന്ന കര്‍മ്മങ്ങള്‍ ഋണാത്മകമായി-Negative-അവനില്‍ രേഖപ്പെടുത്തപ്പെടും...”

എന്തെല്ലാം കര്‍മ്മങ്ങളാണ് നെഗറ്റീവ് ആയി രേഖപ്പെടുത്തുന്നത് ? എന്ത് മാനദണ്ഡം വച്ചാണ് കര്‍മ്മങ്ങളെ ശരീരത്തില്‍/ആത്മബോധത്തില്‍ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും വര്‍ഗ്ഗീകരിക്കപ്പെടുക. ? എവിടെയാണ് ഈ രേഖപ്പെടുത്തല്‍ നടക്കുന്നത് ? ജീനുകളിലോ ? അതോ മനസിലോ? അതോ വേറെ എവിടെയെങ്കിലുമോ ?
ഈ നെഗറ്റീവ് സംഗതി ഊര്‍ജ്ജമാണോ? എങ്കില്‍ അതിനെ അളന്ന് quantify ചെയ്യാനാകുമോ ?

2. “..ഈ തുടര്‍ച്ചയെ നയിച്ചുകൊണ്ടു പോകുന്ന ഒരു ആനുവംശിക കഥാപാത്രം-a genetic substance-ആനുവംശികന്‍- എല്ലാവരുടേയും ഉള്ളില്‍ ഉണ്ട്‌. അനേക ജന്മങ്ങളിലൂടെ നേടിയ അറിവുകള്‍ ഓരോരുത്തരിലും അടങ്ങിയിരിക്കുന്നു..”

ജീനുകള്‍ (genetic substance)മാതൃകമോ പൈതൃകമോ ആയ വിവരങ്ങളെ അടുത്ത തലമുറയിലേക്ക് നല്‍കുന്നു എന്നതാണ് ശാസ്ത്രം. എങ്ങനെയാണ് പൂര്‍വ ജന്മത്തിലെ അറിവുകള്‍ ജീനുകളില്‍ ആലേഖനം ചെയ്യപ്പെടുന്നത് ?
ഏതേത് പൂര്‍വ്വ ജന്മ കര്‍മ്മങ്ങള്‍ ഏതേത് corresponding രോഗമായി ഈ ജന്മത്തില്‍ മാറുമെന്നാണ് താങ്കളുടെ അഭിപ്രായം ?

3. “...മുമ്പെങ്ങോ രൂപപ്പെടുത്തി വച്ചിട്ട്‌ പൂര്‍ത്തീകരിക്കാത്തതിന്റെ ഭാവങ്ങള്‍ എല്ലാം തന്നില്‍ നിലകൊള്ളുമ്പോള്‍ അതു പൂര്‍ത്തീകരിക്കാനാണു ഈ വരവ്‌, ഈ ജന്മം എന്ന് തോന്നിപ്പിക്കുന്ന ആ ജനിതകം പോലെ തന്നെ അയാളില്‍ എവിടെയോ തുടങ്ങിവച്ച ഒരു രോഗാതുരതയും ഉണ്ട്‌...”

അനേക കോടി ജന്മങ്ങള്‍ക്ക് ശേഷമാണ് ഒരു മനുഷ്യജന്മം വീണുകിട്ടുക എന്ന് ഭഗവദ് ഗീത അടക്കമുള്ള വൈദിക സംഹിതകള്‍ പറയുന്നു. പൂര്‍വ്വ ജന്മങ്ങളില്‍ നായും നരിയും പുഴുവും മരവും ഒക്കെ ആയിരുന്ന മനുഷ്യരില്‍ അപ്പോള്‍ human diseases മാത്രമല്ല Plant diseases-ഉം Animal diseases-ഉം കാണുമോ ? (ഉദാഹരണത്തിന് തെങ്ങിന്റെ മണ്ട ചീയല്‍ മനുഷ്യനിലും കാണുമോ ?

ഇവിടെ ഒരു അനുബന്ധ ചോദ്യം കൂടി : ആദ്യ ആറു ജന്മം മരങ്ങളും ചെടികളുമാ‍ായി ജനിക്കേണ്ടി വന്ന ഒരാള്‍ ഈ ജന്മം മനുഷ്യനായി ജനിച്ചു. അയാളില്‍ എന്ത് കര്‍മ്മങ്ങളാണ് രോഗബീജമായി ‘ആത്മബോധത്തില്‍’ ഉണ്ടാകുക?

