Thursday, April 5, 2007

പതിത കാലം(ഗ്രീഷ്മത്തിനൊരു കഷായ വിധി)

പതിത കാലം
(ഒരു ശീതോപചാരം)
ഇതു വീണുപോയ കാലമാണു.
ചൂട്‌!
മനസ്സിനേയും ശരീരത്തേയും ഒരുപോലെ വറുത്തെടുക്കുന്ന ഉഷ്ണകാലം. ഈ ചൂടില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു?
പകല്‍, വലിയ കൈകള്‍ ഉള്ള ഒരു ഭീകരജീവിയായി മാറിയിരിക്കുന്നു.
രാത്രി ഉറക്കത്തെ ആട്ടിപ്പായിക്കുന്ന പിശാചിനിയോ?
ഏറ്റവും തീക്ഷ്ണരശ്മികളാല്‍ സൂര്യന്‍ ഇറുക്കി മുറുക്കുകയാല്‍ ഉടലിലെ ജലീയ ധാതു വരണ്ടുണങ്ങുന്നു. അതുകൊണ്ട്‌ കഫം, ത്രിദോഷങ്ങളില്‍ മൂന്നാമത്തേത്‌, ദിനം പ്രതി ക്ഷയിച്ചു വരുന്നതായിക്കാണാം. ('കം' കൊണ്ട്‌ ഫലിക്കുന്നതു കഫം!) അതിനനുസരിച്ച്‌ വാതം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഉഷ്ണകാലത്തില്‍ ശരീരത്തിനു സംഭവിക്കുന്നതു ഇതാണെന്ന് ആയുര്‍വ്വേദം. അതിനെ ശീതോപാചാരം കൊണ്ട്‌ നേരിടാനുള്ള വഴിയും ആയുര്‍വ്വേദം തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ഉപ്പ്‌, പുളി, എരിവ്‌ ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ അവയുടെ അളവ്‌ ഗണ്യമായി കുറക്കണം.

ഈ ഋതുവില്‍ വ്യായാമം വര്‍ജ്യമാണു.

കരുത്തില്ലാത്തവര്‍ വെയില്‍ കൊള്ളരുത്‌.

മധുരപ്രായമായ അന്നം കഴിക്കണം. അരിയാകാം. അതു തന്നെ കഞ്ഞിയാക്കിയോ, വെള്ളരിക്കയും മോരും ചേര്‍ത്ത ഒഴിച്ചു കറിയില്‍ കലക്കിയോ കുടിക്കുന്നതാണുത്തമം.

കുളിക്കുന്നതിനു ഏറ്റവും തണുത്തവെള്ളം തന്നെ വേണം.
ഇടയ്കിടെ കാലും മുഖവും കഴുകിക്കൊണ്ടിരിക്കണം.
മലരു പൊടിച്ച്‌ അതില്‍ പഞ്ചസാര ചേര്‍ത്ത്‌ നക്കിക്കഴിക്കണം.

ചൂടുകാലത്ത്‌ മദ്യം തൊടരുത്‌! അതു രക്തക്കുഴലുകളെ നുലവുള്ളതാക്കും. കുടിക്കാതെ തീരെ നിര്‍വ്വാഹമില്ല എന്ന് തോന്നുന്നവര്‍ അല്‍പം മദ്യം ആറിരട്ടി തണുത്ത വെള്ളം ചേര്‍ത്ത്‌ മെല്ലെ, മെല്ലെ നുണഞ്ഞകത്താക്കണം. കൂടുതല്‍ കുടിക്കുകയോ നേര്‍പ്പിക്കാതെ കുടിക്കുകയോ ചെയ്യരുത്‌. (ഇത്ര മിനക്കെട്ട്‌ കുടിച്ചിട്ട്‌ എന്താ കാര്യം. അല്ലേ?) ഈ ചൂടില്‍ മദ്യത്തോടൊപ്പം സോഡ അപകടകരമാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. സോഡ അമ്ലമാണു.
ഈ വിധി അനുസരിക്കാതെ മദ്യപാനം നടത്തുന്നവര്‍ക്ക്‌ കരള്‍ വീക്കം ഉടനെ പ്രതീക്ഷിക്കാം. ചൂടുകാലത്ത്‌ ചര്യകള്‍ ഒന്നും അനുസരിക്കാതെ മദ്യപിക്കുന്നവര്‍ മരണത്തെ ക്ഷണിച്ചു വരുത്തുകയാണു. നുലവുള്ളതായിത്തീരുന്ന രക്തധമനികളുടെ വാഹകശേഷി നഷ്ടപ്പെടുന്നു. കുഴഞ്ഞു വീണുള്ള പലമരണങ്ങള്‍ക്കും പിന്നിലെ ഒരു കാരണം ഇതാണു.
മരണം സംഭവിച്ചില്ലെങ്കില്‍പ്പോലും മോഹാലസ്യം ഉണ്ടാകാം.

ഊണിനു തവിടു കളഞ്ഞ ചോറു ജാംഗലമാംസക്കറി കൂട്ടിക്കഴിക്കുന്നത്‌ നന്ന്.
വെള്ളം ധാരാളമായി കുടിക്കണം. അതിനു പാനകങ്ങളുണ്ട്‌.
അവയുടെ വിധി പറയുന്നു....
പഴച്ചാര്‍ മണ്‍ഭരണികളിലാക്കി പുളിപ്പിച്ച്‌ കുടിക്കാം.
അതിനെ പഞ്ചസാരമെന്ന് പറയും.
തൈരു കടഞ്ഞ്‌ വെണ്ണ നീക്കിയ പച്ചമോരു ധാരാളം വെള്ളം ചേര്‍ത്ത്‌ കഴിക്കാം.
ഇതു നമ്മുടെ സംഭാരമാണു.
വെറും വെള്ളമാണു കുടിക്കുന്നതെങ്കില്‍ ദാഹശമനികള്‍ ചേര്‍ക്കാതിരിക്കുന്നതാണു ഉത്തമം. പാതിരപ്പുവിട്ട്‌ മണം പിടിപ്പിച്ചതും, കര്‍പ്പൂരപ്പൊടി ചേര്‍ത്തതുമായ തണുത്തവെള്ളത്തേപ്പറ്റി ഒരു വിധി കാണുന്നുണ്ട്‌. അല്ലാതെ ഇന്ന് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ദാഹശമനികളുടെ രീതിയിലൊന്നുമെവിടെയും പറയുന്നില്ല. ഇവിടെ പറഞ്ഞതും പരീക്ഷിക്കാതിരിക്കുകയാണു നന്ന്. കാരണം ഇന്ന് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കര്‍പ്പൂരം യഥാര്‍ത്ഥ കര്‍പ്പൂരമാവണമെന്നില്ല. കൃത്രിമമായി നിര്‍മ്മിച്ച ഒരു രാസവസ്തുവാണത്‌. അതു ഉള്ളില്‍ ചെന്നാല്‍ കിഡ്നി പോകും. അമ്പലങ്ങളിലും മറ്റും ചെന്ന് ഭക്തിപൂര്‍വ്വം അതിന്റെ പുക കൈയില്‍ കോരി ശ്വസിക്കുന്നതും ആശാസ്യമല്ല.

ഈ കാലത്ത്‌ ലഭ്യമായിട്ടുള്ള വാഴ, ചക്ക, മാങ്ങാ തുടങ്ങിയ പഴങ്ങള്‍ ഇഷ്ടം പോലെ കഴിക്കണം. വരവു ഫലങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്‌. ഓരോ ഫലങ്ങളും അതാത്‌ ദേശത്തെ ഉദ്ദേശിച്ച്‌ ഉണ്ടാകുന്നവയാണെന്ന് ഓര്‍മ്മ വേണം. നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത ഫലങ്ങള്‍ നമുക്ക്‌ വേണ്ടിയുള്ളവയല്ല. അതു കച്ചവടക്കാര്‍ക്ക്‌ വേണ്ടിയുള്ളതാണു. അവര്‍ക്ക്‌ ലാഭമുണ്ടാക്കാന്‍.

രാത്രിക്ക്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ 'ശശാങ്കകിരണ'മാണു.
പാല്‍ പഞ്ചസാര ചേര്‍ത്ത്‌ കുറുക്കി കൊഴക്കട്ട പോലെയാക്കുന്ന ഒരു പലഹാരം.
രാത്രി ഭക്ഷണമായി അതു കഴിക്കാം. ഒപ്പം എരുമപ്പാല്‍ കുടിക്കണം.

പകല്‍ കടന്ന് പോകുന്നതാണു ദുഷ്കരം!
വെയിലിന്റെ തീവ്രത പരമാവധി കുറച്ചേ അനുഭവിക്കാവൂ.
കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ ഇതിനു അനുയോജ്യമല്ല. നിര്‍വ്വഹിക്കാന്‍ ഇപ്പോള്‍ പ്രയാസമാണെങ്കിലും ചൂടുകാലത്തെ എതിരിടാന്‍ പ്രാചീനര്‍ തേടിയ വഴികള്‍ പഠനാര്‍ഹമാണു. മനോഹരവും!

മേഘങ്ങളോളം എത്തി നില്‍ക്കുന്ന പനകളുടെ കരിമ്പട്ട!
അല്ലെങ്കില്‍ മെടഞ്ഞ ഓല!!
അതായിരുന്നു അവര്‍ കണ്ടെത്തിയത്‌.
ഇത്തരം ഓലകള്‍ കൊണ്ടുള്ള മേലാപ്പ്‌ കെട്ടി പകല്‍ അതിനുള്ളില്‍ കഴിയുക!
മുന്തിരി വള്ളികളും, കുരുക്കുത്തിമുല്ലയും വിതാനിച്ച കൊട്ടിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ക്ക്‌ അതാകാം.
വെളിയടകള്‍ ഒരുക്കാന്‍ കഴിവുള്ളവര്‍ക്ക്‌ അങ്ങനെ ചെയ്യാം.
പനിനീരോ സുഗന്ധിയായ മറ്റ്‌ പുഷ്പങ്ങള്‍ മുക്കിയെടുത്ത തണുത്ത വെള്ളമോ കൊണ്ട്‌ ഈറനാക്കിയ ഷാമിയാനകളാണു വെളിയടകള്‍.
ഇലകള്‍ തൂക്കിയ തട്ടു പന്തല്‍ വേറെയുണ്ട്‌.
മാന്തളിര്‍, മാങ്ങാക്കുലകള്‍, താമരവളയങ്ങള്‍, ആമ്പല്‍തണ്ട്‌, സുഗന്ധപുഷ്പങ്ങള്‍ തുടങ്ങിയവകൊണ്ട്‌ അവ മോടിപിടിപ്പിക്കണം.
വാഴയിലക്ക്‌ ചൂടു താങ്ങാനുള്ള ശേഷിയും, അണുബാധ തടയാനുള്ള കഴിവും ഉള്ളതുകൊണ്ട്‌ തട്ടുപന്തലുകളില്‍ അവയ്ക്ക്‌ പ്രത്യേക സ്ഥാനമുണ്ട്‌.
പൂക്കളുടെ അലങ്കാരം കണ്ടാല്‍ സുന്ദരിയായ പെണ്‍കൊടി ചിരിക്കുന്ന പോലെ ഇരിക്കണണമെന്നാണു അവര്‍ പറഞ്ഞത്‌!
അരിമുല്ലപ്പല്ലുകളെ ഓര്‍മ്മപ്പെടുത്തുന്ന വെള്ളപ്പൂക്കളും, ചെഞ്ചുണ്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചുവന്ന പൂക്കളും അലങ്കാരത്തിനു വേണമെന്ന് വ്യംഗ്യം!!
ഉച്ചസൂര്യന്‍ വിവശനാക്കിയവന്‍ അല്ലെങ്കില്‍ അവള്‍ പുഷ്പശയ്യയില്‍ തളിരുകള്‍ക്കൊപ്പം ഉറങ്ങിക്കൊള്ളണം.
ഉപദേശമല്ല. ശാസനയാണു.
(പകലുറക്കം ചൂടുകാലത്ത്‌ മാത്രമേ ആകാവൂ എന്നും ആയുര്‍വ്വേദം നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.)

മുന്തിയവര്‍ക്ക്‌ ധാരാഗൃഹങ്ങള്‍ നിര്‍മ്മിക്കാം.
കൃത്രിമമായി നിര്‍മ്മിച്ച പെണ്‍പാവകളുടെ സ്തനം, കൈ, അധരം എന്നിവയില്‍ നിന്ന് രാമച്ചം കൊണ്ട്‌ കുളിര്‍പ്പിച്ച ജലം ധാരയായി ഒഴുകുന്ന മുറികളാണു ധാരാ ഗൃഹങ്ങള്‍.
അതില്‍ പകല്‍ കഴിയുന്നതു ആനന്ദദായകവും ചൂടിനെ എതിരിടാന്‍ ഉചിതവുമെന്ന് പ്രാചീനര്‍.

