വി.എസ്സും നോബല്‍ സമ്മാനവും
തെക്കു വടക്ക് ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക് പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്. ഇതാണു കൊച്ച് കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.
പണത്തിനും പേശീ ബലത്തിനും താഴെയാണു ജനകീയാധികാരം എന്ന് മേനി നടിച്ച് നടന്നവര്‍ക്ക് ഒരു നടുക്കം! അവരുടെ സ്വപ്നങ്ങള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണു ദൃശ്യമാദ്ധ്യമങ്ങള്‍ ഓരോ നിമിഷവും കാണിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ മൂന്നാറില്‍.
താമസിക്കാതെ കേരളമൊട്ടാകെ!!
ഇതിനൊക്കെ നാം നന്ദി പറയേണ്ട ഒരു ഉരുക്ക് മനുഷ്യനുണ്ട്.
വി.എസ്സ്. അച്യുതാനന്ദന് എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി.
സ്വകാര്യ സ്വത്തിനെ അമ്പേ നിഷേധിക്കുന്ന തത്ത്വ ചിന്തയാണു കമ്മ്യൂണിസത്തില്‍.
അതു സ്വന്തം രക്തത്തില്‍ അലിയിച്ചു ചേര്‍ത്ത വ്യക്തിയാണു വി.എസ്സ്.
ജനകീയ ജനാധിപത്യത്തില്‍ ആ തത്ത്വചിന്തക്ക് സാരമായ കട്ടി കുറവ് സംഭവിച്ചു.
എന്നാല്‍ അതു പൊതുജനത്തിന്റെ മൊത്തം മുതലും കൊള്ളയടിക്കുന്നതിലേക്ക് എത്തിച്ചേരുന്നത് കാണുമ്പോള്‍ വി.എസ്സിനെപ്പോലെ ഒരാള്‍ക്ക് രോഷം കൊള്ളാതിരിക്കാനാവുമോ?
ആ രോഷാഗ്നിയാണു മൂന്നാറില്‍ ഇന്ന് ആളിപ്പടരുന്നത്.
മലമുകളിലെ ശീതളമായ കുളിരിനെ അലിയിച്ച് കളയുന്നത്.
നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്, കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക് ഉയര്‍ന്നു നില്ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്ക്കുന്ന കാടുകളുമാണു. മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്. പോയ കാടുകള്‍ ഇനി തിരിച്ച് വരില്ല. പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം. ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം. ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്.ഇതൊരു നിസ്സാര സംഗതിയല്ല.
ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.
കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും. ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്. സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ. എന്നിട്ടും അവര്‍ അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു. അപ്പോള്‍ കേരളം പോലെ Politically sesitive ആയ ഒരു സ്ഥലത്ത് എന്തൊക്കെ സംഭവിച്ചു കൂടാ?
ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച് കൊണ്ട് ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട് പ്രശംസിച്ചാല്‍ മതിയാകും?അച്യുതാനന്ദന്റെ ഉരുക്ക് മുഷ്ഠിക്ക് മുന്നില്‍ എല്ലാ എതിര്‍പ്പുകളും അസ്തമിച്ചു. കേരളത്തിനു പ്രത്യാശയുണര്‍ന്നു.
സാധാരണ മനുഷ്യന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
കലികാലത്തില്‍ ധര്‍മ്മ ധേനു മൂന്ന് കാലുകളും നഷ്ടപ്പെട്ട് നിന്ന് കേഴുമ്പോള്‍ രക്ഷകനായവതരിച്ച പുരാണകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു വി.എസ്സ്.
ജീവന്റെ നിലനില്‍പ്പിനെയാണു അദ്ദേഹം പരിരക്ഷിച്ചിരിക്കുന്നത്.
ലോകമെമ്പാടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണു.
ചൂട് കൂടുന്നു.
കുടിവെള്ളം കിട്ടാതാകുന്നു.
നദികള്‍ നഷ്ടപ്പെടുന്നു.
ഭൂമി ദുര്യുപയോഗം ചെയ്യപ്പെടുന്നു.
മനുഷ്യന്റെ നിലനില്‍പ്പ് തന്നെ മുള്‍മുനയിലാണു.
എന്തും സംഭവിക്കാവുന്ന ഒരു ആത്മഹത്യാ മുനമ്പില്‍ ചെന്നു നില്ക്കുകയാണു മാനവം.
പിന് വിളി വിളിക്കാന്‍ ആരുമില്ല.
ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു. ഇതു പൂര്‍ണ്ണവും സമഗ്രവുമാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷെ ഇന്നത്തെ ലോകക്രമത്തില്‍ ഇത്രയെങ്കിലും കഴിയുന്നതു അത്ഭുതമാണു.