4. “... കണ്ണുണ്ടാകുന്നതും കാതു വളരുന്നതും കൈകാലുകള്‍ കിളിര്‍ക്കുന്നതുമെല്ലാം ആ ആത്മബോധത്തിന്റെ നിര്‍ദ്ദേശാനുസരണമാണു... അയാളുടെ ജനിതകകലയില്‍ എന്തൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ അതു മാത്രമേ അയാളില്‍ നിന്ന് പുറത്ത്‌ വരു....”

അപ്പോള്‍ താങ്കള്‍ പറയുന്നത് ആത്മബോധവും ജനിതകവും ഒന്നാണ് എന്നാണോ ? ആണെങ്കില്‍ ജനിതകവസ്തു വച്ച് ആത്മബോധത്തേയും അളക്കാന്‍ കഴിയണമല്ലോ ?
ഇനി ഇതു രണ്ടും രണ്ടാണെന്നാണ് മാഷ് പറയുന്നതെങ്കില്‍ ആത്മബോധം എവിടെയിരിക്കുന്നു ?

5. “...പുറമേ നിന്നു ഒരു ശാസ്ത്രജ്ഞനു അയാളുടെ ജനിതകത്തിലേക്ക്‌ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും അതിനും ആ 'ബോധ;ത്തിന്റെ അനുമതിയില്ലാതെ പറ്റില്ല. അങ്ങനെ അനുമതിയില്ലാതെ പ്രവേശിച്ചവര്‍ ഫിറ്റു ചെയ്യുന്ന കിഡ്നിയും കരളുമൊക്കെയാണു ശരീരം reject ചെയ്യുന്നതായി നാം കേള്‍ക്കുന്നത്‌....”

അപ്പോള്‍ reject ചെയ്യാത്ത എത്രയോ Transplantations-ഉം grafting-കളും നമ്മള്‍ നടത്തുന്നു. അതിലൊക്കെ ആ ‘ആത്മബോധം’ സമ്മതിച്ചിട്ടാണോ തിരസ്കരണം നടക്കാത്തത് ?

സാധാരണ ഗതിയില്‍ ജനിതകമായി സാമ്യമുള്ള അവയവങ്ങളാണ് ശരീരം തിരസ്കരിക്കാതെ ഇരിക്കുക. അപ്പോള്‍ താങ്കളുടെ വാദ പ്രകാ‍രം ജനീതക സാമ്യമുണ്ടായാല്‍ ആത്മബോധവും സാമ്യമുള്ളതാവുമോ ? അങ്ങനെയാണെങ്കില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് ഒരേ ആത്മബോധമാണെന്നു കരുതണ്ടേ ?

6. “....വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഗര്‍ഭസ്ഥശിശുവിനെ ജനിക്കുമ്പോള്‍ അംഗവൈകല്യമില്ലാത്തത് ആക്കിത്തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല....”

അപ്പോള്‍ ഗര്‍ഭകാ‍ല പരിചരണമൊക്കെ കഴിഞ്ഞ് (ഉദാഹരണത്തിന് ഗര്‍ഭത്തിലെ രക്താതിസമ്മര്‍ദ്ദം, അമ്മയിലെ അപസ്മാരം,പലതരം ഇന്‍ഫക്ഷനുകള്‍)ഒരു വൈകല്യവുമില്ലാതെ ജനിക്കുന്ന അനേക ലക്ഷം കുഞ്ഞുങ്ങള്‍ ഉണ്ടല്ലോ. അവരെയെന്താ മാഷ് വിട്ടു കളഞ്ഞത് ? ആ കേസുകളിലൊക്കെ എന്താ കുഞ്ഞിന്റെ ‘ആത്മബോധ’ത്തെ ആരെങ്കിലും തുരന്ന് അകത്തു കയറിയിട്ടാണോ ചികിത്സ ഫലിക്കുന്നത് ?