രാത്രികാലത്ത്‌ മട്ടുപ്പാവുകളെ അഭയം പ്രാപിക്കണം.
അല്ലെങ്കില്‍ നടുത്തളത്തിലോ തിണ്ണയിലോ ആവാം ഉറക്കം.
രാത്രിയെ ദര്‍ശ്ശിക്കാവുന്ന വിധത്തില്‍ തുറസ്സായ ഒരു സ്ഥലമാണു വിവക്ഷ.
ചന്ദ്രരശ്മികളാല്‍ വ്യാപ്തമായ ഇടം വേണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്‌.
മനോവ്യാപാരങ്ങളില്‍ നിന്നും നിവൃത്തനായി വേണം ഉറങ്ങാന്‍ കിടക്കേണ്ടത്‌.
നനഞ്ഞ തുണികൊണ്ട്‌ മേല്‍ തുടച്ച്‌ ചന്ദനവും പൂശി, പുഷ്പമാല്യങ്ങള്‍ അണിഞ്ഞ്‌ ഉറങ്ങണം.
മാലകള്‍ ധരിക്കുന്നില്ലെങ്കില്‍ പൂക്കള്‍ വിതറിയ മെത്തയിലാവണം ശയനം.
ഉറങ്ങുമ്പോള്‍ അയഞ്ഞ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുകാലം കാമലീലയ്ക്ക്‌ യോജ്യമല്ല.
അവനവനെ പ്രതിയും അനന്തര തലമുറയെ പ്രതിയും ഈ കാലത്ത്‌ ദമ്പതി ക്രിയകളില്‍ ഏര്‍പ്പെടരുത്‌. കാമവ്യഗ്രത വാതത്തെ പ്രകോപിപ്പിക്കും. വര്‍ദ്ധിച്ച വാതം കഫത്തെ പിന്നെയും ക്ഷയിപ്പിക്കുന്നു. അതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണു.

അടുത്ത കാരണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ചൂടുകാലത്ത്‌ കഫം ക്ഷയിക്കുമെന്ന് പറഞ്ഞുവല്ലോ. അതു ബീജാണ്ഡങ്ങള്‍ക്കും ബാധകമാണു. താപ ക്ലേശം കാരണം അവ സ്വയം പൂര്‍ണമായിരിക്കുകയില്ല. അതുകൊണ്ട്‌ ചൂടുകാലത്തെ ദമ്പതിക്രിയ ജനിപ്പിക്കുന്ന പ്രജ അപൂര്‍ണ്ണവികാസങ്ങളോടെയായിരിക്കും ജനിക്കുക. തലച്ചോര്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളുമായി അവര്‍ ജനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതു കൊണ്ട്‌ കാമകേളികളൊഴിവാക്കാന്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

രാത്രിയായാലും പകലായാലും ചൂടിനെ ശമിപ്പിക്കുവാനുള്ള ഉപചാരങ്ങള്‍ക്ക്‌ ഒരു കുറവും വരുത്തരുത്‌. ഇടക്കിടെ ശരീരം വീശിത്തണുപ്പിക്കണം.
താമരയില വിശറികള്‍ എത്രയും ഉത്തമമാണു.
ജലകണങ്ങള്‍ ചിന്നിത്തെറിക്കുന്ന വെഞ്ചാമരങ്ങളും നന്ന്.
വായുവിലവ ചലിക്കുമ്പോള്‍ വര്‍ഷിക്കുന്ന ജലബിന്ദുക്കളില്‍ നിന്ന് തണുത്തകാറ്റ്‌ വീശും, അത്‌ നല്‍കുന്ന സുഖം അനിര്‍വ്വചനീയമാണു. ആരോഗ്യദായകവും.
ഹരിചന്ദനം കോര്‍ത്തിട്ട മുത്തു മാലകള്‍, കര്‍പ്പൂരമല്ലിയുടെ മാലകള്‍ ഇവയൊക്കെ ഉഷ്ണഹരങ്ങളാണു. ഒപ്പം കൊഞ്ഞവാക്ക്‌ പറയുന്ന കുഞ്ഞുങ്ങള്‍, പഞ്ചവര്‍ണ്ണക്കിളികള്‍, തത്തകള്‍, മൈനകള്‍.
അവയുടെ സ്വരസംഗീതം മനസ്സിനെക്കുളിര്‍പ്പിക്കുന്നു.
അതു ചൂടിനെ മറക്കുവാന്‍ സഹായിക്കും.

ചേതോഹരികളായ താമരക്കണ്ണികള്‍ ഭാര്യമാരായുണ്ടായാല്‍ ഏതു ചൂടും സഹിക്കാവുന്നതേയുള്ളു എന്നും ആചാര്യന്‍ പറയുന്നുണ്ട്‌...


മൃണാളവലയാഃ കാന്താഃ പ്രോല്‍ഫുല്ലകമലോജ്ജ്വലാഃ
ജംഗമാ ഇവ പത്മിന്യോ ഹരന്തി ദൈതാ ക്ലമം

(താമര വളയത്തെ വളയാക്കിയിരിക്കുന്നവരും, വിടര്‍ന്ന താമരപ്പൂക്കള്‍ കൊണ്ട്‌ ശോഭിക്കുന്നവരും, നടന്നു വരുന്ന താമരകളോ എന്ന് തോന്നുമാറു മനോഹരകളുമായ ഭാര്യമാരും ഉഷ്ണാധിക്യം കൊണ്ടുള്ള തളര്‍ച്ചയെ തീര്‍ക്കുന്നതാണു.)
മേമ്പൊടി
ഈ നിമിഷം മുതല്‍ ഇതാരെങ്കിലുമൊക്കെ ആചരിച്ചുകളയുമെന്ന വിശ്വാസത്തിലല്ല ഈ പോസ്റ്റിട്ടത്‌. ആചരിച്ചാല്‍ ആരോഗ്യം ഉണ്ടാകും. ദീര്‍ഘായുസ്സും. അതൊന്നുമില്ലെങ്കിലും ഇങ്ങനെ വായിച്ചു പോകുമ്പോള്‍ ഒരു സുഖമൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതു മതി.ഇതില്‍ പറയുന്ന പോലെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നൊരു തോന്നലുണ്ടായാല്‍ അഷ്ടാംഗഹൃദയം മനസ്സില്‍ വേരോടാന്‍ തുടങ്ങി എന്ന് അനുമാനിക്കാം.

ഇനി, ഇത്‌ വായിച്ച്‌ സ്വാംശീകരിക്കുന്നവരുണ്ടെങ്കില്‍, അവര്‍ വഴി ഈ അറിവ്‌ ജന്മ ജന്മാന്തരങ്ങള്‍ കടന്ന് ഒരു ജീവിതക്രമായി ഭൂമിയില്‍ വന്നു നിലകൊള്ളും. അതെങ്ങനെയെന്ന് വച്ചാല്‍, ഇപ്പോഴിത്‌ വായിക്കുന്നവന്‍ പുരുഷായുസ്സ്‌ പൂര്‍ണമായനുഭവിച്ച്‌(120 കൊല്ലക്കാലം) മരിക്കുമ്പോള്‍ ആ അറിവ്‌ ധാതുക്കളിലേക്ക്‌ സൂക്ഷ്മരൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടും. സസ്യങ്ങള്‍ ആ ധാതുക്കളെ ഉപയോഗപ്പെടുത്തി അന്നം പാകംചെയ്ത്‌ ജന്തുജാലങ്ങള്‍ക്ക്‌ നല്‍കുമ്പോള്‍, അതു ചുറ്റിത്തിരിഞ്ഞ്‌ വീണ്ടും മനുഷ്യനിലെത്തുകയായി. അവനില്‍ അതു പ്രായോഗികമായ അറിവായി വിടരുമ്പോള്‍ അതൊരു ജീവിതക്രമാകുന്നതു കാണാം.

ഇതൊരു ഭാവനയാണെന്ന് തോന്നുന്നവരുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മുടെ പൂര്‍വ്വസൂരികളുടെ പഠനങ്ങളും ഗവേഷണങ്ങളും അംഗീകരിക്കാനുള്ള നമ്മുടെ വൈമനസ്യം മാത്രമാണു. പൂര്‍വ്വികര്‍ ശാസ്ത്രത്തെ കവിതയിലൂടെ അവതരിപ്പിച്ചത്‌ പ്രത്യേകമായ ഉദ്ദേശത്തോടെ ആയിരുന്നു. ശാസ്ത്രസത്യങ്ങള്‍ മനസ്സിലുറപ്പിക്കാന്‍ പറ്റിയ മാദ്ധ്യമം കവിതയാണെന്ന് അവര്‍ കണ്ടെത്തി.
അങ്ങനെ അഷ്ടാംഗഹൃദയവും ഒരു കവിതയായി.

ശാസ്ത്രം കവിതയാകുമ്പോള്‍ ഉണ്ടാകുന്ന പ്രയോജനം കവിത ആസ്വദിക്കുമ്പോള്‍ തന്നെ ശാസ്ത്രവും മനസ്സില്‍ പതിയും എന്നതാണു. ഒരു സാധാരണക്കാരനുപോലും ശാസ്ത്രസത്യങ്ങള്‍ കരഗതമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അങ്ങനെ ഉദ്ധൃതജ്ഞാനം (sustainable knowledge) നേടിയ തലമുറകള്‍ ഇവിടെ സുഖമായി ജീവിച്ചു. അവര്‍ ജീവിതത്തെ കളിപ്പന്തുപോലെ കൊണ്ടു നടന്നു. ആധുനിക മാനുഷികം അവരെയൊക്കെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌ അഗ്നി നാളങ്ങളിലേക്ക്‌ പറന്ന് ചെല്ലുകയും ചിറകുകരിഞ്ഞു പതിതലോകങ്ങളിലേക്ക്‌ വീഴുകയും ചെയ്തു.
അവിടെ കിടന്നു കൊണ്ട്‌ ആ പഴയ കവിതകളിലേക്ക്‌ ഇനിയെങ്കിലും ഒന്ന് കണ്ണോടിക്കാന്‍ കഴിഞ്ഞെങ്കില്‍.....

തുടക്കം അഷ്ടാംഗഹൃദയത്തില്‍ നിന്നു തന്നെയാവട്ടെ.
കാരണം നാമിന്ന് രോഗികളുടെ ഒരു സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ കവിത അതിനൊരു പരിഹാരമായെങ്കിലോ?

അതു വായിക്കാന്‍ നമുക്ക്‌ സംസ്ക്കൃതമറിയില്ലല്ലോ! സംശയം തോന്നാം.
വിഷയം ആരോഗ്യശാസ്ത്രവുമാണു. പക്ഷെ ഭയപ്പെടാനൊന്നുമില്ല.
നമുക്ക്‌ വേണ്ട ഒരുപാട്‌ കാര്യങ്ങള്‍ ഇതിലുണ്ട്‌.

മദ്യം വിഷമാണെന്ന് നാരായണഗുരു പറഞ്ഞത്‌ ഈ പുസ്തകം നോക്കീട്ടാണു.
അതുപോലെ നമുക്കാവശ്യമുള്ള മറ്റനേകം കാര്യങ്ങള്‍ ഇതിലുണ്ട്‌.
അതു മനസ്സിലാക്കാന്‍ വലിയ പരസ്സഹായം ഒന്നും വേണ്ടിവരില്ല.
കൂടുതല്‍ മനസ്സിലാക്കിക്കളയാം എന്ന് വിചാരിച്ച്‌ ആയുര്‍വ്വേദ 'ഡോക്ടര്‍'മാരെ ഒന്നും സമീപിച്ചേക്കരുത്‌. അവര്‍ MBBS മിമിക്രിചെയ്യുകയാണല്ലോ. അവര്‍ ഇതൊന്നുമല്ല പഠിക്കുന്നത്‌. സംസ്കൃത പണ്ഡിതന്മാരേയും സമീപിക്കാതിരിക്കുന്നതാണു ഉചിതം. അവര്‍ അലങ്കാരവും വ്യാകരണവുമൊക്കെ പറഞ്ഞ്‌ ക്ലേശിപ്പിക്കാന്‍ ഇടയുണ്ട്‌.

അഷ്ടാംഗഹൃദയത്തില്‍ അറിവ്‌ നേടാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ വഴി നോക്കണം.

സംസ്കൃത മൂലം മലയാളലിപിയില്‍ അച്ചടിച്ച്‌ അതിനു അര്‍ത്ഥവും അന്വയവും ചേര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ ഇഷ്ടം പോലെ ഇന്ന് ലഭ്യമാണു.

