Tuesday, May 1, 2007

ക്ഷേത്രങള്‍ ആരാധനാലയങളാണോ?

ധനാവാഹന ഭീകര തന്ത്രം

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്നത്‌ ദൈവവുമായോ ദര്‍ശനവുമായോ ബന്ധപ്പെട്ട ഒരു കാര്യമല്ല. അതു വെറും Law of the land ആണു. ക്ഷേത്രപ്രവേശനം നിലവില്‍ വന്ന ശേഷം ജനപ്രതിനിധികള്‍ കൂടിയാലോചിച്ച്‌ അംഗീകരിച്ച ഒരു പ്രമേയത്തിന്റേയോ നിയമത്തിന്റേയോ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒരു ചട്ടം. അതു നടപ്പാക്കാനുള്ള ചുമതല ദേവസ്വത്തിനുണ്ട്‌. അതുകൊണ്ടാവണമല്ലോ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ആ അറിയിപ്പ്‌ പരസ്യമായി എഴുതി വച്ചിരിക്കുന്നത്‌. ഒരു രാജ്യത്തും സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇതു പോലെ ഒരു നിയമവും നടപ്പില്‍ വരുത്താനാവില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനപ്രതിനിധികള്‍ക്ക്‌ (രാജഭരണത്തില്‍ രാജാവിനും) അത്‌ നീക്കം ചെയ്യാനോ കര്‍ശ്ശനമാക്കാനോ അവകാശമുണ്ട്‌. യേശുദാസിനുമാത്രമായി ആ നിയമം ഇളവു ചെയ്താലും തെറ്റ്‌ പറയാനാവില്ല.

പിന്നെ എന്തു കൊണ്ടാണിത്‌ വിവാദമാകുന്നത്‌? വികാരം വിവേകത്തെ മറികടക്കുന്നത്‌ കൊണ്ട്‌ എന്ന് സാമാന്യമായി പറയാം. വിശ്വാസികളുടെ സംഘങ്ങള്‍ നിയമം നിര്‍വ്വചിക്കുന്നു. ദൈവത്തിന്റെ പേരില്‍ അവര്‍ക്കെന്തും ചെയ്യാം. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വസാക്ഷിയുമായ ഈശ്വരനെ രക്ഷിക്കാന്‍ വരെ ഭക്തസംഘങ്ങള്‍ മുന്നിട്ട്‌ ഇറങ്ങുന്നു. എന്തു വിരോധാഭാസമാണിത്‌! ഇതൊരു രോഗലക്ഷണമാണു. സനാതനി സെമെറ്റിക്കാവുന്നതിന്റെ ലക്ഷണം. ഹിന്ദുവെന്ന് (പരിഹസിക്കാന്‍) ഇരട്ടപ്പേരിട്ട്‌ വിളിക്കുന്ന ഇന്ത്യാക്കാരനു ദൈവം മുകളിലെവിടെയോ ഇരുന്ന് ഭരിക്കുന്ന മനുഷ്യരൂപിയൊന്നുമായിരുന്നില്ല. ആ മാറ്റം സംഭവിച്ചിട്ട്‌ അധികം കാലമായിട്ടുമില്ല. സംസ്കാരത്തിന്റെ അടിത്തറയിളക്കിയ മെക്കാളേയുടെ വിദ്യാഭ്യാസം വന്നതിനു ശേഷമാണു അതുണ്ടായത്‌. പാരമ്പര്യത്തേയും അറിവിനേയും പരിഹസിച്ചും വലിച്ചെറിഞ്ഞും പടിഞ്ഞാറിന്റെ ചുഷണ സംസ്കാരം സ്വാഗതം ചെയ്ത സവര്‍ണ്ണഹിന്ദുവിന്റെ കാലം മുതലാണു ദൈവം പടികയറിപ്പോയത്‌. പിന്നെ വിശ്വാസികള്‍ സംഘം ചേരാനും ദൈവത്തെ സംരക്ഷിക്കാനും തുടങ്ങി. സംഘടിച്ച്‌ ശക്തരാകാന്‍ ആഹ്വാനം ചെയ്ത സന്യാസിമാര്‍ നമുക്കുണ്ടായി. വിശ്വാസം വലിയൊരു വ്യവസായമായി മാറുന്ന കാഴ്ചയുടെ മദ്ധ്യത്തിലാണു നാം ഇപ്പോള്‍. ദൈവത്തിനു കടുത്ത വര്‍ണ്ണങ്ങള്‍ നല്‍കുന്നതും വിവാദങ്ങള്‍ വഴി പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതും വ്യവസായങ്ങളില്‍ സ്വാഭാവികം. അതില്‍ തെറ്റ്‌ പറയരുത്‌.

ഇതിനിടയില്‍ ലളിതമായ ഒരു ചോദ്യമുണ്ട്‌. ക്ഷേത്രങ്ങള്‍ സാമൂഹികാരാധനയ്ക്കുള്ള ഇടങ്ങളാണോ? അവിടെ ചെന്നാല്‍ ഭക്തിയും ജ്ഞാനവും ഉണ്ടാകുമോ? മനസ്സ്‌ ശാന്തമാകുമോ? സംശയമാണു. എന്തൊരു ബഹളമാണു ക്ഷേത്രങ്ങളില്‍? നിര്‍മ്മാല്യത്തിനും ദീപാരാധനയ്ക്കും തിരക്ക്‌. വിവാഹം, ചോറൂണ്‍, തുലാഭാരം തുടങ്ങി ചടങ്ങുകള്‍ വേറെ. VIP ഭക്തന്മാരും അവരുടെ കറുത്തപൂച്ചകളും ചെയ്യുന്ന ശല്യം മറുവഴിക്ക്‌! ഇതിനിടയില്‍ ദേവനെ ഒന്ന് നന്നായി കാണുന്ന എത്ര പേരുണ്ട്‌? ഈ ബഹളങ്ങള്‍ക്കിടയില്‍ മനസ്‌ ശാന്തമാകുന്നതെങ്ങനെ? ശാന്തിയില്ലാതെ എന്ത്‌ ആരാധന?

പ്രാര്‍ത്ഥിച്ചതു കൊണ്ട്‌ മാത്രമായില്ല. ദൈവം പ്രസാദിക്കണമെങ്കില്‍ പണം കൊടുക്കണം. കണ്ടിട്ടില്ലെ അനുഗ്രഹങ്ങളുടെ വിലവിവരപ്പട്ടിക ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്നത്‌? കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ അനുഗ്രഹം!! എന്നിട്ടും ഭഗവാനേപ്പറ്റിപ്പറയുന്നതോ 'നിര്‍മ്മമന്‍'.

അനുഗ്രഹിക്കുക മാത്രമല്ല ദൈവത്തിന്റെ തൊഴില്‍. മനുഷ്യര്‍ തമ്മിലുള്ള വഴക്കിനും വക്കാണത്തിനും കക്ഷിചേരണം. വേറൊരുത്തന്‍ മുടിയാനും ചാകാനും പൂജയുണ്ട്‌. ശത്രുവിന്റെ കയ്യോ കാലോ ഒടിക്കാന്‍ ദൈവത്തോട്‌ പറഞ്ഞാല്‍ മതി. ഇതെന്തു ലോകം? ദൈവമെന്താ ക്വട്ടേഷന്‍ പാര്‍ട്ടിയോ? പ്രാര്‍ത്ഥിക്കുന്നവന്റെ ഗുണ്ടയാകേണ്ടി വരുന്ന ദൈവത്തിന്റെ ഗതികേടിനേക്കുറിച്ച്‌ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ചെയ്യുന്ന വേഷങ്ങള്‍ ജീവിതത്തില്‍ കെട്ടേണ്ടി വരുന്ന ഭഗവാനെക്കുറിച്ച്‌ എന്തു പറയാന്‍! നിശ്ചലനും നിരാകാരനുമായ ഈശ്വരനെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ക്കുന്ന മനുഷ്യമനസിനെ രണ്ട്‌ കയ്യുമുയര്‍ത്തി തൊഴണം.

ക്ഷേത്രവും ക്ഷേത്രാരാധനയും വൈദികമാണെന്ന് പറയാന്‍ പ്രയാസമാണു. ആരും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. വൈദിക കാലത്ത്‌ ജ്ഞാനമാണു പരമപദം. അതിനുള്ള ക്ഷേത്രങ്ങള്‍ ഋഷീശ്വരന്മാരാണു. അവര്‍ കുടിലുകളില്‍ താമസിച്ചു. അദ്ധ്യയനമാണു ആരാധന. രാജാക്കന്മാരും സാധാരണക്കാരും അവിടേക്ക്‌ ചെന്നു. അറിവ്‌ പാത്രമനുസരിച്ച്‌ അവര്‍ പകര്‍ന്നു. ശാന്തിയും സമാധാനവും ഉണ്ടായി. മനുഷ്യന്‍ തൃപ്തിയോടെ ജീവിച്ച്‌ പോന്നു. സനാതന ധര്‍മ്മത്തില്‍ ഇതിലപ്പുറം എന്താണു ഉള്ളതു?

സനാതന ധര്‍മ്മത്തിന്റെ അടിത്തറ വേദമാകുമ്പോള്‍ അതിലില്ലാത്തതു നിഷ്കരുണം ഉപേക്ഷിക്കണ്ടതാകുന്നു.

അപ്പോള്‍ ശ്രീരാമനും, അര്‍ജ്ജുനനുമൊക്കെ പൂജകള്‍ നടത്തിയിട്ടുണ്ടല്ലോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. പക്ഷെ അതൊന്നും ഇന്ന് നാം കാണുന്ന മാതിരിയുള്ള ക്ഷേത്രങ്ങളിലായിരുന്നില്ല. രാമേശ്വരത്ത്‌ കടല്‍ത്തീരത്തായിരുന്നു രാമന്റെ പൂജ.
വെറും പൂഴി മണ്ണില്‍.
ഈശ്വരനെ പ്രത്യക്ഷപ്പെടുത്തിയതായി പറയപ്പെടുന്ന ഓരോ കഥാപാത്രങ്ങളും വിജനവും ഗഹനവുമായ വനങ്ങളില്‍പ്പോയാണു സാക്ഷാത്ക്കാരം നേടിയത്‌.
അതിനൊന്നും ഇന്നുള്ള പോലെ വലിയ എടുപ്പോടുകൂടിയ കെട്ടിടങ്ങളോ പുരോഹിതന്മാരോ അമ്പലം കമ്മറ്റിക്കാരോ ആവശ്യമായിരുന്നില്ല. അവര്‍, തനിച്ച്‌, ഏകാന്തത്തില്‍ നേടിയ നിര്‍വൃതിയെ ആണു പിന്നീട്‌ ക്ഷേത്രങ്ങളിലൂടെ പുരോഹിത വര്‍ഗ്ഗം വില്‍പ്പനക്ക്‌ വയ്ക്കാന്‍ ശ്രമിച്ചത്‌. ക്ഷേത്രങ്ങള്‍ക്ക്‌ അതു നല്‍കാനാവില്ലെന്ന് ഈ വിവാദമുള്‍പ്പെടെയുള്ള ചരിത്രം തെളിയിക്കുന്നു.