7. “...നമ്മുടെ ബോധമണ്ഡലത്തിലാണു നാം എത്ര കാലോടുകൂടി ജനിക്കണം, ഏതു കയ്യോടുകൂടി ജനിക്കണം, മൂക്കിനെത്ര നീളമുണ്ടായിരിക്കണം എന്നൊക്കെയുള്ള കണക്കിരിക്കുന്നത്‌. ആ ബോധം പൂര്‍വ്വ പൂര്‍വ്വ ജന്മങ്ങളിലൂടെ രൂപപ്പെട്ട്‌ വന്നതാണെന്ന്....“
“...യുക്തി ഇവിടെ അതിനു അനുഗുണമായുണ്ട്‌. അനുഭവങ്ങള്‍ മറിച്ചുമല്ല. പിന്നെ വേറെന്തു വേണം? ഇതിനേ പൂര്‍വ്വപക്ഷമായിക്കണ്ട്‌ മറിച്ചുള്ള തെളിവുകള്‍ നല്‍കുമ്പോഴെ ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച്‌ സംശയിക്കേണ്ടി വരികയുള്ളു.


പൂര്‍വ പൂര്‍വ ജന്മങ്ങളിലൂടെയാണ് നമ്മുടെ ജനിതകവസ്തു/ആത്മ ബോധം രൂപപ്പെട്ടു വരുന്നത് എന്നതിനു തെളിവുണ്ടോ ?
ഇതിലേക്കായുള്ള പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ എവിടെയെങ്കിലും - ആധുനിക യുഗത്തിലോ, പ്രാചീന യുഗങ്ങളിലോ- നടന്നിട്ടുണ്ടോ ? തെളിവില്ലെങ്കില്‍, എന്ത് യുക്തിയാണ് ഇതിനുള്ളത് ?
‘അനുഭവങ്ങള്‍ മറിച്ചുമല്ല’ എന്ന് താങ്കള്‍ പറയുന്നു - എന്ത് അനുഭവമാണ് താങ്കള്‍ പറയുന്ന ഈ തിയറിയെ സപ്പോര്‍ട്ട് ചെയ്യുന്നത് ?




qw_er_ty

അശോക് കർത്താ said...

ഏതു വിഷയവും അതിന്റെ methodology യില്‍ നിന്ന് പഠിച്ചതിനു ശേഷം ഉണ്ടാകുന്ന സംശയങ്ങളേ പരിഹരിക്കാനാകു. ഡോക്ടര്‍ സൂരജിന്റെ ആവശ്യം താന്‍ പഠിച്ചു വച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുഗുണമായി ബാക്കിയുള്ളവര്‍ എല്ലാം വിശദീകരിച്ചു തരണം.അത് നട്പ്പില്ല. ഇത്തരം സംശയം ദൂരീകരിക്കണ്ടത് സ്വന്തമായ ആവശ്യമാണെങ്കില്‍ ആയുര്‍വ്വേദം പഠിക്കുക. എന്നിട്ട് ഇതൊക്കെ തെറ്റാണെന്ന് കണ്ടെത്തിയാല്‍ അത് പണ്ഡിത ലോകത്തെ അറിയിക്കുക. അല്ലാതെ ശിശുസഹജമായ കൌതുകങ്ങള്‍ സംശയങ്ങളായി പറഞ്ഞു നടക്കരുത്. താങ്കള്ഉറ്റെ എല്ലാ ചോദ്യത്തിനുമുള്ള മറുപടി പോസ്റ്റില്‍ തന്നെ ഉണ്ട്. വേണ്ടാത്തവിധത്തില്‍ വായിക്കണമെന്ന് നിര്‍ബ്ബന്ധമുള്ളതു കൊണ്ടാണു അത് കാണാനാകാതെ പോയത്.
ശ്രീ. രാഘവന്‍ തിരുമുല്‍പ്പാടിന്റെ അഷ്ടാംഗദര്‍ശനം എന്നൊരു പുസ്തകമുണ്ട്. അതില്‍ സമഗ്ര ചികിത്സയെപ്പറ്റി പറയുന്ന ഭാഗമൊന്ന് വായിച്ച് നോക്ക്. തല്‍ക്കാലം അത് മതി.

Suraj said...