ഒരു ദിവസം ഒരു ശ്ലോകം വച്ച്‌ ഹൃദിസ്ഥമാക്കിയാല്‍ മതി.
ഇതു തന്നെ കുട്ടികളെ പഠിപ്പിച്ചെടുത്താല്‍ അതു അവരോട്‌ ചെയ്യുന്ന ഒരു ഉപകാരവുമായിരിക്കും. അടുത്ത തലമുറയെ ജനിപ്പിക്കണ്ടതു അവരാണല്ലോ.
അവരുടെ ഉള്ളിലേക്ക്‌ ഈ അറിവ്‌ കടന്ന് ചെല്ലട്ടെ!

കഷായവിധി സമാപതം

(അവലംബം : അഷ്ടാംഗഹൃദയം. വൈദികായുര്‍വ്വേദാചാര്യന്‍ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ പ്രഭാഷണങ്ങള്‍)

ശുഭം

Monday, March 26, 2007

വേലിയില്‍ ഇരിക്കുന്ന പാമ്പ്‌..
(പുനഃപ്രസിദ്ധീകരണം)
മുന്നറിയിപ്പ്‌ :
മഷിനോട്ടം, ഉറുക്ക്‌ കെട്ടല്‍, ഹസ്തരേഖ, പ്രശ്നംവയ്പ്‌,മന്ത്രവാദം തുടങ്ങിയവയില്‍ വിശ്വാസമുള്ളവര്‍ തുടര്‍ന്ന് വായിക്കുന്നതിനു മുന്‍പ്‌ ദയവായി ഒരു ജ്യോത്സ്യനെ കണ്ട്‌ ഇതു വായിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് ചോദിച്ചറിയുന്നത്‌ നന്നായിരിക്കും. കാരണം ഇതു വായിച്ച്‌ കഴിഞ്ഞാല്‍ സൂര്യന്‍ നില്‍ക്കുന്നിടത്ത്‌ ചന്ദ്രന്‍ കയറി നില്‍ക്കുകയോ, പാപനിരിക്കുന്നിടത്ത്‌ പുണ്യന്‍ കേറി കിടക്കുകയോ മറ്റോ ചെയ്താല്‍ കുഴപ്പമാകും. അതു എന്തായാലും വേണ്ട.ഇനി തുടര്‍ന്ന് വായിക്കുക......
രോഗം വരുമ്പോഴും, ജീവിതത്തിനു എന്തെങ്കിലും പാളിച്ച പറ്റുമ്പോഴും നമ്മള്‍ ക്ഷണിച്ചു വരുത്തുന്ന ഒരു വിപത്തുണ്ട്‌. ജോത്സ്യന്‍! അഥവാ വേലിയില്‍ ഇരിക്കുന്ന പാമ്പ്‌..! വീട്ടില്‍ ഒരാള്‍ക്ക്‌ രോഗം വന്നു. കുറച്ചു കാലം ചികിത്സിച്ചിട്ടും ഭേദമായില്ല. അല്ലെങ്കില്‍ ബിസ്സിനസ്സില്‍ പരാജയം സംഭവിച്കു. ജോലിയില്‍ പ്രശ്നമുണ്ടായി.. അങ്ങനെ സ്വാഭാവികമായി സംഭവിക്കാവുന്ന എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ ധൈര്യം കൊണ്ടോ പാരസ്പര്യം കൊണ്ടോ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം നേരെ ചെല്ലുന്നത്‌ ജോത്സ്യന്റെ അടുത്തേക്കാണു. അവരാണെങ്കില്‍ ഒരിര വന്ന് വീഴാന്‍ നോക്കിയിരിക്കുകയാണു. കവടി നിരത്തി ഒന്ന് പിടിച്ചു വച്ചാല്‍ മതി അയാള്‍ എല്ലാം കാണുകയായി...എന്തൊക്കെ ദോഷങ്ങളാണു അയാള്‍ കണ്ടുപിടിക്കുന്നത്‌....അത്‌ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന വീടാണു. പെട്ടെന്ന്, ഒരു ദിവസം, ചൊവ്വയും ശനിയും ശുക്രനും സര്‍പ്പവുമൊക്കെ അവരുടെ സകലപണിയും നിര്‍ത്തിവച്ക്‌ ആ വീടിനേയും വീട്ടുകാരേയും ശരിപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്നു. അതാണു രോഗം!! ബിസ്സിനസ്സ്‌ പൊട്ടാനും കാരണം വേറൊന്നുമല്ല!!! ജോലിയുടെ കാര്യം പ്രത്യേകം പറയണോ? ശനിയുടെ ദൃഷ്ടിയുണ്ട്‌...അല്ലെങ്കില്‍ ചൊവ്വയുടെ സ്ഥാനം ശരിയല്ല.. അല്ലാതെ നമ്മുടെ പ്രവൃത്തികൊണ്ടാണെന്ന് സമ്മതിക്കാന്‍ നമുക്ക്‌ പ്രയാസ്സമാണു.
ആ കുടുംബത്തിന്റേയും വീട്ടുകാരുടെയും ചരിത്രമെടുത്ത്‌ നോക്കിയാല്‍ പത്തറുപതു കൊല്ലം നല്ല നിലയില്‍ കഴിഞ്ഞു പോന്നതാണു. കൃഷിയും കച്ചവടവുമൊക്കെ തരക്കേടില്ലാതെ ചെയ്തു പോന്നിട്ടുണ്ട്‌. എന്നിട്ടാണു ജ്യോതിഷി പറയുന്നത്‌, ദാ ചന്ദ്രന്‍ നോക്കുന്നു, വീടിന്റെ സ്ഥാനം ശരിയല്ല, മുറ്റത്ത്‌ നില്‍ക്കുന്ന കായിക്കുന്ന മാവ്‌ രണ്ടും വെട്ടെണം, തെക്കോട്ട്‌ വാതില്‍ പാടില്ല, നടക്ക്‌ താഴെ പഞ്ചശിരസ്സ്‌ സ്ധാപിക്കണം, അങ്ങനെ...അങ്ങനെ...എല്ലാം കൂടി ഒരു ഉശ്ശിരന്‍ കച്ചവടത്തിനു സ്കോപ്പുണ്ട്‌ ജ്യോതിഷിക്ക്‌. നഷ്ടത്തിനു മീതേ മറ്റൊരു നഷ്ടക്കച്ചവടത്തിനു വഴിമരുന്നിടുകയാണു വീട്ടുകാരന്‍.
നാല്‍പ്പതോ അമ്പതോ വയസ്സുള്ള ജ്യോത്സ്യനാണു വന്നിരുന്ന് ഇതൊക്കെ പറയുന്നതെന്ന് ഒാര്‍ക്കണം. അയാള്‍ കുത്തിയിരിക്കുന്ന പലകയ്ക്ക്‌ കാണും അയാളേക്കാള്‍ പ്രായം. അതു ആ വീട്ടില്‍ ആയുസ്സറ്റുപോകാതെ കിടക്കുമ്പോഴാണു അതിലിരുന്ന് അയാളുടെ ഒരു പ്രവചനം! ആയുസ്സിനെപ്പറ്റി!!ജ്യോത്സ്യന്‍ വെണ്ടക്കയിലോ വഴുതനങ്ങയിലോ ഇരിക്കുന്ന കാലത്ത്‌ പ്രകൃതി മുളപ്പിച്ച മാവാണു മുറ്റത്ത്‌ നില്‍ക്കുന്നതു. അതു വെട്ടണം പോലും!!സ്ഥലത്തെ വിവരമുള്ള ആശാരി സ്ഥാനം കണ്ട്‌ ഇപ്പോഴത്തെ ജ്യോത്സ്യന്റെ അപ്പുപ്പന്‍ ജ്യോത്സ്യന്‍ സമയം കുറിച്ചു കൊടുത്ത നേരത്ത്‌ പത്തറുപത്‌ വര്‍ഷം മുമ്പ്‌ പണിയിച്ച വീടിനുള്ളിലിരുന്നാണു അയാള്‍ ഇതൊക്കെ തട്ടിവിടുന്നതു..ആ വീട്ടില്‍ താമസ്സിക്കുന്നവര്‍ ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ജീവിക്കുമെന്ന് അങ്ങോരു പ്രവിച്ചതൊക്കെ തട്ടിക്കളഞ്ഞു കൊണ്ടാണു ഇയ്യാളുടെ പ്രവചനം! എങ്ങനെയുണ്ട്‌ ജോത്സ്യന്‍? മുന്‍ തലമുറയേക്കാള്‍ ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക്‌ കൂടുതല്‍ എന്തു പരിജ്ഞാനമാണുള്ളതു? കമ്പ്യൂട്ടറൊക്കെ മേടിച്ച്‌ വച്ച്‌ എല്ലാവരേയും പറ്റിക്കാനുള്ള വക്രബുദ്ധി കൂടിയിട്ടുണ്ട്‌ എന്നല്ലാതെ?
ജ്യോതിഷത്തിന്റെ സൂക്കേട്‌ ഇപ്പ്പ്പോള്‍ വളരെക്കൂടുതലാണു. ഏന്നാല്‍ അതിനു വല്ല അടിസ്ഥാനവുമുണ്ടോ? അതില്ലാതാനും. ഈ സൂര്യനും, ചന്ദ്രനും,ചൊവ്വായുമൊക്കെ എല്ലാവരേയും അങ്ങ്‌ കയറി ബാധിക്കാതെ ചിലരെ മാത്രം തിരഞ്ഞുപിടിച്ചു ബാധിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഈ ഗ്രഹങ്ങള്‍ക്കൊന്നും വേറെ പണിയില്ലെ?വേദത്തിലും പുരാണത്തിലുമൊക്കെ അധിഷ്ഠിതമാണു ജ്യോത്സ്യം എന്നാണു ഈ വിദ്വാന്മാര്‍ വച്ച്‌ കാച്ചുന്നത്‌. അവരെ വെറുതെ വിടരുത്‌. വേദത്തില്‍ അതെവിടെയാണു പറഞ്ഞിരിക്കുന്നതെന്ന് ചോദിക്കണം. ചോദിച്ചാല്‍ മാത്രം പോരാ കാണിച്ച്‌ തരാന്‍ കൂടിപ്പറയണം. സംശയം വേണ്ട. അവര്‍ ഈ പറയുന്ന ജ്യോതിഷമൊന്നും പുരാണേതിഹാസങ്ങളിലോ, വേദത്തിലോ ഇല്ല.
കാലക്രമം നിര്‍ണ്ണയിക്കാനുള്ള ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള പരാമര്‍ശം അവിടെ കാണാം. ദിനം, തിഥി, പക്കം, ഞാറ്റുവേല, സംക്രമം തുടങ്ങിയ മനുഷ്യനു ആവശ്യമുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ഒരു ശാസ്ത്രം അവിടെയുണ്ട്‌. അതിനേയും ജ്യോതിഷം എന്നാണു വിളിക്കുന്നതു. പക്ഷെ അതു മറ്റേ തട്ടിപ്പല്ല! അതാണു തങ്ങളുടെ ജ്യോതിഷം എന്ന് ജ്യോത്സ്യന്മാര്‍ അവകാശവാദവുമായി വന്നേക്കാന്‍ ഇടയുള്ളതുകൊണ്ടാണു ഇതു സൂചിപ്പിച്ചതു.ജ്യോതിഷം വളരെപ്പഴക്കമുള്ളതാണെങ്കിലും ജോത്സ്യം യവന്മാരുടെ വരവോടുകൂടിയുണ്ടായതാണെന്നാണു അറിവുള്ളവര്‍ പറയുന്നത്‌. ഭാരതത്തില്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
ജീവതത്തിന്റെ അന്തഃസത്ത മനസ്സിലാകാത്തവരാണു പൊതുവെ ഭാവിയെക്കുറിച്ച്‌ ഉല്‍കണ്ഠാകുലരാകുന്നത്‌. അവരെ പറ്റിക്കുവാന്‍ വേണ്ടി ഉടലെടുത്ത വര്‍ഗ്ഗമാണു ജ്യോത്സ്യന്മാര്‍. തട്ടിപ്പിനു ഒരു ഗൗരവമൊക്കെ വരാന്‍ വേണ്ടിയാണു സംഗതി ദൈവീകമാണെന്നൊക്കെ പറയുന്നത്‌. ദൈവത്തിനു ഇതില്‍ ഒരു പങ്കുമില്ല!ജ്യോത്സ്യത്തിന്റെ ആധികാരികത സ്ഥാപിക്കാന്‍ രാമന്റെ ജാതക കര്‍മ്മത്തെക്കുറിച്ചൊക്കെ പറയാറുണ്ട്‌. സൂക്ഷ്മമായി പരിശ്ശോധിച്ചാല്‍ അങ്ങനെയൊരു ഗ്രഹനില ഉണ്ടാകാന്‍ പ്രയാസമാണു. ആത്മാവ്‌ മനുഷ്യരൂപമെടുക്കുന്നതിനു യോജിക്കുന്ന ഒരു കാവ്യകല്‍പ്പന മാത്രമാണു അതു. അല്ലാതെ അത്തരം ഒരു യോഗത്തില്‍ ഒരാള്‍ ജനിക്കുന്നു എന്നര്‍ത്ഥമില്ല. അങ്ങനെ ഒരു ഗ്രഹനിലയുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ഒരു മനുഷ്യന്‍ അതില്‍ ജനിച്ചുകൂടായ്കയുമില്ല. അപ്പോള്‍ ദൈവത്തിന്റെ അവതാരം എന്ന് പറയുന്നതിനു എന്ത്‌ പ്രത്യേകത? അങ്ങനെ ഒരു ഗ്രഹനിലയുണ്ടാവാനേ പാടില്ല എന്ന് ചുരുക്കം. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങള്‍ ആരും തന്നെ ജ്യോത്സ്യന്മാരെ സമീപിക്കുന്നതായി എവിടെയും കാണുന്നുമില്ല. അതു കൊണ്ട്‌ ഈ ജ്യോത്സ്യം എന്ന് പറയുന്ന ഏര്‍പ്പാട്‌ ശാസ്ത്രസമ്മതമുള്ളതോ ആചാരപരമോ അല്ല.
ശ്രീരാമന്‍ കാട്ടില്‍ പോകുന്നതിനു മുന്‍പ്‌ കൗസല്യ പ്രശ്നം വയ്പിച്ചോ? സംഗതികള്‍ കുഴഞ്ഞുമറിയുന്നൂ എന്ന് കാണുമ്പോള്‍ കുറഞ്ഞ പക്ഷം ലക്ഷ്മണനെങ്കിലും ഒരു ജ്യോത്സ്യനെ തേടിപ്പോകേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. രാജാക്കന്മാര്‍ എന്നൊക്കെ പറയുന്നവര്‍ ആര്‍ക്കീറ്റയിപ്പുകളാണു. സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കുവാനുള്ള കഥാപാത്രങ്ങള്‍! ജ്യോത്സ്യം ഒരു ശാസ്ത്രമായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തെക്കൊണ്ട്‌ അതു സൂചിപ്പിക്കുമായിരുന്നു. അതുണ്ടായില്ല.
പാണ്ഡവ സഹോദരനായ നകുലന്‍ ജ്യോതിഷത്തില്‍ അതീവ നിഷ്ണാതനാണെന്ന് മഹാഭാരതം പറയുന്നുണ്ട്‌. ആ ജ്യോതിഷം ഇന്നത്തെ ജ്യോത്സ്യമായിരുന്നെങ്കില്‍ ഭാവിയെക്കുറിച്ചറിയാന്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നില്ലെ? കുറഞ്ഞപക്ഷം സ്വന്തം വീട്ടുകാരെങ്കിലും? പക്ഷെ, ഒന്ന് പ്രശ്നം വയ്പിക്കാന്‍ സ്വന്തം ജ്യേഷ്ഠന്മാര്‍ പോലും അയാളെ സമീപിച്ചതായി കാണുന്നില്ല. എന്തോരം കഷ്ടപ്പാടാണു ആ അമ്മയും മക്കളും അനുഭവിച്ചതു. എന്നിട്ടുമൊന്ന് കവടിവയ്പിക്കാന്‍ അവര്‍ക്ക്‌ തോന്നിയില്ലല്ലോ? പോട്ടെ, സ്വയമൊന്ന് വാരിപ്പിടിക്കണമെന്ന് നകുലനുപോലും തോന്നിയില്ല.
പാമ്പില്‍ത്തന്നെ ചില രാജവെമ്പാലകള്‍ ഉണ്ട്‌. വിഷം മുറ്റിയ വര്‍ഗ്ഗം! ദേവപ്രശ്നം നടത്തുന്നവര്‍. ദേവജ്ഞര്‍ എന്നൊക്കെ അവരെക്കേറി വിളിച്ചെന്നിരിക്കും. അതില്‍ സത്യമൊന്നുമില്ല. അത്യാര്‍ത്തിക്കാര്‍ എന്ന് വിളിക്കുന്നത്‌ മോശമായതുകൊണ്ടാണു ദേവജ്ഞര്‍ എന്ന് വിളിക്കുന്നത്‌. ദേവലോകങ്ങളെക്കുറിച്ചുള്ള ജ്ഞാനമൊന്നും അവര്‍ക്ക്‌ ഉണ്ടെന്നു തോന്നുന്നില്ല. ധനലോകത്താണു അവരുടെ കണ്ണ്‍! എന്നിട്ട്‌ അടിച്ച്‌ വിടുന്ന ഗീര്‍വ്വാണങ്ങളോ? "ദാ, ഞാന്‍ ഇപ്പോള്‍ ഭഗവാനെ കാണുകയാണു. ഞാന്‍ ചോദിച്ചു. നിങ്ങള പറയുന്നതൊന്നും അങ്ങ്‌ ട്‌ പിടിക്കിണില്യാ" ഈ പറയുന്നതു കേട്ടാല്‍ തോന്നും അയാള്‍ ദേവന്റെ കാര്യസ്ഥനാണെന്ന് അല്ലെങ്കില്‍ വകേലൊരു അളിയനാണെന്ന്. അയാളോട്‌ നമ്മള്‍ ഒരു ചോദ്യം ചോദിക്കുന്നു. ഭഗവാനെക്കാണുന്ന തനിക്കെന്താ കുറ്റക്കാരെ തെളിവുസഹിതം പേരെടുത്തങ്ങ്‌ പറഞ്ഞാല്‍? ഭഗവാനെക്കാണാന്‍ കണ്ണുണ്ടെങ്കില്‍ മനുഷ്യനെ കാണാനാണോ പ്രയാസം! പക്ഷെ പറയില്ല. കാരണം സംഗതി മൊത്തം തട്ടിപ്പാണെന്ന് അയാള്‍ക്കറിയാം. അയാള്‍ക്ക്‌ തന്നെ വിശ്വാസമില്ല ആ പറയുന്നതിലൊന്നിലും. പിന്നെ തടി കേടാക്കാന്‍ എന്തിനാ ആരുടെയെങ്കിലും പേര്‍ പറയുന്നത്‌??? അല്ലാതെ തന്നെ അമ്പലം കമ്മറ്റിക്കാരും സപ്താഹക്കാരും, പരിഹാരക്രിയക്ക്‌ ഒഴിവുകാണുന്ന പുരോഹിതന്മാരും, കോണ്ട്രാക്ടറന്മാരും ചേര്‍ന്ന് വേണ്ട കമ്മീഷന്‍ കൊടുക്കുന്നുണ്ട്‌.
ഇനിയും വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത്‌ വേണ്ടാത്തിടത്ത്‌ വയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ വിധി. അത്ങ്ങട്‌ അനുഭവിച്ചു തീര്‍ക്ക്വാ. അല്ലാതെന്താ.
ശംഭോ മഹാദേവ!!
പിന്നറിയിപ്പ്‌:
ഈ ബ്കോഗില്‍ എഴുതിയിരിക്കുന്ന എന്തും ആര്‍ക്കും എവിടെയും ഉപയോഗിക്കാവുന്നതാണു. കോപ്പീറൈറ്റ്‌ നിയമം ബാധകമയിരിക്കുന്നതല്ല. അങ്ങനെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമോ, മാനസ്സികമോ, സാമ്പത്തികമോ ആയ കഷ്ട നഷ്ടങ്ങള്‍ക്കൊന്നും പക്ഷെ ബ്ലോഗുടമ ഉത്തരവാദി ആയിരിക്കുന്നതല്ല.അതങ്ങ്‌ സ്വയം സഹിച്ചോണം.