അപ്പോള്‍ പിന്നെ ഈ ക്ഷേത്രങ്ങള്‍ എങ്ങനെ ഉണ്ടായി?
അവയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ചില തെളിവുകള്‍ ലഭിക്കും.
വൈദേശിക കയ്യേറ്റക്കാരെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്വദേശീയരായ ഹിന്ദു രാജാക്കന്മാര്‍ നശിപ്പിച്ചിട്ടുണ്ട്‌. ഏതു രാജാവും അന്യരാജ്യം പിടിച്ചടക്കുമ്പോള്‍ ആദ്യം കയ്യേറിയിരുന്നതു ക്ഷേത്രങ്ങളായിരുന്നു. അവ തീര്‍ത്തും കൊള്ളയടിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത്‌ കൊണ്ട്‌ പോവുകയും ചെയ്തിരുന്നു. ക്ഷേത്രസമുച്ചയങ്ങള്‍ തകര്‍ത്ത്‌ തരിപ്പണമാക്കാനും പല ഹിന്ദു രാജാക്കന്മാരും മടിച്ചില്ല. അവയൊക്കെ ആരാധനാലയങ്ങളായിരുന്നുവെങ്കില്‍ ഹിന്ദു ധര്‍മ്മികളായ രാജാക്കന്മാര്‍ അങ്ങനെ ചെയ്യുമായിരുന്നോ? വെറുതെ ദൈവകോപം വരുത്തി വയ്ക്കുന്ന അത്തരം പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഏത്‌ ഹിന്ദുവാണു ധൈര്യപ്പെടുക? ക്ഷേത്രങ്ങള്‍ രാജാധികാരത്തിനു താഴെയായിരുന്നു എന്നൊരു തീര്‍പ്പ്‌ ഭാരതത്തില്‍ പണ്ട്‌ തൊട്ടേ നിലനിന്നിരുന്നു എന്നു വേണം കരുതാന്‍.

ഇതിലേക്കുള്ള തെളിവിനായി അത്ര പഴയകാലം വരെ ഒന്നും പോകണ്ട.
തീവ്രഹിന്ദുവായ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്രമോഡി ചെയ്തത്‌ ശ്രദ്ധിച്ചാല്‍ മതി.
നര്‍മ്മദ അണക്കെട്ടിനായി ആയിരക്കണക്കിനു ശിവക്ഷേത്രങ്ങളാണു ഗുജറാത്തില്‍ മുക്കിക്കളയേണ്ടി വന്നത്‌. നര്‍മ്മദയുടെ തീരത്തെ ക്ഷേത്രങ്ങളുടെ പ്രാധാന്യം അദ്ദേഹത്തിനു തീരെ അറിവില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണു. ഹിന്ദു സന്യാസത്തിനു അവിഭാജ്യമാണു നര്‍മ്മദാ തീരത്തെ ക്ഷേത്രങ്ങള്‍. അവയിലൂടെ ഒരു വട്ടം ചുറ്റിക്കഴിയുമ്പോഴാണു ഒരു ഹിന്ദു സന്യാസി പൂര്‍ണ്ണനാകുന്നത്‌. നര്‍മ്മദാ പരിക്രമണം എന്നത്‌ അറിയപ്പെടുന്നു. നര്‍മ്മദയില്‍ അണക്കെട്ട്‌ വന്നപ്പോള്‍ ഹിന്ദുവിനു നിഷേധിക്കപ്പെട്ടതു ഏറ്റവും പാവനമായ ഒരു അനുഷ്ടാനമാണു. നര്‍മ്മദാ പരിക്രമണം. അതും അനുഷ്ടാനങ്ങളേ ഒക്കെ ബഹുമാനിക്കുന്ന, ഹിന്ദുവായ, ലോകമെങ്ങും ഹിന്ദു ധര്‍മ്മം പുലരണമെന്ന് ഓരോ ശ്വാസത്തിലും ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയില്‍ നിന്ന്.

ഇതില്‍ നിന്നും നമുക്ക്‌ ലഭിക്കുന്ന സന്ദേശമെന്താണു?

ഒരു പൊതുധര്‍മ്മത്തിനായി ഏതു വലിയ ക്ഷേത്രത്തേയും ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. ആയിരക്കണക്കിനാളുകള്‍ക്ക്‌ കുടിവെള്ളം, ഹെക്ടറുകണക്കിനു ഭൂമിയില്‍ കൃഷി, വ്യവസായങ്ങള്‍ക്ക്‌ ശുദ്ധജലം. നര്‍മ്മദ വിഭാവനം ചെയ്യുന്നത്‌ അതാണു. ഹിന്ദുവിന്റെ അനുഷ്ടാനങ്ങള്‍ മാറ്റിവച്ചാണെങ്കിലും ഇതൊക്കെ നേടുന്നതാണു പുണ്യം. സാമൂഹികാരാധനക്ക്‌ ഇടം വേറെയുണ്ടാക്കാം.

കേരളത്തിന്റെ കാര്യം വരുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക്‌ സാമൂഹിക ആരാധനയില്‍ ഇത്രപോലും പങ്കുണ്ടോ എന്ന് സംശയമാണു.

വലിയ വലിയ നമ്പൂതിരി കുടുംബങ്ങളില്‍ സ്വന്തമായ വച്ച്‌ വാഴിച്ചകള്‍ ഉണ്ട്‌. ദേവത അവരുടെ ഇല്ലങ്ങളില്‍ പാര്‍ക്കുന്നു.
തൊട്ട്‌ താഴെയുള്ള നായന്മാര്‍ക്കും മറ്റും കളരി ദൈവങ്ങളും പിതൃക്കളുമായിരുന്നു ആരാദ്ധ്യര്‍.
ഒറ്റത്തിരി മാത്രം കൊളുത്തുന്ന കാവുകള്‍ അവരിലെ സ്ഥാനികളുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ഈഴവര്‍ക്കും ഏതാണ്ട്‌ ഇതേപോലെ തന്നെ.
ദളിതുകള്‍ക്ക്‌ പ്രകൃതി ദൈവങ്ങള്‍! ഏറ്റവും ശക്തവും തീഷ്ണവുമായിരുന്നു അവരുടെ സാന്നിദ്ധ്യം.

ഇതിനിടയില്‍ നാമിന്നു കാണുന്ന ക്ഷേത്രങ്ങളുടെ സ്ഥാനം എവിടെയാണു?

ക്ഷേത്രങ്ങള്‍ നില്‍ക്കുന്ന സ്ഥലം അതിന്റെ രൂപകല്‍പ്പന തുടങ്ങിയവ ശ്രദ്ധിച്ചാല്‍ അതേപ്പറ്റി ചില ഊഹങ്ങള്‍ കിട്ടും. ഗ്രാമകേന്ദ്രത്തില്‍ ഉയര്‍ന്ന ഒരു സ്ഥാനത്തായിരിക്കും ഏതാണ്ട്‌ മിക്ക ക്ഷേത്രങ്ങളും. കനത്ത ചുറ്റ്‌ മതിലു കൊണ്ട്‌ മറ്റുള്ള എടുപ്പുകളില്‍ നിന്ന് വേര്‍തിരിച്ചാണു അവയുടെ നില്‍പ്പ്‌.
മലയാളി വേലി പോലും കെട്ടിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണു ഈ കനത്ത ചുറ്റുമതില്‍ എന്നോര്‍ക്കണം. ഒരു സംരക്ഷിത മേഖലയുടെ എല്ലാ സ്വഭാവവും അതിനുണ്ട്‌.
എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല.
സവര്‍ണ്ണനും ഉന്നത ജാതിക്കാരനുമാണെങ്കില്‍ പോലും.
ക്ഷേത്രപ്രവേശന നിയമം വരുന്നതിനു മുമ്പ്‌ സവര്‍ണ്ണരിലെ സ്ഥാനി നായന്മാരെ പോലും അതിനകത്ത്‌ കടക്കാന്‍ അനുവദിച്ചിരുന്നില്ല.
അമ്പലവാസികള്‍ക്ക്‌ സഞ്ചാര പരിധി നിര്‍ണ്ണയിച്ചിരുന്നു.
ക്ഷത്രിയനായ രാജാവിനെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ച്‌ അകത്തേക്ക്‌ പ്രവേശിപ്പിക്കും.

ബ്രാഹ്മണന്‍, വേദം പഠിച്ചവനാണെങ്കില്‍ മണിയടിച്ച്‌ നേരിട്ട്‌ ശ്രീകോവിലില്‍ കടന്ന് പൂജചെയ്യും. പൂജാരിയെ ശ്രദ്ധിക്കുകയേ ഇല്ല. ഇന്ന് കാണുന്ന പ്രാധാന്യമൊന്നും പൂജാരിക്ക്‌ അന്ന് ഉണ്ടായിരുന്നില്ല. അകത്ത്‌ കടക്കാത്തവര്‍ സോപാന മണ്ഡപത്തില്‍ നമസ്കരിച്ച്‌ വേദം ചൊല്ലും.
പൂജാരിക്കു ഒരു കാവലാളിന്റെ സ്ഥാനമാണന്ന്.

ക്ഷേത്രങ്ങളുടെ ഉള്‍ത്തളങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കിയിട്ടുണ്ടോ?
ഒന്നിലധികം പേര്‍ക്ക്‌ നിന്ന് ആരാധിക്കുവാന്‍ സൗകര്യമുള്ള എത്ര ക്ഷേത്രങ്ങള്‍ കേരളക്കരയിലുണ്ട്‌? ആരാധിക്കണ്ട വിഗ്രഹം നേരില്‍ക്കാണാനുള്ള സൗകര്യമെങ്കിലും?
ശ്രീകോവിലിനുമുന്നില്‍ രണ്ടു പേര്‍ വന്നാല്‍ കൂട്ടിതൊടാതെ നില്‍ക്കാന്‍ പ്രയാസമാണു. രണ്ടാമത്തേയാള്‍ എതിര്‍ ലിംഗത്തില്‍ പെട്ടയാളാണെങ്കില്‍ ശ്രദ്ധ ദേവനില്‍ നില്‍ക്കുമോ?
പിന്നെ എങ്ങനെ ഭക്തിയുണ്ടാകും?