കര്‍ത്താ മാഷേ,

“ ഡോക്ടര്‍ സൂരജിന്റെ ആവശ്യം താന്‍ പഠിച്ചു വച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുഗുണമായി ബാക്കിയുള്ളവര്‍ എല്ലാം വിശദീകരിച്ചു തരണം.അത് നട്പ്പില്ല..”

ആത്മബോധം എന്ന അമൂര്‍ത്ത സങ്കല്‍പ്പത്തെ വിശദീകരിക്കണമെങ്കില്‍ താങ്കള്‍ക്ക് Genetic Substance എന്നൊക്കെയുള്ള ആധുനിക ശാസ്ത്ര സംജ്ഞകളും തത്വങ്ങളും വേണം അല്ലേ ? അപ്പോള്‍ ആ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും അതേ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരം തരണം...

"..അല്ലാതെ ശിശുസഹജമായ കൌതുകങ്ങള്‍ സംശയങ്ങളായി പറഞ്ഞു നടക്കരുത്..."

ഹ ഹ ഹ! ശിശുസഹജമായ സംശയങ്ങളുമായി കുറേപ്പേര്‍ ലോകത്ത് നടന്നതുകൊണ്ടാണ് താങ്കള്‍ക്ക് Genetic Substance എന്നും Polymerase Chain Reaction എന്നും MRI-യിലെ പ്രോട്ടോണുകളെക്കുറിച്ചുമൊക്കെ (തെറ്റിദ്ധാരണകളോടെയാണെങ്കിലും) സംസാരിക്കാന്‍ പോലും കഴിയുന്നത് എന്നോര്‍ക്കുക!

പിന്നെ മുകളിലത്തെ എന്റെ കമന്റില്‍ ചോദിക്കാന്‍ വിട്ടുപോയ ഒരു ചോദ്യം കൂടി 8-ആം ചോദ്യമായി ഇവിടെ ഇടുന്നു :

8. "...ഒരു രോഗി ഉണ്ടാവുന്നതിനു മുമ്പ്‌ അയാളുടെ ബോധത്തില്‍ ആ രോഗത്തിനുള്ള ബീജം കിടപ്പുണ്ട്‌, അനുകൂല പരിതസ്ഥിതിയില്‍ അത്‌ പ്രകടമാകും .."

തലയില്‍ തേങ്ങാ വീണ് തലയോട് ഫ്രാക്ചറാകുന്നതും, അപകടം പറ്റി കൈയ്യുംകാലും ഒടിയുന്നതും ‘ബോധത്തില്‍ രോഗബീജം’ കിടക്കുന്നതുകൊണ്ടാവും അല്ലേ ?

ഉത്തരം താങ്കള്‍ പറയും എന്നു കരുതിയിട്ടൊന്നുമല്ല, for completion sake, that's all!

പിന്നെ അഷ്ടാംഗ ദര്‍ശനം ഒരു ആധികാരിക ആയുര്‍വേദ ഗ്രന്ഥം പോയിട്ട് ഒരു ആയുര്‍വേദക്കോ‍ളെജ് ഗൈഡ് പോലുമല്ല . സുശ്രുതനും ചരകനും മേലെയൊന്നുമല്ലല്ലോ രാഘവന്‍ തിരുമുല്‍പ്പാട്. മാഷ് ശല്യതന്ത്രത്തിലെ വ്യാധിപ്രകാരങ്ങളോ, ചരകന്റെ അതുല്യഗോത്രീയമോ എടുത്തൊന്ന് നോക്ക്. വേണേല്‍ സര്‍വ്വഭൂതചിന്താശാരീരത്തില്‍ പറയുന്ന ജഗത് കാരണങ്ങളായ ആറു സംഗതികള്‍ കൂടി ഒന്നു റെഫര്‍ ചെയ്തോളൂ. അതിലുണ്ട് ആയുര്‍വേദപ്രകാരം വിസ്തരിക്കുന്ന മനുഷ്യശരീരത്തിന്റെ നിര്‍മ്മിതിയും, രോഗങ്ങളുടെ കാര്യകാരണവും വര്‍ഗ്ഗീകരണവും.

മാഷിന്റെ ‘ആത്മബോധം’ എവിടെക്കിടക്കുന്നു അയുര്‍വേദത്തിലെ വ്യാധിരൂപങ്ങളെവിടെക്കിടക്കുന്നു ?!