Tuesday, March 20, 2007

ഭക്ഷണപ്പുരകള്‍

ഭക്ഷണപ്പുരകള്‍

‍നമ്മുടെ നാട്ടില്‍ ജൂവലറികളും തുണിക്കടകളും കഴിഞ്ഞാല്‍ കൂടുതലായിക്കാണുന്നത്‌ ഭക്ഷണപ്പുരകളാണു.
ഇതിത്ര വ്യാപകമായിട്ട്‌ പതിനഞ്ചോ ഇരുപതോ കൊല്ലമേ ആയിട്ടുള്ളു. തട്ടുകടള്‍, ചായക്കടകള്‍, നാടന്‍ ഹോട്ടലുകള്‍, നക്ഷത്ര ഹോട്ടലുകള്‍ എന്നിങ്ങനെ അതിപ്പോള്‍ ശ്രേണിയായി വികസിച്ച്‌ പോകുന്നു. ഇവിടെയെല്ലാം നല്ല തിരക്കും ആവശ്യത്തിനു കച്ചവടവും നടക്കുന്നുണ്ട്‌.
വീട്ടില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന ശീലമായിരുന്നു മലയാളിക്കു ഉണ്ടായിരുന്നത്‌. കാര്‍ഷിക സമൂഹത്തിന്റെ പ്രത്യേകതയാണു അതെന്ന് പറയാം. ഒന്നര നൂറ്റാണ്ട്‌ മുമ്പ്‌ അതിനു മാറ്റം വന്നു. മെക്കാളേയുടെ വിദ്യാഭ്യാസമാണു അതിനു കാരണം. ഭാരതത്തിന്റെ പാരമ്പര്യാധിഷ്ഠിതമായ അറിവിനെ തകര്‍ക്കാനും സമ്പത്ത്‌ കൊള്ളയടിക്കാനും തീരുമാനിച്ച ദരിദ്ര ബ്രിട്ടീഷ്‌ ഭരണകര്‍ത്താക്കള്‍ മെക്കാളെയുടെ വിദ്യാഭ്യാസം ഇവിടെ നടപ്പാക്കി. ദാരിദ്ര്യം കൊണ്ട്‌ ചെയ്തു പോയതാണു. ദാരിദ്ര്യമില്ലാതിരുന്നെങ്കില്‍ കപ്പലുകേറി ഇത്ര ദൂരം വന്ന് പാവം ബ്രിട്ടീഷുകാര്‍ കഷ്ടപ്പെടുമായിരുന്നോ? മെക്കാളെ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസംഗം ഇതിനു തെളിവാണു. നാമിപ്പോള്‍ ഗള്‍ഫില്‍ പോകുന്നതിന്റെ പ്രേരണയും ഒരു തരം ദാരിദ്ര്യമല്ലേ? ചിന്തിച്ചു നോക്കുക.
മെക്കാളെയുടെ വിദ്യാഭ്യാസം നമ്മുടെ പരമ്പരാഗത അറിവിനെ വികൃതമാക്കി. അതേറ്റവും ബാധിച്ചതു അടുക്കളയേയാണു. നമ്മുടെ ഭക്ഷണശീലം മോശമാണെന്ന് നമുക്ക്‌ തോന്നിത്തുടങ്ങി. പുതിയ തലമുറകള്‍ അത്‌ വിശ്വസിച്ചു. നമ്മുടെ പാരമ്പര്യത്തെ പുശ്ചത്തോടെ നോക്കാന്‍ നമുക്കിപ്പോള്‍ തെല്ലും ലജ്ജയില്ല.പുതുലോകത്തിന്റെ പ്രതീക്ഷയില്‍'അടുക്കളയില്‍' നിന്നും സ്ത്രീ അരങ്ങത്തേക്ക്‌ വന്നു. അടുക്കള തകരുകയും അതിരുകളില്ലാത്ത മത്സരങ്ങളുടെ ലോകം സ്ത്രീക്ക്‌ തുറന്നുകിട്ടുകയും ചെയ്തു. അടുക്കള മോശമാണെങ്കിലും ആണുങ്ങള്‍ കുശിനിക്കാരാകുന്ന സര്‍വ്വകലാശാലാ വിദ്യാഭ്യാസം പിന്നീടുണ്ടാകുന്നതു കാണാം. സംഗതി അപ്പോള്‍ അത്ര മോശമല്ലെന്ന് ചുരുക്കം. സ്ത്രീകളെ അടുക്കളയില്‍ നിന്നും ഇറക്കണമെന്നേ "അടുക്കളയില്‍ നിന്ന് അറങ്ങത്തേക്ക്‌" എന്ന മുദ്രാവാക്യത്തിനു ലക്ഷ്യം ഉണ്ടായിരുന്നുള്ളു എന്നു വിചാരിക്കാം. സ്ത്രീകള്‍ പതുക്കെ കുടുംബം വിട്ടിറങ്ങി. പരമ്പര വഴി കിട്ടിയിരുന്ന അറിവിനെ അവര്‍ ഉപേക്ഷിച്ചു!തീയും പുകയുമേറ്റ്‌ കരിയുന്ന അസ്വതന്ത്ര ലോകങ്ങളില്‍ നിന്ന് സ്ത്രീ മോചിതയായി. അടുക്കളയും, കുടുംബവും ഒന്നും ഇപ്പോള്‍ അവളുടെ പരിഗണനയില്‍ ഇല്ല.
യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുത ലോകമാണു അടുക്കള. അതു മനസ്സിലാകുന്നവര്‍ ചുരുക്കമാണു. ഓരോ അടുക്കളയും ഓരോ രസ പരീക്ഷണശാലകളാണു. കഞ്ഞിയായാലും സദ്യവട്ടമായാലും അതു നിര്‍മ്മിക്കപ്പെടുന്നത്‌ ആരോഗ്യം ഉണ്ടാവണമെന്ന സങ്കല്‍പത്തോടെയാണു. പണമല്ല അവിടുത്തെ ലക്ഷ്യം. എന്നാല്‍ ഭക്ഷണപ്പുരകള്‍ അങ്ങനെയല്ല. അവിടെ കാശു മാത്രമേ നോട്ടമുള്ളു. നമ്മുടെ ആരോഗ്യം പോയാലും മുതലാളിക്ക്‌ പണമുണ്ടാകണം. അമ്മയുടെ മനസ്സ്‌ അങ്ങനെയല്ല. അമ്മയാണല്ലോ അടുക്കളയുടെ അധിപ.അടുക്കളയില്‍
അമ്മ രസാദ്ധ്യക്ഷയാണു. കുടുംബാംഗങ്ങള്‍ ഭക്ഷണം വഴി എതൊക്കെ രസങ്ങള്‍ കഴിച്ചാല്‍ നല്ല ആരോഗ്യത്തോടെ ഇരിക്കും എന്നാണു അമ്മ ആലോചിക്കുന്നതു. രസങ്ങള്‍ തീരുമാനിക്കുന്നതു കൊണ്ട്‌ രസാദ്ധ്യക്ഷയായി. ഇന്നത്തെ അമ്മമാര്‍ക്ക്‌ ഇത്‌ തീരെ യോജിക്കില്ലെന്നറിയാം. അതിനുള്ള കഴിവ്‌ അവര്‍ക്കില്ല. അവര്‍ക്ക്‌ തീരുമാനിക്കാന്‍ കഴിയുന്നതു രസങ്ങളല്ല, ഫാസ്റ്റ്‌ ഫുഡ്‌ ഹോട്ടലുകളുടെ പേരുകള്‍ മാത്രമാണു. അവിടെക്കാണുന്നതൊക്കെ യാതൊരു വിവേചനവുമില്ലാതെ കുട്ടികള്‍ക്ക്‌ വാങ്ങിക്കൊടുക്കുകയും സ്വയം വെട്ടി വിഴുങ്ങുകയും ചെയ്യും. ആരോഗ്യത്തെ ഇതൊക്കെ ബാധിക്കുമോ എന്നൊന്നും നോക്കാറില്ല.
ഒരു വീട്ടില്‍ പലേതരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ടാകും. അതുകൊണ്ടു എല്ലാവര്‍ക്കും ഒരേതരത്തിലുള്ള ഭക്ഷണം പോര. പഠിക്കുന്ന കുഞ്ഞിനുള്ള ആഹാരമല്ല പറമ്പില്‍ പണിയെടുക്കുന്നാള്‍ക്ക്‌ കൊടുക്കേണ്ടത്‌. അച്ഛനും ഭര്‍ത്താവിനും വ്യത്യസ്ഥമായിരിക്കണം ഭക്ഷണം. ഇങ്ങനെ ഓരോത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്‌ ആഹാരം വ്യത്യസ്ഥമാക്കിക്കൊടുക്കുന്ന മായാജാലം അമ്മമാര്‍ക്ക്‌ മാത്രമറിയുന്നതാണു. അതു പരമ്പരയായി മാത്രമേ ലഭിക്കു.ഒരൊറ്റ വയ്പേ വീട്ടില്‍ കാണുകയുള്ളൂ. എങ്കിലും എല്ലാവര്‍ക്കും വ്യത്യസ്ഥ ഭക്ഷണം കിട്ടുകയും ചെയ്യും. ഭക്ഷണം വിളമ്പുന്നതു വഴിയാണു അതു സാധിക്കുന്നതു. പുഴുങ്ങിയ കോഴിമുട്ട സ്കൂളില്‍പ്പോകുന്ന മകന്റെ/മകളുടെ ചോറ്റുപാത്രത്തിലേക്ക്‌ അറിയാതെ കയറിപ്പോകുന്നതും, പറമ്പില്‍ ജോലിക്കു പോകുന്ന ആളെ രണ്ടു കഷണം കപ്പ കൂടുതല്‍ തീറ്റിക്കുന്നതും ഒരു വിദ്യ. വിശ്രമിക്കുന്ന ഗൃഹനാഥനു പൊടിയരിക്കഞ്ഞിയും പപ്പടവും. ഗര്‍ഭിണിയായ സഹോദരിക്ക്‌ വ്യാക്കിനു പറ്റുന്ന വിധം ഒരു പുളിയന്‍ കറി. ഭക്ഷണം നല്‍കുന്നതില്‍ പൊടിക്കൈ അനേകമുണ്ട്‌. രോഗം വന്നിരിക്കുന്ന മുത്തശ്ശിക്കു പാല്‍ വളെരെ നീട്ടി ഒരു പാനീയം. ഒന്നര വയസ്സുകാരനു ഏത്തക്കായ കൊണ്ട്‌ ഒരു കുറുക്ക്‌. രസാദ്ധ്യക്ഷയുടെ മായാജാലം ഇങ്ങനെ അനവധിയുണ്ട്‌. ഇതൊക്കെ വലിച്ചെറിഞ്ഞാണു കേരള സമൂഹം ഷെഫുകളുടെ രസതന്ത്രത്തില്‍ ചെന്നു ചാടിയത്‌. പിന്നെ മൊത്തം ഗ്യാസ്സായി. സ്പോണ്ടുലോസ്സിസ്സായി. കാന്‍സറായി. ജീവിതം രോഗാതുരമായി.
ഏതിനും ഒരു നല്ല വശമുണ്ടാകുമല്ലോ. ഇവിടെയും അതില്ലെന്ന് പറയാന്‍ പറ്റില്ല. ആശുപത്രികളും ഡോക്ടറന്മാരും അതിനോട്‌ ചുറ്റിപ്പറ്റി കുറേ മനുഷ്യരും ജീവിക്കുന്നു.
തൊഴിലിനായി പട്ടണപ്രവേശം നടത്തിയപ്പോള്‍ നമുക്ക്‌ നഷ്ടമായതു വലിയൊരു പാരമ്പര്യവും അറിവുമാണു. സാമ്പത്തികമായും, സാമൂഹികമായും, ആരോഗ്യപരമായും ഈ ചുവടുമാറ്റം നമുക്ക്‌ ഗുണം ചെയ്തിട്ടുണ്ടോ?ആള്‍ പ്രതിയുള്ള വരുമാനം റുപ്പികയുടെ കണക്കില്‍ വര്‍ദ്ധിച്ചു എന്ന് സമ്മതിക്കാം. പക്ഷെ ചിലവിനത്തില്‍ എന്തു മാറ്റം ഉണ്ടായി എന്നാരും കണക്ക്‌ പറയുന്നില്ല. വീട്ടുവാടക, യാത്രക്കൂലി, ചികില്‍സാ ചെലവുകള്‍, പച്ചക്കറികള്‍ക്കും, ധാന്യത്തിനുമുള്ള വില ഒക്കെ പരിഗണിക്കുമ്പോള്‍ സാമ്പത്തികമായി പോലും മെച്ചമുണ്ടെന്ന് പറയാമോ?ആരോഗ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ അതിലും കഷ്ടമാണു കാര്യം. രോഗമില്ലാത്തവര്‍ ഇന്ന് ചുരുക്കമാണു. കഴിക്കുന്ന ആഹാരം കൊണ്ട്‌ പോഷിപ്പിക്കപ്പെടുന്നതാണു ശരീരമെന്ന് നാം മറന്നിരിക്കുന്നു. കുട്ടികളൊക്കെ ചെറുപ്പത്തിലെ കണ്ണട ധരിക്കാനും ഇന്‍ഹേലര്‍ കൊണ്ട്‌ നടക്കാനും തുടങ്ങി. ഭക്ഷണത്തിലുള്ള അപാകതയാണു പലപ്പോഴും രോഗങ്ങള്‍ക്ക്‌ കാരണം. ഭക്ഷണപ്പുരകള്‍ അതിലേക്ക നല്‍കുന്ന സംഭാവന വളരെ വലുതാണു.