പുറമേ നിന്ന് വണങ്ങാമെന്ന് വിചാരിച്ചാല്‍ ദര്‍ശ്ശനം തടയുന്ന എടുപ്പുകളാണു മുന്നില്‍ മുന്നില്‍....കൊടിമരം കൊണ്ട്‌ തന്നെ അകത്തുള്ളത്‌ ഒട്ടുമുക്കാലും മറയും.
ശേഷിക്കുന്നതു ബലിക്കല്ലും മറയ്ക്കും.
വാഹനപ്രതിഷ്ടയുള്ള അമ്പലങ്ങളില്‍ വിഗ്രഹം മറച്ച്‌ കൊണ്ടായിരിക്കും വാഹനം നില്‍ക്കുക. ശ്രീകോവിലിനു മുന്നില്‍ പോയി നിന്നാല്‍ പ്രതിഷ്ഠ വ്യക്തമായി കാണാനാകുമോ?
മിക്കയിടത്തും അതും പ്രയാസമാണു.
കുനിഞ്ഞോ ചരിഞ്ഞോ നിന്നാലേ പല ക്ഷേത്രങ്ങളിലും വിഗ്രഹം കാണൂ.
അതു തന്നെ താന്ത്രിക വിധിപ്രകാരമുള്ള ഏത്‌ പ്രതിഷ്ഠയാണെന്ന് തിരിച്ചറിയണമെങ്കില്‍ അല്‍പനേരം സൂക്ഷിച്ച്‌ നോക്കി നില്‍ക്കേണ്ടി വരും.
അതിനുള്ള അറിവ്‌ ഭക്തനുണ്ടെങ്കില്‍.
അങ്ങനെ നോക്കി നില്‍ക്കാന്‍ ക്ഷേത്രങ്ങളിലെ തിരക്ക്‌ അനുവദിക്കുമോ?
അനുവദിച്ചാല്‍ തന്നെ ദേവസ്വം ഉദ്ദ്യോഗസ്ഥര്‍ സമ്മതിക്കുമോ? "മാറു..മാറൂ.." എന്ന് പറഞ്ഞ്‌ അവര്‍ ഭക്തനെ ഓടിച്ച്‌ കളയും! കാശുകൊടുത്ത്‌ ചീട്ടെടുക്കുന്നത്‌ വരയേ ക്ഷേത്രത്തിനുള്ളില്‍ ഭക്തനു കാര്യമുള്ളു. പൂജയും മന്ത്രവുമൊക്കെ അതിന്റെ വഴിക്ക്‌ നടക്കും. ആളുകള്‍ വന്നാലുമില്ലെങ്കിലും. ചുരുക്കത്തില്‍ ദേവതയും ആരാധകരുമായി വലിയ ബന്ധമൊന്നുമില്ലെന്നും ക്ഷേത്രത്തിലെ പൂജ മറ്റേതോ തലത്തിലാണു നടക്കുന്നതെന്ന് വ്യക്തം.
അതേപ്പറ്റി തിരിച്ചറിവില്ലാത്തവരാണു ബാലിശമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌.

വിഗ്രഹാരാധന ഭാരതത്തിനു അപരിചിതമല്ല. പക്ഷെ അതിനുള്ള അര്‍ഹത നേടുകയെന്നത്‌ ദുഷ്കരമാണു. അമ്പലപ്രസംഗങ്ങളില്‍ കേള്‍ക്കുന്ന പോലെ അത്‌ 'പ്രഥമ'യൊന്നുമല്ല. സര്‍വ്വാന്തര്യാമിയായ ഈശ്വരനെ കല്ലിലും തടിയിലും കാണുവാന്‍ കഴിവുള്ളവര്‍ക്കാണു അത്‌ പറഞ്ഞിട്ടുള്ളത്‌. ആ സവിശേഷഭാവം ആര്‍ജ്ജിക്കുവാന്‍ നിസ്സാരമായി കഴിയുകയുമില്ല. അതിനു തപസ്സ്‌ വേണമെന്ന് പണ്ടുള്ളവര്‍ പറയുന്നു. ആ മാനദണ്ഡം വച്ച്‌ നോക്കിയാല്‍ ഇന്ന് ഒരു സാധാരണ ഭക്തനുമാത്രമല്ല പല പുരോഹിതന്മാര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ കടക്കുവാന്‍ കഴിയില്ല. വിധി പ്രകാരമുള്ള മന്ത്രം അറിയാതെ വരുമ്പോള്‍ വയലാര്‍ക്കവിതയോ, (a+b)2 എന്ന ഇക്വേഷന്റെ നിര്‍ദ്ധാരണമോ ചൊല്ലി അര്‍ച്ചിക്കുന്ന പൂജകരുമുള്ള നാടാണു കേരളം!
കല്ലിലും തടിയിലും വരെ ഈശ്വരനേ കാണുക എന്ന ഉയര്‍ന്ന സങ്കല്‍പം കാരണമാകണം ക്ഷേത്രങ്ങള്‍ എല്ലാവരാലും ഉപയോഗിക്കപ്പെടാതെ ഒഴിച്ച്‌ നിര്‍ത്തപ്പെട്ടത്‌.
കാലക്രമത്തില്‍ അതിന്റെ അന്തസത്ത വിസ്മരിക്കപ്പെട്ട്‌ അതു നിരോധിത സൗധങ്ങളായി മാറി.

ക്ഷേത്രങ്ങളുടെ രൂപഘടന മറ്റൊരു ഊഹം കൂടി നല്‍കുന്നുണ്ട്‌. പുറമേനിന്നുള്ള ആക്രമണങ്ങളെ ചെറുക്കത്തക്ക വിധം ഉയര്‍ന്ന മതില്‍ക്കെട്ടോടു കൂടിയവയായിരിക്കും മിക്ക ക്ഷേത്രങ്ങളും. സുരക്ഷിതത്വത്തിനു പ്രാധാന്യം കൊടുത്താണു മിക്കവയും രൂപകല്‍പന ചെയ്തിരിക്കുന്നത്‌. പലയിടത്തും strong room കള്‍ ഉണ്ട്‌. അധിഷ്ഠാന ദേവതയെചുറ്റി ശാപാനുഗ്രഹങ്ങളുടെ കഥകളുമുണ്ട്‌. 'ഭയം' എന്ന കരിമ്പൂച്ചകള്‍ കാവല്‍ നില്‍ക്കുന്നവയാണു ക്ഷേത്രങ്ങള്‍! ആരാധനയ്ക്കാണെങ്കില്‍ എന്തിനാണു ഇത്ര security?

ക്ഷേത്രങ്ങളുടെ രൂപഘടനയും സുരക്ഷാ സംവിധാനവും വച്ച്‌ നോക്കുമ്പോള്‍ അവയ്ക്ക്‌ കൂടുതല്‍ സമാനത ഖജനാവുകളോടാണു.
land classification രേഖകളില്‍ അതിന്റെ തെളിവുണ്ട്‌.
ഗ്രമദേവതയുടെ പേരിലായിരുന്നു പണ്ട്‌ ഭൂമി മുഴുവന്‍. ഭരദേവത എന്നാണു പേര്‍.
നിയമപരമായി മൈനറണാണു കഥാപാത്രം.
Undivided Hindu family യിലെ മൈനറിനുള്ള എല്ലാ അവകാശങ്ങളും ഗ്രാമദേവതയ്ക്ക്‌ ലഭിച്ചു പോന്നു. സ്വാതന്ത്ര്യാനന്തരകാലത്തും ദേവതയുടെ നിയമപരമായ അവകാശം നിലനിന്നു.
ഭൂപരിഷ്കരണമാണു കേരളത്തില്‍ അതിനൊരു വിരാമമിട്ടത്‌.
ആ നിയമം വലിയ വ്യവഹാരങ്ങള്‍ക്ക്‌ പിന്നീട്‌ ഇടനല്‍കി.
അതൊന്നും ആരാധനയുമായി ബന്ധപ്പെട്ടല്ലായിരുന്നു എന്ന് പ്രത്യേകം ഓര്‍ക്കുക.
എല്ലാം വസ്തു സംബന്ധമായ സിവില്‍ കേസ്സുകളായിരുന്നു.
ഇതില്‍ നിന്ന് മനസിലാകുന്നത്‌ ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുപരി മറ്റ്‌ എന്തിനൊക്കയോ വേണ്ടി ആയിരുന്നു എന്നാണു.

രാജാധികാരത്തിന്റെ ഗ്രാമ്യമായ പ്രതിരൂപമായിരുന്നില്ലേ ക്ഷേത്രങ്ങള്‍?
പറയെടുപ്പെന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമാഹരണം നികുതി പിരിവല്ലേ യഥാര്‍ത്ഥത്തില്‍? ആദ്യകാലത്ത്‌ ഈ നികുതിപ്പണം സമൂഹ നന്മയ്ക്ക്‌ ഉപയോഗിച്ചിരുന്നു എന്ന് വേണം കരുതാന്‍.
പണ്ട്‌ ക്ഷേത്രങ്ങള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ നോക്കിയാല്‍ അത്‌ ബോദ്ധ്യമാകും. അതിലൊന്നായിരുന്നു വിജ്ഞാനത്തിന്റെ വിതരണം. ചെങ്ങന്നൂര്‍, ആറന്മുള, ഹരിപ്പാട്‌, വൈക്കം തുടങ്ങിയ വലിയ ക്ഷേത്രങ്ങളില്‍ വിശാലമായ ഗ്രന്ഥപ്പുരകള്‍ ഉണ്ടായിരുന്നു. തച്ച്‌ ശാസ്ത്രം, ആയുര്‍വ്വേദം, ജ്യോതിഷം, രസതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള താളിയോലകളും മറ്റ്‌ രേഖകളുമായിരുന്നു അത്തരം ഗ്രന്ഥപ്പുരകളില്‍ നിറഞ്ഞിരുന്നത്‌.
അവയൊക്കെ വിശദമായി പഠിപ്പിച്ച്‌ കൊടുക്കാന്‍ പ്രാപ്തരായ പണ്ഡിതര്‍ ക്ഷേത്രപരിസരത്ത്‌ താമസിക്കുകയും ചെയ്തു.

ആരാധനയ്ക്ക്‌ മാത്രമായിരുന്നു ക്ഷേത്രങ്ങള്‍ എങ്കില്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?

ആരോഗ്യപരിപാലനകാര്യങ്ങളും ക്ഷേത്രങ്ങള്‍ വഴിയാണു നടപ്പാക്കിയിരുന്നത്‌.
തകഴിയില്‍ നിന്ന് പക്ഷവധത്തിനു ചികിത്സ കിട്ടും.
തിരുവിഴയില്‍ കൈവിഷത്തിനു.
(തെറ്റിദ്ധരിക്കണ്ട. ശരീരത്തിനുള്ളില്‍ പുറമേ നിന്നു കടന്നു കൂടുന്ന ദോഷകരമായ വസ്തുക്കള്‍, വിരുദ്ധാഹാരത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്ന ആന്തരിക വിഷം എന്നൊക്കെയാണു കൈവിഷത്തിനു ആയുര്‍വ്വേദം നല്‍കിയിരിക്കുന്ന നിര്‍വ്വചനം).
മണ്ണടിയിലും പ്രക്കാനത്തും ചിലന്തി വിഷത്തിനു മരുന്നുണ്ടായിരുന്നു.
കൊല്ലൂരും, വടക്കന്‍ പറവൂരും ബുദ്ധിവികാസത്തിനുള്ള കഷായങ്ങള്‍!