ഏതായാലും ഇനിയിങ്ങോട്ട് വരാതെ നോക്കിക്കൊള്ളാം. ആധുനിക സയന്‍സിനെ തലകുത്തനെ നിര്‍ത്തുന്ന ഏര്‍പ്പാ‍ട് കാണുമ്പോള്‍ സ്വന്തം ബ്ലോഗിലൂടെ പ്രതികരിച്ചോളാം.

നന്ദി.
സസ്നേഹം,
സൂരജ്

Anonymous said...

ഞാന്‍ വയലന്റായീ...!!
അളിയന്‍സ് ..താളിയോല ബ്ലോഗ് ഏതുവരെയായി? ഇത് അവിടെ പ്രസിദ്ധീകരിക്കാന്‍ ബെസ്റ്റ് ആയിരുന്നു.
ഡോ: സൂരജ്, എന്ത് കൊണ്ട് നിങ്ങള്‍ ഇയ്യാളെ ഇത്രയും ബഹുമാനത്തില്‍ പിന്തുടര്‍ന്ന് ചോദ്യം ചെയ്യുന്നു? Inspite of his several insulting remarks about you.
ശിശുസഹജമായ കൌതുകത്തെ പരിഹസിക്കുന്ന ആ വേദിക് ധാര്‍ഷ്ട്യം കണ്ടോ?..
പ്രാചീനന്‍ ഈ കൌതുകം വച്ചു പുലര്‍ത്തിയിരുന്നതു കൊണ്ടല്ലേ, ഇന്നനുഭവിക്കുന്ന എല്ലാ സുഖസൌകര്യങ്ങളും അളിയന്‍ ഓസിനു അനുഭവിക്കുന്നത്? നോക്കണേ അളിയന്റെ അഹങ്കാരം!! അണ്ണന്‍ എന്താ അണ്ണാ ഇന്നും പ്രാചീനന്‍ ആയിരിക്കുന്നത്? അണ്ണനു നാണമുണ്ടോ ഈ പാശ്ചാത്യര്‍ കണ്ടുപിടിച്ച കുന്ത്രാണ്ടങ്ങള്‍ ഉപയോഗിക്കാന്‍? എന്റെ തിരുമുല്‍പ്പാടണ്ണോ...
പാശ്ചാത്യകുമാറിന്റെ കാശിനു കള്ളും കുടിച്ച് പാശ്ചാത്യകുമാറിനെ ചീത്ത പറയുകയാണോ?..കണ്ട്രോള്‍ ഭഗവതീ കണ്ട്രോള്‍ തരൂ...

ഒരു പേഴ്സണല്‍ ചോദ്യം: അണ്ണന്റെ പിള്ളാര്‍ക്ക് ഈ പൂര്‍വ്വജന്മ പാപ കാര്യങ്ങള്‍ ചൊല്ലിക്കൊടുക്കുന്നുണ്ടോ? അതോ അവരെ സയന്‍സ് ഒക്കെ പഠിപ്പിച്ച് ഡോക്റ്ററോ എഞ്ചിനീയറോ ആക്കുമോ?

അശോക് കർത്താ said...