പരമ്പരാഗതമായ പലതും വിട്ടപ്പോള്‍ നെല്ലും തേങ്ങയും അക്കൂട്ടത്തില്‍ പോയി. തേങ്ങക്ക്‌ വില 8ഉം 10ഉം ആകുമ്പോള്‍ മലയാളിക്ക്‌ സന്തോഷം. കുറയുമ്പോള്‍ സങ്കടം.ഒരു തേങ്ങാക്കച്ചവടക്കാരന്റെ സ്ഥാനത്ത്‌ നിന്ന് ചിന്തിക്കാനാണു മലയാളിക്ക്‌ എപ്പോഴും താല്‍പര്യം. അല്ലാതെ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചാല്‍ ആരോഗ്യമുണ്ടാകുമെന്നും അതു വഴി ഗവണ്മെന്റിനു പൊതുജനാരോഗ്യ വകുപ്പില്‍ പണച്ചെലവു കുറയുമെന്നും ആരും ചിന്തിച്ചു കാണുന്നില്ല. ഒരു തരം കച്ചവടമനസ്ഥിതിയാണു നാം ഭക്ഷണമുള്‍പ്പെടെ എല്ലാ പ്രധാന കാര്യങ്ങളിലും പിന്തുടരുന്നത്‌. നമ്മുടെ പാരമ്പര്യത്തിലെ ഒരു ശക്തമായ കണ്ണിയായിരുന്ന തെങ്ങ്‌ വെട്ടിമാറ്റിയിട്ടു വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതുമായ റബ്ബര്‍ അവിടെ പ്രതിഷ്ഠിച്ചു.എന്തിനു? നാലു കാശിനു. കാശു കണ്ടാല്‍ മലയാളി എന്തും നക്കും. ഒരു തരം ഉളുപ്പില്ലാത്ത ഇലാസ്റ്റിസിറ്റി റബ്ബര്‍ നമുക്ക്‌ സംഭാവന ചെയ്തു കഴിഞ്ഞു! മലയാളിയുടെ ജെനോം മാപ്പ്‌ കൂലങ്കഷമായി ഒന്ന് പഠിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അടുക്കളയുടെ സാമ്പത്തികവശം ആരും നോക്കിയിട്ടില്ല. ഒരു നേരത്തെ ഭക്ഷണത്തിനു ശരാശരി 20 രൂപ വച്ച്‌ 4 അംഗങ്ങള്‍ ഉള്ള കുടുംബത്തിനു ഒരു ദിവസം 240 രൂപാ ചെലവാകും. ഒരു മാസത്തേക്കാകുമ്പോള്‍ 7200. കുടുംബ അടുക്കള ഇതിന്റെ അഞ്ചിലൊന്നോ ആറിലൊന്നോ കൊണ്ട്‌ ഓടിക്കാന്‍ കഴിയും. എല്ലാ ദിവസവും തങ്ങള്‍ പുറത്തു പോയിക്കഴിക്കാറില്ലെന്ന് പറയുന്നവരോട്‌ ഒന്നു പറയട്ടെ? പുറത്ത്‌ പോകുമ്പോള്‍ നിങ്ങള്‍ 240 രൂപയില്‍ കൂടുതല്‍ ഒരു നേരത്തിനു ചെലവാക്കുന്നുണ്ട്‌. ആലോചിച്ചാല്‍ ശരിയല്ലെ?ഇതു കൊണ്ട്‌ ആരോഗ്യം മെച്ചപ്പെടുന്നുണ്ടോ? സാദ്ധ്യത കുറവാണു.
മലയാളി ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നതായ ഒരു ഭക്ഷണം എടുക്കാം. പോട്ടി. അതു കഴിക്കുന്നതിനെക്കുറിച്ച്‌ ഒന്ന് ചിന്തിക്കുക. അതാണല്ലോ ഇപ്പോഴത്തെ ദേശീയ ഭക്ഷണം. പണ്ട്‌ ഈ സാധനം കഴിച്ചു കൊണ്ടിരുന്നതു വളര്‍ത്തു നായ്ക്കളാണു. അപൂര്‍വ്വം ചില അവസരങ്ങളില്‍ നായാടി വര്‍ഗ്ഗത്തില്‍പ്പെട്ടിരുന്നവരും ഉപയോഗിച്ചിരുന്നു. അതും ചത്ത മൃഗത്തിന്റെ നല്‍പ്‌ നോക്കിയിട്ട്‌ മാത്രം. ഇന്നത്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.മൃഗക്കുടലാണു പോട്ടിയുടെ അടിസ്ഥാന ഘടകം. പശു, കാള, ആട്‌ തുടങ്ങിയവയാണെങ്കില്‍ പുല്ലും, പന്നിയാണെങ്കില്‍ മിക്കവാറും മലവുമായിരിക്കും ആ കുഴലിലൂടെ മുന്‍പ്‌ കടന്നു പോയിക്കൊണ്ടിരുന്നത്‌. അത്‌ കഴുകി വൃത്തിയാക്കി അതില്‍ ഓരോതരം ഭക്ഷ്യവസ്തുക്കള്‍ സ്റ്റഫ്‌ ചെയ്ത്‌ തരികയാണു ചെയ്യുന്നത്‌. ഇനി നിങ്ങള്‍ ആലോചിക്കുക....
1. എത്ര ഭംഗിയായി കഴുകണം അതൊന്ന് സാമാന്യമായി വൃത്തിയാകണമെങ്കില്‍?
2. അങ്ങെനെ വൃത്തിയായി കഴുകാനുള്ള സാവകാശമൊക്കെ കച്ചവടക്കാര്‍ക്ക്‌ ഉണ്ടാകുമോ?
3. M N C.കളുടെ സ്ഥാപനങ്ങള്‍ക്കു പോലും വീറും വൃത്തിയും സൂക്ഷിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട്‌ ഉണ്ട്‌. ചത്ത പല്ലി, എലിക്കാട്ടം, ചോരയൊക്കെ അവര്‍ വിളമ്പുന്ന ഭക്ഷണത്തിലും കണ്ടത്തിയിട്ടുണ്ട്‌. എങ്കില്‍ തട്ടു കടക്കാരനില്‍ നിന്ന്....?
4. പണ്ടുള്ളവര്‍ നമ്മെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരും, വിവരദോഷികളും ആയിരുന്നിട്ടും എന്തു കൊണ്ട്‌ ഇതു ഉപയോഗിച്ചില്ല. ദാരിദ്രമായിരുന്നെങ്കില്‍ വേണ്ടുവോളവും ഉണ്ടായിരുന്നു. എന്നിട്ടും...പോട്ടി...? ഇല്ല.
അപ്പോള്‍ അവര്‍ എവിടെ നിന്നോ മനസ്സിലാക്കി ഇതു ആരോഗ്യത്തിനു പറ്റുന്നതല്ല. ഇന്ന് നമുക്ക്‌ ഭക്ഷണത്തേപ്പറ്റി അങ്ങനെ ഒരു അറിവില്ല. നാവിനുപറ്റുമെന്ന് കാണുന്ന എല്ലാം അങ്ങ്‌ തട്ടുകയാണു. ശരീരത്തിനു പറ്റിയതാണോ എന്ന് നോക്കാറില്ല. കുറഞ്ഞ വിലക്ക്‌, ചിലപ്പോള്‍ വെറുതെ തന്നെ കിട്ടുന്ന റോ മറ്റീരിയല്‍ കൊണ്ട്‌ ഉണ്ടാക്കാവുന്ന വമ്പിച്ച ലാഭമാണു പോട്ടിയുണ്ടാക്കുമ്പോള്‍ ഹോട്ടലുകാരന്റെ മനസ്സില്‍. അല്ലാതെ അതു കഴിക്കുന്നവന്റെ ആരോഗ്യമല്ല, അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് എല്ലാവരും ലാഭം നോക്കിയാണു ജീവിക്കുന്നത്‌. ഹോട്ടലുകാരനും വ്യത്യസ്ഥനല്ല.
മലയാളിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ അറിയാം. എന്നാല്‍ ആവശ്യമുള്ളതു പലപ്പോഴും അവനറിയില്ല.
ഒരു പുതിയ സാരി വാങ്ങുമ്പോള്‍ എന്തൊക്കെയാണു നമ്മുടെ സ്ത്രീകള്‍ നിരീക്ഷിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലാഭം നോക്കും. സ്റ്റഫ്‌ നല്ലതാണോ എന്നു നോക്കും. ഏതു കമ്പനിയുടേതാണു? ഏതു കടയില്‍ നിന്നാണു വാങ്ങേണ്ടതു. ഒക്കെ നല്ല ശ്രദ്ധയാണു! പോച്ചമ്പള്ളിയോ ഭൂതാരിയോ മെച്ചം? ഇഴയടുപ്പെം എങ്ങനെ? ബോര്‍ഡര്‍ നന്നായിട്ടുണ്ടോ? ബോഡിക്കളറുമായി മാച്ച്‌ ചെയ്യുമോ? എന്തൊക്കെയാ ചര്‍ച്ചകള്‍?
എന്നാല്‍ ഒരു ഹോട്ടലില്‍ കയറി ഫുഡ്‌ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ വല്ലതും ചെയ്യുമോ? അവിടെ ഭക്ഷണം എങ്ങനെയാണൂ ഉണ്ടാക്കുന്നതു എന്ന് അന്വേഷിക്കാറുണ്ടോ? മാവും വെജിറ്റബള്‍സുമൊക്കെ നല്ലതായിരുന്നോ? ഇറച്ചിയെടുത്ത മൃഗത്തിനു പേയോ വസന്തയോ മറ്റോ ഉണ്ടായിരുന്നോ? അടുക്കളയുടെ വൃത്തി എങ്ങനെയുണ്ട്‌? ഭക്ഷണം ഉണ്ടാക്കുന്നവനു എന്തെങ്കിലും അസുഖമുണ്ടോ?(മിക്ക കുശിനിക്കാര്‍ക്കും കുഴിനഖമെങ്കിലും കാണും) ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കറിക്കൂട്ടുകള്‍ കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഉണ്ടക്കുമോ? ആരും ഇതൊന്നും അന്വേഷിച്ചിട്ടല്ല ഭക്ഷണം കഴിക്കുന്നത്‌. ചുമ്മാതങ്ങ്‌ തട്ടും.
ഒരു കമ്മലോ ഇട്ടാല്‍ പത്തു ദിവസം കഴിയുമ്പോള്‍ കീറിപ്പോകുന്ന സാരിയോ വാങ്ങുമ്പോഴുള്ള അന്വേഷണത്വരയുടെ നാലിലൊന്നു പോലും ഈ ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം വാങ്ങുമ്പോള്‍ നാം കാണിക്കാറില്ല. ഇതാണു മുന്‍പ്‌ പറഞ്ഞതു ആവശ്യമുള്ള കാര്യത്തില്‍ മലയാളിക്ക്‌ വിവേകമില്ല. അതവനെ വിചിത്രമായ ഒരു അവസ്ഥയിലാണു കൊണ്ടെത്തിച്ചിരിക്കുന്നതു. ഭക്ഷണം കഴിച്ച്‌ ആത്മഹത്യ ചെയ്യുന്ന ഒരു സമൂഹം! മലയാളികളേപ്പോലെ ഇങ്ങനെ ഒരു വര്‍ഗ്ഗത്തെ ലോകത്തില്‍ വേറെങ്ങും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാശുകൊടുത്ത്‌ ആരോഗ്യം നഷ്ടപ്പെടുത്താനും രോഗം വാങ്ങാനും മലയാളിയേ ഉള്ളു. അതിനു മലയാളിക്ക്‌ ഒരു മടിയുമില്ല.
മലയാളിക്ക്‌ "മടി"ഇല്ല എന്ന് പറയുന്നതു അത്ര കണ്ട്‌ ശരിയല്ല. ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമാണു മടി. അതിനു മടി മാത്രമേയുള്ളുതാനും.
ശമ്പളം വാങ്ങുമെങ്കിലും ജോലിചെയ്യാന്‍ മടിയാണു.
മണ്ണിളക്കാനും കൃഷി ചെയ്യാനും മടിയാണു. അതൊക്കെ തമിഴനു വിട്ടു കൊടുത്തിരിക്കുന്നു.
അവന്‍ അരി കൊണ്ടത്തന്നാലും ചോറുവയ്ക്കാന്‍ മടിയാണു. അതു കൊണ്ട്‌ ഹോട്ടലില്‍ പോയി ഉണ്ണുന്നു.
കഞ്ഞി വക്കാന്‍ മടിയാണു, അതുകൊണ്ട്‌ രാത്രിയില്‍ പാര്‍സലുമായി മടങ്ങുന്നു.
ഇഡലിക്ക്‌ മാവരയ്കാന്‍ മടിയാണു അതു കൊണ്ട്‌ അരച്ചമാവ്‌ മേടിക്കുന്നു. ഒപ്പം രോഗാണുക്കള്‍ ഫ്രീ.
കാറു മേടിക്കാന്‍,
സാരി മേടിക്കാന്‍,
സ്വര്‍ണ്ണം പുതുക്കി മേടിക്കാന്‍,
വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കറങ്ങിനടക്കാന്‍, ഇതിനൊന്നും മടിയില്ല.
പക്ഷെ ഒരു ചമ്മന്തിയരക്കാന്‍,
അടയുണ്ടാക്കാന്‍,
ചായയിടാന്‍ ഒക്കെ മടിയാണു സ്ത്രീക്ക്‌.
പുരുഷനാണെങ്കില്‍ അങ്ങനെയല്ല.
യാതൊരു മടിയും കൂടാതെ ചില കാര്യങ്ങളെങ്കിലും ചെയ്യും.
വൈകിട്ടെന്താ പരിപാടിയെന്നാലോചിച്ചു കൊണ്ട്‌ നേരെ ബിവറേജസ്‌ കോര്‍പ്പറേഷന്റെ മുമ്പില്‍ പോയി ക്യൂ നില്‍ക്കും.
അല്ലെങ്കില്‍ ബാറില്‍പ്പോയി രണ്ട്‌ ലാര്‍ജ്ജ്‌ ഫിറ്റ്‌ ചെയ്യും.
അങ്ങനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം കേരളത്തില്‍ പൂര്‍ണ്ണമാകുന്നു.
ശുഭം
മേമ്പൊടി :
തെറി പറയാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അതു മനസിലൊതുക്കാതെ കമന്‍സില്‍ ഇടുക. ലേഖകന്‍ അത്‌ അര്‍ഹിക്കുന്നുണ്ട്‌. ഇനി, എഴുതാന്‍ പറ്റാത്തവല്ലതുമുണ്ടെങ്കില്‍ മൊബീല്‍ ഫോണിലേക്ക്‌ വിളിച്ചു പറയാം. അതിനു നമ്പര്‍ ആവശ്യമുള്ളവര്‍ ഓര്‍ക്കുടില്‍ സ്കാര്‍പ്പിട്ടാല്‍ നല്‍കുന്നതായിരിക്കും.