അതിനു അച്യുതാനന്ദന് ആദരിക്കപ്പെട്ടേ തീരു.
നാം അതിനു വിമുഖത കാട്ടിയാല്‍ ലോകം നമ്മെ പരിഹസിക്കും.
കേരളവും മൂന്നാറുമൊന്നും ഇന്ന് പാശ്ചാത്യലോകത്തിനു അജ്ഞാതമല്ല.
ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊക്കെ ഉറ്റ് നോക്കുകയാണു.
നാം ആദരിക്കുന്നത് കണ്ടില്ലെങ്കില്‍ അവര്‍ മുന്നോട്ട് വന്നെന്ന് ഇരിക്കും.
ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പലരും ആദരിക്കപ്പെട്ടിട്ടുണ്ട്.
അതു കൊണ്ട് വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
രണ്ടായാലും നേടുന്നത് വി.എസ്സ് ആയതു കൊണ്ട് അതു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൊപ്പിയിലെ ചുവന്ന ഒരു തൂവലായിരിക്കും. കേരളത്തിലെ സാധാരണക്കാരനു അതു അഭിമാന പൂര്‍വ്വം നെഞ്ചിലെടുത്തണിയാനും സാദ്ധ്യമാകും.
ഇനി നാമതിനു കാത്തിരിക്കുകയേ വേണ്ടു.
അതിനു മുന്‍പ് നാം വേണ്ടത് ചെയ്യണം.
അനുപാനം.
അറിയിപ്പ്.
നിങ്ങളുടെ അഭിപ്രായം ചുരണ്ടിയെടുത്ത് താഴെ കാണുന്ന കഷായക്കുപ്പിയില്‍ ഇടുക.
http://www.orkut.com/Scrapbook.aspx?uid=7558426525359753485
9 comments:
അതു കൊണ്ട് വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
ആദരിക്കപ്പെട്ടില്ലെങ്കിലും ഒരു പിടി മനുഷ്യരുടെ അനുഗ്രഹം എന്നു ഉണ്ടാകും, ഈയുള്ളവളുടെ അടക്കം...
ശരിതന്നെ . ഞാനും ഒരു വി.എസ്സ്. ആരാധകന് തന്നെ. സ്വന്തം പാളയത്തില്‍ തന്നെ പടപൊരുതി നേടുന്ന ഈ വിജയങ്ങള്‍ക്ക് മാറ്റു കൂടുകയും ചെയ്യും. പക്ഷെ ഈ ഒരുസംഭവത്തിനു വേണ്ടതില്‍ കവിഞ്ഞ പ്രാധാന്യം നാം കൊടുക്കേണ്ടതുണ്ടൊ?, ഒരു നല്ല ഭരണാധികാരി അവശ്യം ചെയ്തുതീര്‍ക്കേണ്ട കൃത്യനിര്വ്വഹണത്തിന്റെഭാഗംതന്നെയല്ലെ വി.എസും ഇപ്പൊല് ചെയ്തിരിക്കുന്നത്. നാം അതിനെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടാല്‍ പോരെ?
നാം ഇതുവരെയും കഴിവുറ്റ, ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയെ അനുഭവിച്ചറിയുവാന്‍ സാധിക്കാത്തവരാണ്. അതുകൊണ്ടുതന്നെ ആദ്യമായറിയുന്ന ഈ കോട്ടമതില്‍ പോളിക്കലുകളെ നാം വാഴ്തുന്നു. വാഴ്ത്തപ്പെടേണ്ടതുതന്നെ. അതിനു തന്നെയല്ലെ നാം വി.എസിനെ ഇത്രയധികം ആരാധിക്കുന്നതും നെഞ്ചോടുചേര്ക്കുന്നതും
ഇടിച്ചു നിരത്താന്‍ ആണെങ്കില്‍ കേരളം മുഴുവന്‍ പൊളിച്ചെടുക്കേണടി വരും.ഇത് ഇപ്പോഴെങ്കിലും ചെയ്തത് എത്ര നന്നായി..അതിന് വേണ്ടി മുന്‍പുള്ള ഭരണാധികാരികള്‍ കാട്ടാത്ത ചങ്കൂറ്റം കാണിച്ച വി.എസ്സിന്റെ ശ്രമങ്ങള്‍ പ്രശംസനീയം തന്നെ...അതു പോലെ,in the first place കൈക്കൂലി വാങ്ങിച്ച് ഇതൊക്കെ പണിയാന്‍ അനുമതി കൊടുത്തതില്‍ കൂട്ട് നിന്ന ഉദ്ധ്യോഗസ്ഥ സംഘത്തെയും ഭരണാധികാരികളെയും (സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവര്‍ ഉള്‍പ്പടെ) വെളിച്ചത്ത് കൊണ്ടുവന്ന് അവര്‍ക്കും തക്കതായ സമ്മാനം നല്‍കാനുള്ള ചങ്കൂറ്റം കാട്ടിയാല്‍ നന്ന്.പിന്നീട് താങ്കള്‍ പറഞ്ഞതു പോലെ ഇതിലൊന്നും ഒതുങ്ങാതെ മണലൂറ്റുകാര്‍,വ്യാജമദ്യലോബികള്‍ മുതലായവരെയും തുരത്തി കേരളത്തില്‍ ഒരു ശുദ്ധികലശം നടത്തിയാലെ നാട് നന്നാകൂ..