സൂരജ് എന്തായാലും ചരകവും സുശ്രുതവും ഒന്നും തന്നെ കണ്ടിട്ടു പോലുമില്ലെന്ന് ബോദ്ധ്യമായി. ഇത് ഞാന്‍ നേരത്തെ ഊഹിച്ചതാ‍ാണു. നെറ്റില്‍ കിടക്കുന്ന വെറും ഇന്‍ഫെര്‍മേഷനുകളുടെ ക്രോഡീകരണമാണു ഡോക്ടര്‍ ചെയ്യുന്നത്. വായിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തം. അതു കൊണ്ടാണു, തിരുമുല്‍പ്പാടിന്റെ പുസ്തകമെങ്കിലും ഒന്ന് നോക്കാന്‍ പറഞ്ഞത്. അതിനു ശ്രമിക്കാ‍തെ എല്ലാം അറിയുന്ന പോലെ എന്തൊക്കെയോ എഴുതുന്നു. ഞാന്‍ എന്തു മറുപ്ടി പറയാനാണു ഇതിനൊക്കെ? എന്തായാലും ചരകനേയും സുശ്രുതനേയെങ്കിലും അംഗീകരിക്കുന്നു** എന്ന് സമ്മതിച്ചതില്‍ സന്തോഷം.
(**മാഷ് ശല്യതന്ത്രത്തിലെ വ്യാധിപ്രകാരങ്ങളോ, ചരകന്റെ അതുല്യഗോത്രീയമോ എടുത്തൊന്ന് നോക്ക്. വേണേല്‍ സര്‍വ്വഭൂതചിന്താശാരീരത്തില്‍ പറയുന്ന ജഗത് കാരണങ്ങളായ ആറു സംഗതികള്‍ കൂടി ഒന്നു റെഫര്‍ ചെയ്തോളൂ. അതിലുണ്ട് ആയുര്‍വേദപ്രകാരം വിസ്തരിക്കുന്ന മനുഷ്യശരീരത്തിന്റെ നിര്‍മ്മിതിയും, രോഗങ്ങളുടെ കാര്യകാരണവും വര്‍ഗ്ഗീകരണവും. )
** ഇതൊക്കെ വായിച്ച് ബോദ്ധ്യപ്പെട്ടിട്ട് ഇട്ടതായിരിക്കുമല്ലോ?

Suraj said...

ഏ കേ സാറേ,

വായിച്ചും, താങ്കളും താങ്കളെപോലുള്ള വ്യാജ വൈദ്യന്മാരും പറഞ്ഞുകൊണ്ടു നടക്കുന്നതല്ല അതിലൊന്നുമുള്ളത് എന്ന് ബോധ്യപ്പെട്ടിട്ടും തന്നെയാ മുന്പത്തെ കമന്റ് ഇട്ടത്.
(ഇതിനൊന്നും ഇന്റര്‍ നെറ്റിലെ വിവരങ്ങള്‍ എടുത്ത് പേച്ചേണ്ട കാര്യമൊന്നുമില്ല. പുസ്തകങ്ങളും വ്യാഖ്യാനങ്ങളും ടണ്‍ കണക്കിനുണ്ട് ഈ തിരുവനന്ത പുരത്ത്- ലൈബ്രറികളിലും ബുക് സ്റ്റാളുകളിലും ആയുര്‍വേദ കോളെജിലുമായി. (എഡിഷനും പേജ് നമ്പറും വേണേല്‍ തരാം; ഇനി നിര്‍ബന്ധമാണേല്‍ സംസ്കൃത ശ്ലോക നമ്പരും, ശ്ലോകം തന്നെയും തരാം. ഹ ഹ ഹ!)

പിന്നെ വായിച്ചു ബോധ്യപ്പെട്ടു എന്നു വച്ച് അതൊക്കെ ശാസ്ത്രീയമാനെന്നോ സനാതന നിയമങ്ങളാണെന്നോ ധരിച്ച് വശായിട്ടൊന്നൂല്ല!

ശരി അപ്പം. ബൈ ബൈ.
ഇനി ഇതു വഴി വരാതെ നോക്കാം.

മരത്തലയന്‍ പട്ടേട്ടന്‍ said...

താങ്കളുടെ ചിന്തയില്‍ മൌലികത കാണുന്നു . സന്തോഷം . തുടര്‍ന്നെഴുതുക ,നല്ലത് വരട്ടെ .

അശോക് കർത്താ said...

എന്തായാലും പോകുകയാണല്ലോ. ഇതു കൂടി ഇരിക്കട്ടെ. എന്നെങ്കിലും ആത്മവിശകലനം വേണ്ടി വരുമ്പോള്‍ സഹായൈക്കും.
ഡോ.സൂരജിന്റെ രണ്ട് അഭിപ്രായങ്ങള്‍ ഇവിടെ കൊടുക്കുന്നു. ആ തലച്ചോറിന്റെ entropy എത്രയാണെന്ന് ഊഹിക്കാന്‍ അതു വഴി കഴിയും.
1.സൂരജ് :: suraj said...
ഹെന്റെ അശോക് കര്‍ത്താവ് സാറേ,