Monday, February 19, 2007

ബുദ്ധനും കത്തിയും

ബുദ്ധനും കത്തിയും
ബുദ്ധന്റെ കാലത്തു ആയുര്‍വ്വേദം അതിന്റെ ഉച്ചാവസ്ഥായില്‍ ആയിരുന്നു. സര്‍ജ്ജറിയും ഒരു ശാഖയായി അതില്‍ വളരെ വികാസം പ്രാപിച്ചിരുന്നു. ഓട്ടോപ്ലാസ്റ്റിയും മൈക്രോ സര്‍ജ്ജറിയൊക്കെ അന്നുണ്ട്‌.

പാര്‍ക്ക്‌ ഡേവിസ്‌ മരുന്നു കമ്പനിയുടെ ഒരു പഴയകാല കലന്‍ഡറില്‍ അത്തരമൊരു ഓപ്പറേഷന്റെ ചിത്രീകരണം അച്ചടിച്ചുവന്നത്‌ ഓര്‍ക്കുന്നു. വളരെ അഭിമാനത്തോടെയാണു ഡോക്ടറന്മാര്‍ അന്ന് ആ കലന്‍ഡര്‍ ഭിത്തിയില്‍ പ്രദര്‍ശ്ശിപ്പിച്ചിരുന്നത്‌. മെഡിക്കല്‍ സയന്‍സിനു ഭാരതത്തിന്റെ സംഭാവനയായി ശസ്ത്രക്രിയാശാസ്ത്രത്തെ പരിഗണിക്കാന്‍ പഴയകാല ഭിഷഗ്വര്‍ന്മാര്‍ക്ക്‌ മടിയില്ലായിരുന്നു എന്നതിന്റെ തെളിവാണാ ചിത്രം. അത്തിനു താഴെ കൊടുത്തിരുന്ന കുറിപ്പു ഇതാണു.