അശോകേ, കാശും കയ്യൂക്കുമുണ്ടെങ്കില് ഈശ്വരനേത്തന്നെ വെട്ടിപ്പിടിയ്ക്കും..
പിന്നെ ഈശ്വരന്റെ സ്വന്തം നാടിന്റെ കാര്യം പറയാനുണ്ടോ?
ഇവര്‍ കാടും പിടുങ്ങും നാടും പീടുങ്ങും..
അതിനു പീണിയാളുകളായി കീശയില്‍ മാത്രം കണ്ണുള്ള
കുറെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രിയക്കാരും..
ഇവര്‍ക്കിടയില്‍ വീയെസ്സ് വേറിട്ടു നില്ക്കുന്നു...
ഈ ഇടിച്ചുനിരത്തല്‍ വീയെസ്സിനു മാത്രമെ പറ്റൂ..
(അതിനിടെ ചില രാഷ്ട്രിയക്കാരും പത്രങ്ങളും ലൊടുക്കുവാദങ്ങളുമായി ഇറങ്ങിയിരിയ്ക്കുന്നു..
ഇപ്പോള്‍ അക്കിടി പറ്റിയ തോന്നല്‍..
ജാള്യത മറയ്ക്കാന്‍ ദാ പാടുപെടുന്നു)
പിന്നെ, വീയെസ്സ്സിനു ഞാന്‍ നേരത്തേതന്നെ ഒരു അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു..
മലയമുക്കികളെ നടുക്കി. അതു കൊണ്ട് തീരുന്നില്ല. മണലൂറ്റന്മാരും, മദ്യവാറ്റന്മാരും, മുന്തിയറപ്പന്മാരും (ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളുമുള്‍പ്പെടെ) വേറെ കിടക്കുന്നു...
പല നല്ല കാര്യങ്ങളും നടപ്പിലാക്കാന്‍ നിയമം മാത്രം പോരാ. ആദര്‍ശ ശുദ്ധമായ ഒരു മനസ്സു്, എന്തും നേരിടാനുള്ള മനസ്തൈര്യം. ഇതൊക്കെയുള്ള ഭരണാധികാരികളുടെ വംശ നാശം സംഭവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശ്രീ.വി.എസ്സിന്റെ കര്‍ക്കശമായ തീരുമാനവും അതു് നടപ്പിലാക്കിയ രീതിയും ഈ തലമുറ മാത്രമല്ല വരുംകാലങ്ങളിലും തീര്‍ച്ചയായും തങ്ക ലിപികളില്‍ എഴുതി വയ്ക്കപ്പെടും എന്നുള്ളതിനു് സംശയമില്ല.
ഒരു ശുദ്ധികലശത്തിനുള്ള കേളികൊട്ടായി നമുക്കിതു് കാണാം.
ഒരു പിടി മനുഷ്യരുടെ അനുഗ്രഹം തീര്‍ച്ചയായും ഉണ്ടായിരിക്കും....
എം എല്‍ എ അല്ലായിരുന്നു എങ്കില്‍ അല്‍ഫോന്‍സ് കണ്ണതാനത്തിനേയും കൂട്ടാമായിരുന്നു...മൂന്നാറിലേക്കു..
ദില്ലി ഇടിച്ചു നിരത്തിയ ഒാര്‍മ്മ..
വി എസ്സിനെ സഹായിക്കാന്‍ കാരാട്ട് ഉള്ളതു രക്ഷ..
അശോക്:
പലതരാം പനികള്‍ വന്ന് മരണങ്ങള് സംഭവിക്കുന്നു. കൊതുകു കാരണം. sewage system എന്ന് ചിന്തിക്കാന്‍ പോലും നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. വേസ്റ്റ് ഡിസ്പോസല്‍ നും പ്ലാനുകളൊന്നുമില്ല. ഈ infrastructure ഉണ്ടാക്കിയിട്ടു പോരേ സ്മാര്‍ട് സിറ്റിയും ഇടിച്ചുനിരത്തലും മറ്റും?
ഭരണകൂടത്തിന്റെ “പ്രിയോറിറ്റി” ഇതായിരിക്കട്ടെ .
Post a Comment