ഇതൊന്നും വായിക്കാന്‍ 45 വര്‍ഷമൊന്നും കാത്തിരിക്കണ്ട. താളിയോലയൊന്നുമല്ലല്ലോ മഞ്ഞള്‍പ്പൊടിയൊക്കെയിട്ട് മോണോക്കിളൊക്കെ വച്ച് തപ്പി തപ്പി വായിക്കാന്‍, പേപ്പറും ബിറ്റും ബൈറ്റുമൊക്കെയല്ലേ. അതിനിപ്പോ 24 വയസ് തന്നെ ധാരാളം! (:B)

3.3.08
2.(ഇതിനൊന്നും ഇന്റര്‍ നെറ്റിലെ വിവരങ്ങള്‍ എടുത്ത് പേച്ചേണ്ട കാര്യമൊന്നുമില്ല. പുസ്തകങ്ങളും വ്യാഖ്യാനങ്ങളും ടണ്‍ കണക്കിനുണ്ട് ഈ തിരുവനന്ത പുരത്ത്- ലൈബ്രറികളിലും ബുക് സ്റ്റാളുകളിലും ആയുര്‍വേദ കോളെജിലുമായി. (എഡിഷനും പേജ് നമ്പറും വേണേല്‍ തരാം; ഇനി നിര്‍ബന്ധമാണേല്‍ സംസ്കൃത ശ്ലോക നമ്പരും, ശ്ലോകം തന്നെയും തരാം. ഹ ഹ ഹ!)
ഏറ്റവും വലിയ വാ(ത)ദ മാണു ‘പിടി വാ(ത)ദം’. അതിനു താങ്കളെന്താ ഇതു വരെ സ്വയം ചികിത്സയൊന്നും നടത്താത്തത്.

ജ്യോതിര്‍ഗമയ said...

ഡോ: സൂരജ്,

പ്ലീസ്, താങ്കള്‍ ഈ വട്ടനുമായി ഇങ്ങനെ സംവദിച്ച് സമയം കളയുന്നതെന്തിന് ? ഇയാള്‍ ഈച്ച പോലും കയറി നോക്കാത്ത സ്വന്തം ബ്ലോഗില്‍ ആളെക്കൂട്ടാന്‍ മാത്രമാണ് താങ്കളുമായി സംവദിക്കുന്നത്. വിലകുറഞ്ഞ നെഗറ്റീവ് പബ്ലിസിറ്റിക്കു വേണ്ടി മാത്രം. നിങ്ങള്‍ ഇയാളുടെ മണ്ടന്‍ തിയറികളെ ശാസ്ത്രത്തിന്റെ യുക്തിയാലും അപാരമായ അറിവുകളാലും ഒടിച്ചുമടക്കുന്നത് ഇയാള്‍ക്ക് സഹിക്കുന്നില്ല. ഇയാളുടെ പഴയ പ്രതിലോമകരമായ പോസ്റ്റുകളിലൊന്നുകയറി നോക്കൂ. അതിലൊക്കെ ഇയാളുടെ മണ്ടന്‍ സിദ്ധാന്തങ്ങളെ സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ പോലും ഇപ്പോളിവിടെ തിരിഞ്ഞു നോക്കുന്നില്ല. അതിന്റെ ചൊറിച്ചിലാണ് അയാള്‍ക്ക്. ഇതിനു മരുന്നൊന്നുമില്ല. താങ്കള്‍ ഈ വട്ടന് എന്തെങ്കിലും മരുന്നെഴുതികൊടുക്കൂ. സമയം പാഴാക്കരുത് എന്നേ ഓര്‍മ്മിപ്പിക്കാനുള്ളൂ.

Senu Eapen Thomas, Poovathoor said...

ചേട്ടാ, വയോക്സിനെ പറ്റി എനിക്ക്‌ കൂടുതല്‍ ഒന്നും പറയാനില്ല. ആഗ്രാ വഴി പോകുന്നതിനെ [VIA AGRA]പറ്റിയാണെങ്കില്‍ ഞാന്‍ 2 പേജില്‍ കവിയാതെയോ, കവിഞ്ഞോ എഴുതാം. ഏതായാലും ആശുപത്രിയില്‍ ജോലി ചെയ്യുന്ന [ഒരു പാവം 'പാരാ'മെഡിക്കല്‍ ഞാന്‍ ഇരിക്ക കമ്പ്‌ മുറിക്കാന്‍ ശ്രമിക്കുന്നില്ല.