അര്‍ബ്ബുദത്തിനു കൈപ്പുഴ (പന്തളം) ക്ഷേത്രത്തിലെ കദളിപ്പഴം!
വിവിധ ഔഷധികള്‍ ചേര്‍ത്ത തീര്‍ത്ഥങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമായിരുന്നു.
ഇതൊക്കെ തികച്ചും സൗജന്യമായാണു ജനങ്ങള്‍ക്ക്‌ ലഭിച്ചു കൊണ്ടിരുന്നതും.
സമൂഹത്തിലെ ജ്ഞാനികളും, തപസ്വികളും, നിര്‍മ്മമന്മാരുമായ വ്യക്തികളായിരുന്നു അന്ന് ക്ഷേത്രങ്ങളുടെ ചുമതലയില്‍. അവര്‍ക്ക്‌ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കുറവായിരുന്നു.
ചിലവിനു പ്രത്യേകം കൃഷിഭൂമിയുണ്ട്‌. ബ്രഹ്മസ്വം.
നൂറ്റാണ്ടുകളായി അവര്‍ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചിട്ടും ഉണ്ടാകാത്ത വിവാദങ്ങളും അഴിമതികളുമാണു 50 വര്‍ഷം കൊണ്ട്‌ നമ്മുടെ ജനായത്ത ദേവസ്വം ഭരണാധികാരികള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. ക്ഷേത്രങ്ങള്‍ക്ക്‌ പവിത്രതയും ആരാധകര്‍ക്ക്‌ ഭക്തിയും ഭരണപര്‍ക്ക്‌ ദൈവഭയവും ഉണ്ടായിരുന്നെങ്കില്‍ ക്ഷേത്രങ്ങളേക്കുറിച്ച്‌ ഇന്ന് കേള്‍ക്കുന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമായിരുന്നോ?.

നേരല്ലാത്തവഴിക്ക്‌ സമ്പാദിക്കുന്ന ധനത്തിന്റെ പങ്ക്‌ കൊണ്ട്‌ ചെന്ന് തള്ളാന്‍ ഭക്തന്മാര്‍ കണ്ടെത്തിയിരിക്കുന്ന ഒരിടമാണു അമ്പലങ്ങള്‍.
അതു കൊണ്ട്‌ തങ്ങളുടെ തെറ്റുകള്‍ പൊറുക്കപ്പെടുമെന്നാണു പാവങ്ങളുടെ വിശ്വാസം!
ഇറച്ചി വെട്ടുന്നിടത്ത്‌ പട്ടി ചെന്നിരിക്കും എന്ന പോലെ ആര്‍ത്തിക്കാരായ അമ്പലം കമ്മിറ്റിക്കാരും പൂജാരികളും അവിടെ കാത്തിരിക്കുന്നു.
വിശ്വാസിയുടെ അഥവാ കുറ്റബോധക്കാരന്റെ പണം അടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനെഞ്ഞു കൊണ്ട്‌.അതിനു സഹായിക്കാന്‍ ജ്യോത്സ്യന്മാരുമുണ്ട്‌.
വിലവിവരപ്പട്ടിക എഴുതി വച്ച്‌ ചടങ്ങുകള്‍ കച്ചവടം ചെയ്യുന്നതല്ലാതെ എന്താണു ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌?
ഹിന്ദുവിന്റെ ധര്‍മ്മശാസ്ത്രങ്ങള്‍ അവിടെ പഠിപ്പിക്കുന്നുണ്ടോ?
നല്ല ഒരു ജീവിതത്തിനു വേണ്ടുന്ന ഉപദേശം കിട്ടുമോ ക്ഷേത്രങ്ങളില്‍ നിന്ന്?
നെറ്റിയിലിരിക്കാത്ത ചന്ദനവും, കപ്പപ്പൊടികൊണ്ടുള്ള സിന്ദൂരവും കവറുപാലിന്റെ പാല്‍പ്പായസവും ഒക്കെ അല്ലാതെ മറ്റ്‌ എന്താണു അവിടുത്തെ പ്രസാദങ്ങള്‍?
കാമന സാധിക്കാനുള്ള പ്രാര്‍ത്ഥനകളല്ലാതെ മറ്റ്‌ എന്ത്‌ മന്ത്രങ്ങളാണു ഇന്ന് ക്ഷേത്രങ്ങളില്‍ മുഴങ്ങുന്നത്‌?
ആഗ്രഹിക്കുന്നത്‌ സാധിക്കാതെ വരുമ്പോള്‍ അതു വരെ ഉണ്ടായിരുന്ന ഭക്തി പുതിയ ദേവതകളിലേക്കും ഇതര മതങ്ങളിലേക്കും നീങ്ങിപ്പോകുന്നതു കാണുമ്പോള്‍ ക്ഷേത്രവിശ്വാസത്തേക്കുറിച്ച്‌ തന്നെ പുച്ഛം തോന്നുന്നില്ലെ?.

ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ ക്ഷേത്രങ്ങള്‍ സാമൂഹികാരാധനയ്ക്കുള്ള സ്ഥലങ്ങളാണെന്ന്?

മേമ്പൊടി

ഹരിനാമകീര്‍ത്തനം

അനുപാനം
തകഴിയുടെ 'കയര്‍' ഓരോ അദ്ധ്യായങ്ങളായി മൂന്ന് നേരം. പിന്നെ നേരംകിട്ടുമ്പോഴൊക്കെ....

40 comments:

വേണു venu said...

അശോകു് മാഷേ,
മൊത്തം ഓടിച്ചൊന്നു വായിച്ചു. ഈ അടുത്ത കാലത്തു വായിച്ച മറ്റൊരു നല്ല ലേഖനം. പലചിന്തകളുമായും താദാത്മ്യം ഉള്ളതു കൊണ്ടു്, ഒന്നു കൂടി വായിച്ചതിനു ശേഷം എനിക്കെഴുതാന്‍‍ കഴിയുന്നതു് ഞാനെഴുതാം.

Anonymous said...

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്നത്‌ ദൈവവുമായോ ദര്‍ശനവുമായോ ബന്ധപ്പെട്ട ഒരു കാര്യമല്ല. അതു വെറും Law of the land ആണു.
Law of the land മറ്റ് മതങള്‍ക്ക് ബാധകമല്ലേ? അങനെ പറയാന്‍ ധൈര്യമുള്ള ഒരാളേ കാണിച്ച് തരു?

അശോക് കർത്താ said...

വേണുജി വളരെ സാവകാശം മതി.
Law of the land മറ്റ് മതങള്‍ക്ക് ബാധകമല്ലെന്ന് ആരാ പറഞതു. മുനിസിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ എത്ര കേസ്സാ വിവിധ മതങളുടെതായിട്ട്. അതൊരു തെളിവല്ലെ ഇന്‍ഡ്യയിലെ എല്ലാ മതങളും ഭരണഘടങ്ക്ക് ഉള്ളിലാണെന്ന്....

Anonymous said...

അതല്ല ഞാന്‍ ഉദ്ദേശിച്ചത്. അരാധന സംബന്ധിച്ച് ഒരു തീരുമാനം എടുക്കാന്‍ കഴിയുമോ എന്ന്?

അശോക് കർത്താ said...

തീര്‍ച്ചയായും, രാമജ്ന്മഭൂമി? ഓരോ ഗവണ്മെന്റിനും ഓരോ തീരുമാനം ഉണ്ടായിരുന്നു. എല്ലായിപ്പോഴും ഇത്തരം കാര്യങള്‍ ഭരണഘടനയ്ക്കും ജുഡീഷറിക്കും ഉള്ളിലാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന അനുഭവമാണു നമുക്ക് മുന്നില്‍..

സാരംഗി said...

"ഒരു പൊതുധര്‍മ്മത്തിനായി ഏതു വലിയ ക്ഷേത്രത്തേയും ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. ആയിരക്കണക്കിനാളുകള്‍ക്ക്‌ കുടിവെള്ളം, ഹെക്ടറുകണക്കിനു ഭൂമിയില്‍ കൃഷി, വ്യവസായങ്ങള്‍ക്ക്‌ ശുദ്ധജലം. നര്‍മ്മദ വിഭാവനം ചെയ്യുന്നത്‌ അതാണു. ഹിന്ദുവിന്റെ അനുഷ്ടാനങ്ങള്‍ മാറ്റിവച്ചാണെങ്കിലും ഇതൊക്കെ നേടുന്നതാണു പുണ്യം".

വളരെ നല്ല ലേഖനം..
ഇത്‌ വായിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ കഷേത്രങ്ങളെ ഓര്‍മ്മ വന്നു. അവിടെ, 5 രൂപ കൊടുത്താല്‍ ക്യൂ നില്‍ക്കാതെ ദേവദര്‍ശനം, കൂടുതല്‍ കൊടുത്താലൊ ദേവന്റെ തലയിലെ കിരീടം നമ്മുടെ തലയില്‍ വച്ചു തരും...ക്ഷേത്രങ്ങളുടെ പ്രശസ്തിയനുസരിച്ച്‌ കൈക്കൂലി നിരക്കില്‍ വ്യത്യാസം..അപ്പോള്‍ പിന്നെ കഷേത്ര സങ്കല്‍പത്തിനു എന്തുണ്ട്‌ പ്രസക്തി. കേരളത്തില്‍ അതിലും കുറച്ചു കൂടി ഭേദമെന്ന് പറയാം

അനില്‍ ഐക്കര said...

ദൈവമെന്താ ക്വട്ടേഷന്‍ പാര്‍ട്ടിയോ?

ഇത്ര തീവ്രമായി
സത്യം പറയുന്ന ലേഖനങ്ങള്‍
മലയാളത്തില്‍ കണ്ടിട്ടില്ല..

ഒരു ശത്രുസംഹാര പൂജ
കഴിച്ച്‌ താങ്കളെ
ഒന്നൊതുക്കിയാലോ
എന്ന് ആലോചിക്കുന്നു..!

മുകളില്‍ പറഞ്ഞ
വാക്യം വായിച്ചിട്ട്‌ ഞങ്ങള്‍
ഒരു മണിക്കൂറോളം ചിരിച്ചു..

എന്റെ ഭാര്യ ഭക്തി മറന്നും
ചിരിച്ചു..പക്ഷേ
അങ്ങേര്‍ കലിപ്പാ..

ശത്രു സംഹാര പൂജ ഉറപ്പ്‌!

അപ്പു ആദ്യാക്ഷരി said...