" Susrutha, the famed Hindu surgeon is depicted in the home of a Noble of ancient India, about to begin an otoplastic surgeory. The patient, drugged with wine, steadied by friends and relatives, as great surgeon sets about fashioning an earlobe. He will use a section of flesh to be cut from patient's cheeck. It will be attached to the stumb of mutilated organ, treated with homostatic powders and bandaged. Details of these procedures and Susrutha's surgical methods and instruments are to be found in Susrutha Samhitha, an ancient Indian text on surgeory".

അതൊരു സാധാരണ ശസ്ത്രക്രിയ ആയിരുന്നില്ല. മുറിഞ്ഞു പോയ ചെവിയുടെ സ്ഥാനത്ത്‌ കൃത്രിമ ചെവി വച്ചുപിടിപ്പിക്കുന്ന അതീവ സങ്കീര്‍ണ്ണമായ ഒരു മെഡിക്കല്‍ മാനേജുമെന്റായിരുന്നു. ഇന്നത്തെ താരിപ്പനുസരിച്ച്‌ ഒരു റിനോപ്ലാസ്റ്റിക്ക്‌ സര്‍ജ്ജറി. കോസ്മെറ്റിക്ക്‌ സര്‍ജ്ജറിയുടെ വകുപ്പില്‍ പെടും.


രാജാവും സര്‍ജറിയും



പുരാതന ഭാരതത്തില്‍ വൈദ്യന്റെ മാത്രം താല്‍പ്പര്യപ്രകാരം സര്‍ജ്ജറി നടത്തുവാന്‍ അനുമതി ഉണ്ടായിരുന്നില്ല. അതിനു ആദ്യം മെഡിക്കല്‍ ബോര്‍ഡിന്റെ സമ്മതം വേണം! ഒരു സിസേറിയനാണെങ്കില്‍ക്കൂടി!! കാരണം, മരുന്ന് കൊടുത്തുള്ള ശമന ചികിത്സ പോലെ സുതാര്യമല്ല ശസ്ത്രക്രിയ. മാത്രമല്ല കൂടുതല്‍ സാങ്കേതികതയും, എക്സപര്‍ട്ടൈസും വേണ്ട ഒരു മേഖലയാണത്‌. അതു കൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള ഒരു ഗവണ്മെന്റിനു അതില്‍ ഇടപെടാതെ നിര്‍വാഹമില്ല.

മുറിയ്ക്കാന്‍ പാടില്ലാത്തതായി 108 മര്‍മ്മങ്ങള്‍ ശരീരത്തിലുണ്ട്‌. അതിലൊന്ന് അടിവയറ്റിലാണു. അതിനു ക്ഷതം സംഭവിച്ചാല്‍, മരണകാരണമാവുകയില്ലെങ്കിലും, ശസ്ത്രക്രിയാനന്തരം, നടുവ്‌ കഴപ്പു, രക്തസമ്മര്‍ദ്ദം, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക്‌ സാദ്ധ്യത ഉണ്ട്‌. ഇന്ന് സ്ത്രീകള്‍ക്ക്‌ സിസേറിയനൊക്കെ കഴിഞ്ഞാല്‍ ഒരുപാട്‌ അസുഖങ്ങള്‍ വരുന്നതു കാണാം. അതു ആ മര്‍മ്മത്തിനു ക്ഷതമേറ്റിട്ടാണൊ എന്നറിയില്ല. എന്തായാലും അത്തരം രോഗികള്‍ അനവധിയുണ്ട്‌. ചികിത്സാനന്തര രോഗങ്ങള്‍ ഒഴിവാക്കാനാണു ശസ്ത്രക്രിയക്ക്‌ അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. ഇന്നത്തെ കഥയോ?

മെഡിക്കല്‍ ബോര്‍ഡ്‌ പ്രധാനമായും രാജാവു തന്നെ ആണു. രാജാവാകുന്നതിനു മുമ്പ്‌ ശാസ്ത്രങ്ങള്‍ ഒക്കെ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്‌. വൈദ്യശാസ്ത്രവും പഠിക്കും. അതിനായിരുന്നല്ലോ ഗുരുകുലങ്ങള്‍. കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നില്ലെങ്കില്‍ ബ്യൂറോക്രസി തലയ്ക്ക്‌ മുകളില്‍ കയറിയിരുന്ന് ഭരിക്കുമെന്ന് രാജാവിനറിയാം. ഈ രാജാവ്‌ വിദഗ്ദോപദേശങ്ങളുടെ വെളിച്ചത്തില്‍ ശസ്ത്രക്രിയ വേണമോ, വേണ്ടയോ എന്ന് നിശ്ചയിക്കും. റിസ്ക്കു ഒരുപാടുള്ള കാര്യമാണു ശസ്ത്രക്രിയ. അതിനു അനുമതി കൊടുക്കുന്നതു അതിനേക്കാള്‍ റിസ്ക്‌!! വലിയ,വലിയ ശസ്ത്രക്രിയകളില്‍ ചൈതന്യ നിഹന്ത്രക ( anesthesia) മൊക്കെ ഉപയോഗിക്കും. ജാഗ്രത്തില്‍ നിന്നും സ്വപ്നത്തിലേക്ക്‌ രോഗിയുടെ ബോധത്തെ കൊണ്ടു പോകാന്‍. ശസ്ത്രക്രിയ കഴിയുമ്പോള്‍ ആ ബോധത്തെ തിരികെ കൊണ്ടുവന്ന് രോഗിയെ ജീവിതത്തിലേക്ക്‌ കടത്തി വിടണം. അതിനു തക്ക യോഗ്യതയുള്ളവനായിരിക്കണം അനെസ്തറ്റിസ്റ്റ്‌. ഇതൊക്കെയാണു രാജാവ്‌ നോക്കേണ്ടത്‌. രക്തം തുടങ്ങി ശസ്ത്രക്രിയയ്ക്ക്‌ വേണ്ട സാമഗ്രഹികള്‍ നല്‍കേണ്ടതു രാജാവാണു. ശസ്ത്ര കുടീരം (operation theatre) പിശാചാദി വൈറസ്സുകളും ബാക്ടീരിയങ്ങളും സജീവമാകുന്ന ഇടമായിരിക്കരുതെന്ന് ഉറപ്പ്‌ വരുത്തണം. ഈ ആധുനിക കാലത്തു പോലും അതെത്ര ദുഷ്കരമാണെന്ന് അടുത്ത കാലത്തെ ഒരു സംഭവത്തില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളു. ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ ഐ.സിയില്‍ അഡ്മിറ്റ്‌ ചെയ്ത്‌ 56-) o ദിവസം ഒരു രോഗി ചിക്കന്‍ പോക്സ്‌ വന്ന് മരിച്ചു.ആശുപത്രി അധികൃതര്‍ അമ്പരന്നു. ചിക്കന്റെ ഇങ്കുബേഷന്‍ പിരീട്‌ 15 ദിവസമാണു. അപ്പോള്‍ രോഗികൊണ്ടുവന്ന രോഗമല്ല എന്ന് ഉറപ്പാണു. പിന്നെ? ആശുപത്രി സ്റ്റാഫില്‍ നിന്ന് പകര്‍ന്നതാകുമോ? അങ്ങനെയാണെങ്കില്‍ ഐ.സിയില്‍ അതെങ്ങനെ വളര്‍ന്നു? ഐസി "ഡിസിന്‍ഫെക്ടഡ്‌ ഏരിയ" ആണു എന്നാണു വിശ്വാസം. പക്ഷെ യാഥാര്‍ത്ഥ്യം വേറൊന്നായിപ്പോയി. ഐസികളില്‍ രോഗാണുക്കള്‍ക്ക്‌ വളരാനാകും. അതെന്തു കൊണ്ട്‌? ഇന്നും അതിനൊരു ഉത്തരം കിട്ടിയതായി അറിവില്ല. രോഗിയുടെ ബില്ലൊഴിവാക്കി കൊടുത്തും, ശവസംസ്കാരച്ചെലവ്‌ വഹിച്ചും ഇരുചെവി അറിയാതെ കാര്യങ്ങള്‍ കുഴിച്ചു മൂടി. അങ്ങനെ വേറെയും എത്രയോ കാര്യങ്ങള്‍ ഉണ്ട്‌ പരിഗണിക്കേണ്ടതായി. അതിനൊക്കെ തീര്‍പ്പുണ്ടായിട്ടെ ഒരു സാധാരണ ശസ്ത്രക്രിയയ്ക്ക്‌ പോലും അനുമതി നല്‍കാനാകു..

യുദ്ധത്തില്‍ മുറിവേറ്റ ഭടന്‍, വീഴ്ച പറ്റിയവര്‍, അഗ്നി, മൃഗങ്ങള്‍ തുടങ്ങിയവയുടെ ആക്രമണത്തിനു ഇരയായവര്‍, എന്നിങ്ങനെയുള്ള കാഷ്വാലിറ്റികള്‍ക്ക്‌ ഒരല്‍പം അയവുകിട്ടും. എന്നാല്‍ അവയൊന്നും സാധാരണ വൈദ്യന്മാരുടെ പരിഗണനയ്ക്ക്‌ അയക്കാറില്ല. ആചാര്യന്മാരുടെ മേല്‍നോട്ടം അതിനു അനിവാര്യമാണു. സര്‍ജ്ജിക്കല്‍ മാനേജുമെന്റിനു ഒരു ലീഗല്‍ കോഡ്‌ നിലനിന്നതിന്റെ തെളിവുകള്‍ സ്മൃതിയില്‍ കാണാം. ശസ്ത്രക്രിയാരംഗം അന്ന് അത്രയേറെ വളര്‍ന്നിരുന്നു എന്ന് ചുരുക്കം. അതൊക്കെ പഴയ കഥ


സര്‍ജറി നിരോധിക്കുന്നു.........

ഇത്രയൊക്കെ മുന്‍ കരുതല്‍ എടുത്തിട്ടും ഒരു പരാജയം സംഭവിച്ചതാണു ഭാരതത്തിലെ ശസ്ത്രക്രിയാ പാരമ്പര്യത്തിനു തിരിച്ചടിയായത്‌. അതാകട്ടെ ഒരു വി വി ഐ പി പരാജയവും. അന്നനാളത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ശ്രീബുദ്ധന്റെ മരണമാണു വിവക്ഷ! ഭക്ഷണം കഴിക്കാന്‍ തടസ്സം നേരിട്ട ബുദ്ധഭഗവാനെ ഗുരുകുലത്തോട്‌ അനുബന്ധിച്ചുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നനാളം തുറന്ന് തടസ്സം നീക്കിയിട്ട്‌ വേണം ചികില്‍സ തുടരാന്‍. ശസ്ത്രക്രിയക്ക്‌ രാജാവ്‌ അനുമതി നല്‍കി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ സമ്മതം കൊടുത്തതെന്ന് വ്യക്തമല്ല. പക്ഷെ ആ അനുമതി സര്‍ജ്ജറി എന്ന ശാസ്ത്രശാഖയ്ക്ക്‌ വലിയൊരു വിനയായി. ശസ്ത്രക്രിയയെ തുടര്‍ന്ന് ബുദ്ധന്‍ മരിച്ചു. വൈകാരികത ശാസ്ത്രത്തെ അതിജീവിക്കുന്നതാണു പിന്നീട്‌ കന്‍ണ്ട കാഴ്ച.രാജ്യത്ത്‌ ഇനി ശസ്ത്രക്രിയയേ വേണ്ടെന്ന് രാജാവ്‌ ഉത്തരവിറക്കി. ശസ്ത്രം ബുദ്ധനെ കൊന്നു എന്നാണു ഭരണവര്‍ഗ്ഗം അതിനെ വിലയിരുത്തിയതു. അതിനൊരു ആപ്തവാക്യവും ചമച്ചു. "അഹിംസയാണു പരമമായ ധര്‍മ്മം! സര്‍ജ്ജറിയില്‍ ഹിംസയുണ്ട്‌. നമുക്കത്‌ വേണ്ട!!"