എഴുതിക്കോ, ഞങ്ങള്‍ കാണുന്നു,വായിക്കുന്നു. ചിന്തിക്കുന്നു.

പഴമ്പുരാണംസ്‌.

നാരായണന്‍ നമ്പൂതിരി said...

യാദൃശ്ചികമായാണ് ഇവിടെ എത്തിപ്പെട്ടത്. വളരെ പഴയ പോസ്റ്റാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ ഇതിലുള്ള ആശയങ്ങള്‍ കാലാധിവര്‍ത്തിയാണല്ലോ. ആയുര്‍‌വേദം രോഗാണു സിദ്ധാന്തത്തെ എങ്ങിനെ കാണുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. വളരെ നന്ദി. ഇത്തരം പോസ്റ്റുകള്‍ ഇനിയും ഇടാന്‍ ജഗദീശ്വരനും സദ്ഗുരുവും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എനിക്ക് അത്ഭുതകരമായി തോന്നിയത് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയെ പോലുള്ളവര്‍ ജനിച്ചപ്പോള്‍ മുതല്‍ എട്ട് ദശാബ്ദങ്ങളായി കണ്ടും പ്രയോഗിച്ചും വായിച്ചും പഠിച്ച അറിവുകള്‍ക്ക് മുന്‍പില്‍ അവരുടെ വിനയവും പുതുവിദ്യാഭ്യാസത്തിലെ ഓള്‍പ്രമോഷനിലൂടെ അല്പ വിദ്യകളും സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയവര്‍ടെ അഹങ്കാരവും പ്രതിപക്ഷ ബഹുമാനമില്ലയ്മയും ആണ്. അവര്‍ക്ക് ഇഷ്ടമില്ലാത്തകാര്യങ്ങള്‍ക്ക് കുയുക്തി ഉന്നയിക്കുകയും ഇന്റര്‍നെറ്റ് സേര്‍ച്ച് ചെയ്ത് എന്താണെന്ന് പോലും അറിയാത്ത കാര്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്ത് പാണ്ഡിത്യം കാണിക്കാന്‍ ശ്രമിക്കുകയുമാണ് ഈ പണ്ഡിതമന്യര്‍. വാദിച്ച് ജയിക്കാനായില്ലെങ്കില്‍ ഇരട്ടപേരിട്ട് വിളിച്ചും അസഭ്യവര്‍ഷം നടത്തിയും ആണ് വിജയിയാണെന്ന് ഭാവിക്കുന്നത്. ഭാരതത്തില്‍ പണ്ട് തര്‍ക്കശാസ്ത്രം എന്നൊന്ന് ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ചീത്ത തുടങ്ങും "ഭാരതം" എന്ന് കേട്ടാല്‍ കലിയിളകും അപക്വമതിയായ അപ്പോത്തിക്കരി ചെക്കന്! കഷ്ടം! പൈതൃക സംബന്ധമായ ഇത്തരം അസുഖങ്ങള്‍ക്ക് എന്ത് ചികിത്സയായിരിക്കും ഉണ്ടാവുക. ഇത്തരം അല്പ ജീവികളെ കൊണ്ട് ഇന്റര്‍നെറ്റും സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും വീര്‍‌പ്പുമുട്ടുകയാണ്. ഒരു സംഘമായി പ്രവര്‍ത്തിക്കുന്ന ഇവര്‍, ഇവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങളില്‍ വലിഞ്ഞ് കയറി വന്ന് അസഭ്യ വര്‍ഷം തുടങ്ങുകയായി. എന്ത് വിവരക്കേടുകളാണ് ചെക്കന്‍ ചോദിച്ചിരിക്കുന്നത്, ഒരു വിവരവും ഇല്ല എന്ന് മനസ്സിലായി. അതിന് "അപാരമായ വിജ്ഞാനം" എന്ന് എഴുതിയത് അയാള്‍ തന്നെ വേരെ ഐഡിയില്‍ വന്നാകണം, അല്ലാതെ അത്ര പൊട്ടന്മാരുണ്ടാകുമെന്ന് കരുതാനാവുമോ!