വളരെ ശക്തമായ ലേഖനമാണിത്. പറഞ്ഞ പല കാര്യങ്ങളും ക്ഷേത്രങ്ങളില്‍ മാത്രം ഒതുക്കേണ്ട. അധികാരവും ഭരണവും രംഗത്തെത്തുമ്പോല്‍ മറ്റു സമുദായങ്ങളുടെ സ്ഥിതിയും ഇതുതന്നെ.

“മനസ്സ്‌ ശാന്തമാകുമോ? സംശയമാണു. എന്തൊരു ബഹളമാണു ക്ഷേത്രങ്ങളില്‍? നിര്‍മ്മാല്യത്തിനും ദീപാരാധനയ്ക്കും തിരക്ക്‌. വിവാഹം, ചോറൂണ്‍, തുലാഭാരം തുടങ്ങി ചടങ്ങുകള്‍ വേറെ. VIP ഭക്തന്മാരും അവരുടെ കറുത്തപൂച്ചകളും ചെയ്യുന്ന ശല്യം മറുവഴിക്ക്‌! ഇതിനിടയില്‍ ദേവനെ ഒന്ന് നന്നായി കാണുന്ന എത്ര പേരുണ്ട്‌? ഈ ബഹളങ്ങള്‍ക്കിടയില്‍ മനസ്‌ ശാന്തമാകുന്നതെങ്ങനെ? ശാന്തിയില്ലാതെ എന്ത്‌ ആരാധന?“ തുടങ്ങിയ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ് - ഏത് ആരാധനാലയത്തെ സംബന്ധിച്ചും.

അശോക് കർത്താ said...

സാരംഗി, അനില്‍,അപ്പു...എല്ലാവര്‍ക്കും നന്ദി. പോസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന അനുഭവങളും ആശയങളും കൂടി കമന്‍സിനൊപ്പം ചേര്‍ത്താല്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കും

ലുട്ടാപ്പി::luttappi said...

vayichu mashee.... another hit from ashok karthaa.....!!.. ithrem karyangal okke engine research cheythu kandethi..lekhanamaakkunnu..?

ജ്യോതീബായ്‌ പരിയാടത്ത്‌ said...

ശരിയാണു സര്‍ . അതിഭയങ്കരമായ മടുപ്പു തോന്നീട്ടുണ്ട്‌ പലപ്പോഴും. പിന്നെന്തിനു പോവുന്നു എന്നു ചോദിക്കാം.പോവേണ്ടി വരുന്നു എന്നതാണു കാര്യം.

chithrakaran ചിത്രകാരന്‍ said...

അശോക്‌ കര്‍ത്ത, താങ്കളുടെ പോസ്റ്റ്‌ നന്നായിരിക്കുന്നു. വിയോജിപ്പുണ്ടെങ്കിലും, ഇന്നത്തെ ഹിന്ദു ആരാധനാലയങ്ങളുടെ ദുസ്ഥിതിയിലുള്ള താങ്കളുടെ വ്യസനത്തില്‍ നിര്‍വ്യാജം ചിത്രകാരനും പങ്കുകൊള്ളുന്നു.

വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രകാരന്റെ ചില പൊസ്റ്റുകളുടെ ലിങ്ക്‌ താഴെ:
http://chithrakaran.blogspot.com/2006/11/blog-post_23.html ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

http://chithrakaran.blogspot.com/2007/01/blog-post_20.html ആത്‌മീയത പ്ലാസ്‌റ്റിക്ക്‌ കുപ്പിയില്‍ !!

http://chithrakaran.blogspot.com/2007/01/blog-post_09.html എന്താണ്‌ ആത്മീയത ?

http://chithrakaran.blogspot.com/2006/11/blog-post_28.html ശ്രീശ്രീ രവിശങ്കറിന്‌ മുഖംമൂടിയുണ്ടോ?

http://chithrakaran.blogspot.com/2007/04/blog-post_7750.html ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന

അനാഗതശ്മശ്രു said...

അശോക്‌ മാഷ്‌.
കഷായം കുടിക്കാന്‍ മടിയുണ്ടായിരുന്നു..കുടിച്ചപ്പോള്‍ കൊള്ളാം..
കണിച്ചു കുളങ്ങര ക്ഷേത്രം വെള്ളാപ്പള്ളി വക..അയാളുടെ' ബൂതഗണം' വക.
ഇപ്പൊ എല്ലം സുധാകരന്‍ വക

അശോക് കർത്താ said...

ലുട്ടാപ്പിച്ചേട്ടാ നന്ദി. ഇതില്‍ വലിയ റിസര്‍ച്ചൊന്നും വേണ്ടാ. വൈക്കം സത്യഗ്രഹം നടത്തിയതാരാ? സവര്‍ണ്ണ ഹിന്ദുക്കള്‍. അവര്‍ണ്ണനു അതിനകത്ത് കടക്കാന്‍ ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ക്ക് വേണ്ടി സമരം നടന്നു. അതേക്കുറിച്ച് അങനെ ആലോചിച്ച് പോയപ്പോള്‍ ഒടുവില്‍ ഇവിടെ എത്തി......

ശരിയാണു ജ്യോതി പറയുന്നത്....അമ്പലത്തിപ്പോക്ക് ഒരു ശീലമായിപ്പോയി. പരസ്യങള്‍ കണ്ട് സാ‍ധങള്‍ വാങുന്നപോലെ......

ചിത്രകാരന്റെ ബ്ലോഗുകള്‍ നോക്കുന്നുണ്ട്. അതിനു ശേഷമാകട്ടെ മറുപടി. എന്താ?

അനാഗശ്മശ്രുജി, കണിച്ചുകുളങര ക്ഷേത്രത്തേക്കുറിച്ച് ഞാന്‍ എന്തെങ്കിലും....? ഇല്ലെന്നാണു എന്റെ ഓര്‍മ്മ. എല്ലാക്കാര്യത്തേക്കുറിച്ചും നാം അഭിപ്രായം പറയാന്‍ പാടില്ല. അത് സത്യമാണെങ്കില്‍പ്പോലും. പഞ്ചതന്ത്രം ചെറുപ്പത്തില്‍ വായിച്ചു പോയതു കൊന്ടുണ്ടായ ശീലമാ. സത്യം പറഞാല്‍ പലര്‍ക്കും ഇഷ്ടപ്പെടില്ല. ചിലപ്പോള്‍ സത്യം കണ്ടെത്താന്‍ നിയോഗിച്ചവര്‍ക്കു പോലും.

കാളിയമ്പി said...

സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജിന് ഇതേ വിഷയത്തില്‍ വ്യത്യസ്തമായ ചില കാഴ്ചപ്പാടുകളുള്ളതായി കേട്ടിട്ടുണ്ട്..(മുന്‍ പോസ്റ്റില്‍ അദ്ദേഹത്തിന് കടാപ്പാട് വച്ചതുകൊണ്ട് ചോദിയ്ക്കുന്നു എന്നു മാത്രം:)

വ്യക്തിപരമായി , ചിലതിനോട് യോജിയ്ക്കുമ്പോള്‍ തന്നെ പലതിനോടും യോജിയ്ക്കാനാവുന്നില്ല..

"വൈദേശിക കയ്യേറ്റക്കാരെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്വദേശീയരായ ഹിന്ദു രാജാക്കന്മാര്‍ നശിപ്പിച്ചിട്ടുണ്ട്‌." എന്നതിന് തെളിവുകള്‍ നല്‍കാമോ..(തര്‍ക്കമല്ല അറിയാന്‍ വേണ്ടി മാത്രം..)

"അതും അനുഷ്ടാനങ്ങളേ ഒക്കെ ബഹുമാനിക്കുന്ന, ഹിന്ദുവായ, ലോകമെങ്ങും ഹിന്ദു ധര്‍മ്മം പുലരണമെന്ന് ഓരോ ശ്വാസത്തിലും ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയില്‍ നിന്ന്." എന്നതില്‍ തര്‍ക്കം തന്നെയുണ്ട്..രാവണനെ രാമനാക്കിയതു പോലെയുണ്ട്..

പിന്നെയും പിന്നെയും..
അവസാനം ഒരു കമന്റില്‍ "വൈക്കം സത്യഗ്രഹം നടത്തിയതാരാ? സവര്‍ണ്ണ ഹിന്ദുക്കള്‍. അവര്‍ണ്ണനു അതിനകത്ത് കടക്കാന്‍ ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ക്ക് വേണ്ടി സമരം നടന്നു" എന്നതില്‍ ഒട്ടും യോജിപ്പില്ല...വൈക്കം സത്യാഗ്രഹം സവര്‍ണ്ണരല്ലായിരുന്നു മനുഷ്യരായിരുന്നു നടത്തിയത്..മനുഷ്യര്‍ക്കു വേണ്ടി..അവര്‍ണ്ണസമുദായത്തില്‍ ജനിച്ച നേതാക്കള്‍ ഇല്ലായിരുന്നു എന്നു പറയാനാകുമോ?

അടിമത്തം ഇല്ലാതാക്കിയതാരാ? എബ്രഹാം ലിങ്കന്‍..കറുത്തവന് അടിമയാവാതിരിയ്ക്കാന്‍ യാതൊരു താല്പ്പര്യവുമുണ്ടായിരുന്നില്ല..എന്നിട്ടും അങ്ങേരത് നടത്തി..എന്നു പറയുന്ന പോലെ തോന്നുന്നു ആ വാദം.

കുറുമാന്‍ said...

പ്രാര്‍ത്ഥിച്ചതു കൊണ്ട്‌ മാത്രമായില്ല. ദൈവം പ്രസാദിക്കണമെങ്കില്‍ പണം കൊടുക്കണം. കണ്ടിട്ടില്ലെ അനുഗ്രഹങ്ങളുടെ വിലവിവരപ്പട്ടിക ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്നത്‌? കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ അനുഗ്രഹം!! എന്നിട്ടും ഭഗവാനേപ്പറ്റിപ്പറയുന്നതോ 'നിര്‍മ്മമന്‍'. - ലേഖനം ഇഷ്ടപെട്ടു, ചിത്രക്കാരന്റ്റെയും മറ്റും കമന്റും ഉത്തമം. അമ്പിയുടെ ചോദ്യങ്ങളോടും യോജിക്കുന്നു......പക്ഷെ NJaN സ്വയം കുറച്ച് ചോദ്യങ്ങളായ് വന്നിട്ടാകാം ബാക്കി ചര്‍ച്ച

അശോക് കർത്താ said...