കാലക്രമത്തില്‍ ബുദ്ധവിഹാരങ്ങള്‍ തകരുകയും ഒരു നവ ഭാവുകത്വവുമായി ശങ്കരന്‍ വരികയും ചെയ്തു. ആ കാലയളവിലും പക്ഷെ ശസ്ത്രക്രിയാശാസ്ത്രരംഗത്ത്‌ നിലനിന്ന സ്തംഭനത്തിനു അയവു വന്നില്ല. കാരണം ശങ്കരനും അഹിംസയ്ക്കാണു മുന്തൂക്കം നല്‍കിയതു.


അറിവ്‌ നാടുവിടുന്നു - ഇന്നത്തേപ്പോലെ!

പിന്നെ ആ അറിവ്‌ പേര്‍ഷ്യ, അറേബ്യ വഴി യൂറോപ്പിലെത്തി. അതേപ്പറ്റി വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പറയുന്നത്‌ : "ചരകന്റേയും ശുശ്രുതന്റേയും സംഹിതകള്‍ ഏതാണ്ട്‌ 800 ഏഡിയോട്‌ കൂടി പേര്‍ഷ്യ വഴി യൂറോപ്പിലെത്തി. 17-ാ‍ം നൂറ്റാണ്ട്‌ വരെ അതായിരുന്നു യൂറോപ്പിലെ മുഖ്യധാരാ വൈദ്യത്തിന്റെ അടിത്തറ. അങ്ങനെ ആധുനിക പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനമായി, അവര്‍ പോലും അറിയാതെ ഭാരതീയ വൈദ്യവിജ്ഞാനം മാറി. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനം അതിനു കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ട്‌. റിനോപ്ലാസ്റ്റി പോലുള്ള നൂതന ശസ്ത്രക്രിയാസങ്കേതങ്ങള്‍ ബ്രിട്ടീഷ്‌ സര്‍ജ്ജന്മാര്‍ക്ക്‌ പഠിച്ചെടുക്കാനായതു അതു കൊണ്ടാണു......."
ചുരുക്കത്തില്‍ ശസ്ത്രക്രിയാശാസ്ത്രത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണു. അതു കൊണ്ടായിരിക്കാം ഡോ.എം.എസ്‌.വല്യത്താനേപ്പോലുള്ളവര്‍ വളരെ താമസിച്ചിട്ടാണെങ്കില്‍പ്പോലും ചരകനിലേക്കും ശുശ്രുതനിലേക്കുമൊക്കെ തിരിഞ്ഞിരിക്കുന്നത്‌. അത്‌ ശുഭോദര്‍ക്കമാണു.

Monday, February 12, 2007

സമസ്യ

മുന്നറിയിപ്പ്‌
(സാങ്കല്‍പ്പികമായ ഒരു വിവരണമാണു താഴെ കൊടുത്തിരിക്കുന്നത്‌. അതിനു യാതാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികമാണു.)

ഈ സമസ്യ പൂരിപ്പിക്കുമോ?

പ്രഗത്ഭയായ ഒരു ഗൈനക്കോളജിസ്റ്റ്‌ ദിവസം 10 പുതിയ ഗര്‍ഭിണികളെ പരിശോധിക്കുന്നു എന്നു വയ്ക്കുക. ഒരു മരുന്ന് കമ്പനി ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക്‌ നല്ലതാണു എന്ന് പറയുന്ന ഒരു മരുന്ന് പ്രമോട്ട്‌ ചെയ്യണമെന്ന് ആ ഡോക്ടറോട്‌ ആവശ്യപ്പെടുന്നു. അതു നല്ലതാണല്ലോ എന്നു വിചാരിച്ച്‌ ഡോക്ടര്‍ ആ 10 പേര്‍ക്കും യാതൊരു വിവേചനവുമില്ലാതെ പ്രിസ്ക്രൈബ്‌ ചെയ്യുന്നു. മരുന്നിനു നല്ല ഓട്ടം കിട്ടിയതുകൊണ്ട്‌ കമ്പനി സന്തോഷപൂര്‍വ്വം ആ ഡോക്ടര്‍ക്ക്‌ ആദ്യകാലത്ത്‌ മിഠായിപ്പൊതി, പിന്നീട്‌ എലക്ടിക്കയണ്‍, ക്രമേണ ടീവി, ഫ്രിഡ്ജ്‌, വാഷിംഗ്‌ മെഷീന്‍, മാരുതിക്കാറു തുടങ്ങിയവ സമ്മാനമായിക്കൊടുക്കുന്നു. ഡോക്ടര്‍ സന്തോഷത്തോടെ ജീവിച്ചു പോരുന്നു.

30 വര്‍ഷം അങ്ങനെ കഴിഞ്ഞു. മാസത്തില്‍ 25 ദിവസം 10 പേരെ വച്ച്‌ 30 വര്‍ഷം. ആ ഡോക്ടര്‍ എത്ര പേര്‍ക്ക്‌ ആ മരുന്ന് കുറിച്ച്‌ കൊടുത്തുകാണും? 90,000 പേര്‍? മതി, അത്രയും പേര്‍ക്കെങ്കിലും മരുന്ന് കുറിച്ചു എന്ന് നമ്മുക്ക്‌ വിചാരിക്കാം. നല്ല പ്രാക്ടീസുള്ള ഡോക്ടറാണെങ്കില്‍ അതു ഒന്നോ, ഒന്നരയോ, രണ്ടോ ലക്ഷമായിരിക്കും. അങ്ങനെ ഇരിക്കുമ്പോഴാണു ഗവേഷകര്‍ കണ്ടെത്തുന്നതു, ആ മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ട്‌.....ശരീരവളര്‍ച്ചക്ക്‌ സഹായിക്കുമെന്നേ കമ്പനി പറഞ്ഞിരുന്നുള്ളു. അതേ സമയം അത്‌ തലച്ചോറിനെ കാര്‍ന്ന് കാര്‍ന്ന് നശിപ്പിക്കുമെന്ന വേറൊരു ഗവേഷണവിവരം ഒന്ന് മറച്ചു വച്ചു. വേറെ കുറ്റമൊന്നും ചെയ്തില്ല. ഒരു വിവരം മറച്ചു വച്ചു..അത്രേയുള്ളു!വളരെപ്പണച്ചെലവുള്ള ഏര്‍പ്പാടാണീ മരുന്ന് കമ്പനി എന്നൊക്കെ പറയുന്നത്‌. അതിനു ഡൊക്ടറന്മാരുടെയൊക്കെ സഹായം വേണം. അല്ലാതെ നിലനിന്ന് പോകാനാവില്ല, അതിനവരെ കൂടെ നിര്‍ത്താന്‍ ചില്ലറ പണമൊന്നുമല്ല കമ്പനിക്ക്‌ ചെലവായതു. ഒക്കെ ആര്‍ത്തിക്കാരാണു. ഗിഫ്റ്റൊക്കെ ചോദിച്ചു വാങ്ങും. അപ്പോള്‍ അതിന്റെ ഒരു റിസ്ക്ക്‌ അവരും എടുക്കണ്ടെ? അത്രെയുള്ളു. ലോകാരോഗ്യ സംഘടന പറഞ്ഞാല്‍ പിന്നെ അപ്പീലില്ല! ദാ മരുന്ന് പിന്‍ വലിച്ചിരിക്കുന്നു. അല്ലേലും അതൊന്ന് നിര്‍ത്തണമെന്ന് വിചാരിച്ചിരിക്കുമ്പോഴാ അവരത്‌ കണ്ടുപിടിച്ചത്‌. നന്നായി. ഉര്‍വശി ശാപം ഉപകാരം!!

ഒരു ഡോക്ടര്‍ 90,000 പേര്‍ക്കെങ്കിലും ആ മരുന്ന് കൊടുക്കുമെങ്കില്‍ ഇന്‍ഡ്യയില്‍ എത്ര ഡോക്ടറന്മാര്‍ ആ മരുന്ന് എഴുതിക്കാണും? പോകട്ടെ കേരളത്തില്‍ എത്ര പേര്‍ എഴുതി കാണും? 500 ഗൈനക്കോളജിസ്റ്റുകള്‍? അതുമതി. 45 ലക്ഷം അമ്മമാരിലൂടെ 45 ലക്ഷം കുഞ്ഞുങ്ങളിലേക്ക്‌...അപകടകരമായ ഒരു മരുന്ന് കടന്നു ചെന്നിരിക്കാം എന്ന് ഊഹിച്ചാലോ? ഓട്ടിസവും, അള്‍ഷീമറും,ഇമ്മ്യുണിറ്റി ഡെഫിഷെനസിയുമൊക്കെയാണു അതുണ്ടാക്കുന്ന രോഗങ്ങള്‍ എന്നറിഞ്ഞാലോ? 50 ലക്ഷം രോഗികള്‍ നമുക്ക്‌ ചുറ്റും. വേണ്ട 5 ലക്ഷം എടുക്കുക. കാരണം പാരമ്പര്യവഴിയാ ഉള്ള പ്രതിരോധം 45 ലക്ഷത്തിനേയും രക്ഷപ്പെടുത്തി എന്നു വിചാരിക്കാം. 5 ലക്ഷത്തിന്റെ കാര്യത്തിലും നാം വലുതായി ആശങ്കപ്പെടേണ്ടത്തില്ല. നമ്മുക്ക്‌ ചുറ്റും സ്പെഷാലിറ്റികളും, സൂപ്പര്‍സ്പെഷാലിറ്റികളും എത്രവേണമെങ്കിലും ഉണ്ട്‌. കയ്യില്‍ നിറയെ കാശു വേണമെന്ന് മാത്രം. അതില്ലാത്തവര്‍ക്ക്‌ ഭൂസ്വത്ത്‌ ഉണ്ടായാല്‍ മതി. കണ്ടിട്ടില്ലെ, അത്തരം ആശുപത്രികളുടെ മുന്നില്‍ വച്ചിരിക്കുന്ന വലിയ ബോര്‍ഡുകള്‍! "വീടും വസ്തുവും വില്‍ക്കാന്‍ സഹായിക്കും!!" വില്‍ക്കാന്‍ വീടും വസ്തുവും ഉണ്ടായാല്‍ മതി! ബാക്കി കാര്യം അവര്‍ നോക്കിക്കൊള്ളും.

അപ്പോള്‍, നമുക്ക്‌ ചുറ്റും 5 ലക്ഷം രോഗികള്‍. വെറും രോഗികളല്ല. മസ്തിഷ്കരോഗം ബാധിച്ചവര്‍. പരസഹായമില്ലാതെ അവര്‍ക്ക്‌ ജീവന്‍ നിലനിര്‍ത്താന്‍ പോലുമാകില്ല. കലാഭവന്‍ മണിയും, മോഹന്‍ലാലും, ദിലീപുമൊക്കെ നമുക്ക്‌ ചുറ്റും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു... അല്ല, അവരവതരിപ്പിച്ച കഥാപാത്രങ്ങള്‍. ആ കാഴ്ച സിനിമയിലെപ്പോലെ അത്ര സുഖകരമായിരിക്കില്ല എന്നു മാത്രം. കാരണം അവര്‍, നമ്മുക്ക്‌ അടുപ്പമുള്ളവരായിരിക്കാം, ബന്ധുക്കള്‍ അല്ലെങ്കില്‍ സ്നേഹിതര്‍. അതിന്റെ വേദന നമ്മുടെ ഉള്ളില്‍ ഊറിക്കൂടും. അതു നമുക്ക്‌ സഹിക്കാം എന്ന് വയ്ക്കാം. പക്ഷെ മരുന്ന് കുറിച്ചു കൊടുത്ത ആ ഡോക്ടറുടെ അവസ്ഥയോ?

തന്റെ പിഴവുകൊണ്ട്‌, ആര്‍ത്തികൊണ്ട്‌ ഇത്രയധികം രോഗികള്‍ ഉണ്ടായി എന്നറിയുമ്പോള്‍ ആ ഡോക്ടര്‍ക്കുണ്ടാകുന്ന മനോവേദന എത്ര ഭീകരമായിരിക്കും? പിന്നെയുള്ള അവരുടെ ഓരോ ദിനങ്ങളും മനോനില തെറ്റിയ ഒരു മനുഷ്യന്റെപോലെ ആയിരിക്കില്ലെ? അവരുടെ മുന്നിലെത്തേണ്ടി വരുന്ന രോഗികളുടെ അവസ്ഥയോ? സ്നേഹിതരെ ഈ സമസ്യ പൂരിപ്പിക്കാന്‍ നിങ്ങളെ ക്ഷണിച്ചുകൊള്ളുന്നു.........

------------------------------------------------------------------------------------------------

LINKS :- സയന്‍സ്‌ ശാസ്ത്രമല്ല - സി.രാധാകൃഷ്ണന്‍

http://ashokapathrika.blogspot.com/

വേലിയില്‍ ഇരിക്കുന്ന പാമ്പ്‌....

http://akkosha.blogspot.com/