അമ്പിക്ക്,
നിര്‍മ്മലാന്ദഗിരി സ്വാമിക്ക് വ്യത്യസ്ഥമായ അഭിപ്രായം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കാരണം അദ്ദേഹം അവധൂതനാണു. എന്നാലും കാതലായ കാര്യങളില്‍ വൈരുദ്ധ്യം ഉന്ടാകാന്‍ ഇടയില്ലെന്ന വിശ്വാസമാണെനിക്ക്. ആഗമാനന്ദ സ്വാമി മുതല്‍ നിര്‍മ്മലാന്ദ സ്വാമി വരെയുള്ളവരുടെ വീക്ഷണം സ്വാംശീകരിക്കാന്‍ ശ്രമിച്ചിരുന്നു, പോസ്റ്റിടുന്നതിനു മുമ്പ്. അതിന്റെ അപൂര്‍ണ്ണതയായിരിക്കും താങ്കള്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. നന്ദിയുണ്ട്. സ്വാമിജീയുടെ ഇക്കാര്യത്തിലെ വീക്ഷണം എഴുതുക.

വൈക്കം സത്യഗ്രഹം തുടങൈയവയേപ്പറ്റി ചര്‍ച്ച ല്പിന്നീടാകാം

ചോദ്യങളുമായി കുറുമാന്‍ വരുന്നതിനു കാത്തിരിക്കുന്നു

asdfasdf asfdasdf said...

അശോകേട്ടാ, നല്ല ലേഖനം.
‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് മാറ്റി ‘അവിശ്വാസികള്‍ക്ക് പ്രവേശനമില്ല’ എന്നാക്കേണ്ട സാമൂഹിക മാറ്റം നടക്കേണ്ണ്ട സമയം കഴിഞിരിക്കുന്നു.
(വിഷയത്തില്‍ നിന്നും പലപ്പോഴും വ്യതിചലിച്ചതായി തോന്നി.)

jp said...

ആ പ്രയോഗം പിടിച്ചു...’ധനാവാഹനഭീകരയന്ത്രം‘..
ക്ഷേത്രങ്ങള്‍ക്കു എന്നും കാലാനുസൃതമായ ധര്‍മ്മങ്ങളുണ്ടായിരുന്നു..ഇന്നതു ധന ആവാഹനാ കേന്ദ്രങ്ങളായി. കമ്മറ്റിക്കാക്കും ഉദ്യോഗസ്ഥ്ന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും നാലു കാശുണ്ടാക്കാന്‍...അതു പല വഴിക്കും ഒഴുകിയെത്തും..പ്രത്യേകിച്ച് അശോക് പറഞ്ഞപോലെ ‘ദൈവം ക്വട്ടേഷന്‍ പാര്‍ട്ടീ’യാകുമ്പോള്‍. കാര്യസാദ്ധ്യത്തിനുള്ള കുറുക്കുവഴിയായി ദൈവവിശ്വാസവും ക്ഷേത്രാരാധനയും. ഭക്തി ഒരു നല്ല കച്ചവടച്ഛരക്കായി..അതു പല രൂപത്തിലും അങ്ങാടിയില്‍ കിട്ടും...’വിലവിവരപ്പട്ടിക’ ആവശ്യക്കാരന്റെ എണ്ണവും ഉപഭോക്തൃവിലസൂചികയും അനുസരിച്ച് പുതുക്കുന്നുണ്ട്...പുതിയ ഐറ്റങ്ങള്‍ ഇറങ്ങുന്നുമുണ്ടല്ലോ.പുതിയ പൂജാവിധികള്‍, വഴിപാടുകള്‍, ആഘോഷങ്ങള്‍..വിശക്കുന്നവനു ഒരു നേരത്തെ അന്നം നല്‍കാത്താവനും കാശുലക്ഷങ്ങള്‍ മുടക്കി ആനയെ നടയ്ക്കിരുത്തും..
ആനക്കാര്യത്തിനിടയ്ക്കു ചേനക്കാര്യം എന്നു പറഞ്ഞപോലെ ഇപ്പോള്‍ എന്തിനാണീ ക്ക്ഷേത്രപ്രവേശന വിവാദം?
ഒരു ദേവപ്രശ്നം നടത്തിയാല്‍ പോരേ? എത്ര ലളിതം!
ഉശിരന്‍ ലേഖനം..

sandoz said...

എനിക്ക്‌ ഒരിക്കലും മനസ്സിലാകത്ത ഒരു കാര്യം ആണു ഇപ്പോള്‍ നടക്കുന്ന ഈ വിവാദങ്ങള്‍......
അമ്പലമെന്നോ....പള്ളിയെന്നോ ഒക്കെ വിളിക്കുന്ന ഒരു കെട്ടിടത്തില്‍ ചെന്ന് വിളിച്ചാലേ ഈ ദൈവങ്ങള്‍ വിളി കേള്‍ക്കുകയുള്ളോ.....
അവര്‍ക്ക്‌ ആ ചുറ്റുവട്ടങ്ങളില്‍ നിന്ന് ഉയരുന്ന ശബ്ദം മാത്രമേ കേള്‍ക്കാന്‍ പറ്റുകയുള്ളോ.....

വയലാര്‍ രവിയുടെ മകന്റെ വിവാഹം ഒരു പ്രസിദ്ധമായ ക്ഷേത്രതില്‍ വച്ച്‌ നടത്തിയത്‌ വിവാദമായി......
രവിയുടെ ഭാര്യ കിസ്ത്യാനിയാണല്ലോ.....
പുണ്യാഹം നടത്തി ശുദ്ധിവരുത്തി ക്ഷേത്ര പരിസരം......
എനിക്ക്‌ പറയനുള്ളത്‌ ഇത്രയേ ഒള്ളൂ......
നമ്മളെ വേണ്ടാത്ത സ്ഥലങ്ങള്‍ നമുക്കും വേണ്ടാ....
അവിടെ കേറിയേ..
അല്ലെങ്കില്‍ കേറ്റിയേ..അടങ്ങൂ എന്നൊക്കെ ബലം പിടിക്കുന്നത്‌ ബാലിശമാണു....

ആത്മാര്‍ഥമായിട്ട്‌....ശരിക്കും ഭക്തിയോടെ സ്വന്തം വീട്ടിലിരുന്ന വിളിച്ചാല്‍ കേള്‍ക്കാത്ത ദൈവങ്ങള്‍ ഉണ്ടോ...
ഉണ്ടെങ്കില്‍ അവരോട്‌ പോകാന്‍ പറ......

അനിയന്‍കുട്ടി | aniyankutti said...

കലക്കീണു.... ചിന്തിപ്പിക്കുന്ന ഒരു ലേഖനംന്നൊക്കെ പറഞ്ഞാലിതാണ്‌. സത്യം പറയാന്‍ ഒരു മടീം വേണ്ട അശോകേട്ടാ.. (പ്രായത്തെപ്പറ്റി ഒരു പിടീമില്ല...എന്നാലും, അനിയനെല്ലാരും ചേട്ടന്മാരാണല്ലോ..)
ഒരു മാതിരിപ്പെട്ടവരൊക്കെ കൂടെയുണ്ട്...ഞാന്‍ മുന്‍പേ ഉണ്ട്. അഭിവാദ്യങ്ങള്‍.!

മഴത്തുള്ളി said...

അശോക് മാഷേ, വളരെ തീവ്രമായ ഒരു ലേഖനം തന്നെയിത്. സംശയമില്ല. ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ് താങ്കള്‍ എഴുതിയിരിക്കുന്നത്. ഈ ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളും എല്ലാ മതവിഭാഗങ്ങളിലും ഇന്നു നടക്കുന്നതു തന്നെ.

എല്ലാവരും അമ്പലത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നത് അവരവരുടെ മനസ്സിന്റെ സമാധാനത്തിനാണ്. പലരും ആ ദൌര്‍ബല്യം മുതലെടുക്കുന്നു എന്നു മാത്രം.

അശോക് കർത്താ said...

കുട്ടന്‍ മേനോനു,
‘അവിശ്വാസികള്‍ക്ക് പ്രവേശനമില്ല’ എന്നു തന്നെയാണു ആക്കേണ്ടത്. സംശയമില്ല.
JP ക്ക് നന്ദി മതി തല്‍ക്കാലം. എന്താ പോരെ സാര്‍?
ഇതില്‍ വിവാദമൊന്നുമില്ല സാന്‍ഡോസേ. ഞാന്‍ ഇതു പോലെ ഒരു അവസരം കാത്തിരിക്കുകയായിരുന്നു ഇതൊക്കെ ഒന്നു പറയാന്‍. അപ്പോഴല്ലെ സുധാകരന്‍ മന്ത്രി സഹായിച്ചത്. ആരെങ്കിലും യേശുദാസിനെ വിശ്വസിച്ച് എന്തെങ്കിലും പ്രസ്താവിക്കുമോ? മന്ത്രി പാവമാ‍യതു കൊണ്ടത് ചെയ്തു. അനുഭവിക്കുകയും ചെയ്തു. വയലാറ്റ്ജിയുടെ കേസ്സില്‍ എന്റെ അറിവ് ശരിയാണെങ്കില്‍ വേണ്ടപ്പെട്ടവരു തന്നെയാ വെള്ളം കുടയിപ്പിച്ചതു.
വിളിച്ചാല്‍ കേള്‍ക്കാത്ത ദൈവങ്ങള്‍ ഉണ്ടോ...
ഉണ്ടെങ്കില്‍ അവരോട്‌ പോകാന്‍ പറ......
100% കറക്ട്
അനിയങ്കുട്ടിക്ക് നന്ദി.
ഒപ്പം മഴത്തുള്ളിക്കും

Anonymous said...

അശോക് മാഷേ, കൊള്ളാം. തകര്‍പ്പന്‍ ലേഖനം..ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വളരെ ശരിതന്നെ..അമ്പലകമ്മറ്റിക്കാര്‍ ദൈവത്തെയും ക്ഷേത്രങ്ങളെയും ഒരു കച്ചവടമാക്കിയിരിക്കുകയാണ്.
“ദൈവം പ്രസാദിക്കണമെങ്കില്‍ പണം കൊടുക്കണം. കണ്ടിട്ടില്ലെ അനുഗ്രഹങ്ങളുടെ വിലവിവരപ്പട്ടിക ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്നത്‌? കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ അനുഗ്രഹം!! “ എത്രയൊ ശരി.. ഈയടുത്ത കാലത്ത് കണ്ടില്ലെ ,തിരുപ്പതിയില്‍ ബോളിവുഡ് താരദമ്പതികള്‍ ഐശ്വര്യയും അഭിഷേകും ദിവസങ്ങളോളം ക്യൂ നില്‍ക്കുന്നവരെ overtake ചെയ്തല്ലെ നിമിഷങ്ങള്‍ക്കകം ദര്‍ശനം നടത്തിയത്..പിന്നീട് ഒരു 50 ലക്ഷം രൂപ സംഭാവനയും.പിന്നാര്‍ക്കാണ് പരാതി...
നല്ല പിടയ്ക്കുന്ന നോട്ടുമായി നില്‍ക്കുന്നവന് നല്ല ഒന്നാന്തരം ഇലയില്‍ പൂവും ചന്തനവും കയ്യിലങ്ങ് ഏല്‍പ്പിക്കും..അല്ലാത്തവനോ? ചന്തനത്തിന്റെ ഉരുളയെടുത്ത് വായുവിലേക്ക് ഒരു ഏറ്..ക്രിക്കറ്റ് കളിച്ചും ക്യാച്ചെടുത്തും പരിചയമുണ്ടെങ്കില്‍ അത് കയ്യിലൊതുക്കാം..അല്ലെങ്കില്‍ അത് നമ്മുടെ ഭാഗ്യക്കേടെന്ന് കരുതി സമാധാനിക്കുക് !! ഇതൊക്കെ കാണുമ്പോള്‍ മനസ്സിനെവിടെ ശാന്തത കിട്ടാന്‍ ?
അര്‍ബ്ബുദത്തിനു കൈപ്പുഴ ക്ഷേത്രത്തില്‍ കദളിപ്പഴം കൊടുക്കുന്നത് ഒരു പുതിയ അറിവായിരുന്നു..

കാളിയമ്പി said...

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന് "വ്യത്യസ്തമായ" അഭിപ്രായം എന്നു പറഞ്ഞത് അങ്ങയില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം എന്ന നിലയിലല്ല..
എന്റെ ഭാഷാ നൈപുണ്യം:) കൊണ്ട് സംഭവിച്ച് കുഴപ്പമാണത്..പൊതു ധാരയില്‍ നിന്ന് വ്യത്യസ്തം എന്നാണ് ഉദ്ദേശിച്ചത്..ആ അഭിപ്രായം ഇതാണൊ എന്നായിരുന്നു എന്റെ ചോദ്യം..(എനിയ്ക്ക് അതെപ്പറ്റി നന്നായറിയില്ല ഒരു ക്ലാസ്സിനിടയില്‍ ക്ഷേത്രങ്ങളെപ്പറ്റിയൊന്ന് പരാമര്‍ശിച്ചു കേട്ടു.കൂടുതല്‍ ചര്‍ച്ച ആ വിഷയത്തില്‍ പിന്നീടാവാം എന്നു പറയുകയും ചെയ്തു..)

അനൂപ് അമ്പലപ്പുഴ said...
This comment has been removed by the author.
അനൂപ് അമ്പലപ്പുഴ said...

ഒരു പട്ടിക്ക് ബുധ്ധ പ്രക്രിതി ഉണ്ടാകുമോ എന്നു ചോദിക്കാന് ഉള്ള സ്വതന്ത്ര്യം സെന് ബുദ്ധ മതം മറ്റുള്ളവര്ക്കു നല്കിയിരുന്നു. അതു കേട്ട് സെന് ഗുരു പ്രകോപിതനായിരുന്നില്ല.(മാത്രുഭൂമി, ഏപ്രില് 17) എന്നു പറയുന്ന പോലുള്ള സ്വാത്ന്ത്രയം ഹിന്ദുമതം മറ്റുള്ളവര്ക്കു നല്കുന്നുണ്ട്. ഏതോരാള്ക്കും എങ്ങനെയും പറയാം, വിമര്ശിക്കാം. അത് ഉള്ക്കോള്ളാനും , വേണ്ടത് തിരുത്താനും ഹിന്ദു മതം എന്നും ശ്രമിച്ചിട്ടുണ്ട്. പക്ഷെ അത് ചൂഷണം ചെയ്യാന്‍ തുടങ്ങിയാലോ?

യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്നും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണം എന്നും ഒരു മന്ത്രി ഈയിടെ പറയുകയുണ്ടായി.ഞാന്‍ ഒന്നു ചോദിക്കട്ടെ, മുസ്ലീം സ്ത്രീകളെ പള്ളീല്‍ കയറ്റണമെന്നും അവരുടെ വേഷവിധാനങ്ങള്‍ പരിഷ്കരിക്കണമെന്നും(ഈ ചൂടുകാലത്ത് മുഖം ഒഴികെ ബാക്കിയെല്ലാം മൂടുന്ന ളോഹ)മന്ത്രിക്കും മറ്റു വിവാദ നായകര്‍ക്കും എന്തേ തോന്നാഞ്ഞത്? തോന്നിയാലും ആരും അതു പറയില്ല ,പറഞ്ഞാല്‍ നാളെ കേരളം കത്തും. (ഹിന്ദു പുരോഹിതരെ കുറിച്ച് എന്തും പറയാമല്ലോ)

ഹിന്ദുവിനെ ആകുംപോള്‍ എന്തും പറയാം.എളുപ്പം പുരോഗമന വാദി ആകും.നമ്മുടെ സാഹിത്യ നായകരും കൂട്ടിനുണ്ടാകും.പാര്‍ട്ടിഭേദമന്യേ നടത്തുന്ന ഈ ന്യൂനപക്ഷ പ്രീണനം എന്ന് അവസാനിപ്പിക്കുന്നോ അന്നോ കേരളം രക്ഷപെടു.

ഞാന്‍ ഒരു വര്‍ഗീയവാദി ഒന്നുമല്ല.പക്ഷെ പ്രതികരിക്കാതെ വയ്യാ എന്നായിരികുന്നു

അശൊകേട്ടനോട്, ഹിന്ദുവിനെ ചവിട്ടിത്തേക്കാന്‍ ഇവിടെ ഓരൊഴുത്തരും ഊഴം കാത്ത് നില്‍ക്കുകയാണ്‍. ഹിന്ദു ഒരു മതം അല്ലാത്തതുകോണ്ടും അത് ഒരു മഹത്തായ സംസ്കാരമായതിനാലും പൂര്‍വാധികം കരുത്തോടെ ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും. നിങ്ങള്‍ എഴുതൂ, പഴയനിയമത്തിലെ ക്രൂരനായ ദൈവത്തിനെ മഹത്വവത്കരിച്ചു കോണ്ട് പുതിയ നിയമം എഴുതിയപ്പോള്‍ സംഭവിചച അബദ്ധങ്ങളെ പറ്റിയും, മുസ്ലീം വിദ്യാഭ്യാസത്തെക്കുറിച്ച് അവരിടെ തന്നെ കാഴ്ച്ചപ്പാടിനെക്കുറിച്ചും, നമ്മുടെ നട്ടെല്ലില്ലാത്ത ഭരണാധിപന്മാരുടെ സംവരണം എന്ന ആശിര്‍വാദത്തിലൂടെ , എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയും തലപ്പത്ത് വിരാജിക്കുന്ന “മഹാന്മാരായ”സാറുമ്മാരെ കുറുച്ചും.(ഓഫീസില്‍ പോകണമെന്ന് ഓര്‍ക്കണം)

തുറന്നെഴുതുക, പല പുരോഗമന വാദികളുടെയും പ്രതികരണത്തിലെ ആത്മാര്‍ദ്ധത മനസ്സിലാക്കാം.

Anonymous said...

ഇദ്‌ പണ്ടൊരു നമ്പൂരാര്‍ കാര്യസ്ഥനെ ഗണപതി ഹോമം പഠിപ്പിച്ച പോലെ ആയല്ലോ കര്‍താവേ........
കഥയിങ്ങനെ....
നമ്പൂരാര്‍ പൂജക്കൊക്കെപ്പ്പ്പോയി നല്ല വരായ്കയായി ഇരിക്കണ കണ്ടപ്പോ കാര്യസ്ഥന്‍ രാമന്നായര്‍ക്ക്‌ ഒരു പൂതിയിളകി. ഈ പൂജയൊന്ന് പഠിച്ചാലോ? കാര്യം തിരുമേനിയോട്‌ സൂചിപ്പിച്ചപ്പോള്‍ എതിരൊന്നും പറഞ്ഞില്ല.
"അതിനെന്താ ആയിക്കോളൂ. രാമനേതാ വേണ്ടെ?"
സരസനായ നമ്പൂതിരി ചോദിച്ചു.
"ഗണപതി ഹോമായാലോ? വിഘ്നേശ്വരപ്രീതിയല്ലേ ഏതിനും ആവശ്യം? അവിടെ തുടങ്ങുന്നതല്ലേ ഉചിതം തിരുമേനി"
"അതേല്ലോ.എന്നാ തുടങ്ങായി..."
വിഘ്നേശ്വരപൂജയുടെ ചിട്ടവട്ടങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ട്‌ തിരുമേനി പറഞ്ഞു-
"ആവാഹനാ പ്രധാനം. ഗണപതി ഭഗവാനേ അങ്ങനെ മനസ്സില്‍ ധ്യാനിക്കാ..."
തിരുമേനി കണ്ണുകളടച്ച്‌ അതു കാട്ടിക്കൊടുത്തു.
"...ദാ...ഇങ്ങനെ കൊമ്പും തുമ്പിക്കൈയുമായിരിക്കുന്ന ഭഗവാനേ ആനയിച്ച്‌ പീഠത്തിലിരുത്വാ...ഇപ്പോ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്‌ ണ്ട്‌ ട്ടോ......"
തിരുമേനി കണ്ണ്‍ തുറന്ന് രാമനെ നോക്കി. രാമന്‍ കൂപ്പുകൈകളുമായി നില്‍ക്കുകയാണു.
"...രാമാ ശ്രദ്ധവിടാണ്ട്‌ കേക്വാ..ഭഗവാന്‍ താഴേക്കിറങ്ങി വന്ന് ആസനസ്ഥനാകുമ്പോ ആന വാലു പൊക്കി പിണ്ടിയിടുന്നതായി തോന്നരുത്‌ ട്ടോ...."
തീര്‍ന്നില്ലെ കഥ-
രാമന്‍ കണ്ണടാച്ചാലേ ആനപിണ്ടിയിടുന്നതല്ലാതെ വേറെ ഒരു കാഴ്ചയും കാണാണ്ടായി...
ഇപ്പോ കര്‍ത്താവും ആ പണിയല്ലേ ചെയ്തിരിക്കുന്നതു? അമ്പലത്തില്‍ ചെന്നാല്‍ 'വിലവിവരപ്പട്ടിക' 'ക്വട്ടേഷന്‍' 'വയലാര്‍ക്കവിത' ആകെ നാശായി.
എങ്കിലും സംഗതി ഒട്ടൊക്കെ സത്യമാണു.

Leaves of Mind said...

അശോകേട്ടാ, പുതിയ പോസ്റ്റ് ഇപ്പോഴാണു കണ്ട്ത്. സംഗതി കൊള്ളാം. പക്ഷെ വല്ലാതെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നില്ലെ എന്നൊരു സംശയം. അമ്പലത്തില്‍ പോയി കദളിപ്പഴം നേദിച്ച് കഴിച്ചാല്‍ കാന്‍സര്‍ മാറുമെങ്കില്‍ പിന്നെ RCC പോലുള്ള സ്ഥാപനങള്‍ അടച്ച് പൂട്ടുന്നതല്ലേ നല്ലതു. ഡോക്ടറന്മാരേയും നഴ്സുമാരേയും പിന്നെ നമുക്കാവശ്യമില്ല. ഗവേഷണത്തിനു മുടക്കുന കോടിക്കണക്കിനു രൂപയും ലാഭം.

അനൂപ് അമ്പലപ്പുഴ said...

oru pazhaya kdhaya: nampoorissanu kashaththilullathu pokathe uththaraththil ullathu edukkanam. pakshe adheham athil vijayichchu. kadha theernnu.

അശോക് കർത്താ said...

അനൂപ്, ക്ഷേത്രങളെക്കുറിച്ച് വിമര്‍ശനം വേണ്ടി വന്നത് അത് അതിന്റെ വൈദിക പാരമ്പര്യം വിട്ട് സെമെറ്റിക്ക് ലൈന്‍ സ്വീകരിക്കുന്നത് കണ്ടപ്പോഴാണു. ദൈവവും പാപബോധവും പരിഹാരത്തിനു ഇടനിലക്കാരന്റെ സേവനവും ഒക്കെ അതിന്റെ ഭാഗമാണു. നമ്മുടെ ആധുനിക ഗുരുക്കന്മാര്‍ പോലും മാറിപ്പോയത് കണ്ടില്ലെ? അവരുടെ ആര്‍ഭാടവും പ്രോട്ടോക്കോളും നമ്മൌടെ പാരമ്പര്യത്തിലില്ല. കുടിലുകളില്‍ താമസിച്ച് പണ്ടുള്ളവര്‍ അറിവ് പ്രദാനം ചെയ്തു. ഇന്നോ അറിവിനു പണം മുടക്കണം. ഒരു ഗുരുദേവന്‍ പറഞത് കേട്ടില്ലെ, പണം വാങാതെ വിദ്യ കൊടുത്താല്‍ വിലയില്ല പോലും. ‘പരാവിദ്യ’ക്ക് വിലയിട്ട കക്ഷികൊള്ളാം.
അത് കൊണ്ട് ക്ഷുഭിതനാകാതെ...

സൂരിനമ്പൂരിയുടെ കംന്റ് ‘ക്ഷ’ പിടിച്ചു. ഉദ്ദേശം മറ്റൊന്നുമല്ല.

RCC യോ അതുപോലുള്ള സ്ഥാപനങളോ അടച്ച് പൂട്ടിയാലും ഒരു കുഴപ്പവും സംഭവിക്കില്ല, ‘മനോപത്ര’മേ. 90ല്‍ ഇംഗ്ലണ്ടില്‍ ഡോക്ടറന്മാരുടെ ഒരു പണിമുടക്ക് നടന്നു. അന്ന് നടത്തിയ ഒരു സര്‍വ്വേയില്‍ ഒരു അത്ഭുതം കണ്ടെത്തി. ആശുപത്രികള്‍ അടച്ചിട്ടപ്പോള്‍ ‘മരണ നിരക്ക്’ കുറഞിരിക്കുന്നു.....
കാര്യം പുരിഞ്ചിതാ....?
പിന്നെ കദളിപ്പഴക്കാര്യം......04734....1240 വിളിച്ച് ചോദിച്ചാല്‍ അനുഭവസ്ഥന്‍ തെളിവു സഹിതം വിവരം തരും.

അനൂപ് അമ്പലപ്പുഴ said...

ശരി ആണ്‍ അശോകെട്ടാ, എഴുതിയത് തെറ്റാണ്‍ന്ന് അല്ല ഞാന്‍ പറഞ്ഞത്. ഹിന്ദു മത്രം നിരന്തരം വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുന്നു. മറ്റുള്ളവര്‍ നോക്കിനിന്ന് ചിരിക്കുകരും ചെയ്യുന്നു. ഈയടെ മനോരമയില്‍ കണ്ടതു പോലെ അടിത്തു നില്‍ക്കുമ്പോള്‍ നക്കുകയും അകിടില്‍ തോടുംപോള്‍ തോഴിക്കുകയും ചെയ്യുന്ന ശൈലി ആണ്‍ മറ്റുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്.

കൂടുതല്‍ പരീക്ഷിക്കുന്നത് ഒരു തരത്തില്‍ നല്ലതു തന്നെ . അത്രത്തോളം പ്യൂരിറ്റി ലഭിക്കുമല്ലോ? എന്നു കരുതി ആശ്വസിക്കാം അല്ലെ?

അനൂപ് അമ്പലപ്പുഴ said...

04734....1240 ഫില്ല് ചെയൂ. ചക്ക് ഇട്ടപ്പോള്‍ മുയല്‍ ചത്തതാണോ എന്ന് അറിയമല്ലോ

അശോക് കർത്താ said...

ക്ഷേത്രങ്ങള്‍ക്ക്‌ പവിത്രതയും ആരാധകര്‍ക്ക്‌ ഭക്തിയും ഭരണപര്‍ക്ക്‌ ദൈവഭയവും ഉണ്ടായിരുന്നെങ്കില്‍ ക്ഷേത്രങ്ങളേക്കുറിച്ച്‌ ഇന്ന് കേള്‍ക്കുന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമായിരുന്നോ?.

Retheesh said...

കര്‍ത്താ സാറെ
മനുഷ്യന്‍ പ്രവര്‍ത്തികര്‍മാനുഷ്ടാനത്താല്‍ ദേവന്‍റെ സാമ്യവും സ്വര്‍ഗ ലോകവും പ്രാപിക്കുന്നു..സകല ജീവജാലങ്ങളിലും തന്നെയും , അതുപോലെ തന്നില്‍ സകല ജീവികളേയും ഒരുപോലെ കാണുന്നവന്‍ ബ്രഹ്മത്തെ-മുക്തിയെ പ്രാപിക്കുന്നു....എന്നും മനു പറയുന്നു...അപ്പോള്‍ പിന്നെ കേവലമൊരു "ദല്ലാളിനു" പണം കൊടുത്ത് മോക്ഷം പ്രാപിക്കണോ എന്നത് ....പുതിയ തലമുറയെങ്കിലും ചിന്തിക്കാന്‍ ഈ വരികള്‍ക്ക് ആകുമെന്നു നമുക്ക് ആശിക്കാം. അടുത്ത കാലത്തു വായിച്ച മറ്റൊരു നല്ല ലേഖനം.

ഇത്രയും എഴുതാന്‍ കാണിച്ച മനസ്സിനു നന്ദി...

അരവിന്ദ് നീലേശ്വരം said...

പ്രിയപ്പെട്ടവരേ
ഹിന്ദുത്വത്തിന്റെ മൊത്തക്കച്ചവടക്കാരനെന്ന് ഉദ്ഘോഷിച്ചു നടക്കുന്ന മോഡിയുടെ നാട്ടില്‍ നിന്നുമാണ് ഞാന്‍ ഇതെഴുതുന്നത്. യേശുദാസ് പ്രശ്നവും വയലാര്‍ രവിയുടെ കൊച്ചുമകന്‍ പ്രശ്നവും നാട്ടില്‍ കത്തി നില്‍ക്കുമ്പോള്‍ ഞാന്‍ ഇവിടെ (അഹമ്മദാബാദ്) എന്റെ പ്രിയ ഹിന്ദു സുഹൃത്തുക്കളോടും മറ്റും ഇതേപ്പറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. “ഹിന്ദു വര്‍ഗ്ഗീയവാദികള്‍“ എന്ന് മുദ്രകുത്തപ്പെട്ട ഇന്നാട്ടിലെ ആരും തന്നെ അഹിന്ദുക്കള്‍ (അതാരാണെന്ന് നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു) ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെ അത്തരം ഒരു നിയമവുമില്ല ഒരു ബോര്‍ഡുമില്ല. സാക്ഷരകേരളത്തിലെ പ്രബുദ്ധരായ “ഹിന്ദു” ജനതയ്ക്ക് മാത്രമേ ഇത്തരം പ്രശ്നങ്ങളുള്ളൂ. ഇവിടെ പുരുഷന്മാര്‍ മേല്‍ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും തടസ്സമില്ല. ഉത്തര ഭാരതത്തില്‍ ഒരു തവണയെങ്കിലും ക്ഷേത്രദര്‍ശനം നടത്തിയവര്‍ക്ക് ഇതു നേരിട്ട് മനസ്സിലായിട്ടുണ്ടാവും.

അരവിന്ദ് നീലേശ്വരം said...

കദളിപ്പഴ അനുഭവസ്ഥന്റെ നമ്പര്‍ ഒന്നു തരുമോ? അതെന്താ പൂരിപ്പിക്കാഞ്ഞത്?

Anonymous said...

ee oru topic ithrayum sarasamayi avatharipichathu nannayittundu..."daivamenta quotation partiyo"..vayichittu ..chiriyadakkan kurachu padupettu...

thanks

madhu said...

നിറകുടം തുളുമ്പില്ലെന്ന് പറയുന്നത് ശരിയാണെന്ന് ഈ തീക്ഷ്ണ ലേഘനം വായിയ്ക്കുമ്പോൾ തോന്നുന്നു.
നമ്മുടെയും ഗോസായിമാരുടെയും പൂജാ രീതികളിൽ വലിയ വ്യത്യാസമുണ്ട്.മിയ്ക്ക മന്ദിർ ശ്രീകോവിലുകളും എല്ലാവർക്കും പ്രാപ്യമാണു.അതു പോലെ പുലയാചരണം(ബന്ധു മരണ ശേഷം) ഇത്ര തീക്ഷ്ണമായുണ്ടോയെന്നും സംശയമാണു.
മറ്റു മതങ്ങളിലും വിശ്വാസ കേന്ദ്രങ്ങൾക്കും ഭരണവുമായി വലിയ ബന്ധമില്ലേ?വത്തിക്കാൻ സ്വയം ഒരു റിപ്പബ്ലിക്കാണല്ലോ.
അങ്ങ് രോഗം വിശകലനം ചെയ്തപ്പോഴും മേമ്പൊടി നിർദ്ദേശിച്ചപ്പോഴും കഷായം അറിവില്ലാത്തതിനാലെനിയ്ക്ക് മനസിലായില്ല.

Illyas said...

ബാദരായണ-ബ്രഹ്മാസസൂത്ര-ശ്രീശങ്കര-അദ്വേതത്തില്‍ മാത്രം ഊന്നി നിന്നുകൊണ്ടുള്ള ഒരു വിലയിരുത്തല്‍ മാത്രമാണ് കാര്‍ത്ത സാര്‍ നടത്തിയത് എന്നാണ് എന്റെ പക്ഷം. ദ്വേത, വിശിഷ്ടദ്വേതം ഒന്നും പരിഗണിച്ചിട്ടില്ല.

ഹിന്ദു-മുസ്ലിം സംവാദം പ്രൊഫ്.ഡോ. പുത്തേഴത്ത് രാമചന്ദ്രനഉം എം എം അക്ബറും.

http://www.youtube.com/watch?v=w14RfpeMZFA&feature=related